Tuesday, 26 August 2014

ചാവറയച്ചന്റെ വിശുദ്ധ പ്രഖ്യാപനം: കൂനമ്മാവ്‌ പള്ളി ഇനി തീര്‍ഥാടനകേന്ദ്രം

mangalam malayalam online newspaperകൊച്ചി: വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ കബറടങ്ങിയ കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ പള്ളിയെ തീര്‍ഥാടനകേന്ദ്രമായി വരാപ്പുഴ അതിരൂപത പ്രഖ്യാപിച്ചു. ഇക്കൊല്ലം നവംബര്‍ 23നു ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന സാഹചര്യത്തിലാണു പ്രഖ്യാപനമെന്നു ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ അറിയിച്ചു.
കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനും കൂനമ്മാവ്‌ ഇടവകയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്‌കരിച്ച സ്‌ഥലമെന്ന നിലയില്‍ കൂനമ്മാവ്‌ തീര്‍ഥാടനകേന്ദ്രമായി മാറേണ്ടത്‌ ചരിത്രആവശ്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ചില കേന്ദ്രങ്ങള്‍ ചരിത്രത്തെ വളച്ചൊടിച്ചു കൂനമ്മാവിന്റെ പ്രാധാന്യം കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഈ പ്രവണത അവസാനിപ്പിക്കണം.
സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും ആ സഭയിലെ മെത്രാന്മാരും ഇക്കാര്യത്തില്‍ ലത്തീന്‍ സഭയുമായി തികഞ്ഞ സഹവര്‍ത്തിത്വത്തിലാണു നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്‌. കൂനമ്മാവിന്റെ പ്രാധാന്യം സംബന്ധിച്ചു സഭകള്‍ക്കിടയില്‍ ഭിന്നതയൊന്നും നിലനില്‍ക്കുന്നില്ലെന്ന്‌ ഡോ. കല്ലറക്കല്‍ പറഞ്ഞു. ചാവറയച്ചന്റെ പ്രവര്‍ത്തനമേഖല എന്ന നിലയില്‍ മാന്നാനത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്‌. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടങ്ങളില്‍ ഒരുഭാഗം മാന്നാനത്തും സംസ്‌കരിച്ചിട്ടുണ്ട്‌. പ്രത്യേക അനുമതി വാങ്ങി സീറോ മലബാര്‍ സഭാ പ്രതിനിധികളാണു ഭൗതികാവശിഷ്‌ടം മാന്നാനത്തേക്കു കൊണ്ടുപോയത്‌.
1871 ജനുവരി മൂന്നിനു കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ആശ്രമത്തില്‍വച്ചായിരുന്നു ചാവറയച്ചന്‍ അന്ത്യശ്വാസംവലിച്ചത്‌. അദ്ദേഹം താമസിച്ച മുറി ഒരു കപ്പേളയായി ഇന്നും സൂക്ഷിക്കുന്നുണ്ട്‌.
ചാവറയച്ചനെ ധന്യനായി പ്രഖ്യാപിക്കാനുള്ള അത്ഭുതകൃപ ലഭിച്ചത്‌ കൂനമ്മാവ്‌ ഇടവകയില്‍നിന്നാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ കല്ലറക്കല്‍ വ്യക്‌തമാക്കി. വിശുദ്ധ പ്രഖ്യാപന വേളയില്‍ വിശ്വാസികള്‍ക്ക്‌ സെന്റ്‌ ഫിലോമിനാസ്‌ ഇടവകയില്‍ എത്തിച്ചേരാന്‍ വരാപ്പുഴ അതിരൂപത സൗകര്യങ്ങളേര്‍പ്പെടുത്തും. കൂനമ്മാവ്‌ ഇടവകയിലുള്ള ചാവറയച്ചന്റെ മ്യൂസിയം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്‌.

http://www.mangalam.com/religion/220962

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin