കൊട്ടിയൂർ പള്ളിമേടയിലെ പീഡനം: വൈദികനുമായി തെളിവെടുപ്പ് - വിഡിയോ
Tuesday 28 February 2017 02:16 PM IST
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. ഇതേത്തുടർന്നു പള്ളിയിലും പരിസര പ്രദേശത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയെ(48) സംഭവവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച വൈകിട്ടാണു പൊലീസ് പിടികൂടിയത്. അങ്കമാലിയില്‍നിന്നു പിടിയിലായ ഫാദര്‍ റോബിന് വടക്കുംചേരിയെ കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വൈദികന് കുറ്റം സമ്മതിച്ചിട്ടുണ്ട്. 26നാണു പെൺകുട്ടി പരാതി നൽകിയത്.
കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പാണു (പോക്സോ) വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയുംവരെ ജാമ്യം ലഭിക്കില്ല. ശാരീരിക പരിശോധനകൾക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
20 ദിവസങ്ങൾക്കുമുൻപു പതിനാറുകാരിയായ പെൺകുട്ടി കൂത്തുപറമ്പിലെ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. ഉന്നതരായ ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിത്തീർക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു. ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തിൽ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ നടന്നെങ്കിലും സമ്മർദ്ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും പേരാവൂർ പൊലീസ് അറിയിച്ചു. പ്രസവ വിവരം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
http://www.manoramanews.com/news/kerala/rape-case-against-priest-kannur-robin-vadakkumchery.html