Saturday, 14 June 2014

സീറോ മലബാര്‍ സഭയ്ക്കു തിയോളജിക്കല്‍ ഫോറം









കൊച്ചി: സഭയുടെ ദൈവശാസ്ത്രം സംവാദത്തിലൂടെയാണു വളരേണ്ടതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ തിയോളജിക്കല്‍ ഫോറത്തിന്റെ ഉദ്ഘാടനം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ വ്യത്യസ്ത ചിന്താഗതികളെയും സഭയെ എതിര്‍ക്കുന്നവരുടെ നിലപാടുകളെയും സര്‍ഗാത്മകമായി സമന്വയിപ്പിക്കുന്ന ശൈലിക്കു മാത്രമേ ക്രിയാത്മക ദൈവശാസ്ത്രത്തിനു രൂപം നല്‍കാനാവൂ. സഭയുടെ ദൈവശാസ്ത്ര പരിചിന്തനങ്ങളുടെ പരീക്ഷണശാലയായി വര്‍ത്തിക്കുന്നതിനു വേണ്ടിയാണു ദൈവശാസ്ത്ര ഫോറമെന്നും അദ്ദേഹം പറഞ്ഞു.

ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ദൈവശാസ്ത്രജ്ഞന്മാര്‍ നിരന്തരമായി പഠനം നടത്തേണ്ടവരും മെത്രാന്മാരെ ശരിയായ പ്രബോധന ധര്‍മം നിര്‍വഹിക്കാന്‍ സഹായിക്കേണ്ടവരുമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് ആമുഖ സന്ദേശം നല്‍കി.

സഭയിലെ വിശ്വാസഭ്രംശങ്ങള്‍ എന്ന വിഷയത്തില്‍ സിബിസിഐ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസഫ് പാംബ്ളാനിയും സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ എന്ന വിഷയത്തില്‍ പ്രഫ.കെ.എം. ഫ്രാന്‍സിസും പ്രബന്ധാവതരണം നടത്തി. സീറോ മലബാര്‍ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

അന്താരാഷ്ട്രതലത്തില്‍ ദൈവശാസ്ത്ര സെമിനാറും സഭയിലെ കരിസ്മാറ്റിക് വചനപ്രഘോഷകരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും സംയുക്ത സമ്മേളനവും നടത്താന്‍ സമ്മേളനം തീരുമാനിച്ചതായി ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.സിബി പുളിക്കല്‍ അറിയിച്ചു.
 http://www.deepika.com/ucod/

1 comment:

  1. ഫാ.സാശ്ശേരി ക്രോസായതുകൊണ്ടാണൊ, പേ൪ഷ്യ൯ ക്രേസായ നിലവിെളക്ക് കത്തിക്കാതെ, ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ലീഹാ കുരിശുളള നിലവിളക്ക് കത്തിച്ച് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. മാ൪ അങ്ങാടിയത്ത് ഇത് കണ്ടാല്‍ ബോതം കെട്ടുപോവുകയില്ലേ!

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin