സഹപാഠിയായ കന്യാസ്ത്രീ അറസ്റ്റില്‍
പറവൂര്‍: കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന യുവതിയെ കിടപ്പുമുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് മഠത്തില്‍ കൂടെ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു.
പറവൂര്‍ പാലത്തിന് സമീപമുള്ള സെന്റ് ആന്‍സ് കോണ്‍വെന്റിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ചെല്ലാനം മാളികപ്പുറം കടവുങ്കല്‍ വര്‍ഗീസിന്റെ മകള്‍ ഡെല്‍സി (24) ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വയറിനും ഇടതുകൈക്കും കാലിനും പൊള്ളലേറ്റ ഇവരെ പറവൂര്‍ ഡോണ്‍ബോസ്‌കോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റ ഇവര്‍ ഇനിയും അപകട നില തരണം ചെയ്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ മഠത്തിലെ സന്ന്യാസാര്‍ത്ഥിനി ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി വലിയവീട്ടില്‍ റെയ്ച്ചലിനെ (21) ആലുവ ഡിവൈ.എസ്.പി. വി.കെ. സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പോലീസ് വധശ്രമത്തിന് കേസെടുത്തു.
മഠത്തിലെ സഹപാഠികളായ രണ്ട് യുവതികള്‍ തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. മെയ് 30 ന് രാത്രി ഒരു മണിക്കാണ് കൃത്യം നടന്നതെങ്കിലും പുറംലോകം ഇത് അറിഞ്ഞിരുന്നില്ല.
പോലീസ് പറയുന്നതിങ്ങനെ: ഡെല്‍സിയും റെയ്ച്ചലും തിരുവനന്തപുരത്ത് ശാന്തിപുരം കോണ്‍വെന്റിലും ഒന്നിച്ച് പഠിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ അന്നുമുതല്‍ പരസ്പരം വ്യക്തിവൈരാഗ്യം പുലര്‍ത്തിയിരുന്നു.
പറവൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റിലെ ഒന്നാം നിലയിലുള്ള വലിയ ഹാളില്‍ ഏഴ് വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ചാണ് കിടക്കുന്നത്. സംഭവ ദിവസം മഠത്തിലെ അടുക്കളയില്‍ പാചകത്തിന്റെ ചുമതല റെയ്ച്ചലിനായിരുന്നു. അവര്‍ ആരുമറിയാതെ ഒരു കുപ്പി മണ്ണെണ്ണയെടുത്ത് കിടപ്പുമുറിയില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചു വെച്ചു. രാത്രിയില്‍ എല്ലാവരും ഉറക്കമായപ്പോള്‍ മണ്ണെണ്ണയെടുത്ത് ഡെല്‍സിയുടെ ദേഹത്തും വസ്ത്രത്തിലും കട്ടിലിലും ഒഴിച്ച് തീപ്പെട്ടി ഉരച്ചിട്ട ശേഷം ഓടിമാറി സ്വന്തം കട്ടിലില്‍ വന്നു കിടന്നു.
പൊള്ളലേറ്റ ഡെല്‍സി ഉണര്‍ന്നു കരഞ്ഞതോടെ മറ്റുള്ളവരും ഉണര്‍ന്നു. മഠത്തിലെ മുതിര്‍ന്ന കന്യാസ്ത്രീകളും ഓടിയെത്തി ഡെല്‍സിയെ ആസ്പത്രിയിലെത്തിച്ചു.
കിടപ്പുമുറിയില്‍ മണ്ണെണ്ണക്കുപ്പി മറിഞ്ഞപ്പോള്‍ അതു നോക്കാന്‍ തീപ്പെട്ടി ഉരച്ചതോടെ കത്തു പിടിച്ചതാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പോലീസ് മുറിയിലെ മറ്റ് ഏഴ് വനിതകളേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമമാണെന്നത് പുറത്തുവന്നത്.
ഡെല്‍സിയേയും മറ്റൊരു വിദ്യാര്‍ത്ഥിനിയേയും മഠത്തില്‍ നിന്ന് ഉപരിപഠനത്തിന് ആന്ധ്രപ്രദേശിലെ ഒരു കന്യാസ്ത്രീ മഠത്തിലേക്ക് ജൂണ്‍ 3 ന് അയക്കാന്‍ മഠാധികാരികള്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഡിവൈ.എസ്.പി.യെ കൂടാതെ പറവൂര്‍ സി.ഐ. ടി.ബി. വിജയന്‍, എസ്.ഐ. എ.സി. മനോജ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സലോമി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് വനിതാ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.http://www.mathrubhumi.com/story.php?id=458439
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin