Sunday, 16 August 2015

വര്‍ഗീയതയോടും വിഘടനവാദത്തോടും വിട്ടുവീഴ്ച്ചയില്ല: പ്രധാനമന്ത്രി

 
ന്യൂഡല്‍ഹി: വര്‍ഗീയതയോടും വിഘടനവാദത്തോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 69-ാമത് സ്വാതന്ത്യ്ര ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുളള ഒരു ശ്രമവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ന് സാധാരണ പുലരിയല്ല. രാജ്യത്തിനിത് പ്രതീക്ഷയുടെ പുലരിയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും പ്രസംഗത്തില്‍ അദ്ദേഹം നല്‍കി. അഴിമതി നടത്തിയവരാണ് അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് യുപിഎ സര്‍ക്കാരിനെ പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. താന്‍ അഴിമതിക്കെതിരെ സംസാരിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അഴിമതി തുടച്ചു നീക്കാന്‍ എല്ലാ തലങ്ങളിലും ശ്രമം ഉണ്ടാകണം. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു ആരോപണവും ആര്‍ക്കും ഉന്നയിക്കാനായിട്ടില്ല. അഴിമതി രഹിത സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. പദ്ധതികളെല്ലാം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും വിവരിച്ചു. ഇതുവരെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ നല്‍കാനായി. ഇതിലൂടെ 30,000 കോടി രൂപ ബാങ്കുകളിലെത്തി. സമ്പദ്ഘടനയിലേക്ക് സാധാരണക്കാരെയും പങ്കാളികളാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin