Sunday, 16 August 2015

ലൈംഗികതയും പൗരോഹിത്യവും - ഒരാസ്വാദനം

http://almayasabdam.blogspot.co.uk/

Yohannan Kalathil in Face Book
('ലൈംഗികതയും പൗരോഹിത്യവും' എന്ന ചാക്കോ കളരിക്കലിൻറെ പുസ്തകത്തിന് പ്രസിദ്ധ എഴുത്തുകാരിയും ആലുവ സെൻറ് സേവ്യേഴ്സ് വിമൻസ് കോളജിൽ അദ്ധ്യാപികയുമായിരുന്ന ഡോ . ഷീല എൻ. പി. എഴുതിയ ആസ്വാദനകുറിപ്പ്.)


ലൈംഗികതയും പൗരോഹിത്യവും
സഭ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ആദിമ ക്രിസ്ത്യാനികളുടെ ഭക്തിതീക്ഷണതയിലേയ്ക്കും ആത്മീയതയിലേയ്ക്കുമുള്ള ഒരു മടങ്ങിവരവ് (പോക്കല്ല) അനിവാര്യമാണെന്നും ചിന്താശക്തി കൈമോശം വന്നിട്ടില്ലാത്ത മനുഷ്യരെ ഉദ്ബോധിപ്പിക്കാൻ ആമരണം പ്രതിജ്ഞാബദ്ധനാണ് ചാക്കോ കളരിക്കൽ. തൻറെയീ ജീവിത സാഫല്ല്യത്തിൻറെ സാക്ഷാത്ക്കാരത്തിനായി തൻറെ ആയുസ്സും വപുസ്സും അദ്ദേഹം ഉഴിഞ്ഞുവച്ചിരിക്കയാണ്. അദ്ദേഹത്തിൻറെ സകല പ്രവർത്തനങ്ങളും ഈയൊരുലക്ഷ്യം ലാക്കാക്കിയുള്ളതാണെന്നുള്ളതിനു സാക്ഷ്യം വഹിക്കുന്നവയാണ് തൻറെ കൃതികൾ എല്ലാം തന്നെ.
ശീർഷകം സൂചിപ്പിക്കുന്നപോലെ പ്രകൃതകൃതി സഭയിൽ ഇടക്കാലത്ത് ചില തല്പരകക്ഷികൾ ഏകപക്ഷീയമായി ഏർപ്പെടുത്തിയ ആത്മഹത്യാപരമായ ഒരു കർക്കശനിയമത്തെക്കുറിച്ചും അതിപ്പോൾ സഭാമാതാവിൻറെ മുഖത്തേല്പിച്ച തീരാകളങ്കം ദൂരീകരിക്കെണ്ടതിൻറെ അനിവാര്യതയെക്കുറിച്ചുമാണ് (p. 9). അതിന് ഗ്രന്ഥകാരൻ ഉചിതമായ പരിഹാരനിർദ്ദേശം നല്കുന്നുണ്ടന്നുള്ളതാണ് എടുത്തുപറയേണ്ട വസ്തുത. അധികം പേരും പ്രശ്നങ്ങളിലേക്കു വിരൽ ചൂണ്ടുകയല്ലാതെ പ്രതിവിധിനിർദ്ധേശിക്കുക വിരളം. ചാക്കോ കളരിക്കൽ സംഭവങ്ങൾ നിരത്തി കുറ്റകൃത്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തി കാര്യകാരണസഹിതം 'ഇന്നലെ' ചെയ്തുപോയ അബദ്ധം 'ഇന്നു' പരിഹരിച്ചേ മതിയാവൂ എന്ന് അധികാരസമക്ഷം അക്ഷോഭ്യനായി നിവർന്നു നിന്നുകൊണ്ട് ആവശ്യപ്പെടുകയാണ്. പുസ്തകത്തിലൂടെ അവധാനതയോടെ സഞ്ചരിക്കുന്ന വായനക്കാരനു ബോധ്യമാകുന്നത് ഗ്രന്ഥകാരൻറെ ഔദ്ധത്യപൂർവ്വമായ വികാരവിക്ഷോഭ പ്രകടനമല്ല, പ്രത്യുത, അടിയുറച്ച വിചാരങ്ങളുടെ പതിഞ്ഞാട്ടമാണ്. തൻറെ അവനാഴിയിൽ നിരീക്ഷണ പരീക്ഷണങ്ങളുടെയും തീവ്രാനുഭവങ്ങളുടെയും ലക്ഷ്യവേധിയായ ശരങ്ങൾ വേണ്ടത്രയുണ്ട്. ആധ്യാത്മികതയുടെ ഞെരുക്കമുള്ള പാതയിൽ മുന്നോട്ടുള്ള ഗതിക്കു വിഘ്നമുണ്ടാകുന്ന ചിലന്തിവലകൾ ചീന്തിക്കളഞ്ഞ് വഴി സുഗമമാക്കാൻ മുനകൂർത്ത തൂലികതന്നെ വേണമെന്നുള്ള അവബോധമാണ് ഈ ഗ്രന്ഥത്തിൻറെ പ്രേരണാസ്രോതസ് എന്നു ഞാൻ അനുമാനിക്കുന്നു.
തെറ്റുകൾ മർത്യനു ജന്മസിദ്ധം. അതു തിരുത്തുക അവൻറെ വിവേകിത. ചെയ്യുന്ന അബദ്ധങ്ങളിൽനിന്നു പിൻവാങ്ങി സുബദ്ധങ്ങളിലേക്കു തിരിയാൻ വിവേകമാകുന്ന ടോർച്ച് തലയിൽ സൂക്ഷമതയോടെ ഫിറ്റുചെയ്തിട്ടാണ് തമ്പുരാൽ നമ്മെ 'മടങ്ങിവാ പൊൻപക്ഷി' എന്ന ആശംസയോടെ ഈ ദുരിതവാരിധി മദ്ധ്യത്തിലേക്കു പറത്തിവിടുന്നത്. വാസ്തവത്തിൽ ഇതു പറുദീസയാണ്. ദുരിതക്കടൽ, പമ്പരവിഡ്ഡികളുടെ, പടുബുദ്ധിയുടെ നിർമിതിയാണ്. അതു പോകട്ടെ.
നമ്മുടെ വിഷയം പൗരോഹിത്യപദവിക്ക് ബ്രഹ്മചര്യപാലനം നിർബ്ബന്ധമാക്കുന്ന നിലവിലുള്ള നിയമവും അതുണ്ടാക്കിയ, ഉണ്ടാക്കുന്ന, ഉണ്ടാക്കിയേക്കാവുന്ന പൊല്ലാപ്പുകളെക്കുറിച്ചുമാണ്. ഈ നിയമം പ്രത്യക്ഷമായും പരോക്ഷമായും ലംഘിക്കുന്ന അശക്തരും മൗനത്തിൻറെ വാല്മീകത്തിൽ കഴിയുന്ന അപമാനിതരും സമൂഹത്തിൻറെ വിമർശനശരങ്ങൾകൊണ്ടു മുറിപ്പെട്ട അസംഖ്യംപേരുടെ നിശ്ശബ്ദരോദനവും കാതിൽ വന്നലച്ചലിൻറെ പ്രതികരണമാണ് ചാക്കോ കളരിക്കലിൻറെ 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന ഉദ്ബോധനം ഗുംഫനം ചെയ്തിട്ടുള്ള ലൈംഗികതയും പൗരോഹിത്യവുമെന്ന ശ്രദ്ധേയമായ കൃതി.
വൈദികവൃത്തിക്ക്, ക്രിസ്തുവിൻറെ മുന്തിരിത്തോട്ടത്തിൽ, 'അവൻ വേല ചെയ്വാൻ' വിളിക്കപ്പെട്ടവർക്ക് നീതിയുക്തവും അർഹവും പ്രകൃതിദത്തവുമായ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതിലെ അയുക്തിയെ ആണ് യുക്തിയുടെയും ബൈബിൾ വാക്യങ്ങളുടെയും വെളിച്ചത്തിൽ ചാക്കോ കളരിക്കൽ ചോദ്യം ചെയ്തു ഖണ്ഡിക്കുന്നത്. ഉത്തരം മുട്ടിക്കുന്ന അനേകം ചോദ്യങ്ങൾ അധികാരികളോട് അദ്ദേഹം ചോദിക്കുന്നുണ്ട്. ഉറങ്ങുന്നവരെ ഉണർത്താം; ഉറക്കം നടിക്കുന്നവരെ ഉണർത്തുക അശക്യം തന്നെ.
ഇതെഴുതുമ്പോൾ Joseph McCafe-യുടെ A History of the Pope എന്ന കൃതിയും എൻറെ മനസ്സിലുണ്ട്. AD 450-1050-വരെയുള്ള മാർപാപ്പമാരുടെ 'വീരേതിഹാസം' സഭാചരിത്രത്തിലെ 'ഇരുളടഞ്ഞ ഏടുകൾ' എന്ന വിശേഷണം അർഹിക്കുന്നു. (ജിജ്ഞാസാകുതുകികൾ വായിക്കുക- Brookdale Press, Auckland).
നമ്മൾ സഭയുടെ അത്യുന്നത തലവൻറെ അപ്രമാദിത്വം കൊട്ടിഘോഷിക്കുകയും പിന്നീടത് അപ്രമാണീകരിക്കുകയും ചെയ്ത ..... ശിരോമാണികളാനല്ലോ. (ബ്ലാങ്ക് അവിടെ പൂരിപ്പിക്കാതെ സാധാരണ നാം ഉപയോഗിക്കുന്ന പദം വിട്ടുകളഞ്ഞത് ഉചിതപദം വ്യുൽപത്തിപടുക്കൾ കണ്ടുപിടിച്ചുകൊള്ളട്ടെയെന്നു കരുതിയാണ്). അതുപോലെ 'മർക്കടസ്യ സുരാപാനം' എന്ന രീതിയിൽ മത്താവസ്ഥയിൽ അഥവാ പ്രമത്താവസ്ഥയിൽ പടച്ചിറക്കി സാധുക്കളെ ഹലാക്കിലാക്കി വലയ്ക്കുന്ന നിയമങ്ങൾ സ്വീകാര്യമല്ലെന്നു മാത്രമല്ല, മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ തിരസ്ക്കരിക്കുക തന്നെ കരണീയം എന്ന ഉത്ബോധനത്തോടെ മനുഷജീവിതം കറുത്തതും വെളുത്തതുമായ നൂലുകൊണ്ടു നെയ്ത വസ്ത്രമാണെന്ന സത്യം മുൻനിർത്തി ചാക്കോ കളരിക്കൽ നിരത്തുന്ന വാദമുഖങ്ങൾ സയുക്തികവും വേദപുസ്തക ഭാഗങ്ങളുമാണ്. ആദിമ ക്രിസ്ത്യാനികളിലെ മൂപ്പന്മാർ കുടുംബസ്ഥരും ലളിതജീവിതവും സമഭാവനയും അടിയുറച്ച ദൈവവിശ്വാസവുമുള്ള നലം തിരിഞ്ഞ എന്നാൽ പരിമിതികൾ ഏറെയുണ്ടായിരുന്ന സാധാരണക്കാർ ആയിരുന്നു. അവർക്ക് സ്വന്തമായി ഒന്നുമില്ല. എല്ലാം കൂട്ടുത്തരവാദിത്വ വ്യവസ്ഥയിൽ അച്ഛസ്ഫടികം!
ഇപ്പോഴും പുരോഹിതവൃത്തിയിൽ അപൂർണ്ണരായ ധാരാളം പേരുണ്ടല്ലോ. തങ്ങൾ പൌരോഹിത്യപദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചെയ്യുന്ന വാഗ്ദാനം ശരിവരെ നിറവേറ്റാൻ കഴിയാത്ത - അഥവാ അതിനായി യഗ്നിച്ചു പരാജയപ്പെടുന്നവർ - ഏറെയുണ്ടല്ലോ; തൽപരിഹാരാർത്ഥം ഉചിതമായ പോംവഴി നിർദ്ദേശിക്കുകയാണ് ചാക്കോ കളരിക്കൽ തൻറെ പുസ്തകംകൊണ്ടു ലക്ഷ്യമാക്കുന്നത്. സഭ പരാജയപ്പെടുന്നതും അപമാനിതയാകുന്നതും ലേഖകാന് വേദനാജനകമാണ്.
പക്കിയെകൊണ്ടു കല്ലെടുപ്പിക്കുക ക്രൂരതയാണല്ലോ. പറക്ക മുറ്റാത്ത പ്രായത്തിൽ കേവലമൊരു ഓമനകൌതുകത്താൽ പ്രേരിതരായി കൗമാരപ്രായക്കാരായ കുമാരീ കുമാരന്മാർ കോണ്വെൻറ്റിലും സെമിനാരിയിലും ചേരും , മാതാപിതാക്കളുടെ ഉദ്ദണ്ഡവും കാണുമെന്നുവച്ചോ. നാം വിഭാവനം ചെയ്യുന്ന 'ദൈവവിളി' ഒന്നും ഉണ്ടായിട്ടല്ല. 'ഞാനും മുതലയമ്മാച്ചനും' എന്ന ചിന്ത മാത്രം. നിത്യവ്രതവാഗ്ദാനവും യഥാസമയം ആഘോഷമായിത്തന്നെ കഴിയും. പിന്നീട് ജലാശയത്തിലേയ്ക്കു തോണി തുഴയുമ്പോളാണ് വള്ളം ഉരുണ്ടതാണന്നു ബോധ്യമാകുന്നത്. പിന്നെയെന്ത്? കരകാണാക്കയത്തിൽ തോണിമുങ്ങിയാൽ ശേഷം ചിന്ത്യം. ചിലരെയൊക്കെ രക്ഷിക്കാൻ രക്ഷകരെത്തും. മറ്റുചിലർ മുങ്ങിത്താഴും. പിന്നെ പറഞ്ഞുട്ടു കാര്യമുണ്ടോ?
ചിലർ എതിർ ന്യായമുന്നയിച്ചു കേൾക്കാറുണ്ട്. ആലോചിച്ചു തീരുമാനിക്കാൻ വർഷങ്ങളോളം സമയമുണ്ടായിരുന്നു. സി. ജെ. തോമസ് ചെയ്തത് കക്ഷി വീട്ടിൽ വന്ന് ളോഹയൂരി അമ്മയ്ക്കു കൊടുത്തിട്ട് 'ചട്ടതയ്പിച്ച് ഇട്ടോളാൻ' സാങ്ഷൻ നല്കി. എല്ലാവർക്കും അത്ര മനക്കട്ടിയും ചർമ്മബലവും ഉണ്ടാവുക അപൂർവ്വം! കാരണം, ലോകലജ്ജ (രാഷ്ട്രഭാഷ - ലോകലജ്) എന്നൊന്നുണ്ടല്ലോ. സമൂഹം തൊടുത്തുവിടുന്ന അതിനിശിതമായ വിമർശനശരങ്ങൾ പോരാത്തതിന് മതിൽ ചാടിയതിന് അവർ നൽകുന്ന കപോല കല്പിതങ്ങളായ നട്ടാൽ കുരുക്കാത്ത നുണ പ്രചരണം , ഒപ്പം പുച്ഛത്തോടെയുള്ള ദൃഷ്ടിപാതം-ഇവയെ അതിജീവിക്കാൻ ആർക്കുണ്ടു കെല്പ്, ഈ പാരിടത്തിൽ? പക്ഷേ, വിവരക്കേടിനു ശിക്ഷ അനുഭവിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ല എന്ന മട്ടിൽ തറ്റേടത്തോടെ തല ഉയർത്തി, നട്ടെല്ലു വളയാതെ നടക്കുന്നവരെ സ്നേഹകാരുണ്യങ്ങളോടെ സ്വീകരിക്കയാണു ക്രൈസ്തവധർമ്മം. 'ക്രിസ്ത്യാനി' എന്ന പദത്തിൻറെ അർത്ഥമറിയാതെ കുരുശുവരപോലും ഭംഗിയായി ചെയ്യാനറിയാതെ കുരുശുവരക്കാനും കൂട്ടാക്കാത്ത ഒരുപറ്റം കുബേരന്മാരും പ്രമാണികളും ചില നേതൃത്വവും ഒക്കെക്കൂടി സഭയുടെ അന്തസ്സിനു കോട്ടം വരുത്തുകയാണന്ന പരമാർത്ഥം പകൽപോലെ വ്യക്തം! കാക്കള്ളൻറെ മുമ്പിലായി കള്ളനെ പിടിക്കാനോടുന്ന മുഴുക്കള്ളന്മാരുടെ കാലം! ബുദ്ധിയുപയോഗിച്ചാൽ വനരോദനമായി കലാശിക്കുന്ന കലികാലം!
ഏതായാലും കാലത്തിൻറെ കോലം ഏതുവിധേനയായാലും ചാക്കോ കളരിക്കൽ തൻറെ ദൗത്യം തുടർന്നുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധനാകയാൽ അദ്ദേഹത്തിൻറെ വാക്കുകൾ ശ്രവിക്കുക: "ലൈംഗികതയിൽ നിന്നു പുരോഹിതരെ മാറ്റിനിർത്തിയാൽ അവർ കൂടുതൽ പരിപൂർണ്ണരാകുമെന്നു പഠിപ്പിക്കുന്നത് ഒരുതരം മനിക്കീയിസം (Manicheism ) ആണ്. വികൃതസിദ്ധാന്തമായ ജ്ഞാനവാദത്തിൻറെ (Gnosticism) ഏറ്റവും വികൃതസന്തതിയാണല്ലോ മനിക്കീയിസം. ഇത്തരം പഠിപ്പിക്കൽ മനുഷാവതാരമെന്ന വിശ്വാസപ്രമാണത്തിനെതിരാണ്." (പു. 9) തുടർന്നുള്ള ഭാഗങ്ങൾ വായിച്ചു മനസ്സിലാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പുറം 14-15. അതിൽ ഗ്രന്ഥകർത്താവ് എല്ലാം സംഗ്രഹിച്ചിരിക്കുന്നു.
ഈ പുസ്തകത്തിൻറെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി പറയാൻ കൊള്ളാവുന്ന ഒരു സംഭവമാണ് പരവൂരിൽ ഈയിടെ നടന്നത്. കടലേഴും കടന്ന് വാർത്ത അമേരിക്കയിലും എത്തി. സഭയുടെ കരിനിയമത്തിൻറെ പേരിൽ അങ്ങേയറ്റം അപമാനിതനായി ക്രൂശിക്കപ്പെടുകയും ഒളുവിൽ കഴിയുകയും ചെയ്യുന്നു, ഒരു വൈദികൻ! കോടതിപോലും അദ്ദേഹത്തെ തിരസ്ക്കരിക്കുന്നു....പെണ്കുട്ടിയെ പീഡിപ്പിച്ച വൈദികനെതിരെ ലുകൗട്ട് നോട്ടീസ്! ലൂർദ്ദുമാതാ കത്തോലിക്കാ പള്ളി വികാരി എഡ്വിനാണു പ്രതി. പലകുറി പെണ്കുട്ടി അച്ചൻറെ മേടയിൽ തനിയെ ചെന്നിട്ടുണ്ട്. ഒടുവിൽ സംഭവം പുറത്തായപ്പോൾ, പീഡനമായി കേസായി. വൈദികന് ഒളിച്ചോടേണ്ടിവന്നു. ഇത്രനാളും കോടതിയും പോലീസും ശ്രമിച്ചിട്ടും ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതേയുള്ളു. ഇപ്പോൾ ഈയൊരു വൈദികനെ പിടികൂടി ശിക്ഷിച്ച് അപമാനിച്ചാൽ എല്ലാം ശുഭം! കരിനിയമം റെദ്ദാക്കാൻ ബന്ധപ്പെട്ടവർ മുറവിളിയല്ലേ കൂട്ടണ്ടത്?
പുരോഹിത ലൈംഗിക അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. എന്നിട്ടും സഭാധികാരികൾ അനങ്ങാപ്പാറനയം കൈക്കൊള്ളുന്നതാണ് ഖേദകരം. എന്നല്ല, ഭയങ്കര ക്രൂരത എന്നു മിതമായി പറയാം. ഇത്തരം സന്ദർഭങ്ങളിലാണ് 'ഇന്നു ഭാഷയിതപൂർണ്ണം' എന്നു കവിയെപ്പോലെ നാമും നിസ്സഹായരാകുന്നത്! സഭയുടെ മുഖത്തേൽകുന്ന കളങ്കം, അതിനു കാരണമുണ്ടാക്കുന്നവർക്കു മായ്ക്കാൻ മനസ്സില്ലെങ്കിൽ സഭാമക്കൾ പ്രതികരിക്കാത്തതിലാണ് എനിക്കത്ഭുതം! ജീവൻറെ അടിസ്ഥാനശിലയായ ലൈംഗികത മനസാ വാചാ കർമ്മണാ ഹേയമെന്നുള്ള കാഴ്ചപ്പാട് വച്ചുപുലർത്തുകയും, ഒരു ഉണ്ണിയുറുംബിനുപോലും അതിനു സ്വാതന്ത്ര്യമുള്ള ഈ ഭൂമിയിൽ മജ്ജയും മാംസവും, വികാരവും ആരോഗ്യവുമുള്ള സ്ത്രീപുരുഷന്മാർക്കു നിഷേധിക്കുകയെന്നു വച്ചാൽ അവരെ ഭൂമിയിൽ വച്ചുപൊറുപ്പിക്കാതെ അന്യഗ്രഹങ്ങളിലേക്കു നാടുകടത്തുകയാണു അവർക്കുള്ള മിനിമം ശിക്ഷ.
എല്ലാ വൈദികരെയും പിടിച്ചു പെണ്ണുകെട്ടിക്കണമെന്നു പറയാനുള്ള അവിവേകമോ ബുദ്ധിശൂന്യതയോ ഇതെഴുതുന്ന ആളിനില്ല. ശ്രീ ചാക്കോ കളരിക്കലിനുമില്ല. സെക്സു സബ്ലിമേറ്റു ചെയ്യുക - ഉദാത്തവൽക്കരിക്കുക - (sublimation of sex) കൃഛ്റസാദ്ധ്യമാണ്. അത് അപൂർവം പേർക്കു മാത്രം നിരന്തര സാധനയിലൂടെ നേടിയെടുക്കാവുന്ന ഒരു സിദ്ധിയാണ്. ത്രിശങ്കുസ്വർഗം ആചരിച്ച മഹാതാപവര്യനായ രാജർഷി വിശ്വാമിത്രൻപോലും പെണ്മേനികണ്ടു മൂക്കുകുത്തി വീണുപോയി. സയൻസും ടെക്നോളജിയും ചേർന്നു നല്കുന്ന ആധുനിക സുഖസൗകര്യങ്ങളിൽ അംസാന്തം മുങ്ങിക്കിടക്കുന്ന മനുഷ്യനിലേക്കു പ്രലോഭനങ്ങൾ മലവെള്ളപ്പാച്ചിൽപോലെ വന്നു വീഴുകയാണ്. 'വാൻ മരങ്ങൾ' പോലും കടപുഴകി വീഴുമ്പോൾ സാദാ പാഴ്ച്ചെടികളുടെ കഥ ചിന്ത്യം!
സഭയിലായാലും സമൂഹത്തിലായാലും നിയമങ്ങൾ മനുഷനുവേണ്ടിയാണ്. മറിച്ചായാൽ പരിഹാസ്യരാകുമെന്നതിന് നമ്മുടെ മൂക്കിനുതാഴെ ഉദാഹരണങ്ങൾ, തമുഴൻറെ ഭാഷയിൽ എക്കച്ചക്കം (എമ്പടി)!
ഗ്രന്ഥകാരൻറെ ആഴമായ അറിവും മനുഷ്യസ്വഭാവത്തെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും അനുഭവങ്ങളുടെ ഗിരിശ്രുംഗത്തിൽനിന്നുകൊണ്ട് ജീവിതത്തിൻറെ നേർക്കുള്ള സൂക്ഷ്മനിരീക്ഷണം; അതിൽനിന്നുരുത്തിരിയുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ഈ പുസ്തകത്തിൻറെ സവിശേഷതയാണ്. ഇതിൽ പറയുന്ന കാര്യങ്ങൾ ശാരിയായ രീതിയിലുള്ള പഠനങ്ങൾക്കും ചർച്ചകൾക്കും മാത്രമല്ല പ്രശനപരിഹാരത്തിനും ത്യാഗബുദ്ധികളും മനുഷസ്നേഹികളും സഭാമാതാവിൻറെ പ്രിയ മക്കളും 'അഹമഹമികയാ' മുന്നിട്ടിറങ്ങേണ്ടതാണ്. പ്രതികരണം നാനാതരത്തിലുണ്ട്. നമുക്കു വേണ്ടത് അന്തസ്സായ പ്രതികരണമാണ്. ചാക്കോ കളരിക്കലിന് സഭയുടെ ചരിത്രമാറിയാം. സഭയിൽ നടക്കുന്ന നീതിയും അനീതിയും ക്രമവും അതിക്രമങ്ങളുമറിയാം. നമ്മെപ്പോലെ കേട്ടറിവോ, നാട്ടറിവോ അല്ല. ഉള്ളിൽ കയറി നേരിട്ടു നേടിയ അറിവിൻറെ പശ്ചാത്തലമാണ് അദ്ദേഹത്തിൻറെ രചനയുടെ ശക്തി സ്രോതസ്.
കൃതിയിൽനിന്നു കൃതികാരനിലേക്കു വായനക്കാരുടെ ദൃഷ്ടിപതിക്കുക സ്വാഭാവികമാണല്ലോ. നേരിട്ടു കണ്ടിട്ടില്ലെങ്കിലും പുസ്തകത്തിൻറെ പുറംചട്ടയിൽ കാണുന്ന പടത്തിൽനിന്ന് കുറച്ചൊക്കെ സാമുദ്രികാലക്ഷണമറിയാവുന്ന എനിക്ക് ആ മുഖത്തു തെളിയുന്ന മന്ദഹാസത്തിൽ ആ മനസ്സിൻറെ നൈർമല്ല്യം, രചനകളിലൂടെ സഞ്ചരിക്കുമ്പോൾ രചയിതാവിൻറെ സ്വത:സിദ്ധമായ ലാളിത്യത്തോടെ ഭാഷയുടെ മാധുര്യവും ഓജസും തേജസും നിറഞ്ഞ ശൈലി, ഗ്രന്ഥകാരൻറെ സ്വഭാവസവിശേഷതകൂടി വെളിവാക്കുന്ന ആർജ്ജവത്വം, ഒപ്പം സ്വഭാവദാർഡ്യം, വ്യക്തിത്വത്തിൻറെ ആകർഷണീയത സർവ്വോപരി കൃതികളുടെ മൌലികത - ആരും തെറ്റുകൾക്കതീതരല്ലെന്നും എന്നാൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകേണ്ടത് മാനവരാശിയുടെ മുന്നോട്ടുള്ള സുഗമമായ പോക്കിന് അനിവാര്യമാണന്നും നമ്മെ ബോധ്യപ്പെടുത്തുന്നു, അദ്ദേഹത്തിൻറെ രചനകൾ എല്ലാം തന്നെ.
പുസ്തകം മുഴുവൻ ശ്രദ്ധയോടെ വായിച്ചു ക്രിയാത്മകമായി പ്രതികരിക്കാൻ ഗ്രന്ഥകർത്താവിനോടൊപ്പം ഞാനും ആഹ്വാനം ചെയ്യുന്നു. ഗ്രഹണശേഷി പ്രതിഭിന്നമാകയാൽ പുനർവായന വേണ്ടുന്നവർ അതിനും സമയം കണ്ടെത്തണമെന്നുകൂടി പറയട്ടെ!
ഗ്രന്ഥത്തിൻറെ ഉള്ളടക്കം മുഴുവൻ ഈ ലേഖനത്തിൽ സ്പർശിക്കാഞ്ഞത് മന:പൂർവ്വമാണ്; വായനക്കാരുടെ ജിജ്ഞാസ ഉണർത്തുകയെന്ന ജോലിയേ ഞാൻ ചെയ്തുള്ളു. ശേഷം നിങ്ങൾക്കു വിടിന്നു.
ചാക്കോ കളരിക്കലിൻറെ ശുദ്ധീകരണ ശ്രമങ്ങൾ ഫലമാണിയാനുള്ള പ്രാർത്ഥനയും ആശംസകളും മാത്രമല്ല, പിന്തുണയും അറിയിച്ചുകൊണ്ട്, ആദരപൂർവ്വം.


ഡോ. ഷീല എൻ. പി.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin