Friday, 7 August 2015

ക്ഷമിക്കണം, നുണകള്‍ക്ക്‌ ആയുസ്‌ കുറവാണ്‌

 

ഡോ. ടി.വി. സജീവ്‌


 http://www.mangalam.com/opinion/346089

മാര്‍പാപ്പായുടെ ചാക്രികലേഖനത്തിന്റെയും ഗാഡ്‌ഗില്‍ കമ്മിറ്റിറിപ്പോര്‍ട്ടിന്റെയും ആത്മാംശം ഒന്നാണെന്നും അത്‌ തീര്‍ച്ചയായും ശരിയായ രീതിയില്‍ ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങളാണെന്നും എഴുതിയതിനോട്‌ രണ്ട്‌ പ്രതികരണങ്ങളുണ്ടായി. ആദ്യം ഹൈറേഞ്ച്‌ സംരക്ഷണസമിതിയുടെ കണ്‍വീനര്‍ സെബാസ്‌റ്റ്യന്‍ കൊച്ചുപുരയ്‌ക്കലിന്റെയും രണ്ടാമതായി മുന്‍ എം.എല്‍.എ.യായ അഡ്വക്കേറ്റ്‌ പി.സി. ജോസഫിന്റെയും. ആദ്യ ലേഖനത്തിന്‌ മറുപടി എഴുതിയിരുന്നു. ഇത്‌ രണ്ടാമത്തേതിനുള്ള മറുപടിയാണ്‌.

ജോസഫ്‌ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും ഇല്ലാതെതന്നെ ആദ്യം പറഞ്ഞത്‌ ഞാന്‍ പശ്‌ചിമഘട്ടത്തില്‍ ജീവിക്കുന്ന ചില സമുദായങ്ങളെ താറടിക്കാന്‍ വേണ്ടി എഴുതുന്നു എന്നാണ്‌. എന്റെ എഴുത്ത്‌ വായിച്ചാല്‍ ആര്‍ക്കും അങ്ങനെ തോന്നുമെന്ന്‌ കരുതുന്നില്ല. എങ്കിലുംപറയട്ടെ, പശ്‌ചിമഘട്ടത്തിലോ അതിന്റെ ഭാഗമായ ഹൈറേഞ്ചിലോ എന്നല്ല യാതൊരു മനുഷ്യനെ കാണുമ്പോഴും അയാള്‍ ഏത്‌ സമുദായത്തിലെ അംഗമാണെന്ന്‌ കണ്ടറിയാനുള്ള കഴിവെനിക്കില്ല, താത്‌പര്യവുമില്ല. മനുഷ്യനെ മാത്രമെ കാണാന്‍ കഴിയുകയുളളു. അവരിലാകട്ടെ നിറയെ സൗഹൃദങ്ങളുമുണ്ട്‌്. അവരൊക്കെ പല സമുദായങ്ങളിലാണെന്നത്‌ അവരെക്കാളേറെ സമുദായ മേലധ്യക്ഷന്മാരുടെ ജീവനോപാധിയുടെ പ്രശ്‌നമാണ്‌ എന്നാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌. അവരുടെ പ്രശ്‌നമായിട്ടല്ല.

രണ്ടാമതായി അദ്ദേഹം ഉന്നയിച്ചത്‌ ഇങ്ങനെയാണ്‌ 'കത്തോലിക്കാസഭയും സി.എസ്‌.ഐ. സഭയും മാര്‍പാപ്പയുടെ കീഴിലുള്ള രണ്ട്‌ സഭകളാണെന്ന അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ഭാഗങ്ങളില്‍ തന്നെ വിഷയത്തിലുള്ള അറിവില്ലായ്‌മ വെളിപ്പെടുന്നു. ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ അതാണ്‌. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 2012 നവംബറില്‍ എഴുതിയ ലേഖനത്തില്‍ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്ന്‌ ആഹ്വാനം ചെയ്‌തപ്പോള്‍ റൈറ്റ്‌ റവ.തോമസ്‌ കെ. ഉമ്മന്‍ 2014 മെയ്‌മാസത്തില്‍ എഴുതിയതും പള്ളികളില്‍ വായിച്ചതുമായ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നത്‌ പ്രസ്‌തുത റിപ്പോര്‍ട്ട്‌ നടപ്പിലാക്കണം എന്നാണ്‌. വിശ്വാസികള്‍ക്കിടയില്‍ വായിക്കപ്പെട്ട ഈ രണ്ട്‌ ലേഖനങ്ങളും എഴുതിയവര്‍ അവരവരുടെ സഭകളുടെ പ്രതിനിധികളാണെന്നും ഞാന്‍ കരുതുന്നു. അതില്‍ സി.എസ്‌.ഐ. സഭ എടുത്ത നിലപാട്‌ ശരിയായിരുന്നു എന്നതും മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിലപാട്‌ തെറ്റായിരുന്നു എന്നുമാണ്‌ മാര്‍പാപ്പയുടെ ചാക്രികലേഖനം വായിക്കുമ്പോള്‍ നമുക്ക്‌ മനസിലാവുക എന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

മലയോര കുടിയേറ്റത്തിന്റെ പിന്നിലെ സാഹസികവും ദുഃഖകരവുമായ ചരിത്രം ഞാന്‍ പഠിക്കുന്നത്‌ നല്ലതാണ്‌ എന്നും ജോസഫ്‌ ഉപദേശിക്കുന്നുണ്ട്‌ നല്ലതുതന്നെ. ഇപ്പോള്‍ പഠിച്ചിട്ടുള്ളതിനപ്പുറവും പഠിക്കാന്‍ ഞാന്‍ തയാറുമാണ്‌. പക്ഷെ, എന്റെ പ്രശ്‌നം ചരിത്രം മാത്രം പഠിച്ചാല്‍ മതിയാകില്ല എന്നതാണ്‌. വര്‍ത്തമാനകാല യാഥാര്‍ഥ്യവും പഠിക്കണം. ഈ പഠനങ്ങളില്‍നിന്ന്‌ ഭാവിയിലേക്കുള്ള സാധ്യതകളും വരാവുന്ന പ്രശ്‌നങ്ങളും മുന്‍കൂട്ടി കാണാനും പറ്റണം. അങ്ങനെ സമഗ്രമായ പഠനമാണ്‌ മാര്‍പാപ്പ അവതരിപ്പിച്ചത്‌. അതിന്റെ പ്രയോഗസാധ്യതളാണ്‌ ഗാഡ്‌ഗില്‍ അവതരിപ്പിച്ചതും. പഠനത്തിന്റെ ഈ തുടര്‍ച്ചയാണ്‌ ജോസഫ്‌ ഏറ്റെടുക്കാന്‍ തയാറാകാത്തതും. ഇല്ലെങ്കില്‍ ഇന്ന്‌ ഹൈറേഞ്ച്‌ നേരിടുന്ന കുടിവെള്ളപ്രശ്‌നമടക്കം ഞാന്‍ എഴുതിയ ഏതെങ്കിലും പ്രശ്‌നങ്ങളെക്കുറിച്ച്‌ അദ്ദേഹം പ്രതികരിക്കുമായിരുന്നു. അതുണ്ടായില്ല.

വികസിത മുതലാളിത്ത രാജ്യങ്ങള്‍ ദരിദ്രകുട്ടികള്‍ക്ക്‌ മേല്‍ നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച്‌ മാര്‍പാപ്പ എഴുതിയ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ മുമ്പ്‌ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതും സ്‌കൂള്‍കുട്ടികള്‍പോലും തമാശയായി കണക്കാക്കുന്നവയുമാണ്‌. ലോക പൈതൃക പട്ടിക യുനെസ്‌കോ എന്നീ രണ്ടു വാക്കുകളാണ്‌ സാമ്രാജ്യത്വ ഭീകരന്മാരുടെ അവതാരങ്ങളായി പറയപ്പെടുന്നത്‌. കുട്ടികളുടെ പാഠപുസ്‌തകമെടുത്ത്‌ മറിച്ച്‌ നോക്കിയാല്‍ അവയെന്താണെന്ന്‌ കാണാം.
ലോകപൈതൃകപട്ടികയിലെ ഇടം എന്നത്‌ ഒരു ഭരണവ്യവസ്‌ഥയല്ലെന്നും അതിനുമേല്‍ യാതൊരുവിധ നിയന്ത്രണ സംവിധാനങ്ങള്‍ നിലവിലില്ലെന്നും ഒരു പ്രദേശം ലോക പൈതൃകപട്ടികയില്‍ ഇടംനേടിയാല്‍ അതിന്റെ അര്‍ഥം അത്‌ മറ്റ്‌ പ്രദേശങ്ങളേക്കാള്‍ മൂല്യമുള്ളതുമാണെന്നു മാത്രമാണ്‌. പണമിടപാടുകളില്ല. സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ അത്‌ പ്രാദേശിക സര്‍ക്കാരുകള്‍ക്കാവാം. അതിനായില്ലെങ്കില്‍ ദേശീയ അന്തര്‍ദേശീയ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം. അതിന്‌ കഴിഞ്ഞില്ലെങ്കില്‍ ആ പ്രദേശം അതിന്റെ പൈതൃകമൂല്യം നഷ്‌ടപ്പെടുത്തിയാല്‍ ആകെ സംഭവിക്കുക വിലയിരുത്തലിന്റെ അടുത്ത ഊഴത്തില്‍ പട്ടികയില്‍ പേരുണ്ടാകില്ല എന്നത്‌ മാത്രമാണ്‌.

ഇക്കാര്യത്തിനാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റിയെ നിയമിച്ചത്‌ എന്നുപറഞ്ഞാല്‍ നിയമിച്ച മുന്‍കേന്ദ്രമന്ത്രി ജയറാംരമേശിന്റെ പുസ്‌തകമാണ്‌ മറുപടി എന്ന്‌ പറയേണ്ടിവരും. എന്തായിരുന്നു കാരണം എന്ന്‌ ഇന്നിപ്പോള്‍ നമുക്ക്‌ വിശദമായി അറിയുകയും ചെയ്യാം. അതിങ്ങനെയാണ്‌ ഏതൊരു പ്രദേശത്തും ജീവിക്കുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കൊക്കെയും ജീവസന്ധാരണത്തിന്‌ മിനിമം ആവശ്യമായ ചില പാരിസ്‌ഥിതിക സേവനങ്ങളുണ്ട്‌. വായു, ജലം, ഭക്ഷണം, പാര്‍പ്പിടം എന്നിങ്ങനെ. ഇവ പ്രദാനം ചെയ്യുന്നതോ അതല്ലെങ്കില്‍ ഇവയ്‌ക്കുള്ള വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നതോ അവിടുള്ള പ്രകൃതിയാണ്‌. ഈ വിഭവങ്ങള്‍വേണ്ട അളവിലും മലിനീകരിക്കപ്പെടാതെയും ലഭ്യമായാല്‍ മാത്രമെ മനുഷ്യന്റെ ആരോഗ്യത്തോടെയുള്ള സാമൂഹ്യജീവിതം സാധ്യമാകുകയുള്ളു. അതുകൊണ്ടാണ്‌ മരുഭൂമിയുടെ നടുവിലും വലിയ നഗരങ്ങളില്‍ നിറഞ്ഞുകവിഞ്ഞും മനുഷ്യന്‍ ജീവിക്കുമ്പോള്‍ അവര്‍ക്കായി വിഭവങ്ങള്‍ പുറത്തുനിന്ന്‌ എത്തിക്കേണ്ടിവരുന്നത്‌. എന്നാല്‍, ഈ വിഭവങ്ങള്‍ എന്നാല്‍ സമൂഹത്തിലെല്ലാവര്‍ക്കും ഒരേപോലെയല്ല ലഭ്യമാകുന്നത്‌.

ചിലര്‍ ഈ വിഭവങ്ങള്‍ ആവശ്യത്തിലേറെ എടുക്കുന്നു. മറ്റ്‌ ചിലര്‍ക്ക്‌ ലഭിക്കുന്നുമില്ല. മൂന്നുപേര്‍ക്ക്‌ ജീവിക്കാനായി 27 നില വീടുണ്ടാക്കുന്നതും തൊട്ടപ്പുറത്ത്‌ വീടില്ലാത്തതിനാല്‍ വഴിയരുകിലുറങ്ങി വണ്ടിയിടിച്ച്‌ മരിക്കുന്നതും സംഭവിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ഇനിവരാന്‍പോകുന്ന തലമുറകള്‍ക്ക്‌കൂടി ജീവിക്കാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ടാകണം എന്ന്‌ കൂടി തിരിച്ചറിയുമ്പോഴാണ്‌ പ്രശ്‌നത്തിന്റെ ഗുരുതരാവസ്‌ഥ ബോധ്യപ്പെടുക. ഈ ബോധ്യത്തിനിണങ്ങാത്തവിധം പശ്‌ചിമഘട്ടം കൊള്ളയടിക്കപ്പെടുന്നു എന്നതുകൊണ്ടും അതിന്റെ പല ഭാഗങ്ങളിലും മനുഷ്യന്‌ ജീവിക്കാനാവാത്ത അഗാധഗര്‍ത്തങ്ങളായി മാറിക്കഴിഞ്ഞു എന്നതും കൃതമായി മഴ കിട്ടിയിരുന്ന പല പ്രദേശങ്ങളിലും വരള്‍ച്ച ഉണ്ടാകുന്നു എന്നതുകൊണ്ടും ജലം, മണ്ണ്‌, കാട്‌, കല്ല്‌, മണല്‍ എന്നിങ്ങനെ പാരിസ്‌ഥിതിക സേവനങ്ങള്‍ നല്‍കുന്ന സ്രോതസുകളൊക്കെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുമാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി രൂപീകൃതമായത്‌. ഹൈറേഞ്ചില്‍ മാത്രമല്ല പശ്‌ചിമഘട്ടത്തിലൊട്ടാകെ ഇപ്പോഴത്തെപോലെ വിഭവചൂഷണം നടന്നാല്‍ ഈ പ്രദേശത്തിനു നല്‍കാന്‍ കഴിയുന്ന പാരിസ്‌ഥിതിക സേവനങ്ങള്‍ അവസാനിക്കും എന്നും അതിനാല്‍ ജീവസന്ധാരണം സാദ്ധ്യമാവുകയില്ല എന്ന തിരിച്ചറിവായിരുന്നു അതിനു കാരണം. തന്റെ ദീര്‍ഘലേഖനത്തില്‍ വീണ്ടും വീണ്ടും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചതും ഇക്കാര്യമാണ്‌.

സാധാരണ മനുഷ്യന്റെ മേല്‍നോട്ടത്തിലാകണം ചുറ്റുമുള്ള പരിസ്‌ഥിതി സംരക്ഷിക്കപ്പെടേണ്ടത്‌ എന്ന നിലപാടാണ്‌ പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റി മുന്നോട്ടുവച്ചത്‌. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും എന്നാല്‍ ഇന്നത്തേത്‌ പോലെ ധാരാളമായി കാന്‍സര്‍ വരാത്തരീതിയില്‍ ജൈവമാര്‍ഗങ്ങള്‍ അവലംബിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നുമാണ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞത്‌. സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാനും നിയന്ത്രിക്കാനും സാധാരണ മനുഷ്യന്‌ സാധ്യമാകുന്ന വിധത്തില്‍ പ്രാദേശിക ഗ്രാമസഭകളെ ഉത്തരവാദിത്വപ്പെടുത്തണമെന്നും റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരേയുള്ള ആകെയുള്ള പ്രതിരോധം പ്രാദേശിക ശാക്‌തീകരണവും ജനാധിപത്യത്തിന്റെ ആഴവും പരപ്പും ഇനിയും വര്‍ധിപ്പിക്കുകയുമാണ്‌ എന്ന കൃത്യമായ ലക്ഷ്യം മുന്നോട്ടുവച്ച റിപ്പോര്‍ട്ടിനെ സാമ്രാജ്യത്വ അജന്‍ഡയായി ജോസഫ്‌ മനസിലാക്കുന്നതിന്റെ കാരണം എന്താണ്‌? അതും വിശദീകരിക്കാം.

ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക്‌ അധികാരം കൊടുക്കുന്ന സംവിധാനത്തെ എല്ലാ വ്യവസ്‌ഥാപിത സന്തുഷ്‌ട സംവിധാനങ്ങള്‍ക്കൊക്കെ പേടിയാണ്‌. ഇതില്‍ മതങ്ങളും രാഷ്‌ട്രീയപാര്‍ട്ടികളുംപെടും. കാരണം ഈ സംവിധാനങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്‌ സാധാരണക്കാരന്റെ പണംകൊണ്ടല്ല, മറിച്ച്‌ പണക്കാരുടെ പണംകൊണ്ടാണ്‌. അതുകൊണ്ടാണ്‌ ഏറ്റവും സാധാരണയില്‍ സാധാരണക്കാരനായ മനുഷ്യന്റെ പ്രയാസങ്ങളെ പരിഹരിക്കുന്നതിനെ ഇവരാരും 'വികസനം' എന്ന്‌ വിളിക്കാത്തതും. ഞാന്‍ ജീവിക്കുന്ന സ്‌ഥലത്തെ മനുഷ്യര്‍ ഏതെങ്കിലും മുഖ്യധാരാ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ സംഭാവന കൊടുത്ത കാലം മറന്നു. ചുറ്റിലും വ്യാപിക്കുന്ന ക്വാറികളുടെ മുതലാളികളെ ഒന്ന്‌ ഫോണ്‍ചെയ്‌താല്‍ തീരുന്ന പ്രശ്‌നമാണിത്‌.
ഇന്നാരും രസീത്‌കുറ്റിയടിക്കാറില്ല. തെരഞ്ഞെടുപ്പില്‍ ഒന്ന്‌ ജയിച്ചുകിട്ടിയാല്‍ പിന്നെ മനുഷ്യരെ തൊട്ടുകൂടാത്ത സവര്‍ണരായി മാറുന്ന നേതാക്കളുടെ ഒഴിവുസമയ വിനോദമെന്നതില്‍ നിന്ന്‌ ജനാധിപത്യത്തെ ജനങ്ങളുടെ നിരന്തരമായ ഇടപെടലിന്റെ വേദിയാക്കാനാണ്‌ റിപ്പോര്‍ട്ട്‌ ശ്രമിച്ചതും പരാജയപ്പെട്ടതും. അതിനു കാരണം 'കുറച്ചുപേരെ എല്ലാ കാലത്തേയ്‌ക്കും എല്ലാവരെയും കുറച്ചുകാലത്തേയ്‌ക്കും വിഡ്‌ഢികളാക്കാന്‍ കഴിയും' എന്ന പഴമൊഴിയാണ്‌. എല്ലാവരേയും കുറച്ചുകാലത്തേക്ക്‌ വിഡ്‌ഢികളാക്കാന്‍ കഴിയുന്ന ഇടവേളയിലായിരിക്കാം നമ്മള്‍. പക്ഷേ, പ്രതീക്ഷ തകരുന്നത്‌ 'എല്ലാവരെയും എല്ലാകാലത്തേക്കും വിഡ്‌ഢികളാക്കാന്‍ പറ്റില്ല' എന്ന അതേ പഴമൊഴിയുടെ തീര്‍പ്പാണ്‌.

അതുകൊണ്ടാണ്‌ ഗാഡ്‌ഗിലിന്‌ ടയിലര്‍ സമ്മാനം കിട്ടി, ഇപ്പോ മനസിലായില്ലേ അദ്ദേഹത്തിന്റെ വൈദേശികബന്ധം? എന്ന്‌ . ജോസഫ്‌ ചോദിക്കുന്നത്‌ പരിഹാസ്യമാകുന്നത്‌. കാരണം ഇത്‌ പറയുമ്പോള്‍ ടയിലര്‍ സമ്മാനം എന്താണ്‌ എന്നും ഇതുവരെ ആര്‍ക്കൊക്കെ അത്‌ കിട്ടി എന്നുംകൂടി പറയേണ്ടതുണ്ട്‌. അത്‌ പറഞ്ഞില്ലെങ്കിലും നമ്മുടെ രാജ്യം അദ്ദേഹത്തിന്‌ പത്മശ്രീയും പദ്‌മഭൂഷണും കൊടുത്തിട്ടുണ്ട്‌ എന്നെങ്കിലും പറയേണ്ടേ?

അവസാനത്തെ ആരോപണം കോയമ്പത്തൂരിലെ ഡാക്കോണ്‍ എന്ന സ്‌ഥാപനം കണികാ പരീക്ഷണശാലയ്‌ക്കുവേണ്ടി പരിസ്‌ഥിതി ആഘാതപഠനം നടത്തി അനുകൂലമായ റിപ്പോര്‍ട്ട്‌ കൊടുത്തു എന്നതും ആ സ്‌ഥാപനത്തിന്റെ സ്‌ഥാപക ഡയറക്‌ടറായിരുന്ന വ്യക്‌തി ഗാഡ്‌ഗില്‍ കമ്മിറ്റിയംഗം ആയിരുന്നു എന്നതുമാണ്‌. വിചിത്രമാണ്‌ ഈ വാദം. തന്റെ പാപങ്ങള്‍ക്കുള്ള ശിക്ഷ തന്റെ പൂര്‍വികര്‍ ഏറ്റുവാങ്ങണമെന്ന ഒരു പ്രാര്‍ത്ഥന ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്‌.

മുന്നേ നടക്കുകയും സത്യം പറയുകയും ചെയ്യുന്നവനെ ക്രൂശിക്കുക എന്നത്‌ ജറുസലേമിലെ മാത്രം രീതിയല്ല. പ്രതീക്ഷ പക്ഷേ, കുട്ടികളിലാണ്‌. നിറയെ വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ടവര്‍. ഹൈറേഞ്ച്‌ മലനിരകളിലെ ഓരോ പുല്‍നാമ്പിനൊപ്പവും നിന്ന്‌ ജെസിബികള്‍ക്കെതിരേ അവര്‍ മനസില്‍ യുദ്ധം കുറിക്കുന്നുമുണ്ട്‌. വികസനം എന്നത്‌ ഒരു അശ്ലീല പദമായി മനസിലാക്കിയിട്ടും ഉണ്ട്‌ അവര്‍.

മാര്‍പാപ്പ ദീര്‍ഘമായി എഴുതിയ ആകുലതകളെക്കുറിച്ചും അവയെ മറികടക്കാനായി ഗാഡ്‌ഗില്‍ മുന്നോട്ടുവച്ച രീതികളെക്കുറിച്ചും നമ്മള്‍ ആവലാതിപ്പെടേണ്ടതില്ല. നമ്മുടെ കുട്ടികള്‍ നടപ്പിലാക്കിക്കോളും ഗാഡ്‌ഗില്‍ നിര്‍ദ്ദേശങ്ങള്‍. നമ്മള്‍ കാര്‍ന്നുതീര്‍ക്കുന്ന മലനിരകളെ തിരിച്ചുപിടിക്കാന്‍ മറ്റൊരു വഴിയുണ്ടാവില്ലവര്‍ക്ക്‌. അവര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങുന്നത്‌ വരെ മാത്രമേ നമ്മുടെ നുണകള്‍ക്ക്‌ ആയുസുണ്ടാവുകയുള്ളു.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin