Friday, 18 November 2016

മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് സ്വയം വിലയിരുത്തുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 17-11-2016 - Thursday
വത്തിക്കാന്‍: പാപികളേയും, വഴിതെറ്റുന്നവരെയും ഉപദേശിക്കുന്നതു നല്ലകാര്യമാണെങ്കിലും, നാം അവരെക്കാളും ശ്രേഷ്ഠരാണ് എന്ന ചിന്ത നമ്മുക്ക് ഉണ്ടാകരുതെന്ന് ഫ്രാന്‍സിസ് പാപ്പ. കരുണയുടെ ജൂബിലി വര്‍ഷത്തിലെ അവസാനത്തെ പൊതുപ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ബുധനാഴ്ച തോറും പാപ്പ നടത്താറുള്ള പ്രസംഗം കേള്‍ക്കുവാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് എത്തിച്ചേര്‍ന്നത്. മറ്റുള്ളവരെ വിധിക്കുവാന്‍ നമ്മള്‍ക്ക് അര്‍ഹതയില്ലെന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിന്നു പാപ്പ തന്റെ പ്രസംഗം നടത്തിയത്. 

സ്വന്തം കണ്ണില്‍ തടികഷ്ണം കിടക്കുമ്പോള്‍, സഹോദരന്റെ കണ്ണിലെ കരടിനെ കുറിച്ച് സംസാരിക്കുന്നതിനെ പറ്റി ലൂക്കായുടെ സുവിശേഷത്തില്‍ വ്യക്തമാക്കുന്നുണ്ട്. വചനത്തിന് സമാനമായി നമ്മില്‍ പലരും ഇതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാപ്പ പറഞ്ഞു. നമ്മള്‍ ആരും വ്യക്തിപരമായ വിലയിരുത്തല്‍ നടത്താതെയാണ് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. 

"ക്രിസ്തുവാണ് എല്ലാ വിഷയങ്ങളിലും നമ്മുക്ക് മാതൃക. നാം പലപ്പോഴും മറ്റുള്ളവരെ വിധിക്കുന്നവരും, അവരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം നമ്മുടെ ജീവിതത്തില്‍ ഇത്തരം ഒരു പ്രശ്‌നങ്ങളുമില്ലെന്ന് പറയുന്നവരുമാണ്. പ്രശ്‌നങ്ങള്‍ നേരിടുന്നവരെ അധികാരത്തോടെ ഭരിക്കുവാന്‍ നാം പലപ്പോഴും ശ്രമിക്കാറുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണെന്ന് ക്രിസ്തു പറയുന്നു". പാപ്പ വിശദീകരിച്ചു. നാം ഇടപഴകുന്നവരോട് സഹിഷ്ണതാപൂര്‍വ്വം പെരുമാറണമെന്ന്‍ പറഞ്ഞ പാപ്പ, മറ്റുള്ളവരുടെ ജീവിതാവസ്ഥകളിലേക്ക് ഇറങ്ങിചെന്നു നാം ചിന്തിക്കണമെന്നും പറഞ്ഞു. 

പുറപ്പാട് പുസ്തകത്തില്‍ ജനം കര്‍ത്താവിനെതിരെ പലപ്പോഴും പിറുപിറുത്തപ്പോഴും മറിച്ചു സംസാരിച്ചപ്പോഴും കാരുണ്യവാനായ പിതാവ് അതിനെ ക്ഷമയോടെ സഹിച്ചു. തന്റെ മക്കള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ ഇടതും വലതും സ്ഥാനം നല്‍കണമെന്ന് യോഹന്നാന്റെ അമ്മ അപേക്ഷിക്കുമ്പോഴും ക്രിസ്തു ഇതേ ക്ഷമ കാണിക്കുന്നുണ്ട്. ഇതേ ക്ഷമ ജീവിതത്തില്‍ കാണിക്കുന്നവരുമുണ്ടെന്നും പാപ്പ ചൂണ്ടികാണിച്ചു. 

"വേദപാഠ ക്ലാസുകളില്‍ സുവിശേഷത്തിലെ അത്ഭുതങ്ങളെ കുറിച്ച് പറയുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ കളികളില്‍ മുഴുകും. അവരോട് ദേഷ്യം കാണിക്കാതെ വാത്സല്യത്തോടും ക്ഷമയോടും കരുതുന്ന എത്രയോ അധ്യാപകരെ നമുക്ക് ദേവാലയങ്ങളില്‍ തന്നെ കാണുവാന്‍ സാധിക്കും. എത്ര മാതൃകപരമാണ് അവരുടെ പ്രവര്‍ത്തി". പിതാവ് പറഞ്ഞു. 

മറ്റൊരാളെ ഉപദേശിക്കുന്നതും അയാളുടെ തെറ്റുകള്‍ കണ്ടെത്തുവാന്‍ സഹായിക്കുന്നതും വലിയ കാരുണ്യ പ്രവര്‍ത്തിയാണെന്നും പാപ്പ പറഞ്ഞു. കുട്ടികളുടെ സംരക്ഷണവും, അവരുടെ വിദ്യാഭ്യാസവും മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും, അവര്‍ ആരാലും ചൂഷണത്തിന് വിധേയരാകുവാന്‍ സമ്മതിക്കരുതെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരമര്‍ശിച്ചു. ഈ മാസം 20-നാണ് ആഗോള ശിശുദിനം ആചരിക്കുന്നത്.
http://pravachakasabdam.com/index.php/site/news/3250

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin