Monday, 1 May 2017

ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിനെ പറ്റി തമിഴ് സിനിമ




സ്വന്തം ലേഖകന്‍ 01-05-2017 - Monday
കൊളംബോ: ശ്രീലങ്കയിൽ ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുത്താന്‍ മുൻകൈയെടുത്ത ഇന്ത്യൻ വംശജനായ വിശുദ്ധന്റെ ജീവിതത്തെ വിവരിക്കുന്ന സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയിടയിൽ പ്രസിദ്ധിയാർജ്ജിച്ച വിശുദ്ധ ജോസഫ് വാസിനെ കുറിച്ചുള്ള 'ഏഷ്യാസ് ഗ്രേറ്റസ്റ്റ് മിഷ്ണറി' സിനിമ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയാണ് പുറത്തിറക്കിയത്. സനാജയ നിർമൽ സംവിധാനം ചെയ്ത സിനിമ 2009 ലാണ് റിലീസ് ചെയ്തത്. സിനിമയുടെ തമിഴ് പതിപ്പ് ഏപ്രിൽ 25നാണ് പ്രദർശനത്തിനെത്തിച്ചത്. 

ഇത്തരം പ്രചോദനാത്മകമായ സിനിമകൾ സിംഗള ഭാഷയ്ക്ക് പുറമെ തമിഴിലും ഒരുക്കുന്നത് ശ്രീലങ്കൻ ജനതയ്ക്ക് വി.ജോസഫ് വാസിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഇടവരുത്തുമെന്ന് സിനിമയുടെ തമിഴ് പതിപ്പിന്റെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് ബിഷപ്പ് ജോസഫ് വിയാന്നി ഫെർണാഡോ പറഞ്ഞു. സിംഹള ഭാഷയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സി‌ഡിയും ഡി‌വി‌ഡിയും ഇതിനോടകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 

2017 വി.ജോസഫ് വാസിന് സമർപ്പിക്കപ്പെട്ട വർഷമായി ശ്രീലങ്കയിലെ കാത്തലിക്ക് ബിഷപ്പ്സ് കേൺഫറൻസ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സിനിമ തമിഴിലും ഒരുക്കിയിരിക്കുന്നത്. ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിന്റെ ജീവിതത്തെയും പ്രവര്‍ത്തികളെയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് കത്തോലിക്ക സഭാ നേതൃത്വം പദ്ധതി തയാറാക്കിയിരിക്കുന്നത്. 

1651-ല്‍ ഗോവയില്‍ ആണ് ജോസഫ് വാസ് ജനിച്ചത്. ഒററ്റോറിയന്‍ സഭാംഗമായ വിശുദ്ധ ജോസഫ് വാസ് 1676-ല്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. ലങ്കയിലെ തമിഴരുടെയും, സിംഗളരുടെയും ഇടയില്‍ ഒരുപോലെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരിന്നു വിശുദ്ധ ജോസഫ് വാസ്. സിംഗള ഭാഷയും, തമിഴും പഠിച്ച അദ്ദേഹം, ശത്രുക്കളായി കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളേയും തമ്മില്‍ യോജിപ്പില്‍ മുന്നോട്ടു കൊണ്ടു പോകുവാനുള്ള വലിയ ശ്രമങ്ങളാണ് നടത്തിയത്. ക്രിസ്തുവിന്റെ സ്‌നേഹത്തേയും രക്ഷയേയും കുറിച്ച് അദ്ദേഹം ലങ്കന്‍ ജനതയോട് പ്രഘോഷിച്ചു.
1505-ല്‍ തന്നെ ശ്രീലങ്കയിലേക്ക് കത്തോലിക്ക വിശ്വാസം പോര്‍ച്ചുഗീസുകാര്‍ കൊണ്ടെത്തിച്ചിരുന്നു. 1658-ല്‍ വന്ന ഡെച്ചുകാരാണ് ലങ്കയിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസം കൊണ്ടുവന്നത്. ശ്രീലങ്കയുടെ തീരപ്രദേശങ്ങളില്‍ പ്രൊട്ടസ്റ്റന്‍ഡ് ആശയങ്ങള്‍ പടര്‍ന്നു പിടിക്കുകയും, വിശ്വാസികള്‍ കത്തോലിക്ക സഭയെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത സമയത്താണ് വിശുദ്ധ ജോസഫ് വാസ് തന്റെ പ്രവര്‍ത്തനവുമായി തീരദേശ ഗ്രാമങ്ങളിലേക്ക് എത്തിയത്. 

വൈദികരില്ലാതെ മുന്നോട്ടു നീങ്ങിയ കത്തോലിക്ക വിശ്വാസികള്‍ക്ക് വലിയ ആശ്വാസവുമായിട്ടാണ് ഭാരതത്തില്‍ നിന്നും വിശുദ്ധ ജോസഫ് വാസ് ലങ്കയിലേക്ക് എത്തിയത്. തന്റെ മിഷ്‌ണറി പ്രവര്‍ത്തനം ഒറ്റയ്ക്കാണു വിശുദ്ധ ജോസഫ് വാസ് ആരംഭിച്ചത്. ബുദ്ധമത വിശ്വാസിയായ ലങ്കന്‍ രാജാവ് കാന്‍ഡിയുമായുള്ള സൗഹൃദം, തന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുവാന്‍ വിശുദ്ധനു സഹായമായി തീര്‍ന്നു. 

പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ വെറും എട്ടു മിഷനുകളിലേക്ക് മാത്രം സേവനം എത്തിച്ചിരുന്ന വിശുദ്ധ ജോസഫ് വാസ്, കാന്‍ഡി രാജാവിന്റെ സഹായത്തോടെ മിഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തി. ശ്രീലങ്കയുടെ അപ്പസ്‌തോലന്‍ ആയി അറിയപ്പെട്ട ജോസഫ് വാസ് 1711-ൽ ആണ് അന്തരിച്ചത്. 1995-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
http://pravachakasabdam.com/index.php/site/news/4798

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin