ഫ്രാൻസീസ് മാർപാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും
By ജോസഫ് പടന്നമാക്കൽ
'ദൈവത്തിന്റെ മുമ്പിലും സമൂഹത്തിലും നിരീശ്വര വാദികളിൽ
Cover page: EMalayalee:http://emalayalee.com/varthaFull.php?newsId=106060
By ജോസഫ് പടന്നമാക്കൽ
2013 മാർച്ച് പതിമൂന്നാം തിയതി അർജന്റീനയിലെ കർദ്ദിനാൾ ജോർജ് ബെർഗോളിയെ സഭയുടെ ഇരുന്നൂറ്റി അറുപത്തിയാറാമത് മാർപ്പായായി, പത്രോസിന്റെ പിൻഗാമിയായി കർദ്ദിനാൾ സംഘം തിരഞ്ഞെടുത്തു. വത്തിക്കാനിൽ പുതിയ പാപ്പാ ആരെന്നറിയാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന സമയമായിരുന്നു. വെളുത്ത പുക കണ്ട് അവിടെ തിങ്ങികൂടി, നോക്കി നില്ക്കുന്ന ജനത്തോടായി വത്തിക്കാന്റെ ഉച്ഛഭാഷണികൾ ശബ്ദിച്ചതിങ്ങനെ, "സമസ്ത ലോകത്തോടുമായി ഒരു സന്തോഷ വാർത്തയറിയിക്കുന്നു. നമുക്കൊരു മാർപ്പാപ്പായെ ലഭിച്ചിരിക്കുന്നു.' ഈ സദ്‌വാർത്ത വിളിച്ചു പറഞ്ഞത് മാർപ്പാപ്പാ സെന്റ് പീറ്റേഴ്സ് സ്ക്വ യറിലെ ബാൽക്കണിയിൽക്കൂടി സാവധാനം നടന്നുവന്ന സമയത്തായിരുന്നു. AD 741 നു ശേഷം തിരഞ്ഞെടുത്ത യൂറോപ്യനല്ലാത്ത ആദ്യത്തെ മാർപ്പായാണദ്ദേഹം. അർജന്റീനയിൽ നിന്നും വന്ന സഭയുടെ ഈ രാജകുമാരൻ 'ഫ്രാൻസീസ് അസ്സീസ്സിയുടെ' പേര് സ്വീകരിച്ചപ്പോൾ അദ്ദേഹത്തിൻറെ സുഹൃത്ത് 'കാർഡിനൽ ഹ്യൂംസ്' ആലിംഗനം ചെയ്തുകൊണ്ട് പുതിയ മാർപ്പായോടു പറഞ്ഞു, 'അങ്ങ് ദരിദ്രരായവരെ മറക്കരുത്.' അപ്പോഴാണ് ദരിദ്രരുടെ വിശുദ്ധനായ ഫ്രാൻസീസ് അസ്സീസിയെപ്പറ്റി അദ്ദേഹത്തിൻറെ മനസ്സിൽ ആശയങ്ങളുദിച്ചത്.
1936-ൽ, അഞ്ചു മക്കളുള്ള ഒരു കുടുംബത്തിലെ ആദ്യത്തെ മകനായി ജോർജ് മാരിയോ ബെർഗോളി അർജന്റീനയിൽ 'ബ്യൂനോസ് എയഴ്സ്' എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ ഇറ്റാലിയൻ കുടിയേറ്റക്കാരായിരുന്നു. പിതാവ് അർജന്റീന റയിൽവെയിൽ അക്കൌണ്ടന്റായി ജോലിയിലും. ബെർഗോളി, കെമിക്കൽ ടെക്കനീഷനായി ആദ്യം ഡിഗ്രീ സമ്പാദിച്ചു. എന്നാൽ അദ്ദേഹത്തിനു നിയോഗം വീണത് ഒരു വൈദികനാകാനായിരുന്നു. 1958-ൽ ഈശോ സഭയിൽ ചേർന്നു. 1969-ൽ വൈദികനായി ആദ്യത്തെ കുർബാനയർപ്പിച്ചു. 1992 മെയ് മാസത്തിൽ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ 'ബ്യൂനോസ് എയഴ്സിൽ' സഹായ ബിഷപ്പായി വാഴിച്ചു. 1998-ൽ ആർച്ച് ബിഷപ്പും 2001-ൽ കർദ്ദിനാളായും ജോണ്‍ പോൾ അദ്ദേഹത്തെ നിയമിച്ചു. 2005-ൽ ജോണ്‍ പോളിന്റെ മരണശേഷം കർദ്ദിനാൾ ബെർഗോളി പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിൽ പങ്കെടുത്തിരുന്നു. അന്ന് പോപ്പായി ബനഡിക്റ്റിനെ തിരഞ്ഞെടുത്തെങ്കിലും വിജയ സാദ്ധ്യതയോടെ ബെർഗോളി ഒപ്പംതന്നെ മുമ്പിലുണ്ടായിരുന്നു. മാർപാപ്പായാകാൻ തെല്ലും താല്പര്യമില്ലാതിരുന്ന അദ്ദേഹം കോണ്‍ക്ലേവിൽ സംബന്ധിച്ചവരോട് തനിക്ക് വോട്ടു ചെയ്യാതെ അർഹപ്പെട്ടവർക്ക് വോട്ടു ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. 'ബ്യൂനോസ് എയഴ്സിൽ' ആർച്ച് ബിഷപ്പായിരുന്ന കാലത്ത് അദ്ദേഹത്തിന് സാധുക്കളെ സഹായിക്കുന്ന ഒരു മിഷിനറി പ്രോജക്റ്റുമുണ്ടായിരുന്നു. സാധുക്കൾക്കുവേണ്ടി പുരോഹിതർ ഒത്തു ചേർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. സഭയുടെ പാരമ്പര്യ പഠനങ്ങളിലും ആദ്യമ സഭകളുടെ കാഴ്ച്ചപ്പാടുകളിലും സുവിശേഷ വേലകളിലും ശക്തമായ പിന്തുണയും നല്കിയിരുന്നു.
സ്വന്തം ദേശമായ അർജന്റീനയിലായിരുന്നപ്പോൾ അവിടെയുള്ള ദേവാലയ സന്ദർശന വേളകളിൽ 'എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ പറയുക' ബെർഗോളിയുടെ പതിവുപല്ലവിയായിരുന്നു. മാർച്ച് പതിമൂന്നാം തിയതി ബെർഗോളി സെന്റ് പീറ്റഴ്സിന്റെ അനന്തരാവകാശിയായ ദിനം 'എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക'യെന്ന അതേ അഭ്യർത്ഥന ലോകത്തോടായി നടത്തി. ഫ്രാൻസീസ് അസ്സീസ്സിയെന്ന എളിമയാർന്ന വിശുദ്ധന്റെ നാമം സ്വീകരിച്ചുകൊണ്ട് വത്തിക്കാൻ പട്ടണത്തിന്റെ ഭരണാധികാരിയായി. ചൈനയോളം ജനസംഖ്യയുള്ള കത്തോലിക്കാ സഭയുടെ തലവനും, ചുറ്റും ചുവപ്പുനാടകളും അഴിമതികളിൽ നീരാടുന്ന വത്തിക്കാനിലെ ബ്യൂറോക്രസിയും പുതിയ മാർപ്പായുടെ വെല്ലുവിളികളായിരുന്നു. മാർപ്പാപ്പായായി തിരഞ്ഞെടുത്തയുടൻ ഒരു സാധാരണ ദിനം പോലെ താമസിച്ചിരുന്ന ഹോട്ടൽബിൽ തനിയെ നടന്നു പോയി അടച്ചതും സകലരിലും വിസ്മയമുളവാക്കിയിരുന്നു.
സഭയുടെ പുതിയ മഹായിടയൻ ചിന്തിച്ചു കാണും, വിശക്കുന്ന ആട്ടിൻക്കുട്ടികൾക്ക് ശരിയായ ഭക്ഷണമില്ല. ഇടയലോകം ആർഭാടമായി ജീവിക്കുന്നു. ബനഡിക്റ്റും ജോണ്‍ പോളും തീയോളോജി പ്രൊഫസർമാരായിരുന്നെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ ജാനിറ്ററും രാത്രി ക്ലുബുകളിലെ ജോലിക്കാരനും കെമിക്കൽ ടെക്കനിഷ്യനും ഭാഷാദ്ധ്യാപകനുമായിരുന്നു. ദുരിത പൂർണ്ണമായ ലോകത്തിൽ ദു:ഖിക്കുന്നവരുടെയും ദരിദ്രരുടെയും ആശ്വാസ കേന്ദ്രം സഭയാണെന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസീസ് മാർപ്പാപ്പാ പാസ്റ്റ്രറൽ ദൌത്യം തുടങ്ങിയത്. കാര്യക്ഷമയോടെ തന്റെ കർമ്മങ്ങൾ ഓരോ ദിവസവും അദ്ദേഹം പതിവ് തെറ്റിക്കാതെതന്നെ നിർവഹിച്ചുകൊണ്ടിരിക്കുന്നു.
ഫ്രാൻസീസ് മാർപാപ്പായുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാർത്ഥനയിൽക്കൂടിയാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കും. സാന്റാ മാർത്താ ചാപ്പലിൽ എഴുമണിയ്ക്ക് കുർബാന അർപ്പിക്കുന്നവരെ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. സുപ്രഭാതത്തിലെ ഭക്ഷണം കഴിഞ്ഞ് എട്ടു മണിക്ക് അദ്ദേഹത്തിൻറെ ഔദ്യോഗിക ദിനമാരംഭിക്കും. പത്തുമണി വരെ ഓഫീസ് പേപ്പറുകൾ പരിശോധിക്കും. പിന്നീട് സെക്രട്ടറിമാരുമായി മീറ്റിങ്ങുകൾ ആരംഭിക്കുകയായി. ഉച്ചവരെ കർദ്ദിനാൾ, ബിഷപ്പുമാർ തൊട്ട് അല്മേനികൾ വരെ മുഖാ മുഖ സംഭാഷണങ്ങൾക്കായി സമയം ചെലവഴിക്കും. പിന്നീട് ഉച്ച ഭക്ഷണവും അര മണിക്കൂർ വിശ്രമവും. അതിനു ശേഷം ആറു മണിക്കൂർ ജോലി കഴിഞ്ഞ് അത്താഴ ഭക്ഷണം കഴിക്കും. പ്രാർത്ഥിക്കും.പത്തുമണിയ്ക്ക് ഉറങ്ങാൻ പോകും. സമയമായി, ഞാൻ ദൈവത്തിന്റെ പരിപാലനയിൽ ഇന്ന് രാത്രിയിലും ഉറങ്ങാൻ പോവുകയാണെന്ന് തല കുലുക്കിക്കൊണ്ട് ചുറ്റുമുള്ളവരോട് പറയും,
വത്തിക്കാനിൽ സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ തടിച്ചു കൂടുന്ന ജനത്തോട് എല്ലാ ബുധനാഴ്ചയും ബാൽക്കണിയിൽ നിന്നു സംസാരിക്കും. ഡിസംബർ മാസത്തിലെ തണുപ്പുള്ള ദിനത്തിൽ മാർപ്പാപ്പായുടെ പ്രസംഗം ശ്രവിക്കാൻ സാധാരണ മുപ്പതിനായിരം ജനങ്ങളോളം തടിച്ചു കൂടാറുണ്ട്. ദീപങ്ങളാൽ അലംകൃതമായ രാത്രിവേളകളിൽ യേശുവിന്റെ ജനനത്തെപ്പറ്റിയും ദൌത്യങ്ങളെപ്പറ്റിയും പുനരുദ്ധാരണത്തെപ്പറ്റിയും മാർപ്പാപ്പ സംസാരിക്കും. എത്ര തണുപ്പുള്ള രാത്രിയെങ്കിലും മാർപ്പാപ്പയുടെ ശബ്ദം ഗാംഭീര്യം നിറഞ്ഞതായിരിക്കും. പ്രസംഗം സംഗീതാത്മകമായിരിക്കും. കൊച്ചു കൊച്ചു കഥകളും തത്ത്വചിന്തകളും ഉപമകളും നിറഞ്ഞ അദ്ദേഹത്തിൻറെ പ്രസംഗം കേൾവിക്കാർക്ക് ഒരു ഹരം തന്നെയാണ്. ജനങ്ങൾ കാതോർത്ത് ആ വലിയ മുക്കവന്റെ പ്രസംഗം ശ്രവിക്കുകയും ചെയ്യും. കൈകളിൽ പ്രസംഗത്തിന്റെ നക്കൽ എഴുതിയ കടലാസുകൾ കാണും. ഉടൻ, മറ്റുള്ള പുരോഹിതർ മാർപ്പാപ്പായുടെ പ്രസംഗം ഫ്രഞ്ചിലും ജർമ്മൻ ഭാഷയിലും സ്പാനിഷിലും, പോർട്ടുഗീസിലും ഇംഗ്ലീഷിലും അറബിയിലും തർജിമ ചെയ്ത് ജനക്കൂട്ടത്തെ കേള്പ്പിക്കും.
ഫ്രാൻസീസ് മാർപ്പാപ്പാ സ്വന്തം നാട്ടിൽ ആർച്ച് ബിഷപ്പായിരുന്ന കാലത്ത് രാത്രികാലങ്ങളിൽ ആരുമാരുമറിയാതെ ഭവനരഹിതരുമായി ഭക്ഷണം പങ്കു വെയ്ക്കുവാൻ സഞ്ചരിക്കുമായിരുന്നു. തെരുവിലിരിക്കുന്ന ദരിദ്രരുമൊത്ത് ഭക്ഷണം കഴിക്കുമായിരുന്നു. അനാഥരായവരെ പരിചരിക്കാനെത്തുന്ന അദ്ദേഹം അവരുടെ പ്രിയങ്കരനായിരുന്നു. ഇന്ന്, അദ്ദേഹം ലോകം മുഴുവൻ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന മഹാനായ മാർപ്പാപ്പയാണ്. ഈ രാത്രിശ്വര സഞ്ചാരിക്ക്, സ്വിസ് ഗ്വാർഡിന്റെ കണ്ണു വെട്ടിച്ച് പുറത്തേയ്ക്ക് പോവുക എളുപ്പമല്ല. എങ്കിലും, ഇന്നും ദരിദ്രരെയും, അവശരെയും വൃദ്ധരേയും സഹായിക്കാൻ രാത്രിയുടെ അന്തിയാമങ്ങളിൽ ഇറ്റലിയിലെ തെരുവുകളിൽ അജ്ഞാതനായി വെറും സാധാരണ വേഷത്തിൽ അദ്ദേഹം സഞ്ചരിക്കാറുണ്ട്.
2013-ൽ 'ടയിം മാഗസിൻ' മാർപ്പാപ്പയെ 'മാൻ ഓഫ് ദി യീയർ (Man of the year) ആയി തിരഞ്ഞെടുത്തപ്പോൾ ആ വാർത്ത അനേകർക്ക് വിസ്മയകരമായിരുന്നു. ഒരു യൂറോപ്പ്യനല്ലാത്ത മാർപ്പാപ്പയുടെ വാർത്തകൾ തലക്കെട്ടായി ലോക മാദ്ധ്യമങ്ങൾ മുഴുവൻ നിറഞ്ഞു നിന്നത്1200 വർഷത്തെ സഭയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു. സഭയെ സമൂലമായി പരിവർത്തന വിധേയമാക്കാനുള്ള വിപ്ലവ ചിന്തകൾ മുഴക്കിക്കൊണ്ടാണ് ഈ മുക്കവ പിൻഗാമി പത്രോസിന്റെ സിംഹാസനത്തിലിരുന്നത്. മാറ്റങ്ങൾക്ക് അദ്ദേഹം തയ്യാറാണെങ്കിലും മൂത്തു മുരടിച്ച യാഥാസ്ഥിതിക ലോകം അതിനു സമ്മതിക്കുന്നില്ല.
മുമ്പുണ്ടായിരുന്ന മാർപ്പാപ്പാമാരും ലോകം മുഴുവനുമുള്ള സഭയുടെ കർദ്ദിനാളന്മാരും മെത്രാന്മാരും ആഘോഷമായും വില കൂടിയ കാറുകളിലും, ബെൻസിലും കസ്റ്റം ബില്റ്റ് കാറുകളിലും സഞ്ചരിച്ചപ്പോൾ എളിയവനായ ഫ്രാൻസീസ് മാർപ്പാപ്പാ സഞ്ചരിക്കുന്നത് ഫോർഡ് മോട്ടോർ കമ്പനിയുടെ വെറും ഒരു സാധാരണ കാറിലാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ ലേലത്തിൽ വിറ്റ് ഭവന രഹിതരുടെ ആശ്വാസ ഫണ്ടിലേക്കു ദാനം നല്കി. മാർപ്പാമാർ പാരമ്പര്യമായി താമസിച്ചിരുന്ന പേപ്പൽ കൊട്ടാരം ഫ്രാൻസീസ് മാർപ്പാപ്പായ്ക്ക് വേണ്ടായിരുന്നു. പകരം കർദ്ദിനാളെന്ന നിലയിൽ അതിഥിയായി താമസിച്ചിരുന്ന ഒരു അപ്പാർട്ടുമെന്റാണ് താമസിക്കാനായി മാർപ്പാപ്പാ തിരഞ്ഞെടുത്തത്. വത്തിക്കാനിലെ താമസക്കാരും പുരോഹിതരും ബിഷപ്പുമാരുമൊത്ത ഒരു സമൂഹമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. കൂടാതെ വത്തിക്കാനിൽ വരുന്ന നയതന്ത്രജ്ഞരെയും രാജ്യങ്ങളുടെ ഭരണാധികാരികളെയും സ്വീകരിക്കണം. ഒരു വിശാലമായ ഹാൾ ഉള്ളതുകൊണ്ട് അതിഥികൾ വന്നാലും സ്വീകരിക്കാൻ സാധിക്കും. കൊണ്‍ക്ലേളേവിനു വരുന്ന കർദ്ദിനാൾമാർക്കു വേണ്ടി 1996-ൽ പണി കഴിപ്പിച്ചതാണ് ഈ അതിഥി മന്ദിരം. മാർപ്പാപ്പായായ മുതൽ ഫ്രാൻസീസ് മാർപ്പാപ്പാ മറ്റുള്ള താമസക്കാരൊത്തു പൊതുവായാണ് ഭക്ഷണശാലയിൽനിന്നും ഭഷണം കഴിക്കുന്നത്. വത്തിക്കാനിലെ ജോലിക്കാർക്കായി പ്രധാന ചാപ്പലിൽ എന്നും ഏഴു മണിക്ക് കുർബാനയും ചൊല്ലും.
സ്വവർഗരതികളുടെ ജീവിതത്തിൽ സഭയിടപെടരുതെന്ന് മുന്നറിയിപ്പ് കൊടുത്തു.''ആരെങ്കിലും സ്വവർഗാനുഷ്ടാനത്തിൽ ജീവിതം തള്ളി നീക്കുന്നവരെങ്കിൽ, അവർ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ, നന്മയുള്ളവരെങ്കിൽ 'ഞാൻ ആര്' അവരെ നിയന്ത്രിക്കാനെന്നു'' മാർപാപ്പാ ചോദിക്കുന്നു.ജയിൽ വാസികളുടെ ചാപ്പലിൽ കുർബാന ചൊല്ലിയതും അവിടുത്തെ അന്തേവാസികളുടെ കാലുകൾ കഴുകി മുത്തിയതും മാർപ്പാപ്പയുടെ എളിമയും വ്യക്തിത്വവും പ്രകടമാക്കുന്നു. സെപ്റ്റംബറിൽ മാർപ്പാപ്പ കുടുംബങ്ങളുടെ കോണ്‍ഗ്രസ് സമ്മേളനത്തിനായി ഫിലാഡല്ഫിയായിൽ ' വരുന്ന വേളയിൽ അവിടുത്തെ ജയിലും സന്ദർശിക്കുന്നുണ്ട്. വടക്കെ ഫിലാഡല്ഫിയായിൽ ഡല് വയർ നദിയുടെ തീരത്താണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. സഭയുടെ ഔദ്യോഗിക വക്താവായിരുന്ന മോണ്‍സിഞ്ഞോർ 'വില്ല്യം ലിൻ' കുറ്റക്കാരനായി വിധിച്ച് ഫിലാഡല്ഫിയാ ജയിലിലെ അന്തേവാസിയായി കഴിയുന്നു. കുട്ടികളുടെമേൽ പുരോഹിതർ നടത്തിയ ലൈംഗിക പീഡനങ്ങൾ ഉത്തരവാദിത്വപ്പെട്ട ഭരണകാര്യ നിർവാഹകനെന്ന നിലയിൽ തെറ്റായി കൈകാര്യം ചെയ്തുവെന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. മൂന്നു കൊല്ലത്തെയ്ക്കാണ് ശിക്ഷിച്ചിരിക്കുന്നത്. ജയിൽ സന്ദർശനശേഷം സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി സമ്മേളിക്കുന്ന ചരിത്ര പ്രസിദ്ധമായ കുടുംബ കോണ്‍ഗ്രസ്സിൽ മാർപ്പാപ്പാ പങ്കുകൊള്ളും.
നാല്പ്പത്തിനാല് വയസുള്ള ഒരു സ്ത്രീ ബലാൽ സംഗത്തിനിരയായ ദയനീയ കഥ അവർ മാർപ്പാപ്പയ്ക്ക് നേരിട്ടെഴുതി. സാധാരണ കത്തുകൾ അയക്കുന്നത് മാർപാപ്പാ വായിക്കാറില്ല. യാദൃശ്ചികമായി ഈ കത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും നേരിട്ട് ടെലഫോണ്‍ ചെയ്ത് ആ സ്ത്രീയെ ആശ്വസിപ്പിക്കുകയും ചെയ്തു. 'ന്യൂറോ ഫൈബ്രാ മോട്ടീസ്' എന്ന ജന്മനാ രോഗമുള്ള വിരുപനായ ഒരു രോഗിയെ കണ്ട മാത്രയിൽ മാർപ്പാപ്പാ അയാളെ ആലിംഗനം ചെയ്തു.അതി വിരൂപമായി വൈകല്യമുള്ള ഈ മനുഷ്യനെ മാർപ്പാപ്പ സ്പർശിച്ചപ്പോൾ കാരുണ്യത്തിന്റെ ദേവനായ ക്രിസ്തുവിൽ ലോകം അദ്ദേഹത്തെ കണ്ടു. ലോക മനസാക്ഷിയെ സ്പർശിക്കുകയും കോൾമയിർ കൊള്ളിക്കുകയും ചെയ്തു.മാർപ്പാപ്പാ ആ മനുഷ്യന്റെ മുമ്പിൽ ഒരു നിമിഷം നിശ്ചലനായി നിന്നു. അയാളുടെ ശരീരത്തിലെ ഓരോ സെല്ലുകളും കാൻസർകൊണ്ട് വേദന നിറഞ്ഞതായിരുന്നു. മാർപ്പാപ്പായുടെ കൈകൾ രോഗിയായ ആ മനുഷ്യനെ സ്പർശിച്ചു. കാൻസർ ട്യൂമറുകൾ വ്യക്തമായി കാണാവുന്ന അയാളുടെ തല മാർപ്പാപ്പായുടെ നെഞ്ചോട് ചേർത്തു വെച്ചു. "സാർവത്രിക സ്നേഹവും ദീനാനുകമ്പയും ആത്മധൈര്യത്തിൽ നിന്നാരംഭിക്കുന്നു. സ്വന്തം കൈകളിൽ അഴുക്കു പുരളുമെന്ന ഭയം ഇല്ലാതാക്കിയാലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാക്ഷിയെ ഉണർത്തുകയുള്ളൂ. മാർപ്പാപ്പാ പറയുന്നപോലെ തന്നെ ജീവിതാനുഭവങ്ങളിലെ ഓരോ പ്രവർത്തന മണ്ഡലങ്ങളിലും പറയുന്നത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ പ്രായോഗിക ജീവിതം മറ്റുള്ളവർക്ക് മാതൃകയുമാണ്.
ബ്രസീലിൽ അദ്ദേഹം സന്ദർശിച്ചപ്പോൾ അവിടുത്തെ ഗ്രാമീണ വാസികളുമായി സമയം ചെലവഴിച്ചു. ആമസോണ്‍ വനങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കണമെന്നു പറഞ്ഞു. മനുഷ്യനു നല്കിയ ഈ ഭൂമിയെ പൂന്തോട്ടങ്ങൾ പോലെ പരിപാലിക്കാനും ഭൂമിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ സമരം ചെയ്യാനും ആഹ്വാനം ചെയ്തു.തെക്കേ അമേരിക്കയിലെ 'ഇക്കുഡോർ' നഗരിയിൽ 'കാത്തലിക്ക് യൂണിവേഴ്സിറ്റി' വിദ്യാർത്ഥികളോട് മാർപ്പാപ്പാ സംസാരിക്കവേ, പ്രകൃതിയെ പരിരക്ഷിക്കണമെന്ന് ശക്തമായ ഭാഷയിൽ പറഞ്ഞു. 'ഭൂമിയെ പരിപാലിക്കുകയെന്നത് ഒരു ശുപാർശയല്ലെന്നും അടിയന്തിരമായി സത്വര നടപടികൾ എടുത്തേ മതിയാവൂയെന്നും' മാർപ്പാപ്പാ പറഞ്ഞു. ദൈവം തന്ന സുന്ദരമായ ഈ ഭൂമിയെ ഉത്തരവാദിത്തമില്ലാത്ത മനുഷ്യൻ പാഴ് വസ്തുക്കൾ ദുരുപയോഗം ചെയ്തും അന്തരീക്ഷം നശിപ്പിച്ചും പുഴകളിൽ അഴുക്കു ചാലുകൾ നിറച്ചും വനങ്ങൾ കൊള്ള ചെയ്തും പാറകൾ പൊട്ടിച്ചും നശിപ്പിച്ചു.
പ്രകൃതിയുടെ സമതുലാനവസ്ഥയും പ്രകൃതിയുടെ രക്ഷയും സംബന്ധിച്ചുളള തീവ്ര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാർപ്പാപ്പാ ഒരു ചാക്രിക ലേഖനം തയ്യാറാക്കി ലോക നേതാക്കൾക്ക് അയച്ചുകൊടുത്തിരുന്നു. മാർപ്പാപ്പയുടെ ചാക്രിക ലേഖനത്തെ ശരിവെച്ചുകൊണ്ട് നേതാക്കന്മാർ പ്രതികരിക്കുകയും ചെയ്തു . ഒബാമ പറഞ്ഞു, '2015 ഡിസംബർ മാസത്തിൽ ഭൂമിയുടെ താപ നിലയെപ്പറ്റി വിശകലനം ചെയ്യാൻ ലോകനേതാക്കൾ പാരീസിൽ കൂടുമ്പോൾ മാർപ്പാപ്പായുടെ ഈ ആഹ്വാനത്തിന് പിന്തുണ നല്കണം. അതുപോലെ എല്ലാ ദൈവമക്കളും നമ്മുടെ ഭവനമായ ഭൂമിയെ രക്ഷിക്കാനുള്ള ഉപാധികൾക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കണം. നമ്മുടെ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളെയും ഭൂമിയുടെ സമതുലനാവസ്തയിലെ മാറ്റങ്ങളിൽ നിന്നുള്ള അപകടങ്ങളിൽ നിന്നും രക്ഷിക്കേണ്ട കടമകളും നമുക്കുണ്ട്.'
'ദൈവത്തിന്റെ മുമ്പിലും സമൂഹത്തിലും നിരീശ്വര വാദികളിൽ
ജോർജ് ബെർഗോളിയും ഇളയ സഹോദരനും |
നല്ലവരുണ്ടെന്ന ' മാർപ്പാപ്പയുടെ അഭിപ്രായം സഭയുടെ പാരമ്പര്യ വിശ്വാസത്തിനെതിരായ ഒരു വെല്ലുവിളിയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതുമായിരുന്നു. 'അവിശ്വാസികൾ തിന്മ നിറഞ്ഞവരെന്ന സഭയുടെ കാഴ്ചപ്പാട് തെറ്റാണെന്നും' അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ വാക്കുകളുടെ ചുരുക്കമിങ്ങനെ ,"നന്മ ചെയ്യുന്ന നിരീശ്വരവാദികൾ നല്ലവർ തന്നെയാണ്. ക്രിസ്തു രക്തം ചിന്തപ്പെട്ടത് സകലമാന ജനവിഭാഗങ്ങൾക്കും വേണ്ടിയെന്നു സഭ വിശ്വസിക്കുന്നു. യേശുവിന്റെ പുനരുദ്ധാരണം കത്തോലിക്കർക്കുവേണ്ടി മാത്രമല്ല .പിതാവ് എല്ലാവർക്കുവേണ്ടിയും അവിടുത്തെ വിശ്വസിക്കാത്ത നിരീശ്വര വാദികൾക്കും വേണ്ടിയായിരുന്നു. ദൈവേഷ്ടം നിറവേറ്റാൻ ദൈവമക്കളായ നാം ഓരോരുത്തരും നന്മ ചെയ്യാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഈ പ്രമാണം എല്ലാ ജാതികൾക്കു വേണ്ടിയുമായിരുന്നു. അതുവഴി ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിക്കപ്പെടും. നന്മ ചെയ്യൂ. നന്മ ചെയ്യുന്നവൻ വിശ്വാസിയോ അവിശ്വാസിയോ ആരുമായി കൊള്ളട്ടെ, അണയാത്ത ദൈവത്തിന്റെ പ്രഭ അവിടെയുണ്ടാകും.നല്ലവനായി ജീവിക്കാൻ അടിയുറച്ച ദൈവ വിശ്വാസം വേണമെന്നില്ല . പാരമ്പര്യമായ ദൈവം തന്നെ കാലഹരണപ്പെട്ടു പോയി. ആദ്ധ്യാത്മികത നിറഞ്ഞിരിക്കുന്നവൻ മതവിശ്വാസിയാകണമെന്നുമില്ല. ദേവാലയങ്ങളിലെ പണപ്പെട്ടികളിൽ നേർച്ച കാഴ്ചകൾ കൊടുക്കണമെന്നുമില്ല. ചിലർക്ക് പ്രകൃതി തന്നെ ദേവാലയം. ചരിത്രത്തിലെ മഹാന്മാരായവരിൽ ദൈവത്തിൽ വിശ്വസിക്കാത്തവരുമുണ്ട്. മറ്റു ചിലർ അവന്റെ നാമം പാഴാക്കിക്കൊണ്ട് കൊടും ഭീകര പ്രവർത്തനങ്ങളും നടത്തുന്നു."
മാർപ്പാപ്പാ പറഞ്ഞു, 'നമുക്കു വേണ്ടത് ലോക സമാധാനമാണ്. സ്ത്രീ പുരുഷന്മാരടക്കം ലോകമെവിടെയും സമാധാനം കാംഷിക്കുമ്പോൾ നമുക്കു ചുറ്റുമുള്ള സമൂഹം സമാധാനത്തെ തകർത്തു കൊണ്ടിരിക്കുന്നു. ഇനി യുദ്ധം വേണ്ടേ വേണ്ടാ, ഒരിയ്ക്കലും... സിറിയായിൽ നമ്മുടെ സഹോദരങ്ങളുടെ തലകൾ അറ്റു വീഴുന്നതിൽ എന്റെ ഹൃദയം വേദനിക്കുന്നു. അവിടുത്തെ കൊടും യാതനകൾ മാനവ ഹൃദയങ്ങളുടെ മനസാക്ഷിയെ തകർക്കുകയും ചെയ്യുന്നു.'
ആഴ്ച്ചതോറും വത്തിക്കാനിലെ സെന്റ് പീറ്റെഴ്സിൽ കൂടുന്ന ജനത്തോടായി മാർപ്പാപ്പ പറഞ്ഞു, " സ്ത്രീയും പുരുഷനും എതിരാളികളോ, സ്ത്രീ പുരുഷന്റെ അടിമയോ അല്ല. ഇരു കൂട്ടരും ഒരുപോലെ, ഒന്നായ സൃഷ്ടി കർമ്മത്തിന്റെ പ്രക്രിയകളാണ്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ സഭയിലും, പള്ളികളിലും, സമൂഹത്തിലും കൂടുതൽ ബഹുമാനവും അധികാരവും കൊടുക്കണം. യേശുവും സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം കല്പ്പിച്ചിരുന്നു. സ്ത്രീകളുടെ വാക്കുകൾ കേട്ടാൽ പോരാ, അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയും വേണം. സ്ത്രീകളിലെ ബുദ്ധി ജീവികൾ സമൂഹത്തിനും നമുക്കും നല്കിയ സംഭാവനകൾ എന്തെല്ലാമെന്ന് പുരുഷന്മാർ മനസിലാക്കുന്നില്ല. സ്ത്രീകൾ അബലകളെന്ന ചിന്തകളുള്ള ദുർബല മനസാണ് ഭൂരിഭാഗം പുരുഷന്മാർക്കുമുള്ളത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിത്യാസങ്ങൾ ഇല്ലാതാക്കണം. പരസ്പ്പരം ബഹുമാനിക്കുകയും സഹകരിക്കുകയും തുറന്ന ഹൃദയത്തോടെയുള്ള സൗഹാർദ്ദ ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യണം. "
പരിണാമ സിദ്ധാന്തവും മഹാ വിസ്പോടന വാദവും കത്തോലിക്കാ വിശ്വാസത്തിനു സ്വീകാര്യമെന്നും മാർപ്പാപ്പ ഔപചാരികമായി പ്രസ്താവിച്ചിരുന്നു. അതേ, 'ദൈവം മാന്ത്രിക വടിയുമായി സഞ്ചരിക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും ശാസ്ത്രീയ തത്ത്വങ്ങളായ പരിണാമ, വിസ്പോടനങ്ങൾ ശരി തന്നെയെന്നു വെച്ചാലും സൃഷ്ടി കർത്താവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ലെന്നും' മാർപ്പാപ്പ പറഞ്ഞു. 'അവിടുന്ന് മനുഷ്യ ജാതിയെ സൃഷ്ടിച്ചു. പ്രകൃതിയുടെ ആന്തരിക നിയമങ്ങൾ അനുസരിച്ച് ഓരോരുത്തരെയും വളരാനും അനുവദിച്ചു.പത്തു വർഷങ്ങൾക്കു മുമ്പ് മാരകമായ 'എയ്ഡ്സ് രോഗങ്ങൾ' പ്രതിരോധിക്കാൻ തടസമായിരുന്നത് കത്തോലിക്കാ സഭയായിരുന്നു. അത്തരം പ്രശ്നങ്ങളെ വിലയിരുത്താൻ ഇന്ന് ഫ്രാൻസീസ് മാർപ്പാപ്പയുണ്ട്. ദൈവ സ്നേഹം തുല്യമായി പകരാൻ, യാഥാസ്ഥിതിക ലോകത്തോട് ചെറുത്തു നില്ക്കാൻ, ഭയരഹിതമായി സഭയെ നയിക്കാൻ ലോകം അദ്ദേഹത്തിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നു.
Cover page: EMalayalee:http://emalayalee.com/varthaFull.php?newsId=106060
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin