ഡിജിറ്റൽ മാറ്റത്തിന് മുറവിളി; എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ‘സ്മാർട്ട’ല്ല
Friday 09 December 2016 11:22 AM IST
ന്യൂഡൽഹി ∙ നോട്ടുകൾ പിൻവലിച്ച നടപടിയിലൂടെ സൃഷ്‌ടിക്കപ്പെട്ട അവസരം രാജ്യത്തിനു കറൻസി ഉപയോഗിക്കാത്ത സമ്പദ്‌വ്യവസ്‌ഥയിലേക്കു മാറാനായി പ്രയോജനപ്പെടുത്താനാവുമെന്നും കഴിഞ്ഞ ഒരു മാസത്തിൽത്തന്നെ ഡിജിറ്റൽ പണമിടപാടിന്റെ തോതു ഗണ്യമായി കൂടിയെന്നുമാണ് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി പറയുന്നത്. എന്നാൽ, ഇതിനു വേണ്ട അടിസ്‌ഥാനസൗകര്യം ഉണ്ടോ എന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം.
സുതാര്യത കുറവ്, കള്ളപ്പണം, കള്ളനോട്ട് എന്നിവയുൾപ്പെടെ തട്ടിപ്പുകൾക്കുള്ള സാധ്യത, നോട്ടുകൾ അച്ചടിക്കാനുള്ള ചെലവ്, പണം കൈവശം വയ്‌ക്കുന്നതിന്റെ ബുദ്ധിമുട്ട് തുടങ്ങി പല ഘടകങ്ങളും കറൻസി അമിതമായി ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങളായി പറയുന്നുണ്ട്. ഡിജിറ്റൽ പണമിടപാടിലേക്കു മാറുന്നവർക്കു സർക്കാരിന്റേതായി പല ആനുകൂല്യങ്ങളും ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാന സർക്കാരുകളും വിവിധ സേവനങ്ങൾക്കു ഡിജിറ്റൽ ഇടപാടു പ്രോൽസാഹിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചിട്ടുമുണ്ട്.
പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾക്കു സമയപരിധി നിശ്‌ചയിച്ചിട്ടില്ലെങ്കിലും ഇളവുകൾ താൽക്കാലികം മാത്രമായിരിക്കുമെന്നാണു സൂചന. ഉദാഹരണത്തിന്, ടോൾ പ്ലാസകളിൽ ഡിജിറ്റൽ രീതിയിൽ പണം നൽകിയാൽ 10% ഇളവു ലഭിക്കുന്നതു മാർച്ച് 31 വരെ മാത്രമാണ്. ഇളവു നൽകുന്നതുമൂലമുണ്ടാകുന്ന ധനനഷ്‌ടം അതതു സ്‌ഥാപനങ്ങൾ വഹിക്കണമെന്നു വ്യക്‌തമാക്കിയിട്ടുമുണ്ട്. ഡിജിറ്റൽ സംവിധാനത്തിലേക്കു മാറ്റുന്നതു ദിവസക്കൂലിക്കാരെയും ചെറുകിട കച്ചവടക്കാരെയും പ്രയാസത്തിലാക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. നെറ്റ്‌വർക്ക് കണക്‌ടിവിറ്റിയുടെ നിലവാരക്കുറവ് ഉൾപ്പെടെയുള്ള പരിമിതികളാണു വിമർശകർ ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളിലൊന്ന്.
സൈബർ സുരക്ഷ വേണ്ടത്രയുണ്ടോ എന്നു ചോദിക്കുന്നവർ കഴിഞ്ഞ ഒക്‌ടോബറിൽ 30 ലക്ഷം എടിഎം കാർഡുകളുടെ വിവരങ്ങൾ ചോർന്നത് എടുത്തുപറയുന്നു. നിലവിൽ രാജ്യത്തെ 26% പേർക്കു മാത്രമാണ് ഇന്റർനെറ്റ് സൗകര്യമുള്ളത്. ഡിജിറ്റൽ പണമിടപാട് സംവിധാനം ഉപയോഗിക്കുന്നത് 20 കോടി പേർ മാത്രം. എടിഎമ്മുകളിൽ 18% മാത്രമാണു ഗ്രാമീണ മേഖലയിലുള്ളത്. പുതിയ തലമുറ സ്‌മാർട്ട് ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കാൻ പ്രാപ്‌തരാണ്.
എന്നാൽ, അൻപതു വയസ്സിനു മുകളിലുള്ളതിൽ ഭൂരിപക്ഷത്തിന്റെയും സാങ്കേതികവിദ്യാ സാക്ഷരത ഡിജിറ്റൽ പണമിടപാടിനെ പിന്തുണയ്‌ക്കുന്ന തോതിലുള്ളതല്ല. രാജ്യത്തെ ഇന്റർനെറ്റ് നിരക്കുകൾ താരതമ്യേന കൂടുതലാണെന്നതും പൊതുസ്‌ഥലങ്ങളിൽ വൈഫൈ സംവിധാനം ഇല്ലെന്നതും ഡിജിറ്റൽ സംവിധാനത്തിലേക്കു കുതിക്കുന്നതിനു മുൻപു പരിഗണിക്കേണ്ട സംഗതികളായി ഉന്നയിക്കപ്പെടുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വ്യാപിപ്പിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജൻധൻ പദ്ധതിപോലും വലിയ വിഭാഗം ജനങ്ങളും പ്രയോജനപ്പെടുത്താത്ത സ്‌ഥിതിയാണുള്ളത്. നിലവിലെ ജൻധൻ അക്കൗണ്ടുകളിൽ 23 ശതമാനത്തിലും പണമില്ലെന്നാണു സർക്കാരിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
http://www.manoramaonline.com/news/india/09-cpy-lead-sidestory-on-cashless-economy.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin