റദ്ദാക്കപ്പെട്ട കറൻസി മാറ്റി വാങ്ങാൻ രാജ്യമെങ്ങും ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇന്നലെ നീണ്ട ക്യൂ ആയിരുന്നു. രാത്രിയിലേക്കു നീണ്ട ക്യൂകൾ പലേടത്തും ബാങ്കുകളിലെ ജീവനക്കാരെ വലച്ചു. റദ്ദാക്കപ്പെട്ടവ മാറ്റാനും അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും രാവിലെ തന്നെ ജനങ്ങൾ കാത്തുനിന്നു. പുതിയ 2000 രൂപ നോട്ടുകൾ വാങ്ങി കൗതുകത്തോടെ വിലയിരുത്തുകയും ചെയ്തു. ഇന്നും നാളെയും ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കും. വൈകുന്നേരം കൂടുതൽ സമയം പ്രവർത്തിക്കും എന്നു ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. നാളെ രണ്ടാം ശനി പ്രമാണിച്ചും പിറ്റേന്ന് ഞായർ പ്രമാണിച്ചുമുള്ള അവധി ബാങ്കുകൾ എടുക്കുന്നില്ല. തിങ്കളാഴ്ച അവധിദിവസമാണ്. അന്നു പ്രവർത്തിക്കുമോ എന്നു വ്യക്‌തമാക്കിയിട്ടില്ല.
എടിഎമ്മുകളിൽ ചെറിയ നോട്ടുകൾ രണ്ടുദിവസം പ്രവർത്തനം നിർത്തിവച്ച എടിഎമ്മുകൾ ഇന്നു പ്രവർത്തനസജ്‌ജമാകും. ഈ ദിവസങ്ങളിൽ ചെറിയ നോട്ടുകളേ എടിഎമ്മുകളിൽനിന്നു ലഭിക്കൂ. 50 രൂപ, 100 രൂപ നോട്ടുകൾ മാത്രം. ഒരുദിവസം 2000 രൂപ വരെയേ ഈ ദിവസങ്ങളിൽ എടിഎം വഴി പിൻവലിക്കാനാകൂ. കുറേ ദിവസത്തിനുശേഷം അതു 4000 രൂപയായി ഉയർത്തും. പിന്നീട് സാധാരണ നിലയിലാകും. പുതിയ 2000 രൂപ നോട്ടുകൾ ജനങ്ങൾക്കു കൗതുകമായി. പഴയ 1000 രൂപയേക്കാൾ ചെറുതായത് എന്തുകൊണ്ടാണെന്നു ചോദ്യങ്ങളും ഉയർന്നു. മജന്ത നിറത്തിലുള്ള കറൻസിയുടെ ഒരുവശത്തു മഹാത്മാഗാന്ധിയും മറുവശത്തു മംഗൾയാനുമാണ്. പുതിയ 500 രൂപ നോട്ട് ഇന്നലെ വിതരണം ചെയ്യപ്പെട്ടില്ല. ബാങ്കുകളിലെ വലിയ തിരക്ക് ഇന്ന് എടിഎമ്മുകൾ പ്രവർത്തിക്കുന്നതോടെ കുറയും എന്നാണു പ്രതീക്ഷ.
ചെറിയ തുകകൾ അടയ്ക്കുന്നവരെ അന്വേഷിക്കില്ല റദ്ദാക്കപ്പെട്ട കറൻസികൾ മാറ്റാനായി ബാങ്കുകളിൽ നിക്ഷേപിക്കുന്ന ചെറുകിടക്കാർ ഭയപ്പെടേണ്ടെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ചെറിയ തുകകൾ അടയ്ക്കുന്നവരെ ആദായനികുതിവകുപ്പ് വേട്ടയാടില്ല. രണ്ടു ലക്ഷത്തിൽ താഴെ തുക അടയ്ക്കുന്നവർക്ക് ആശങ്ക വേണ്ടെന്നാണു ധനമന്ത്രാലയ ഉദ്യോഗസ്‌ഥർ പറഞ്ഞത്.
20,000 രൂപ പരിധി എടിഎം ഇടപാട് അടക്കം ഒരു അക്കൗണ്ടിൽനിന്ന് ഒരാഴ്ച 20,000 രൂപ പിൻവലിക്കാനുള്ള പരിധി എല്ലായിനം ഇടപാടുകളും ചേർത്താണ്. എടിഎം വഴിയും കടകളിൽ സ്വൈപ് ചെയ്തും ബാങ്കിൽ സ്ലിപ് നല്കിയും ഒക്കെ പിൻവലിക്കാവുന്നതിന്റെ മൊത്തം തുകയാണ് 20,000 രൂപ എന്നു റിസർവ് ബാങ്ക് വിജ്‌ഞാപനത്തിൽ പറയുന്നു. ചെക്കും ഡിഡിയും ഇലക്ട്രോണിക് ട്രാൻസ്ഫറും വഴിയുള്ളവ ഇതിൽപെടില്ല. പ്രതിദിനം 2000 രൂപ പരിധി എടിഎമ്മിനും കടകളിലെ സ്വൈപ്പിംഗിനും ബാധകമാണ്. ബാങ്കിൽ സ്ലിപ് വഴി 10,000 രൂപ വരെ പിൻവലിക്കാം. കാഷ് ഡെപ്പോസിസ്റ്റ് മെഷീനിൽ കാർഡ് ഉടമയുടെ അക്കൗണ്ടിലേക്കു മാത്രമേ റദ്ദാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കാവൂ. ഇതിനു തക്കവിധം സിഡിഎമ്മുകൾ ക്രമീകരിക്കണം. കാഷ് റീസൈക്ളർ റദ്ദാക്കപ്പെട്ട നോട്ടുകൾ പുറത്തോട്ടു കൊടുക്കാത്ത വിധം ക്രമീകരിക്കണം. ഈ നിയന്ത്രണങ്ങൾ അടുത്ത ആഴ്ച പുനർനിർണയിക്കും. ഡിസംബറോടെ മിക്ക നിയന്ത്രണങ്ങളും മാറ്റുമെന്നാണു സൂചന.
ശനിയും ഞായറും എല്ലാം സജ്‌ജം ഈ ശനിയും ഞായറും രാജ്യത്തെ ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് ഗവൺമെന്റ് അറിയിച്ചു. ചെക്ക് ക്ലിയറിംഗ് സംവിധാനങ്ങളും പ്രവർത്തിക്കും. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) എന്നിവയും അനുബന്ധ സംവിധാനങ്ങളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതായി റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin