Friday, 12 August 2016

ആഡംബരക്കാറിന് വാശിപിടിക്കുന്ന മെത്രാന്മാർക്കിടയിലെ അപൂർവ്വമാതൃക; സിറിയക് വില്ലേജിലൂടെ യുഹാനോൻ മെത്രാപ്പൊലീത്ത തുടയ്ക്കുന്നത് അശരണരുടെ കണ്ണുനീർ; കോന്നിയിൽ പണിപൂർത്തിയാകുന്നത് 12 സ്‌നേഹ ഭവനങ്ങൾ

August 10, 2016 | 01:47 PM | Permalink



ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആഡംബരക്കാർ ഉണ്ടെങ്കിൽ മാത്രമേ പുറത്തേക്ക് ഇറങ്ങൂവെന്ന് വാശിപിടിക്കുന്ന മെത്രാന്മാർക്ക് അപവാദമായി ഇതാ ഇവിടെ ഒരു നല്ല ഇടയൻ. യാക്കോബായ സഭയിലെ മോർ മിലിത്തിയോസ് യുഹാനോൻ മെത്രാപ്പൊലീത്ത. തല ചായ്ക്കാനിടമില്ലാത്തവരുടെ ദുഃഖം തന്റേതായി കണ്ട് അവർക്ക് താങ്ങും കരുതലുമായി മാറുകയാണ് മെത്രാപ്പൊലീത്ത.
കോന്നിക്ക് സമീപം പയ്യനാമണ്ണിൽ അദ്ദേഹം ഇപ്പോൾ ഒരു ഫ്‌ളാറ്റ് സമുച്ചയം പണിയുകയാണ്. വീടില്ലാത്ത 12 കുടുംബങ്ങൾക്ക് നൽകാൻ. ആറെണ്ണം വാസയോഗ്യമായി കഴിഞ്ഞു. ശേഷിച്ചതിന്റെ പണി നടക്കുന്നു. സിറിയക് വില്ലേജ് എന്ന് ഇതിന് പേരുമിട്ടു കഴിഞ്ഞു.
സഭാ വിശ്വാസികൾ കോടികൾ മുടക്കി നിർമ്മിക്കുന്ന വീടുകൾ ആശീർവദിക്കുമ്പോൾ, ഒരു നേരം മഴ നനയാതെ കയറിക്കിടക്കാൻ ഇടമില്ലാതെ വിഷമിക്കുന്ന മറ്റൊരു വിഭാഗത്തിന്റെ വേദനയും കണ്ണീരുമാണ് മിലിത്തിയോസിന് നൊമ്പരമായത്. ഒരാൾക്ക് മാത്രമായി ഒരു വീട് നിർമ്മിച്ചാൽ ഈ പ്രതിസന്ധി തീരില്ലെന്ന് മനസിലാക്കിയ അദ്ദേഹം ഒരു പറ്റം ഭവന രഹിതർക്കായി ഇറങ്ങിത്തിരിക്കുകയായിരുന്നു.
കൈയിൽ ഒന്നുമില്ലായിരുന്നുവെന്ന് മെത്രാപ്പൊലീത്ത പറയുന്നു. തുമ്പമൺ ഭദ്രാസനത്തിന്റെ ചെറിയ ചാപ്പൽ പയ്യനാമണ്ണിലുണ്ട്. ഇതിനോട് ചേർന്ന് വീടുകൾ നിർമ്മിക്കാനാണ് ശ്രമം തുടങ്ങിയത്. സ്ഥലപരിമിതി ഒരു പ്രശ്‌നമായപ്പോൾ സമീപവാസികളിൽ നിന്നും വസ്തു വിലയ്ക്ക് വാങ്ങി. 12 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഫ്‌ളാറ്റുകളാണ് നിർമ്മിക്കുന്നത്. വിവിധ പള്ളികളിൽ നിന്നും മെത്രാപ്പൊലീത്തയ്ക്ക് ലഭിച്ച സംഭാവന, സ്വദേശത്തും വിദേശത്തുമുള്ള മനുഷ്യസ്‌നേഹികൾ അകമഴിഞ്ഞ് നൽകിയ ചെറുതും വലുതുമായ തുക എന്നിവയൊക്കെ സ്വരൂപിച്ചാണ് ഫ്‌ളാറ്റ് നിർമ്മാണം തുടങ്ങിയത്.
ഇതേപ്പറ്റി അറിഞ്ഞ നിരവധിപ്പേർ പിന്നീട് സ്വമേധയാ സംഭാവനയുമായി എത്തി. ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ അനുയോജ്യമായ രീതിയിൽ രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങൾ ഓരോ ഫ്‌ളാറ്റിനുമുണ്ട്. വീടുകളുടെ നിർമ്മാണം കാണാനെത്തിയ യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞത് സഭയ്ക്ക് ഒന്നടങ്കം മാതൃകയാണ് പയ്യനാമണിലെ സിറിയക് വില്ലേജ് എന്നാണ്.
ഇത്തരത്തിലുള്ള പദ്ധതികൾ മറ്റ് ഭദ്രാസനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. വീടുകളുടെ കൂദാശ ലളിതമായ ചടങ്ങിൽ 16 ന് നടത്തും.
http://www.marunadanmalayali.com/news/special-report/cyriac-village-at-konni-by-metropolitan-51398


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin