Friday, 17 February 2017

നോഹയുടെ പെട്ടകവും പ്രളയവും ചരിത്രസത്യം: തെളിവുകളുമായി സമുദ്രഗവേഷക സംഘം

സ്വന്തം ലേഖകന്‍ 16-02-2017 - Thursday

ബൈബിള്‍ ചരിത്രസത്യമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്ന ഓരോ കണ്ടെത്തലും ഈ ചരിത്രസത്യത്തെ വീണ്ടും എടുത്ത് കാട്ടുകയാണ്. പഴയനിയമത്തിലെ ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍, ഗോലിയാത്ത്‌ ജീവിച്ചിരുന്ന ഗത്ത് പട്ടണത്തെ കുറിച്ചുള്ള കണ്ടെത്തല്‍, ഹെസെക്കിയാ രാജാവ് നശിപ്പിക്കുവാന്‍ ഉത്തരവിട്ട പുരാതന കോവിലും പ്രതിഷ്ഠകളും കണ്ടെത്തിയത്- ഇവയെല്ലാം ബൈബിളില്‍ പറയുന്ന സംഭവങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് ശാസ്ത്ര ഗവേഷണ സംഘങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 

സമുദ്രാന്തര്‍ തട്ടില്‍ നിന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ലോക പ്രശസ്‌ത ആഴസമുദ്ര ഗവേഷകനാണ് റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌. തന്റെ ജീവിതത്തില്‍ ഏറെ ഗവേഷണങ്ങള്‍ നടത്തി ലോകത്തിന് മുന്നില്‍ അമ്പരിപ്പിക്കുന്ന തെളിവുകള്‍ നിരത്തിയ റോബര്‍ട്ടിനെ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും യാഥാര്‍ത്ഥ്യമാണോയെന്ന ചിന്ത വല്ലാതെ അലട്ടിയിരിന്നു. 

ഭൂമിയില്‍ ഒരു മഹാപ്രളയം ഉണ്ടായോ? പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട ആരെങ്കിലും ഉണ്ടായിരുന്നോ? ബൈബിളില്‍ പറയുന്ന പ്രളയ കഥ യാഥാര്‍ഥ്യമാണോ? റോബര്‍ട്ട് ബല്ലാര്‍ഡിന്റെ ഉള്ളില്‍ അലട്ടിയ ചോദ്യങ്ങളായിരിന്നു ഇത്. ഇതിനെ വെറും ചോദ്യങ്ങളായി മാറ്റി നിര്‍ത്തുവാന്‍ റോബര്‍ട്ട് തയാറായില്ല. ആഴമായ ഗവേഷണം നടത്തി. ഇന്ന്‍ തങ്ങള്‍ക്ക് ലഭിച്ച തെളിവുകളുടെ പിന്‍ബലത്തില്‍ പഴയ നിയമത്തിലെ മഹാപ്രളയവും നോഹ നിര്‍മ്മിച്ച പെട്ടകവും ചരിത്ര സത്യമാണെന്ന്‌ റോബര്‍ട്ടും ഗവേഷക സംഘവും സാക്ഷ്യപ്പെടുത്തുന്നു.
തുര്‍ക്കിയുടെ തീരത്തു നിന്നും അനേകം കിലോമീറ്ററുകള്‍ അകലെ ആഴക്കടലിലാണ്‌ നോഹയുടെ കാലത്ത്‌ ഉണ്ടായ പ്രളയത്തിന്റേയും പേടകത്തിന്റേയും തെളിവുകള്‍ ലഭിച്ചതെന്ന്‌ റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പറയുന്നു. ഈ ഭാഗത്തെ കടല്‍ ഒരിക്കല്‍ ശുദ്ധജല തടാകമായിരുന്നു. തടാകത്തിനു ചുറ്റും കൃഷിയിടങ്ങളുണ്ടായിരുന്നുവെന്നാണ്‌ കണ്ടെത്താനായത്‌. മഹാപ്രളയത്തോടെയാണ്‌ കൃഷിഭൂമി നശിച്ചു പോയത്‌. പ്രളയ ജലം അതീവ ശക്തിയോടെ ഏറെ ഉയര്‍ന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ നൂറിരട്ടി ശക്തിയിലും വേഗതയിലും ആയിരുനു പ്രളയം കീഴ്‌പ്പെടുത്തിയത്. ഇത് കൃഷിയിടത്തെ പൂര്‍ണ്ണമായും വിഴുങ്ങി. ഗവേഷക സംഘം പറയുന്നു. 

സമുദ്രത്തിന്റെ 400 അടി താഴെ തട്ടിലാണ്‌ അതിപുരാതനമായ തീരം നീണ്ടു കിടക്കുന്നതായി കണ്ടെത്തിയത്‌. മഹാപ്രളയത്തിന്റെ കാലഘട്ടം ബിസി 5000-നടുത്താണ്‌, നോഹയുടെ പേടകം ഈ പ്രളയത്തെ അതിജീവിക്കാന്‍ പടുത്തുയര്‍ത്തിയതാണെന്നു വിശ്വസിക്കാനുള്ള കാരണവും ഇതു തന്നെയാണ്. റോബര്‍ട്ട്‌ ബല്ലാര്‍ഡും ഗവേഷകസംഘവും സാക്ഷ്യപ്പെടുത്തുന്നു. 

പഴയനിയമത്തിലെ മഹാപ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയുമുള്ള ചരിത്ര സത്യങ്ങള്‍ തേടി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌ വെളിപ്പെടുത്തുന്ന ഗവേഷണ ഫലം ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ക്ക് ഏറെ ആവേശം പകരുകയാണ്. ഒപ്പം ബൈബിള്‍ ഒരു ചരിത്രസത്യമാണെന്ന് ഈ പഠനഫലവും തെളിയിക്കുകയാണ്. 
http://pravachakasabdam.com/index.php/site/news/4197

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin