Thursday, 4 September 2014

ചില നിരോധന ചരിത്രങ്ങള്‍


 മാ൪ അങ്ങാടിയത്തി൯റെ Johnnie Walker Blue Labelന് കേരളത്തില്‍ നിരോധനം.

സിസ്സി ജേക്കബ്‌

ആദ്യം വാറ്റിയതാര് എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും ആദ്യം മദ്യം നിരോധിച്ചത് ചൈനയിലെ ഷിയ രാജവംശമാണെന്നാണ് പറയുന്നത്. ക്രിസ്തുവിന് മുമ്പ് 2070-1600 കാലത്ത് ചൈന ഭരിച്ചിരുന്ന രാജവംശമാണിത്. ഇതിലെ മഹാനായ യു രാജാവ് രാജ്യത്ത് മദ്യം നിരോധിച്ചു. അദ്ദേഹത്തിന്റെ മരണംവരെ അതങ്ങനെ നിലനിന്നു. രാജാവ് നാടുനീങ്ങിയതോടെ അധികാരമേറിയ മകന്‍ ക്വി നിരോധനം പിന്‍വലിച്ചു. അങ്ങനെ ചരിത്രത്തിലെ ആദ്യ മദ്യനിരോധനം തന്നെ പാളിപ്പോയി.
മദ്യം വിപത്താണെന്ന തിരിച്ചറിവും മതങ്ങളുടെ ഇടപെടലും മൂലം പിന്നെയും പലരാജ്യങ്ങളും അത് നിരോധിച്ചു. 1920 ജനവരി 16-ന് യു.എസ്. നിയമം മൂലം മദ്യം നിരോധിച്ചു. മദ്യത്തിന്റെ ഉത്പാദനവും വിതരണവും കയറ്റുമതിയും ഇറക്കുമതിയും വില്‍പ്പനയുമെല്ലാം നിയമവിരുദ്ധമാക്കി. ഭരണഘടനയുടെ പതിനെട്ടാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്.
വിമന്‍സ് ക്രിസ്റ്റ്യന്‍ ടെംപറന്‍സ് യൂണിയന്‍ എന്ന സംഘടനയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. നിരോധനം സ്ത്രീകളെ ശാരീരിക, മാനസിക ദ്രോഹങ്ങളില്‍ നിന്നും കുടുംബങ്ങളെ നാശത്തില്‍ നിന്നും കുട്ടികളെ ദുശീലങ്ങളില്‍ നിന്നും രക്ഷിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. കുറ്റകൃത്യങ്ങള്‍ കുറയുമെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അറുതിവരുമെന്നും ജയിലുകളുടെ നടത്തിപ്പിന് കുറഞ്ഞ തുക നീക്കിവെച്ചാല്‍ മതിയെന്നും അമേരിക്കന്‍ ജനതയുടെ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുമെന്നും ഭരണകൂടവും പ്രതീക്ഷിച്ചു.
സംഭവിച്ചത് നേരെ തിരിച്ചാണ്. മദ്യത്തിന്റെ വീര്യം വിഷത്തോളം കടുത്തു. സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി. കോടതികളില്‍ കേസുകളും ജയിലുകളില്‍ കുറ്റവാളികളും നിറഞ്ഞു. പോലീസും ഉദ്യോഗസ്ഥമേലാളന്‍മാരും അഴിമതിയില്‍ മുങ്ങിക്കുളിച്ചു.
നിരോധനം വന്നതോടെ വ്യാജലഹരി പാനീയങ്ങള്‍ ഒഴുകി. ഇവ വില്‍ക്കുന്ന 'സ്പീക്കീസി'കള്‍ വ്യാപകമായി. 1920 മുതലുള്ള ഓരോ വര്‍ഷവും പുതിയപുതിയ 'സ്പീക്കീസി'കളുണ്ടായി. പൊലീസ് ഒന്നടച്ചുപൂട്ടുമ്പോള്‍ അതേസ്ഥലത്ത് ഒമ്പതെണ്ണമുണ്ടായി. അതിഥികള്‍ക്കായി ആളുകള്‍ വീടുകളില്‍ ബാറുകള്‍ തന്നെ തീര്‍ത്തു.
കാനഡയില്‍ നിന്ന് അധോലോകം മദ്യം കടത്തി. നദികള്‍ കടത്തുപാതകളായി. കരയിലെ നിയമമല്ലായിരുന്നു കടലില്‍. കരയില്‍ നിന്ന് മൂന്ന് മൈല്‍ അകലെ കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍ ബാറുകളായി. മൂന്ന് മൈലിനകത്തേ നിയമം ബാധകമായിരുന്നുള്ളൂ. വീടുകളില്‍ വൈനുണ്ടാക്കാമെന്ന അനുമതിയുടെ മറവില്‍ അധികൃതവും അനധികൃതവുമായ വാറ്റ് നടന്നു.
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ വിസ്‌കി വാങ്ങാമെന്നായിരുന്നു ചട്ടം. 'കൈമടക്ക്' കിട്ടുന്നതിനനുസരിച്ച് കുറിപ്പടികളുടെ എണ്ണം പെരുകി. 'രോഗികളുടെ' എണ്ണം കൂടി. മരുന്നുകടകളില്‍ വിസ്‌കി കുപ്പികളും.
വീര്യം കൂടിയ വിഷമദ്യം സുലഭമായി. മദ്യം കടത്തി പലരും ലക്ഷപ്രഭുക്കളായി.
മദ്യക്കടത്തിനുള്ള കുറ്റവാളി സംഘങ്ങളുണ്ടായി. അല്‍ കാപോണ്‍ എന്ന 'മദ്യരാജാവ്' ഉദയം ചെയ്തു. മദ്യ നിരോധനം നിലനിന്ന കാലത്ത് വര്‍ഷം ഏതാണ്ട് ആറു കോടി ഡോളര്‍ എന്ന കണക്കിനാണ് അല്‍ കാപോണും സംഘവും സമ്പാദിച്ചത്.
മദ്യമുണ്ടായിരുന്ന കാലത്തേക്കാള്‍ അരാജകത്വം നാട്ടിലുണ്ടായതോടെ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നു. 1932-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് നിരോധനം നീക്കുമെന്നതായിരുന്നു. ഫ്രാങ്ക്ലൂന്‍ റൂസ്‌വെല്‍റ്റ് ആയിരുന്നു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അക്കാലമായപ്പോള്‍ വോട്ടര്‍മാരില്‍ നാലില്‍ മൂന്ന് ശതമാനവും ഏതാണ്ട് 46 സംസ്ഥാനങ്ങളും നിരോധനം നീക്കിയാല്‍ മതിയെന്ന മനോഭാവത്തിലെത്തിയിരുന്നു. 1933-ല്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ഭേദഗതിയിലൂടെ ഇത് സാധ്യമാക്കി. ഇന്ന് രാജ്യമാകമാനമുള്ള മദ്യനിരോധനമില്ല. ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനമേയുള്ളൂ.


'വരണ്ട ലോക'മെന്ന സ്വപ്നം


പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ലോകം മുഴുവന്‍ മദ്യരഹിതമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റാന്‍ നടപടികളുണ്ടായി. ഇതിന് ലോകമെങ്ങും നല്ല പ്രചാരം കിട്ടി. മദ്യത്തിനെതിരെ 1916-ല്‍ യു.എസില്‍ പ്രചരിച്ച അവബോധത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. 1919-ല്‍ കാനഡയിലെ ടൊറന്റോയില്‍ വേള്‍ഡ് ലീഗ് എഗെന്‍സ്റ്റ് ആല്‍ക്കഹോളിസത്തിന്റെ ആദ്യ അന്താരാഷ്ട്ര സമ്മേളനം നടന്നു. 66 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
മൂന്ന് ഘട്ടമായി ലോകത്തെ മദ്യവിമുക്തമാക്കാനായിരുന്നു പദ്ധതി. മദ്യത്തിനെതിരായ മനോഭാവം സൃഷ്ടിക്കുക എന്നതായിരുന്നു ആദ്യപടി. മദ്യത്തിനെതിരെ പൊതുജനാഭിപ്രായം രൂപവത്ക്കരിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കുക എന്നതായിരുന്നു അവസാന ഘട്ടം. യു.എസ്. ഇത് സമ്പൂര്‍ണ മദ്യനിരോധനത്തിലെത്തിച്ചു. മറ്റുചില രാജ്യങ്ങള്‍ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷകളാണ് ഏര്‍പ്പെടുത്തിയത്. മെക്‌സിക്കന്‍ സംസ്ഥാനമായ സെനൊറ മദ്യവില്‍പ്പനക്കാര്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. ഐസ്‌ലന്‍ഡും നോര്‍വേയും ഓസ്‌ട്രേലിയയുമെല്ലാം ഓരോ തരത്തില്‍ മദ്യവര്‍ജനത്തിനായി ശ്രമിച്ചു. എന്നാല്‍, 1933-ല്‍ അമേരിക്ക നിരോധനം നീക്കയതോടെ മറ്റുരാജ്യങ്ങളും പിന്‍മാറിത്തുടങ്ങി. അങ്ങനെ ലോകത്തെ മദ്യവിമുക്തമാക്കാനുള്ള ശ്രമം പരാജയമായി.
ഈയടുത്തിടെ മദ്യനിരോധനം നടപ്പാക്കി പിന്‍വാങ്ങിയ രാജ്യമാണ് ചെക്ക് റിപ്പബ്ലിക്. 2012-ലാണ് അവിടെ മദ്യം നിരോധിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍ സപ്തംബര്‍ 14-ന്. 20 ശതമാനത്തിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ എല്ലാത്തരം ദ്രാവകങ്ങളുടെയും വില്‍പ്പന നിരോധിച്ചു. ഇത്തരം ദ്രവങ്ങള്‍ കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ബാറുകളിലും ഇ-ഷോപ്പുകളിലും വില്‍ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പക്ഷേ, അത് അധികകാലം മുന്നോട്ട് പോയില്ല. സപ്തംബര്‍ അവസാനമായപ്പോള്‍ വ്യാജമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. ആ വര്‍ഷം ഒക്ടോബര്‍ പത്തോടെ മദ്യനിരോധനം അവസാനിച്ചു. അയല്‍ രാജ്യങ്ങളായ പോളണ്ടില്‍ നിന്നും സ്ലൊവാക്യയില്‍ നിന്നും മദ്യമെത്തിത്തുടങ്ങി.
പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യെമന്‍, ഇറാന്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേ മദ്യനിരോധനം ഉള്ളൂ. മതമാണ് കാരണം. അവിടെയും ചെറിയ അളവില്‍ കരിഞ്ചന്തയില്‍ അതുകിട്ടാനുമുണ്ട്.
ഇന്ത്യയെ കുടിപ്പിച്ച ഇംഗ്ലീഷുകാര്‍


പൗരസ്ത്യമതങ്ങളുടെ സ്വാധീനമോ, പാരമ്പര്യമോ, ആചാരമോ ഒക്കെകാരണം ഏറെക്കുറെ മദ്യമുക്തമായിരുന്നു ഇന്ത്യ. ബ്രിട്ടീഷ് അധിനിവേശകാലത്താണ് വിദേശമദ്യം ഇന്ത്യയില്‍ അവതരിച്ചത്. 1837-ലാണ്് ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ അതെത്തിച്ചത്. ഇതില്‍ നിന്ന് ഇന്ത്യക്കാരെ മുക്തരാക്കാന്‍ 1882-ല്‍ കേശവ് ചന്ദ്ര സെന്നിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. എന്നാല്‍, ഇന്ത്യയില്‍ വിപുലമായ വിപണി കണ്ടെത്തിയ ബ്രിട്ടീഷുകാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലമണിഞ്ഞില്ല. പിന്നീട് മഹാത്മ ഗാന്ധി നടത്തിയ ശ്രമവും വിജയിച്ചില്ല. നാടന്‍ മദ്യത്തിന്റെയും വിദേശമദ്യത്തിന്റെയും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും മികച്ച വിപണിയായി മാറി ഇന്ത്യ.
ഇന്ത്യക്കാര്‍ മുഴുവന്‍ കുടിയരായി എന്ന് ഇതിനര്‍ഥമില്ല. വളരെ ചെറിയവിഭാഗമേ മദ്യപാനികളായുള്ളൂ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) കണക്കനുസരിച്ച് 15 വയസ്സിനുമേല്‍ പ്രായമുള്ള 15 ശതമാനം പേരെ മദ്യപിക്കുന്നവരായി രാജ്യത്തുള്ളൂ. പക്ഷേ, ഇവരില്‍ ഒരാള്‍ വര്‍ഷം 8.74 ലിറ്റര്‍ മദ്യം അകത്താക്കുന്നുവെന്നാണ് 2011-2012ലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് നല്‍കുന്ന കണക്ക്.

മദ്യത്തിന്റെ കെടുതികളില്‍ നിന്ന് ജനത്തെയും നാടിനെയും മുക്തമാക്കാന്‍ കേരളത്തിന് മുമ്പേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ശ്രമിച്ചു. എന്‍.ടി. രാമാറാവു 1958-ല്‍ ആന്ധ്ര പ്രദേശില്‍ മദ്യം നിരോധിച്ചു. പത്തുകൊല്ലമായിരുന്നു നിരോധനത്തിന്റെ ആയുസ്. 1969-ല്‍ നിരോധനം ഇല്ലാതായി. 1994 മുതല്‍ '97 വരെയും ആന്ധ്ര മദ്യനിരോധനം പരീക്ഷിച്ചു. ബന്‍സി ലാലിന്റെ ഹരിയാണ 1996 മുതല്‍ രണ്ട് വര്‍ഷം കുടിക്കാതിരുന്നു. പിന്നെ തുടങ്ങി. തമിഴ്‌നാട് 1952 മുതല്‍ 20 കൊല്ലം നിരോധനം നിലനിര്‍ത്തി. പിന്നെ പിന്‍വാങ്ങി.
17 കൊല്ലത്തെ മദ്യനിരോധനം മിസോറാം അവസാനിപ്പിച്ചത് കഴിഞ്ഞ മാസമാണ്.
മദ്യനിരോധനം നിലനില്‍ക്കുന്ന അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡും ആ വഴിക്കു ചിന്തിക്കുന്നുണ്ട്. വ്യാജമദ്യവും മദ്യ കരിഞ്ചന്തയും തഴച്ചുവളരുകയും യുവാക്കള്‍ അതൊരു തൊഴിലായി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഉദ്ദേശിച്ച ഫലമല്ല മദ്യനിരോധനം കൊണ്ടുണ്ടാകുന്നതെന്ന തിരിച്ചറിവില്‍ മിസോറാം അതവസാനിപ്പിച്ചത്. വിലക്ക് നീക്കാന്‍ നാഗാലാന്‍ഡിനെ ചിന്തിപ്പിക്കുന്ന കാര്യവും അതുതന്നെ. 1960 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ വര്‍ഷാവര്‍ഷം അനുഷ്ഠാനം പോലെയാണ് വ്യാജമദ്യദുരന്തങ്ങളുണ്ടാകുന്നത്.
ഡബ്ല്യു.എച്ച്.ഒ. അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടും ഇതിനോട് ചേര്‍ത്തുവായിക്കാം. കണ്ണുംപൂട്ടിയുള്ള മദ്യനിരോധനം നടക്കുന്ന കാര്യമല്ല എന്നാണ് ഡബ്ല്യു.എച്ച്.ഒ. പറയുന്നത്. കരിഞ്ചന്തയും വ്യാജമദ്യവും വ്യാപകമാകുമെന്ന വാദം തന്നെയാണ് അവരും ഉയര്‍ത്തുന്നത്.

http://www.mathrubhumi.com/story.php?id=481800 

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin