വൈദികരെ നിങ്ങൾ രാക്ഷസന്മാരിൽ നിന്ന് ഉണരുവിൻ
ഇത് രാക്ഷസന്മാരോ?
വൈദികരെ നിങ്ങൾ ഉണരുവിൻ
ചാക്കോ കളരിക്കൽ
ഏകദേശം മുപ്പത് വർഷങ്ങൾക്കു മുമ്പ് ചങ്ങനാശേരി മെത്രാപ്പൊലീത്ത മാർ പവ്വത്തിലിൻറെ നേതൃത്വത്തിൽ സീറോ മലബാർ കത്തോലിക്കാ സഭയെ കൽദായ സഭയുടെ ഭാഗമാക്കാനും കൽദായ ആരാധനക്രമം സഭയിൽ നടപ്പിലാക്കാനും മാർത്തോമ്മാ കുരിശ് എന്ന പേരുനല്കി പേർഷ്യൻ കുരിശിനെ പള്ളികളിൽ പ്രതിഷ്ഠിക്കാനുംവേണ്ടി ആരംഭിച്ച വിപ്ലവം റോമിലെ പൌരസ്ത്യസംഘത്തിൻറെ പിൻബലത്താൽ ഭാഗീകമായി വിജയിച്ചു. സഭയിൽ നടന്ന ഈ ആശയകലാപത്തിൻറെ പരിണതഫലമായി കുറെ മെത്രന്മാർ ഒരു ചേരിയിലും മറ്റു മെത്രാന്മാർ മറുചേരിയിലുമായി. സഭയിലെ ഈ വിഭാഗീയചിന്തയിൽ മെത്രാന്മാരും വൈദികരും അല്മായരും ഒന്നുപോലെ അകപ്പടേണ്ടിവന്നു. ഈ ദുരന്തത്തി ൻറെ ഫലമായി അന്നുവരെ സഭയിൽ ഉണ്ടായിരുന്ന ഐക്യവും അച്ചടക്കമനോഭാവവും സഭക്ക് നഷ്ടപ്പെട്ടു. ഏതു മെത്രാനും എന്തു തോന്ന്യാസം കാണിക്കാനും വിളിച്ചുപറയാനും രാഷ്ട്രിയക്കളി കളിക്കാനും സഭയുടെ ഈ തകർച്ച കാരണമായി. ഈ അടുത്ത കാലത്തായി സഭയിൽ വളരെ അപലപനീയമായ പല സംഭവങ്ങളും നടക്കുകയുണ്ടായി. തലോർ ഇടവക പ്രശ്നം, ഞാറക്കൽ സ്കൂൾ പ്രശ്നം, പ്രൊഫ. ടി. ജെ. ജോസഫിൻറെ കൈ വെട്ടിമാറ്റിയ സംഭവം, അദ്ദേഹത്തിൻറ്റെ ഭാര്യ സലോമിയുടെ ആത്മഹത്യ, വൃദ്ധരായ മോനിക്കാദമ്പതികളുടെ ഇരുപത്തഞ്ചുകോടി രൂപ വിലമതിക്കുന്ന ഭൂമി കാഞ്ഞിരപ്പള്ളി രൂപത തട്ടിയെടുത്ത അനീതി, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെതിരായി ഇടുക്കി, കാഞ്ഞിരപ്പള്ളി, താമരശേരി മെത്രാന്മാരുടെ അനാവശ്യവും നിരുത്തരവാദിത്വവും നിന്ദ്യവുമായ ഇടപെടൽ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മാർത്തോമ്മാ നസ്രാണികളുടെ പൂർവ പാരമ്പര്യവും പൈത്രുകവുമായിരുന്ന പള്ളിപൊതുയോഗ തീരുമാനപ്രകാരമുള്ള പള്ളി സ്വയംഭരണത്തെ നിർത്തൽചെയ്ത് വികാരിയെ ഉപദേശിക്കുവാൻമാത്രം അവകാശമുള്ള പാശ്ചാത്യരീതിയിലുള്ള പാരിഷ്കൗണ്സിൽ മെത്രന്മാർ ഏകപക്ഷിയമായി സഭയിൽ നടപ്പിലാക്കി. ഓരോ രൂപതയിലേയും കോടിക്കണക്കിനുള്ള സ്വത്തിൻറെയും അനുദിന വരവുചിലവിൻറെയും യാതൊരു കണക്കും അതിൻറെ യഥാർത്ഥ ഉടമസ്ഥരായ സഭാപൌരരെ സഭാധികാരം അറിയിക്കുന്നില്ല. അക്ഷന്തവ്യമായ ഒരു തെറ്റാണിത്. ഇന്നുള്ള സീറോ മലബാർ മെത്രാൻ സിനഡ് സീറോ മലബാർ സഭാ സിനഡല്ല. സീറോ മലബാർ സഭാ സിനഡ് എന്നു പറയുന്നത് മെത്രാന്മാരും വൈദിക-സന്യസ്ത-അല്മായ പ്രതിനിധി കളുമടങ്ങുന്ന സഭയുടെ മഹാസമ്മേളനമാണ്. നാളിതുവരെ അങ്ങനെയൊരു സീറോ മലബാർ സഭാ സിനഡ് സഭ രൂപീകരിച്ചിട്ടില്ല. സഭയിലെ ഇത്തരം നീറുന്ന പ്രശ്നങ്ങളെപ്പറ്റി കൂടിയാലോചനകൾ നടത്താൻ അല്മായരും അവരുടെ സംഘടനാഭാരവാഹികളും സഭാ മേലദ്ധ്യക്ഷന്മാരോട് പലവട്ടം നേരിട്ടും കത്തുവഴിയും ആവശ്യപ്പെട്ടിട്ടും അവർ ഇന്നുവരെ അതിന് മൌനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. മേൽവിവരിച്ച ദുഃഖസത്യങ്ങളെ തിരിച്ചറിയുമ്പോഴാണ് സഭാനവീകരണത്തിൽ വൈദിക പങ്കാളിത്തത്തിൻറെ പ്രസക്തി മനസ്സിലാക്കാൻ കഴിയുന്നത്.
എഴുപത്തിമൂന്ന് വയസുള്ള ഒരു സന്യാസ വൈദികൻ എനിക്ക് ഇങ്ങനെ എഴുതി: "ലോകത്തെമ്പാടുമുള്ള സീറോ മലബാർ സഭ വഞ്ചിച്ചു പണം പിടുങ്ങുന്ന ഒരു പ്രസ്ഥാനമാണ്. നിങ്ങളേപ്പോലുള്ളവർ യഥാർത്ഥ പുനരവലോകനത്തിലൂടെ മെത്രാന്മാരെയും വൈദികരെയും വെല്ലുവിളിക്കണം. വേറൊരു കുറുക്കുവഴി ഇക്കാര്യത്തിലില്ല." ആയിരക്കണക്കിന് വൈദികരും സന്യസ്തരും സീറോ മലബാർ സഭയിൽ ഇന്ന് സേവനം ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ വികല വൈദികർ ഉണ്ടെന്നിരുന്നാലും ബഹുഭൂരിപക്ഷം വൈദികരും നല്ലവരും സേവനപ്രിയരുമാണ്. സാധാരണ ജനങ്ങളുടെ ഇടയിലുള്ള അവരുടെ സേവനങ്ങൾ സ്തുത്യർഹവും വിലതീരാത്തതുമാണ്. ഈ വൈദികർ പല വെല്ലുവിളികളെയും നേരിരേണ്ടിവരുന്നുണ്ട്. സീറോ മലബാർ സഭയിലെ മെത്രാന്മാർ അവരുടെ രൂപതകളിലെ കൊച്ചു കൊച്ചു ചക്രവർത്തിമാരാണ്. അവർ പൌരസ്ത്യകാനോൻ നിയമത്തി ൻറെ പിൻബലത്തിൽ നിയമ നിർമ്മാതാക്കളും അധികാര നിർവാഹകരും നീതിന്യായ പാലകരുമായി സഭയെ ഭരിക്കുന്നു. കോർപ്പറേഷൻ മോഡലിലുള്ള രൂപതാഭരണത്തിൽ സഭാശുശ്രൂഷ എന്ന കർമ്മം തമസ്ക്കരിക്കപ്പെടുന്നു. മെത്രാൻറെ കീഴിലുള്ള വൈദികരെ സഭാശുശ്രൂഷയിലെ സഹപ്രവർത്തകരായി കാണാതെ കൊർപ്പറേഷനിലെ ചോട്ടാമാനേജർന്മാരായി കാണുമ്പോൾ ധാരാളം വൈദികർ അസംതൃപ്തരാകും. മെത്രാൻ വൈദികർക്ക് സ്ഥലംമാറ്റം നല്കുമ്പോൾ അർഹതപ്പെട്ട ഇടവക കിട്ടാതെവരുകയും മെത്രാനിഷ്ടമുള്ളവർക്ക് ആ ഇടവക മെത്രാൻ നല്കുകയും ചെയ്യുമ്പോൾ വൈദികരിൽ മോഹഭംഗം ഉണ്ടാകുക വെറും സ്വാഭാവികമാണ്. സഹപുരോഹിതരുടെ തൊഴിൽപരമായ അസൂയയും മെത്രാ ൻറെ പാദസേവനവും ഒരു വൈദികനെ നിരുത്സാസാഹപ്പെടുത്തുന്ന ഘടകങ്ങളാണ്. കുടുംബജീവിതംപോലെതന്നെ ഒരു വൈദികൻറെ ഇടവകജീവിതത്തിലും ഉയർച്ചകളും താഴ്ച്ചകളുമുണ്ട്. അതിനുകാരണം ഇടവകകൾ പരിപൂർണ്ണമല്ല എന്നതുതന്നെ. നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഒരു വൈദികൻറെ ജീവിതത്തിലുണ്ട്. വെല്ലുവിളികളും അതേസമയം സാധ്യതകളും അവരുടെ ജീവിതത്തിൻറെ ഭാഗമാണ്. വിവാഹം കഴിക്കുകയില്ലന്നുള്ള പ്രതിജ്ഞയോ സഭാസിദ്ധാന്തങ്ങളോ അല്ല ഒരു പുരോഹിതനെ തളർത്തുന്നത്; മറിച്ച് , സ്വന്തം മെത്രാൻറെയും പുരോഹിതസഹോദരങ്ങളുടെയും ചതിയും വഞ്ചനയും കപടതയുമാണ്. ബഹുഭൂരിപക്ഷം വൈദികരും തങ്ങളുടെ വൈദികഅന്തസ്സിൽ സന്തുഷ്ടരാണ്. വൈദികനടുത്ത ശുശ്രൂഷയിൽ അവർ അഭിമാനം കൊള്ളുന്നു. കൂദാശാപരികർമ്മത്തിലും രോഗികളെ സന്ദർശിക്കുന്നതിലും വിശ്വാസത്തെ സംരക്ഷിക്കുന്നതിലും കുട്ടികളുടെ നല്ല വളർച്ചയിലും അവർ സന്തോഷവാന്മാരാണ്. എന്നാൽ സോവിയറ്റുയൂണിയനിലെ ഉദ്യോഗസ്ഥ മേധാവിത്വ സ്വഭാവമുള്ള രൂപതാഭരണരീതിയിൽ വൈദികർ അസന്തുഷ്ടരാണ്.
'ആമേൻ' മൂളുന്ന സഹായികളെയല്ല ഒരു മെത്രാനുവേണ്ടത്. സത്യസന്ധരും അർപ്പിതമനോഭാവമുള്ളവരും അചഞ്ചലരുമായ ഉപദേശകരെയാണ് മെത്രാനാവശ്യം. ഒരു വികാരിക്ക് തൻറെ മെത്രാനെ നേരിൽ കാണാൻ കഴിയണം. ഇടനിലക്കാരുടെ ഇടപെടൽമൂലം മെത്രാന് നല്കേണ്ട സന്ദേശം നഷ്ടപ്പെടാൻ പാടില്ല. അപ്പനും മകനും പോലെയുള്ള ഒരു ബന്ധമായിരിക്കണം മെത്രാനും ക്ലേർജികളും തമ്മിലുള്ള ബന്ധം. കാരണം വൈദികർ മെത്രാന്മാരുടെ ആത്മീയമക്കളും സഹപ്രവർത്തകരുമാണ്. പട്ടം കിട്ടിയ, മെത്രാൻറെ ഒരു കീഴ്ജീവനക്കാരനല്ല, വൈദികൻ. കൂടുതൽ ശബളമോ അവധിയോ ബ്രഹ്മചര്യം ഇല്ലാതാക്കുന്നതോ ഹയരാർക്കി വേണ്ടന്ന് വെയ്ക്കുന്നതോ ഒന്നും ഒരു വൈദികനെ സന്തോഷവാനാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മെത്രാൻറെയും സഹപ്രവർത്തകരുടെയും വിശ്വാസികളുടെയും സ്നേഹമാണ് ഈ അജപാലകരുടെ സന്തോഷം. സഭയിലെ കീറാമുട്ടികളായ പല പ്രശ്നങ്ങളിലും ക്ലെർജികൾ അസന്തുഷ്ടരാണ്. ഇടവകാംഗങ്ങൾക്ക് ഇഷ്ടമില്ലെങ്കിലും കൽദായ ആരാധനക്രമവും പൌരസ്ത്യ കാനോൻനിയമവും പള്ളികളിൽ നടപ്പിലാക്കാനും പേർഷ്യൻ കുരിശ് പള്ളികളിൽ പ്രതിഷ്ഠിക്കാനും സഭാധികാരം ക്ലെർജികളോട് ആവശ്യപ്പെടുന്നത് ഇതിനുദാഹരണങ്ങളാണ്. വൈദികർ ഒരു വിശ്വാസകൂട്ടായ്മയിലാണന്ന് തിരിച്ചരിയുന്നതിനാലാണ് അവർ ഏത് ബുദ്ധിമുട്ടുകളെയും ഇന്ന് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു മെത്രാനോട് വിയോജിക്കുകയോ അദ്ദേഹത്തിൻറെ ഇംഗിതത്തിനും പോളിസിക്കും എതിരായി പ്രവർത്തിക്കുകയോ ചെയ്യുമ്പോഴെ സാരമായും വേഗതയിലും ഒരു വൈദികനെ ശിക്ഷിക്കുന്നത് തെറ്റാണ്. പരസ്പരധാരണ സൃഷ്ടിച്ചെടുക്കാനാണ് ഒരു മെത്രാൻ ശ്രമിക്കേണ്ടത്. അവിടെയാണ് യേശുവി ൻറെ സ്നേഹചൈതന്യം വ്യക്തമാകുന്നത്. വരാനിരിക്കുന്ന ജീവിതത്തിലെ അനന്തമായ ആനന്ദത്തിനുവേണ്ടി പരിശ്രമിക്കുമ്പോഴും ഈ ലോകത്തിലെ നീതിയെ നിഷേധിക്കുമ്പോൾ ആർക്കാണെങ്കിലും അതൃപ്തി ഉണ്ടാകും. വികാരി നല്ലവനെങ്കിൽ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മെത്രാന് വിശ്വാസികൾ കത്തെഴുതുന്നത് വികാരിയെ സംബന്ധിച്ചിടത്തോളം പ്രോത്സാഹജനകമാണ്.
മാർത്തോമ്മാ നസ്രാണികൾക്ക് എന്നും അഭിമാനമായിരുന്നത് പൊതുയോഗതീരുമാനപ്രകാരമുള്ള അവരുടെ ആഭ്യന്തര സ്വയം പള്ളിഭരണ സമ്പ്രദായമായിരുന്നു. സീറോ മലബാർ സഭയ്ക്ക് സ്വയംഭരണാധികാരം റോമിൽനിന്ന് ലഭിച്ചപ്പോൾ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഈ പഴയ പാരമ്പര്യം പുനസ്ഥാപിക്കുമെന്ന് നസ്രാണികൾ കരുതി. പക്ഷെ മെത്രാന്മാർ വികാരിയെ ഉപദേശിക്കുന്ന പാശ്ചാത്യ രീതിയിലുള്ള പാരിഷ് കൌണ്സിലാണ് നടപ്പിലാക്കിയത്. മെത്രാന്മാരുടെ ഈ നിലപാടിനോട് വിയോജിക്കുന്ന വൈദികർ സഭയിൽ ഇന്ന് ധാരാളമുണ്ട്. അതുപോലെതന്നെ ഈ അടുത്ത കാലത്ത് നടന്ന കൽദായവൽക്കരണത്തെ എതിർക്കുന്ന നല്ല ശതമാനം വൈദികർ സഭയിൽ ഇന്നുണ്ട്. തല്ഫലമായി പല രൂപതകളിലും തോന്നുന്ന രീതിയിലുള്ള ബലിയർപ്പണവും മറ്റ് ആരാധനാസമ്പ്രദായങ്ങളും സഭയിൽ ഇന്ന് നിലനില്ക്കുന്നു. നമുക്ക് സ്വന്തവും തദ്ദേശീയവുമായ ഒരു ആരാധനക്രമം രൂപപ്പെടുത്തിയെടുക്കുന്നതിന് സഭയിലെ വൈദികർ സന്നദ്ധരാണന്നുള്ളകാര്യം തീർച്ചയാണ്. ആദിമകാലങ്ങളിൽ റോമാസാമ്രാജ്യത്തിൽ രൂപംകൊണ്ട പൌരസ്ത്യസഭകൾക്കുവേണ്ടി പുതിയ കാനോൻ നിയമങ്ങൾ 1991-ൽ റോം പ്രസിദ്ധീകരിച്ചു. ചരിത്രപരമായി ചിന്തിച്ചാൽ റോമൻ പൌരസ്ത്യസഭകളുടെ ഭാഗമല്ലാത്ത, മാർത്തോമ്മാ അപ്പോസ്തലനാൽ സ്ഥാപിതമായതുമായ നസ്രാണി സഭക്കും ബാധകമാക്കി ഈ കാനോൻ നിയമം റോം പ്രഖ്യാപിച്ചു. തല്ഫലമായി വൈദികർ രൂപതക്കുവേണ്ടി പട്ടം സ്വീകരിക്കുകയും രൂപതയുടെ അംഗമാകുകയും ചെയ്യുന്നു. രൂപതാർത്തിയിലുള്ള ഏതു് ഇടവക പള്ളിയിലും മെത്രാനദ്ദേഹത്തെ നിയമിക്കാം. ഇക്കാരണത്താൽ ഇടവകാംഗങ്ങളിൽ നിന്നും ഉത്തമരായ വൈദികാർത്ഥികളെ തെരഞ്ഞെടുത്ത് ആ ഇടവകക്കാർ പണം മുടക്കി പട്ടത്തിനു പഠിപ്പിച്ച് ആ ഇടവക്കുവേണ്ടി പട്ടം സ്വീകരിച്ച് ആ ഇടവകയിൽ ശുശ്രൂഷചെയ്യുന്ന ദേശത്തുപട്ടക്കാർ എന്ന മാർത്തോമ്മാ പൈതൃകത്തെ നശിപ്പിച്ച് രൂപതക്കുവേണ്ടി പട്ടമേറ്റ് മെത്രാനുവേണ്ടി ജോലിചെയ്യുന്ന ഗുമസ്ഥാൻ രീതിയിലേക്ക് സഭ അധപ്പതിച്ചുപോയി. ദേശത്തുപട്ടക്കാർ എന്നും ഇടവകാംഗങ്ങളുടെ കൂടെയായിരുന്നു. അദ്വിതീയസ്ഥാനമായിരുന്നു ഈ ദേശത്തുപട്ടക്കാർക്ക് ഇടവകയിൽ ഉണ്ടായിരുന്നത്. അപ്പോൾ മെത്രാൻറെ കീഴിൽ മെത്രാൻറെ ഇംഗിതത്തിനനുസൃതമായി വെറും അച്ചനായി ജോലി ചെയ്യുന്നതിൽ സങ്കടപ്പെടുന്ന വൈദികരും ധാരാളം കാണും. നസ്രാണി പാരമ്പര്യമനുസരിച്ച് പട്ടക്കാരും എണങ്ങരും വർഗ്ഗവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്ന് നാം ഓർമ്മിക്കണം. ആ സ്വരുമയുടെ അഭാവംകൊണ്ടാണ് അല്മായർ ബഹുമാനരഹിതമായി വൈദികരോട് പെരുമാറുന്നതിന്റെ ഒരു കാരണം.
ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ സഭയിൽ നിലനില്ക്കുന്നത് കാണുന്ന വൈദികരും അല്മായരും സഭയുടെ നന്മയ്ക്കായി സഭയെ കാലോചിതമായി നവീകരിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി മുറവിളികൂട്ടുകയും ചെയ്യുന്നത് വെറും സ്വാഭാവികമാണ്. സഭ എന്നു പറഞ്ഞാൽ അഭിഷിക്തർ മാത്രമാണന്നും അവരാണ് സഭയെ ഭരിക്കേണ്ടതെന്നും ശേഷിച്ച 99% വരുന്ന വിശ്വാസികൾ വെറും ഏഴാംകൂലികളാണന്നും അനുസരിക്കേണ്ടവരാണന്നുമുള്ള അഹങ്കാരചിന്തയുടെ ധാരാളിത്തം സീറോ മലബാർ മെത്രാന്മാരിൽ ഇന്ന് കൂടുതലായി കാണുന്നുണ്ട്. സഭയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് ചിന്തിക്കുന്നവരെ സഭാദ്രോഹികളായിട്ടാണ് മേലധ്യക്ഷന്മാർ നോക്കിക്കാണുന്നതുതന്നെ. അവരുടെ ആവലാതികൾക്കോ വേവലാതികൾക്കോ നിവേദനങ്ങൾക്കോ സഭാധികാരം യാതൊരു പരിഗണനയും നല്കാറേയില്ല. ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ മുഖത്തുനോക്കി അധിക്ഷേപിച്ചു പറഞ്ഞത് ഇതാണ്: " അധികാരം കിട്ടിയാൽ പിന്നെ തണ്ടാ......മന്ത്രി, എം. പി., എം. എൽ . എ . ഒക്കെ ആയാൽ പിന്നെ എല്ലാമായി..." ഈ മെത്രാനോട് തിരിച്ചു ചോദിക്കേണ്ടതും ഇതുതന്നെയല്ലേ? എം. പി. യെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു. ഈ മെത്രാനെയൊ? ആരു തിരഞ്ഞെടുത്തു? ഈ മെത്രാൻ 75 വയസ്സുവരെ ഒരേ ഇരുപ്പാ. വൈദികരും അല്മായരും അയാളെ സഹിച്ചേ പറ്റൂ! കേരളമെന്ന സുന്ദരമായ നാട്ടിൽ ജനിച്ച നമ്മൾ പ്രാഥമിക മര്യാദപോലും ഇല്ലാത്ത ഈ മെത്രാന്മാരെ എന്തിന് സഹിക്കണം?
നല്ലവരായ വൈദികരെ നിങ്ങൾ ഉണരുവിൻ.സഭയിൽ നീതിക്കുവേണ്ടി നിങ്ങൾ പോരാടുവിൻ. നിങ്ങൾ സേവനം ചെയ്യുന്ന, നിങ്ങൾ ശുശ്രൂഷിക്കുന്ന, നിങ്ങൾ സ്നേഹിക്കുന്ന നിങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരോട് ഒത്തുചേർന്ന് നമ്മുടെ സഭയുടെ നന്മക്കുവേണ്ടി നിങ്ങൾ പ്രയഗ്നിക്കുവിൻ. സഭാനവീകരണത്തിനായി ആത്മാർഥമായി പരിശ്രമിക്കുന്നവരെ നിങ്ങൾ പ്രോത്സാഹിപ്പിക്കുവിൻ. സഭാനവീകരണക്കാരെ സഭാധികാരം സഭാവിരോധികളായി മുദ്രകുത്തുമ്പോൾ നിങ്ങൾ അവർക്ക് അത്താണിയാകുവിൻ. നിങ്ങളുടെ നിസംഗത സഭയുടെ പരാജയമാണന്ന് നിങ്ങൾ തിരിച്ചറിയുവിൻ. നിങ്ങളുടെ മൌനം സഭയ്ക്ക് നഷ്ടമാണ്. നിങ്ങളുടെ പ്രസംഗപീOങ്ങളുപയോഗിച്ച് സഭയെ നേർവഴിക്കുകൊണ്ടുവരുവാൻ അല്മായരെ നിങ്ങൾ സന്നദ്ധരാകുവിൻ.
നിങ്ങളിൽത്തന്നെ പേരുദോഷം കേൾപ്പിക്കുന്ന വൈദികരെ വൈദികാന്തസിൽനിന്നും പുറത്താക്കാൻ നിങ്ങളുടെ മേലധികാരികളിൽ നിങ്ങൾ സമ്മർദം ചെലുത്തുവിൻ. കൊക്കന്മാർ നിങ്ങൾക്ക് നാണക്കേടാണ് വരുത്തിവെക്കുന്നത്. മെത്രാന്മാരോട് നിങ്ങൾ വിധേയത്വം പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും സഭയിൽ വൃത്തികേടുകൾ നടക്കുമ്പോൾ ഉറക്കെ ശബ്ദിക്കാൻ നിങ്ങളുടെ നീതിബോധം നിങ്ങളെ പ്രാപ്തരാക്കട്ടെ.
http://almayasabdam.blogspot.com.au/
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin