നിലവാര തകര്‍ച്ച: ഗാന്ധിജി പഠിച്ച സ്‌കൂള്‍ അടച്ചു പൂട്ടുന്നു
മഹാത്മാഗാന്ധി പഠിച്ച ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള സ്‌കൂള്‍ അടച്ചു പൂട്ടുന്നു. ഗുജറാത്ത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ആല്‍ഫ്രഡ് ഹൈസ്‌കൂളാണ് നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെടാന്‍ പോകുന്നത്.
ജുനഗഢ് നവാബ് 1875-ല്‍ സ്ഥാപിച്ച ഈ സ്‌കൂളിലാണ് 1880 മുതല്‍ 1887 വരെയുള്ള ഏഴ് വര്‍ഷക്കാലം ഗാന്ധിജി പഠിച്ചത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി 1971-ല്‍ ഈ സ്‌കൂളിന്റെ പേര് മോഹന്‍ദാസ് ഗാന്ധി വിദ്യാലയ എന്നാക്കി മാറ്റിയിരുന്നു. അടച്ചു പൂട്ടുന്ന സ്‌കൂള്‍ ലോകോത്തര നിലവാരമുള്ള ഒരു ഗാന്ധി സ്മാരകമാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം.
വിദ്യാഭ്യാസനിലവാരത്തിലുണ്ടായ തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതുമാണ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചതെന്ന് ഇതേക്കുറിച്ചുള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സ് വാര്‍ത്തയില്‍ പറയുന്നു.
2013-14 അധ്യായനവര്‍ഷത്തില്‍ സ്‌കൂളില്‍ നിന്നുള്ള ഒറ്റവിദ്യാര്‍ത്ഥിക്ക് പോലും പത്താം ക്ലാസ്സ് പരീക്ഷ ജയിക്കാന്‍ സാധിച്ചിരുന്നില്ല. അധ്യായന നിലവാരം മോശമായതോടെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുവാന്‍ രക്ഷകര്‍ത്താക്കളും താത്പര്യം കാണിക്കാതെയായി. ഇതോടെയാണ് സ്‌കൂള്‍ തന്നെ അടച്ചു പൂട്ടാനുള്ള തീരുമാനമുണ്ടായത്.
നിലവില്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന 150 വിദ്യാര്‍ത്ഥികളേയും സമീപത്തുള്ള കരണ്‍സിന്‍ഹ്ജി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin