Monday, 16 June 2014

ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും നവംബര്‍ 23ന്‌ വിശുദ്ധരായി പ്രഖ്യാപിക്കും

mangalam malayalam online newspaperകോട്ടയം/ഒല്ലൂര്‍: വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും വാഴ്‌ത്തപ്പെട്ട എവുപ്രാസ്യമ്മയെയും നവംബര്‍ 23 ന്‌ വിശുദ്ധയായി പ്രഖ്യാപിക്കും. ഇന്നലെ ഉച്ചയ്‌ക്ക്‌ വത്തിക്കാനില്‍ കര്‍ദ്ദിനാള്‍മാരുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന അറിയിപ്പ്‌ മാന്നാനത്ത്‌ വിശ്വാസികള്‍ എതിരേറ്റത്‌ കൃതജ്‌ഞതാബലിയോടെയും സ്‌തോത്രഗീതാലാപനത്തോടെയുമാണ്‌. തീയതി പ്രഖ്യാപനം ഉച്ചകഴിഞ്ഞ്‌ 2.20ന്‌ പോസ്‌റ്റുലേറ്റര്‍ ഫാ. ചെറിയാന്‍ തുണ്ടുപറമ്പില്‍ റോമില്‍ നിന്നു വൈസ്‌ പോസ്‌റ്റുലേറ്റര്‍ ഫാ. ജയിംസ്‌ മഠത്തിക്കണ്ടത്തെ ഫോണില്‍ അറിയിച്ചു. ഇതോടെ വിശ്വാസികളെ ഇക്കാര്യം അറിയിച്ച്‌ കൃതജ്‌ഞതാബലിക്കു തുടക്കമായി. ഫാ. സെബാസ്‌റ്റ്യന്‍ ചാമത്തറ മുഖ്യകാര്‍മികത്വം വഹിച്ചു. നാലായിരത്തോളം വിശ്വാസികളാണു വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടത്‌. തുടര്‍ന്ന്‌ പ്രത്യേകമായ സ്‌തോത്രഗീതാലാപനവും നടന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷം ഫാ. സെബാസ്‌റ്റ്യന്റെ കാര്‍മികത്വത്തില്‍ നൊവേന സമര്‍പ്പണവുമുണ്ടായിരുന്നു. രാവിലെ മുതല്‍ വിശ്വാസികള്‍ ചാവറയച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കാനെത്തി.
വത്തിക്കാനില്‍ നിന്നു നാമകരണ തീയതി സംബന്ധിച്ച ഔദ്യോഗിക ഡിക്രി എത്തിയ ശേഷം മാത്രമേ തുടര്‍ നടപടി തീരുമാനിക്കൂ. നന്ദി സൂചകമായി ചാവറയച്ചന്റെ എണ്ണഛായാചിത്രം മാന്നാനം സെന്റ്‌ ജോസഫ്‌സ്‌ ട്രെയിനിംഗ്‌ കോളജിലെ സന്തോഷ്‌ ആശ്രമത്തിനു കൈമാറി. നാമകരണ തീയതി പ്രഖ്യാപിച്ചതോടെ മാന്നാനത്തേക്ക്‌ ഇനി വിശ്വാസികളുടെ പ്രവാഹമുണ്ടാകും. 1805 ഫെബ്രുവരി 10 ന്‌ ചാവറ കുര്യാക്കോസ്‌ - മറിയം ദമ്പതികളുടെ മകനായി കൈനകരിയില്‍ ജനിച്ച ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെ 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തു നടന്ന ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. ചാവറയച്ചനോടുള്ള ആദരസൂചകമായി 1987 ഡിസംബര്‍ 20ന്‌ ഭാരതസര്‍ക്കാര്‍ തപാല്‍ സ്‌റ്റാമ്പിറക്കിയിരുന്നു.
2006 ല്‍ വാഴ്‌ത്തപ്പെട്ട പദവിയിലേക്ക്‌ ഉയര്‍ത്തിയ എവുപ്രാസ്യമ്മയെ കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണു വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തുന്നതായി പ്രഖ്യാപനമുണ്ടായത്‌. അല്‍ഫോന്‍സമ്മയ്‌ക്കുശേഷം വിശുദ്ധപദവിയിലെത്തുന്ന എവുപ്രാസ്യമ്മയുടെ പ്രവര്‍ത്തനമേഖലയായിരുന്ന ഒല്ലൂരും ജന്മനാടായ കാട്ടൂരും ആഹ്‌ളാദത്തോടെയാണ്‌ ഇന്നലെ അറിയിപ്പ്‌ വരവേറ്റത്‌.

 http://www.mangalam.com/print-edition/keralam/194425

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin