Tuesday, 22 November 2016





ഗർഭച്ഛിദ്രം: കത്തോലിക്കാ വൈദികർക്ക് പാപമോചനം നൽകാൻ സ്ഥിരാനുമതി


വത്തിക്കാൻ സിറ്റി∙ ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകൾക്കു പാപമോചനം നൽകാൻ സഭയിലെ എല്ലാ വൈദികർക്കും കഴിഞ്ഞ വർഷം നൽകിയ താൽക്കാലിക അനുമതി സ്ഥിരപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ കൽപന പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം ഡിസംബർ എട്ടുമുതൽ ഈ മാസം 20 വരെ കത്തോലിക്കാ സഭയിൽ ‘കരുണയുടെ വിശുദ്ധ വർഷം’ ആചരിച്ചിരുന്നു. വിശുദ്ധ വർഷം പ്രമാണിച്ചായിരുന്നു താൽക്കാലിക അനുമതി നൽകിയത്.
കരുണയും അലിവുമാണ് സഭയുടെ മുഖമുദ്രയാകേണ്ടതെന്ന നിലപാടിനു കൂടുതൽ ശക്തി പകർന്നുകൊണ്ടാണ് ഇന്നലെ പാപമോചനാധികാരം വൈദികർക്കു സ്ഥിരപ്പെടുത്തി നൽകിയത്. മുൻപ് ഇതിനുള്ള അധികാരം ബിഷപ്പുമാർക്കും പ്രത്യേകം അധികാരപ്പെടുത്തിയവർക്കും മാത്രമായിരുന്നു. ഈ അധികാരം യുഎസിലും ബ്രിട്ടനിലും ബിഷപ്പുമാർ ഇടവക വികാരിമാർക്കു കൈമാറിയിരുന്നെങ്കിലും മറ്റു രാജ്യങ്ങളിൽ പഴയ രീതി തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം നൽകിയ അപ്പസ്തോലിക സന്ദേശത്തിലായിരുന്നു പുതിയ പ്രഖ്യാപനം.
കളങ്കമില്ലാത്ത ഒരു ജീവനെ അവസാനിപ്പിക്കുന്ന ഗർഭച്ഛിദ്രം കടുത്ത പാപമാണെന്നു പാപ്പ ആവർത്തിച്ചു. എന്നാൽ ദൈവിക പുനരൈക്യം ആഗ്രഹിച്ച് അനുതപിക്കുന്ന ഒരു ഹൃദയമുണ്ടായാൽ ദൈവത്തിന്റെ കാരുണ്യത്തിന് ഏതു പാപവും തുടച്ചുനീക്കാനാവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കരുണയുടെ വർഷം അവസാനിക്കുന്നതുകൊണ്ട് കരുണ അവസാനിക്കുന്നില്ലെന്നും അനുതപിക്കുന്നവർക്കു പുരോഹിതന്മാർ ആശ്വാസവും തുണയും തുടർന്നുനൽകണമെന്നും പാപ്പ അഭ്യർഥിച്ചു. വർഷാചരണത്തിന്റെ തുടക്കത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തുറന്ന ‘കരുണയുടെ വിശുദ്ധ വാതിൽ’ അതിന്റെ സമാപ്തി കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മാർപാപ്പ അടച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
http://www.manoramaonline.com/news/world/06-pope-gives-priests-power-to-forgive-abortion.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin