നാദാപുരം(കണ്ണൂർ): പുറമേരി ഹോമിയോ മുക്കിന് സമീപം മാളുമുക്കിൽ മന്ത്രവാദത്തിനിടെ തീ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെള്ളയിൽ പുതിയ കടവ് ലൈലാ മൻസിൽ ഷമീന(29)യാണു മരിച്ചത്. ഷമീനയുടെ മരണത്തെ തുടർന്നു മന്ത്രവാദിനി കുറ്റ്യാടി അടുക്കത്തെ തൂവ്വോട്ട് പൊയ്യിൽ നജ്മ (37)യ്ക്കെതിരേ ഐപിസി 304 കുറ്റകരമായ നരഹത്യയ്ക്കു കൂടി നാദാപുരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണു യുവതിക്കു ശരീരത്തിലേക്ക് തീ പടർന്നു ഗുരുതരമായി പൊള്ളലേറ്റത്. വിവാഹ മോചിതയായ ഷമീനയുടെ പുനർവിവാഹം വേഗത്തിൽ നടക്കുന്നതിനായാണത്രെ മന്ത്രവാദം നടത്തിയത്. ഷമീനയെ കസേരയിലിരുത്തി സമീപം കോഴിമുട്ട വച്ച മണ്‍ചട്ടിയിൽ പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ തീ ശരീരത്തിലേക്കു പടരുകയായിരുന്നു. കൈകാലുകളും, മുഖവും, നെഞ്ചും കത്തിക്കരിഞ്ഞിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഇന്നലെ പുലർച്ചെ 4.20നാണ് മരിച്ചത്.
ഷമീനയ്ക്കു പൊള്ളലേറ്റ സംഭവത്തിൽ മന്ത്രവാദിനിക്കെതിരെ ഐ പി സി 324, 308 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. യുവതി മരിച്ചതോടെ നരഹത്യക്കു കൂടി കേസെടുക്കുകയായിരുന്നു. നാദാപുരം സിഐ ജോഷിജോസിനാണു കേസന്വേഷണ ചുമതല. ജാഫറിന്റെയും പരേതയായ ലൈലയുടെയും മകളാണ് ഷമീന. മക്കൾ: സെൽമാനുൽ ഫാരിസ്, ജന്നത്തു ഷെറിൻ. സഹോദരങ്ങൾ: ഷെമീർ, ഷെബീർ. മൃതദേഹം പുതിയകടവ് ബീച്ച് റോഡ് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin