Friday, 10 February 2017

രാഷ്ട്രപതിയുടെ ചെറുമകനെ യേശുക്രിസ്തു സുഖപ്പെടുത്തിയെങ്കില്‍ അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്?


സ്വന്തം ലേഖകന്‍ 09-02-2017 - Thursday

പ്രതിഭാ പാട്ടീല്‍ ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന സമയത്ത് അവരുടെ ചെറുമകന് മാരകമായ ഒരു രോഗം ബാധിച്ചു. ആധുനിക വൈദ്യശാസ്ത്രം പലരീതിയിലും ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം, കുട്ടി മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഈ സമയം പ്രതിഭാ പാട്ടീലിന്‍റെ കുടുംബത്തോട് യേശുക്രിസ്തു നല്‍കുന്ന സൗഖ്യത്തെപ്പറ്റി അവരുടെ സുഹൃത്തുക്കൾ പറഞ്ഞു. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കുട്ടി സുഖപ്പെടാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ ഇപ്രകാരം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്ന വൈദികരുണ്ടെന്നും പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണപ്രകാരം ഫാ.ഡൊമിനിക് വാളൻമനാല്‍ ഡല്‍ഹിയിലെത്തി. ഡോക്ടര്‍മാര്‍ മരിക്കുമെന്നു വിധിയെഴുതിയ കുട്ടിയെ ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചു. ആ കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അങ്ങനെ ഇന്നും ജീവിക്കുന്ന എകരക്ഷകനും ഏക കര്‍ത്താവുമായ യേശുക്രിസ്തു ആ കുട്ടിയെ സുഖപ്പെടുത്തി. 

ഈ സംഭവം പ്രശസ്ത വചനപ്രഘോഷകനായ ഡോ.ജോണ്‍ ദാസ് വിവരിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. ഇത് ചിലരുടെ ഉറക്കം കെടുത്തുകയും ഈ വീഡിയോയെ പരിഹസിച്ചു കൊണ്ട് കമന്‍റുകള്‍‍ ഇടുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനെ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ ഇറക്കുകയും ചെയ്തു. 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്? 

അത്ഭുതങ്ങളും രോഗശാന്തികളും വെറും തട്ടിപ്പാണെന്നും പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്ന ഒരു ഏര്‍പ്പാടാണെന്നും പ്രചരിപ്പിക്കാന്‍ ശ്രവിച്ചവര്‍ക്ക് ഈ സംഭവം ഉറക്കം കെടുത്തുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രം. ഇക്കൂട്ടര്‍ക്ക് രോഗശാന്തിയും അത്ഭുതങ്ങളും മാത്രമല്ല ദൈവത്തെ ആരാധിക്കുവാനായി ദൈവജനം ഒരുമിച്ചു കൂടുന്നതും അസ്വസ്ഥത ഉളവാക്കുന്നു. 

അടുത്ത കാലങ്ങളായി പരിശുദ്ധാത്മാവ് നയിക്കുന്ന കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്കായി അനേകായിരങ്ങളാണ് കണ്‍വെന്‍ഷന്‍ ഹാളുകളിലേക്ക് എത്തി ചേരുന്നത്. ഇതിനെയെല്ലാം പണ പിരിവിനുള്ള സൂത്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടര്‍ ഇന്ന്‍ സോഷ്യല്‍ മീഡിയായില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. ഇത്തരം പല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും നയിക്കുന്നത് ക്രിസ്ത്യാനികള്‍ തന്നെയാണെന്ന് എന്ന വസ്തുത വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളില്‍, ഒരു വിശ്വാസിയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. 

ആത്മീയ ശുശ്രൂഷകളെ എതിര്‍ക്കുന്നവരെ നയിക്കുന്ന ആത്മാക്കളെ തിരിച്ചറിയുക 

ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി ദൈവവചനം ശ്രവിക്കുവാനും ദൈവത്തെ ആരാധിക്കാനുമായി ജനലക്ഷങ്ങള്‍ ജാതി മതഭേദമന്യേ ബൈബിള്‍ കണ്‍വെന്‍ഷനുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അത് ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം. 

ഇക്കൂട്ടരെ എതിര്‍ക്കുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്. കാരണം ഇക്കൂട്ടരെ മാറ്റാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. പ്രകാശം ലോകത്തിലേക്കു വന്നിട്ടും പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്നേഹിക്കുന്ന ഇക്കൂട്ടരെ കണ്ട് നാം അസ്വസ്ഥരാകേണ്ട കാര്യമില്ല. ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തു അവരുടെ നയനങ്ങളെ തുറക്കുവാനും അങ്ങനെ അവരും സത്യം തിരിച്ചറിയുവാനും വേണ്ടി പ്രാര്‍ത്ഥിക്കുക. ഇപ്രകാരം പരിഹസിക്കുകയും വിപരീത പ്രചരണം നടത്തുകയും ചെയ്യുന്ന എല്ലാവരെയും കര്‍ത്താവായ യേശുവിന്‍റെ തിരുരക്തത്താല്‍ കഴുകപ്പെടുവാനും അവരും പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താല്‍ നിറഞ്ഞ് പ്രേഷിതരാകുവാനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം 

'യേശു ഏകരക്ഷകൻ' എന്ന് പ്രഘോഷിക്കുവാന്‍ മടി കാണിക്കരുത് 

ഇന്ന് ലോകത്തില്‍ അനേകം മതങ്ങളുണ്ട്. വിഗ്രഹങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും മുതല്‍ ആള്‍ദൈവങ്ങളെ വരെ ആരാധിക്കുന്ന അനേകം മതവിശ്വാസികളുടെ ഇടയിലാണ് എകരക്ഷകനായ ക്രിസ്തുവിനെ നാം പ്രഘോഷിക്കേണ്ടത്. ഇത് തികഞ്ഞ തീക്ഷ്ണതയും പരിശ്രമവും ആവശ്യമുള്ള മേഖലയാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം അവിടുത്തെ ശിഷ്യന്‍മാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പോയി വചനം പ്രഘോഷിച്ചു. അവര്‍ എത്തിച്ചേർന്ന പ്രദേശങ്ങളിലെല്ലാം ഇന്നു നമുക്കു ചുറ്റും കാണുന്നതുപോലെ വിഗ്രഹങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും മൃഗങ്ങളേയും ആരാധിച്ചിരുന്ന ജനങ്ങളെ കണ്ടു. അപ്പോൾ, അവരോടൊപ്പം ചേര്‍ന്ന് അവരുടെ ദൈവത്തെ ആരാധിക്കുകയല്ല ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ചെയ്തത്. 

പിന്നെയോ അവരുടെ മുഖത്തു നോക്കി അവരുടെ ആരാധനാ മൂര്‍ത്തികള്‍ ദൈവങ്ങളല്ലെന്നും, ആകാശത്തിനു കീഴെ ഭൂമിയില്‍ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ജനങ്ങളെ പഠിപ്പിച്ചു. ക്രിസ്തുവിന്‍റെ കല്‍പനയനുസരിച്ച് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് മാമ്മോദീസ നല്‍കി. ഇപ്രകാരം ചെയ്തതിന്‍റെ പേരില്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ നിരവധി പേര്‍ കുരിശില്‍ തറക്കപ്പെടുകയും അഗ്നികുണ്ഠങ്ങളിലേക്ക് എറിയപ്പെടുകയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കപ്പെടുകയും ചെയ്തു. 

ക്രിസ്തു മാത്രമാണ് ഏക രക്ഷകന്‍ എന്ന സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇപ്രകാരം മരണം വരിക്കുവാന്‍ അവര്‍ തയ്യാറായത്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇന്ന് വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ക്കും "ക്രിസ്തു ഏക രക്ഷകന്‍" എന്നു പറയാന്‍ താല്‍പര്യമില്ല. എല്ലാ മതങ്ങളിലും ഉള്ള ദൈവത്തെപ്പോലെ മറ്റൊരു ദൈവം മാത്രമാണ് ക്രിസ്തു എന്ന ധാരണയിലാണ് നിരവധി ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. ഇന്ന് ചില വൈദികരും, മെത്രാന്മാരും പോലും ഈ സത്യം മറന്നുകൊണ്ട് അന്യ ദൈവങ്ങളുടെ ആരാധനകളില്‍ പങ്കെടുക്കുകയും ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമായ വി.കുര്‍ബ്ബാനയില്‍ പോലും അന്യമതസ്ഥരുടെ ദുരാചാരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം വിപരീത സാഹചര്യങ്ങളില്‍ 'ക്രിസ്തു ഏകരക്ഷകനാണ്‌' എന്നു പ്രഘോഷിക്കുക അത്യന്തം ക്ലേശകരമായ ഒരു‍ ജോലിയാണ്. 

ഈ ക്ലേശകരമായ ജോലി ഏറ്റെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയായിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും നമുക്കു കാണുവാന്‍ സാധിക്കും. ഇവരുടെ മഹത്തായ സുവിശേഷ വേലയെ തടസ്സപ്പെടുത്താന്‍ പിശാച് ചിലരെ നിയോഗിക്കും. അവര്‍ പരിഹാസങ്ങളും പൊങ്കാലകളുമൊക്കെയായി പലപ്പോഴും കടന്നു വരും. പക്ഷേ തളരുത്; അതിനെയെല്ലാം അതിജീവിക്കുവാനുള്ള കരുത്ത് കര്‍ത്താവ് നമുക്ക് തരും. കര്‍ത്താവ് നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിരു നില്‍ക്കും. 

ക്രിസ്തു എക രക്ഷകനാണ് എന്ന് പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ നിങ്ങള്‍ വെറുക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍ ക്രിസ്തു പറഞ്ഞ വചനം ഓര്‍മ്മി‍ക്കുക. "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനു മുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന്‍ അറിഞ്ഞു കൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതു കൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു." (യോഹ. 15: 18-19) 

ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ പരിഹാസവും ഭീഷണിയും സോഷ്യല്‍ മീഡിയായിലൂടെ പൊങ്കാലയും ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുക. ഈ ഓരോ പൊങ്കാലയും നമുക്ക് സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങളാണ്. ഒപ്പം 'അവരോട് ക്ഷമിക്കണമേ' എന്ന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. കാരണം അതും നമ്മുടെ കടമയാണല്ലോ. 

ഇന്റർനെറ്റും സോഷ്യൽ മീഡിയായും ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷമെത്തിക്കാൻ വേഗത്തിൽ നമുക്ക് സാധിക്കുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്ന എന്തെങ്കിലും സോഷ്യൽ മീഡിയായിലൂടെ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നമ്മളെ അവഹേളിക്കുന്ന തരത്തിലുള്ള കമന്റുകൾ ലഭിക്കുമ്പോഴും, ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്റെ പേരിൽ നിന്ദനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വരുമ്പോളും ക്രിസ്തു പറഞ്ഞ വചനം നമുക്ക് ശക്തി നൽകട്ടെ. 

"എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചുണ്ട്" (മത്തായി 5: 11-12)
http://pravachakasabdam.com/index.php/site/news/4122

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin