Wednesday, 6 August 2014


TOP STORIES TODAY
  Aug 05, 2014
സ്നേഹസ്‌പര്‍ശവുമായി സിസ്റ്റര്‍
 സെലിന്‍


പുല്പള്ളി: കടത്തിണ്ണയിലിരുന്ന തങ്കപ്പന്‍ ഒരു മാലാഖയെ കണ്ടു. ദൈവത്തിന്റെ കരസ്പര്‍ശവുമായെത്തിയ സിസ്റ്റര്‍ സെലിനെ.

സ്‌നേഹത്തോടെ അവര്‍ ചോദിച്ചു: ഈ താടിയും മുടിയുമൊക്കെ ഒന്നു വൃത്തിയാക്കിയാലോ? ഒരു കൊച്ചു കുഞ്ഞിനെ പോലെ അനുസരണയോടെ തങ്കപ്പന്‍ സിസ്റ്ററുടെ കൈപിടിച്ച് വേച്ചുവേച്ച് നടന്നു. ടൗണിലെ തിരക്കൊഴിഞ്ഞ ഒരു കടത്തിണ്ണയില്‍ കൊണ്ടിരുത്തി സിസ്റ്റര്‍ തങ്കപ്പന്റെ നീണ്ട താടിയും മുടിയുമൊക്കെ വെട്ടി വൃത്തിയാക്കി. ഈ കാഴ്ച കാണുന്നതിനും മൊബൈലില്‍ ചിത്രമെടുക്കുന്നതിനും ആളുകളെത്തി.

എന്നാല്‍ ഇതൊന്നും സാരമാക്കാതെ സിസ്റ്റര്‍ തങ്കപ്പന്റെ കൈകാലുകളിലെ നീണ്ട നഖങ്ങള്‍ വെട്ടിയും ശരീരത്തിലെ വ്രണങ്ങള്‍ കഴുകിത്തുടച്ചും കാരുണ്യമെന്തെന്നു തനിക്ക് ചുറ്റുമുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു. ഇതിനിടയില്‍ ചില മനുഷ്യസ്‌നേഹികള്‍ തങ്കപ്പന് വസ്ത്രവും ചെരിപ്പുമൊക്കെ വാങ്ങിക്കൊണ്ടുവന്നു. പുത്തനുടുപ്പും ചെരിപ്പുമൊക്കെയണിഞ്ഞ് തങ്കപ്പന്‍ ഉഷാറായി എഴുന്നേറ്റു. ശരീരത്തിലെ വ്രണങ്ങള്‍ വൃത്തിയാക്കുന്നതിനായി ആസ്പത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കിയ ശേഷമാണ് സിസ്റ്റര്‍ മടങ്ങിയത്.

ചെറുപ്പത്തിലേ വയനാട്ടിലേക്ക് കുടിയേറിതാണ് തങ്കപ്പന്‍. കൂലിപ്പണിയെടുത്ത് നിത്യവൃത്തി തേടുന്നതിനിടയില്‍ ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ മറന്നുപോയി ഈ പാവം. ഇതിനിടയിലെവിടെയോ മനസ്സിന്റെ താളവും തെറ്റി. കടത്തിണ്ണകളില്‍ അന്തിയുറങ്ങി കാലം കഴിക്കുന്നതിനിടയിലാണ് തങ്കപ്പന്റെ മുമ്പിലേക്ക് അപരിചിതയായ സിസ്റ്റര്‍ കടന്നുവന്നത്. കാരുണ്യവും സ്‌നേഹവുമൊക്കെ എന്താണെന്നു സിസ്റ്ററുടെ കുറച്ചു നിമിഷത്തെ സാമീപ്യംകൊണ്ട് തങ്കപ്പന് അനുഭവിക്കാന്‍ കഴിഞ്ഞു.

മാനന്തവാടി ദ്വാരകയിലെ ആരാധന മഠത്തിലെ അന്തേവാസിയായ സിസ്റ്റര്‍ സെലിന്‍ പുല്പള്ളിയിലെത്തിയപ്പോഴാണ് തങ്കപ്പനെക്കുറിച്ച് കേട്ടറിഞ്ഞത്. വൈകാതെ അവര്‍ തങ്കപ്പനരികിലേക്ക് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ചെന്നെത്തുകയായിരുന്നു.

 http://www.mathrubhumi.com/story.php?id=474233

1 comment:

  1. george kuttikattu22 August 2014 at 06:08

    മൃതദേഹം ദഹിപ്പിക്കാന്‍ രൂപതകള്‍ക്ക് അനുമതി നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്‌

    Posted on: 22 Aug 2014








    കൊച്ചി: മൃതദേഹം മണ്ണില്‍ അടക്കുന്നതിനു പകരം സഭയുടെ നിയമം അനുശാസിക്കും വിധം ദഹിപ്പിക്കുന്നതിന് ഓരോ രൂപതയ്ക്കും അംഗീകാരം നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്.

    കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡാണ് ഇക്കാര്യം തീരുമാനിച്ചത്. സഭയുടെ കാനോനിക നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് മുന്നേ അനുമതിയുണ്ട്. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഇതിന് അനുമതി വാങ്ങണമായിരുന്നു. ഇനി മുതല്‍ അതത് രൂപതാ മെത്രാന്‍മാര്‍ക്ക് ഇത് അനുവദിക്കാം.

    മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുക എന്ന ബൈബിള്‍ വചനം അടിസ്ഥാനമാക്കിയാണ് ക്രൈസ്തവര്‍ മണ്ണില്‍ ശവമടക്കുന്ന പാരമ്പര്യം പിന്തുടരുന്നത്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി വ്യാപകമായി. ഇതിന് പ്രത്യേക ക്രിമറ്റോറിയങ്ങളും പലയിടത്തുമുണ്ട്.

    ദഹിപ്പിക്കുന്ന രീതി വേണമെന്ന് കേരള സഭയില്‍ അടുത്തകാലത്തായി ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനഡ് പുതിയ തീരുമാനം കൈക്കൊണ്ടത്. അതോടൊപ്പം മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നുണ്ട്.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin