രാമപുരം: ഫാ. ടോം ഉഴുന്നാലിൽ യമനിൽ ഭീകരരുടെ തടവിലായിട്ടു മാർച്ച് നാലിന് ഒരു വർഷം തികയും. അന്നേദിവസം വൈകുന്നേരം 4.30ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഫാ. ടോമിന്റെ ജന്മനാടായ രാമപുരത്ത് ജപമാല റാലിയും സമ്മേളനവും നടക്കും.
ജപമാലറാലിക്കു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോണ്‍. ജോസഫ് കൊല്ലംപറന്പിൽ, മോണ്‍. ജോസഫ് മലേപ്പറന്പിൽ, രാമപുരം ഫൊറോന വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ, എകെസിസി രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സാജു അലക്സ്, രാജീവ് ജോസഫ്, സജി മിറ്റത്താനി, ജോബിൻ പുതിയിടത്തുചാലിൽ തുടങ്ങിയവർ നേതൃത്വം നൽകും.
തുടർന്നു രാമപുരം ടൗണിൽ ചേരുന്ന സമ്മേളനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനംചെയ്യും.
വൈകുന്നേരം നാലിനു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ എകെസിസി രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും.
കഴിഞ്ഞ മാർച്ച് നാലിനാണ് യമനിൽ അഗതിമന്ദിരം ആക്രമിച്ച ഭീകരർ കന്യാസ്ത്രീകളടക്കം 18 പേരെ വധിക്കുകയും ഫാ. ടോം ഉഴുന്നാലിലിനെ തടങ്കലിലാക്കുകയും ചെയ്തത്. ഫാ. ടോമിന്റെ മോചനം ആവശ്യപ്പെട്ടു നാനാതുറകളിൽനിന്നും മുറവിളികൾ ഉയർന്നെങ്കിലും നാളിതുവരെ മോചനം യാഥാർഥ്യമാകാത്തതിനാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും കടുത്ത ആശങ്കയിലാണ്. വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin