Monday, 18 August 2014

കബളിപ്പിക്കപ്പെട്ട മാർത്തോമ്മാ ചരിത്രവും തരൂരിന്റെ മിത്തും.
By ജോസഫ് പടന്നമാക്കൽ 

കാളിന്ദി നദിയിൽനിന്നും കാളിയാസർപ്പത്തെ വകവരുത്തി വിജയ ശ്രീലാളിതനായി വന്ന ശ്രീ കൃഷ്ണഭഗവാനെ ഓടക്കുഴൽ ഊതി 'രാധ' സ്വീകരിച്ചത് പുരാണങ്ങളിൽ വായിച്ചിട്ടുണ്ട്. അതുപോലെ തോമസ് പുരാണവും ശ്രീ ശശി തരൂരിന്റെ ഭാവനയിൽ രചിക്കപ്പെട്ടു. അറേബ്യൻ തിരമാലകൾ ഭേദിച്ച് കാറ്റിനോടും മഴയോടും സൂര്യതാപത്തോടും  മല്ലിട്ട്  സിറിയായിൽനിന്നും പാക്കപ്പലിൽ ബഹുദൂരം യാത്ര ചെയ്ത് ക്രിസ്തുശിക്ഷ്യനായ തോമ്മാശ്ലീഹാ കൊടുങ്ങല്ലൂർ വന്നെത്തിയെന്ന് കേരളക്രൈസ്തവ ലോകമൊന്നാകെ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സന്ദേശവുമായി കൊടുങ്ങല്ലൂർ എത്തിയ റാബി പുത്രനായ തോമ്മാ ശ്ലീഹായെ സ്വീകരിക്കാൻ ഒരു യഹൂദ പെണ്‍ക്കുട്ടി  ഒടക്കുഴലൂതിക്കൊണ്ട് തുറമുഖ പട്ടണമായ മുസ്സോറിയിൽ  ഉണ്ടായിരുന്നുവെന്ന് ശ്രീ ശശി തരൂർ തന്റെ ഗവേഷണ പ്രബന്ധത്തിൽ എഴുതി ചേർത്തിരിക്കുന്നു. ശശി തരൂരിന്റെ ഈ കണ്ടുപിടിത്തംമൂലം  തോമസിനെപ്പറ്റിയുള്ള ഇത്രയും കാലത്തെ ചരിത്രകഥകൾ  അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. ‘പാക്സ് ഇന്ഡിക: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ 'ഇന്ത്യയും ലോകവും' എന്ന പുസ്തകത്തിലാണ് തോമസിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ ഒരു ചരിത്ര വസ്തുതയായി ചിത്രീകരിക്കുന്നത്. ഉന്നതകുല ബ്രാഹ്മണജാതിയിൽനിന്നും  അദ്ദേഹം നിരവധിപേരെ ക്രിസ്ത്യാനികളായി മതം മാറ്റിയെന്നും വിശ്വസിക്കുന്നു.  യൂറോപ്പിൽ ക്രിസ്തുമതം വരുന്നതിനുമുമ്പ് കേരളത്തിലെ  സുറിയാനി ക്രിസ്ത്യാനികളുടെ പൂർവ്വികർ ക്രിസ്തുമതം സ്വീകരിച്ചിരുന്നുവെന്ന് ശ്രീ  ശശി തരൂർ തറപ്പിച്ചു പറയുന്നു. ഇതുകേട്ടു ക്രിസ്ത്യൻ പണ്ഡിതരും  തരൂരിന്റെ ഗവേഷണത്തെ  അവരുടെ ഗ്രന്ഥപ്പുരയിലെ  ചരിത്രതാളുകളോടൊപ്പം  ചേർത്തുകഴിഞ്ഞു. ക്രിസ്തുമതത്തെ എതിർക്കാനും ആക്ഷേപിക്കാനും ചിലർ തോമ്മാ ശ്ലീഹായുടെ വരവ് കെട്ടുകഥയായി  ചിത്രീകരിക്കാറുണ്ടെന്നും സഭാചരിത്രകാരന്മാർ അവരെ  കുറ്റപ്പെടുത്താറുണ്ട്. 


തോമ്മാ ശ്ലീഹാ  കേരളത്തിൽ  എ.ഡി. 52-ൽ വന്നുവെന്നും  നമ്പൂതിരി കുടുംബങ്ങളെ മാനസാന്തരപ്പെടുത്തി  ക്രിസ്ത്യാനികളായി   മതം മാറ്റിയത്  ചരിത്ര സത്യമായിരുന്നുവെന്നും പരമ്പരാഗതമായി  ആകമാന സുറിയാനി ക്രിസ്ത്യാനികൾ വിശ്വസിച്ചുവരുന്നു. സഭ അങ്ങനെ സഭാമക്കളെ  പഠിപ്പിച്ചും വരുന്നു. ഭാരതത്തിലെ രാഷ്ട്രീയനേതാക്കന്മാർ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ  ക്രിസ്തുമതം യൂറോപ്പിൽ വരുന്നതിനുമുമ്പ് ഇന്ത്യയിൽ  ഉണ്ടായിരുന്നുവെന്ന്  വളരെ ആവേശപരമായി  പറയാറുണ്ട്. അടുത്തയിടെ ശ്രീ തരൂർ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇന്ത്യൻ ക്രിസ്ത്യാനികളുടെ  തോമസ് പാരമ്പര്യം യൂറോപ്യൻ പാരമ്പര്യത്തിനെക്കാളും പഴക്കമേറിയതെന്നും  പ്രസ്താവിച്ചിട്ടുണ്ട്. 'യൂറോപ്പിൽ ക്രിസ്തുമതം വരുന്നതിനുമുമ്പ് ഇന്ത്യയിൽ ക്രിസ്തുമതം  വേരൂന്നിയെന്നു വാദിക്കുന്ന  ഈ പണ്ഡിതന്മാരോടെല്ലാം ഒരു ചോദ്യമുണ്ട്. വസ്തുതകൾ ഇല്ലാതെ ഒളിഞ്ഞിരിക്കുന്ന ഈ ചരിത്രം ഒരു സത്യമാണോ? 



 അപ്പോസ്തോലൻ പോളിന്റെ വിവരണത്തിൽ അദ്ദേഹം സ്പെയിനിൽ യാത്ര ചെയ്യുവാൻ പദ്ധതിയിടുന്നുവെന്ന്  വചനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (റോമൻസ്:15:24 & 15:28)  പൌലോസ് ശ്ലീഹാ എഫേസൂസ് വഴി ഗ്രീസിലും മാസിഡോണിയായിലും  ജെറുസ്ലേമിലും  റോമിലും യാത്ര ചെയ്തതായി വേദപുസ്തകം പറയുന്നു.  പോൾ  ഈ സുവിശേഷം എഴുതിയത് ക്രിസ്തു വർഷം 40 നും 44 നും ഇടയ്ക്കെന്ന് ചരിത്രകാരന്മാർ പറയുന്നു. എ.ഡി. 52-ൽ തോമ്മാ ശ്ലീഹാ ഇന്ത്യയിൽ വന്നുവെന്ന് സമ്മതിച്ചാൽ തന്നെയും ഇന്ത്യൻ ക്രിസ്ത്യൻ ചരിത്രം യൂറോപ്പിനെക്കാളും പാരമ്പര്യമുള്ള വാദമെന്ന് എങ്ങനെ ന്യായികരിക്കാൻ സാധിക്കും?   യൂറോപ്പിൽ  ക്രിസ്തീയ മതം ഉണ്ടായി കഴിഞ്ഞ് ഒരു പതിറ്റാണ്ടുകൂടി കഴിഞ്ഞാണ് ഭാരതത്തിൽ  ക്രിസ്തുമതം ഉണ്ടായതെന്നും  സമ്മതിക്കേണ്ടി വരും.


ഒന്നാം നൂറ്റാണ്ടു മുതൽ  ക്രിസ്ത്യാനികളെ സെന്റ് തോമസ്  ക്രിസ്ത്യാനികളെന്ന് അറിയപ്പെട്ടിരുന്നുവെന്ന കഥയിലും സത്യമില്ല. സുറിയാനി ക്രിസ്ത്യാനികളെ നസ്രായന്മാരെന്നും യൂറോപ്യന്മാർ നെസ്തോറിയൻകാരെന്നും പതിനാലാം നൂറ്റാണ്ടുവരെ വിളിച്ചിരുന്നു. 1348-ൽ  മാർപ്പാപ്പായുടെ പ്രതിനിധിയായ ഫ്രാൻസിസ്ക്കൻ സഭയിലെ ബിഷപ്പ് ജീയോവാന്നി ഡേ മരിഗോളി ആദ്യമായി ദേശീയക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികളെന്നു വിളിച്ചുവെന്ന് ചരിത്രം പറയുന്നു. സമൂഹത്തിൽ താണവരായ ജനങ്ങളെ ക്രിസ്ത്യാനികളായി മതപരിവർത്തനം  നടത്തുന്നതുകൊണ്ട് സുറിയാനി ക്രിസ്ത്യാനികളെ സെന്റ് തോമസ് ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ തുടങ്ങി.   
'ആക്ട്റ്റ് ഓഫ് തോമസ്' എന്ന പുരാതന കൃതിയാണ് തോമ്മാശ്ലീഹാ  ഇന്ത്യയിൽ വന്നുവെന്നുള്ള വാദം ഉന്നയിക്കുന്നത്. 'പാർത്ത്യാ' യും (പേർഷ്യാ)  ഗാന്ധാരയും (പാക്കിസ്ഥാൻ) ജൂഡസ് തോമസും അബാനെന്ന കച്ചവട പ്രമാണിയും വന്നെത്തിയ ഭൂപ്രദേശങ്ങളെന്ന് ഈ പൌരാണിക കൃതികൾ വ്യക്തമാക്കുന്നു.    

കർദ്ദിനാൾ വർക്കി വിതയത്തിൽ ‘സ്റ്റോണ് ദി സിൻ (stone the sin')’ എന്ന ലേഖനത്തിൽ ക്രിസ്ത്യാനികളുടെ ഉറവിടം ബ്രാഹ്മണരിൽനിന്നുമെന്ന കഥ  അർഥമില്ലാത്തതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളുടെ  ബ്രാഹ്മണചരിത്രം വെറും കെട്ടുകഥയെന്നും കർദ്ദിനാൾ വർക്കി വിതയത്തിൽ വിശ്വസിച്ചിരുന്നു.  


തോമ്മാശ്ലീഹാ   ഒന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചെന്നും  ഉയർന്ന ജാതിയിലുള്ള നമ്പൂതിരിമാരെ മതം മാറ്റിയെന്നുമാണ് ഒരു വിശ്വാസം. മറ്റുള്ള താണവരായ ജാതികളെ ക്രിസ്ത്യാനികൾ ആക്കിയിട്ടില്ലെന്നും വിശ്വസിക്കുന്നു. ഇത്തരം കെട്ടുകഥകൾ കേൾക്കുന്ന അക്രൈസ്തവർ  ക്രിസ്ത്യാനികളെ പരിഹസിക്കുന്നതിൽ   എന്താണ് തെറ്റ്?  ക്രൈസ്തവ തത്ത്വങ്ങളെയോ ഭാരത ചരിത്രത്തെപ്പറ്റിയോ അറിവില്ലാത്തവരാണ്  ഇത്തരം നുണ കഥകളുമായി ദേവാലയ മണിയടി മുഴക്കികൊണ്ട്  അല്മായ ജനങ്ങളെ ബോധവാന്മാരാക്കുന്നത്. ക്രിസ്തു ശിഷ്യനായ  തോമ്മാ ശ്ലീഹായെ വർണ്ണ വർഗീയ വാദിയായി ചിത്രീകരിക്കുന്നത തന്നെ ക്രിസ്തീയമല്ലെന്നും  ബ്രാഹ്മണ ക്രിസ്തീയ വാദികൾ മനസിലാക്കണം. ഇരമ്പുന്ന കടൽത്തീരത്തും  മുക്കവക്കുടിലിലും  മലയോരങ്ങളിലും വിശ്രമമില്ലാതെ വേദം പ്രസംഗിച്ച   സമൂഹത്തിൽ താഴ്ന്നവർക്കും  കുഷ്ഠ രോഗികൾക്കും പാവങ്ങൾക്കും വേണ്ടി പട പൊരുതിയ ക്രിസ്തുവിന്റെ ഒരു ശിക്ഷ്യനെ  സവർണ്ണ ജാതികളുടെ വക്താവായി ചിത്രീകരിക്കുന്നതിൽ യുക്തിയെവിടെ ?.



ബ്രാഹ്മണർ കേരളത്തിലേയ്ക്ക് കുടിയേറാൻ തുടങ്ങിയത് ഏഴാം നൂറ്റാണ്ടിനു ശേഷമാണ്. തോമ്മാ ശ്ലീഹാ വന്ന കാലങ്ങളിൽ കേരളം മുഴുവൻ കാട്ടു പ്രദേശങ്ങളും  വന്യ മൃഗങ്ങളും നിറഞ്ഞ സങ്കേതങ്ങളായിരുന്നു.  കേരളം തമിഴകത്തിന്റെ ഭാഗമായിരിക്കണം. തോമസ് വന്ന കാലങ്ങൾ എവിടെയും ആദിവാസികൾ തിങ്ങി നിറഞ്ഞ പ്രദേശങ്ങളായിരുന്നു. ഏ .ഡി. 52-ൽ വൃദ്ധനായ തോമ്മാശ്ലീഹാ താമര കുരിശും വഹിച്ച്  ഈ സ്ഥലങ്ങളിൽ പോയി  ഏഴര പള്ളികൾ സ്ഥാപിച്ചെന്ന കഥകൾ സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്നതല്ല. കേരളം  തോമസ് വന്ന കാലങ്ങളിൽ തമിഴകത്തിന്റെ  ഭാഗമെന്ന നിലയ്ക്ക് തമിഴിലെ തിരുക്കുരുളിലോ  ചിലപ്പതികാരത്തിലോ കേരള ക്രൈസ്തവ സഭകളെപ്പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല.  



ആരാണ് അപ്പസ്തോലനായ തോമസ്? എന്തുകൊണ്ട് ആ പേര് ക്രിസ്ത്യൻ പ്രാർഥനകളിൽ പ്രസിദ്ധമായി. സഭ അംഗീകരിക്കാത്ത 'ആക്റ്റ്സ്  ഒഫ് തോമസ്, തോമസിന്റെ സുവിശേഷങ്ങൾ' എന്നീ പൌരാണിക ഗ്രന്ഥങ്ങളാണ് അപ്പോസ്തോലന്റെ ഭാരതത്തിലെക്കുള്ള വരവിന് തെളിവുകളായി കണക്കാക്കിയിട്ടുള്ളത്. തോമസ് അപ്പസ്തോലൻ  യേശുവിന്റെ ഇരട്ട സഹോദരൻ എന്നാണ് ഈ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവിക ശാസ്ത്രങ്ങൾക്ക് വിപരീതമായ ഈ ബുക്കുകളെ വത്തിക്കാൻ  അംഗീകരിച്ചിട്ടില്ല.. ഏകജാതനായ യേശുവിന് സഹോദരൻ ഉണ്ടെന്നുള്ളതും സഭയുടെ വിശ്വാസസത്യത്തിന് എതിരാണ്. ഗ്രീക്കിൽ ഇരട്ടസഹോദരൻ എന്ന അർത്ഥത്തിൽ 'തോമസ് എന്ന പേരിനെ 'ഡിഡിമസ്' എന്ന് വിളിക്കുന്നു. മൈലാപ്പൂരിൽ തോമ്മാശ്ലീഹായുടെ ഭൌതികാവശിഷ്ടം അടങ്ങിയ കബറിടം  ഉണ്ട്. പ്രശ്നം എന്തെന്നാൽ വിശുദ്ധ തോമസിനെ അടക്കിയതെന്ന് വിശ്വസിക്കുന്ന കബറിടങ്ങൾ പേർഷ്യയിൽ ഉടനീളവും ഇസ്രായേലിലും  ഉണ്ട്. പലയിടത്തും വിശുദ്ധൻ  മരിച്ച വർഷം വ്യത്യസ്ത തിയതികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.(റഫ: ഈശ്വർ ഷരൻ)



തോമ്മാശ്ലീഹായുടെ ഭാരതവരവിനെ സംബന്ധിച്ച കെട്ടുകഥകൾ  കാനേഡിയൻ പണ്ഡിതനായ 'ഈശ്വർ ഷരൻ' അദ്ദേഹത്തിൻറെ പ്രസിദ്ധ ബുക്കായ 'ദി മിത്ത് ഓഫ് സെന്റ്.തോമസ് ആൻഡ് ദി മൈലാപ്പൂർ ശിവ റ്റെമ്പിൾ(The Myth of St. Thomas and the Mylapore Shiva Temple)എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. മിഷ്യനറിമാരുടെ വരവുകാലത്ത് ക്രിസ്തുമതം പ്രചരിപ്പിക്കാൻ യേശുവിനെപ്പോലെ  ഒരു രക്തസാക്ഷിയെ ഭാരതത്തിൽ സൃഷ്ടിക്കണമായിരുന്നു. എങ്കിലേ സഹതാപം കൊണ്ട് സഭയ്ക്ക്  വളരാൻ സാധ്യതയുണ്ടായിരുന്നുള്ളൂവെന്നും വിദേശ മിഷ്യനറിമാർ കണക്കാക്കി. അതുകൊണ്ട് വിശുദ്ധ തോമസിനെ രണ്ടു ബ്രാഹ്മണർ കുന്തംകൊണ്ട് കുത്തി കൊല്ലപ്പെട്ട ഒരു രക്തസാക്ഷിയായി വാർത്തെടുത്തു.    
അൾത്താരയിലെ തോമ്മാശ്ലീഹായുടെ രൂപങ്ങളുടെ കൈകളിൽ ബൈബിൾ  പിടിപ്പിച്ചിരിക്കുന്നതായി കാണാൻ സാധിക്കും. വാസ്തവത്തിൽ വിശുദ്ധന്റെ കാലത്ത് യേശുവിന്റെ വചനങ്ങൾ അടങ്ങിയ ബൈബിൾ എഴുതിയിട്ടുണ്ടായിരുന്നില്ല. മതം മാറിയ ക്രിസ്ത്യാനികളെ പുതിയ നിയമങ്ങൾ പഠിപ്പിച്ചു കാണാൻ സാധ്യതയില്ല. പുതിയ നിയമം കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലാണ്.എ.ഡി. 325--ൽ നിക്കാ സുനഹദോസിനുശേഷം കോണ്സ്റ്റാൻറിൻ ചക്രവർത്തിയുടെ കാലത്താണ് പുതിയ നിയമത്തിന്റെ പ്രസക്തഭാഗങ്ങൾ ക്രോഡീകരിച്ചത്. 



യൂറോപ്പിലെ കത്തോലിക്കാ യൂണിവേഴ്സിറ്റികളിൽ തോമ്മാശ്ലീഹാ ഇന്ത്യയിൽ വന്നുവെന്ന കെട്ടുകഥ ചരിത്രകഥയായി പഠിപ്പിക്കുന്നില്ലന്നാണ് ഈശ്വർ ശരന്റെ ബുക്കിന് ആമുഖമായി ബൽജിയം പണ്ഡിതനായ കോണ്റാഡ് എല്സ്റ്റ്റ് എഴുതിയത്. എന്നാൽ ഇന്ത്യയിലെ  എഴുത്തുകാർ തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേക്കുള്ള വരവ് ചരിത്ര സത്യങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു. ശ്രീരാമന്റെ അയോദ്ധ്യായെ കെട്ടുകഥയായി വിശേഷിപ്പിക്കുന്ന ഹൈന്ദവ മതത്തിലെ മതേതര ചിന്താഗതിക്കാരും വോട്ടുബാങ്ക് തേടി തോമ്മാശ്ലീഹായുടെ കെട്ടുകഥയെ സത്യമാണെന്ന് ധരിപ്പിച്ച്  ചായം പൂശാറുണ്ട്. തോമ്മാശ്ലീഹായെ രക്തസാക്ഷിയാക്കുകയും  ബ്രാഹ്മണരെ മതഭ്രാന്തരായി ചിത്രീകരിക്കുകയും ചെയ്താൽ   മതപരിവർത്തനം സുഗമമായി നടക്കുമെന്ന് അന്ന് മിഷ്യനറിമാർ കണക്കുകൂട്ടിയിരുന്നു.   



ഹാർവാർഡ്  യൂണിവേഴ്സിറ്റി  പ്രൊഫസറും ദൈവശാസ്ത്ര പണ്ഡിതനുമായ  ഫാദർ ഫ്രാൻസീസ് കൂൾന തോമ്മാ ശ്ലീഹാ ബ്രസീലിൽ വന്ന് വേദം പ്രസംഗിച്ചുവെന്നു പ്രബന്ധം എഴുതിയിരിക്കുന്നു.   'മനുഷ്യരാരും എത്തുവാൻ സാധ്യതയില്ലാത്ത കാലത്ത് സെന്റ് തോമസ് ബ്രസീലിൽ വന്ന് വേദം പ്രസംഗിച്ചു വെന്നാണ് അദ്ദേഹം സ്ഥിതികരിച്ചിരിക്കുന്നത്. 'പെറു'വിലും തോമ്മാശ്ലീഹാ വന്നുവെന്ന് പെറു വാസികളുടെ ഇടയിലും കഥയുണ്ട്. അങ്ങനെ തോമ്മാ ശ്ലീഹായെ തെക്കേ അമേരിക്കാ മുഴുവനും വേദ പ്രചാരകനായി സ്ഥാപിച്ചിരിക്കുകയാണ്.



പതിനാറാം നൂറ്റാണ്ടിൽ കടൽക്കൊള്ളക്കാരായി വന്ന  പോർട്ടുഗീസ്സുകാരാണ് തോമസിന്റെ കെട്ടുകഥ  ആദ്യമായി ഉണ്ടാക്കിയത്.  2006  സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി പതിനാറാം ബെനഡിക്റ്റ് മാർപ്പാപ്പാ  വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയ അങ്കണത്തിലെ തീർഥാടകരെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ ഒരു പ്രസംഗത്തിൽ,  പറഞ്ഞത് " വിശുദ്ധ തോമസ് ആദ്യം സിറിയായിലും പേർഷ്യയിലും പിന്നീടു ഉൾപർവത നിരകളിൽക്കൂടി സഞ്ചരിച്ച്  അങ്ങു  പടിഞ്ഞാറു ഭാരതംവരെ യാത്ര ചെയ്തിരിക്കാമെന്നാണ്.  അവിടെനിന്നും അനേകകാലങ്ങൾക്കു ശേഷം  മറ്റു മിഷനറിമാരുടെ സഹായത്തോടെ  തെക്കേ ഭാരതത്തിലേക്കു ക്രിസ്തു മതം പ്രചരിച്ചതായിരിക്കാം". ഈ വാർത്ത ഭാരതമാകമാനം വിശ്വാസികളെയും പുരോഹിത ബിഷപ്പുമാരെയും ദുഖിതരാക്കി.  മാർപാപ്പയുടെ ഈ പ്രസ്താവന  ആകമാന ക്രിസ്ത്യാനികളുടെ  പരമ്പരാഗതമായ വിശ്വാസത്തിന്  എതിരായ ഒരു പ്രഖ്യാപനമായിരുന്നു. അതുമൂലം ഭാരതസഭയിലൊന്നാകെ കോളിളക്കം ഉണ്ടാക്കി. അടുത്ത ദിവസംതന്നെ വത്തിക്കാന്റെ  വെബ്സൈറ്റിൽ  മാർപ്പാപ്പയുടെ അഭിപ്രായത്തെ  സെന്റ് തോമസ് ഭാരതത്തിൽ , വന്നിട്ടുണ്ടായിരുന്നുവെന്ന്  തിരുത്തിയെഴുതി. മാർപാപ്പയുടെ പ്രസംഗത്തിലെ സാരം അനുസരിച്ച്  തോമ്മാശ്ലീഹാ ഇന്നു കാണുന്ന പാക്കിസ്ഥാനിലാണ്  പ്രേഷിതപ്രവർത്തനം നടത്തിയെന്ന്  അനുമാനിക്കാം. പടിഞ്ഞാറേ തീരമെന്നാണ് 'തോമസ് ആക്റ്റും' സൂചിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഒറ്റയടിക്കു ഭാരത ക്രിസ്ത്യാനികളെ പോപ്പു വെല്ലു വിളിക്കുകയായിരുന്നു. ഭാരതസഭകളുടെ വിശ്വാസമായിരുന്ന തോമ്മാശ്ലീഹ ഹിന്ദുക്കളുടെ രാജ്യത്തു  സുവിശേഷം പ്രസംഗിച്ചുവെന്നുള്ള രണ്ടായിരം വർഷത്തെ ദർശനങ്ങളങ്ങനെ ഇടിച്ചു പൊളിച്ചെഴുതി..



1952 നവമ്പർ  13 നു വത്തിക്കാൻ, കേരള ക്രിസ്ത്യാനികൾക്കായി ഒരു സന്ദേശം അയച്ചിരുന്നു. അതിലെ ഉള്ളടക്കം, തോമ്മാശ്ലീഹാ എ.ഡി 52 കാലഘട്ടത്തു ഭാരതത്തിലെ കൊടുങ്ങല്ലൂരിനടുത്ത് വന്നുവെന്ന്  യാതൊരു തെളിവും കാണുന്നില്ലായെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.  1952 ലെ വത്തിക്കാൻറെ  അഭിപ്രായത്തിനു വീണ്ടും ഉറപ്പു വരുത്തുവാനായി ചിലർ  ചോദ്യങ്ങളുമായി 1996ൽ വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും അങ്ങനെ ഒരു പ്രസ്താവനയെപ്പറ്റി വത്തിക്കാൻ, നിരസിക്കുകയാണുണ്ടായത്. കര്ദ്ദിനാൾ സംഘത്തിന്റെ് പ്രീഫെക്റ്റിനു ഈ വിഷയം സംബന്ധിച്ചു കൂടുതലായ വിവരം ആവശ്യപ്പെട്ട്  ഗവേഷകർ വത്തിക്കാനു കത്തുകളയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തോമ്മാശ്ലീഹായുടെ ജീവിതം ചരിത്രകാരുടെ ഗവേഷണ പരിധിയിലുള്ളതാണെന്നും  കർദ്ദിനാൾതിരുസംഘം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനു പ്രാപ്തരല്ലന്നും വ്യക്തമാക്കി സ്വയം കൈകഴുകുകയാണുണ്ടായത്. (റഫ: ഈശ്വർ ശരത്ത്)



1729 ൽ, അന്നുണ്ടായിരുന്ന  മൈലാപ്പൂർ  ബിഷപ്പ്, സാന്തോം  കത്തീഡ്രലിലുള്ള തോമ്മാശ്ലീഹായുടെ ശവകുടീരത്തിൽ   സംശയം പ്രകടിപ്പിച്ചുകൊണ്ടു ഈ വിശ്വാസത്തിനു ഉറപ്പു വരുത്തുവാനായി  റോമിലെ കർദ്ദിനാൾ    തിരുസംഘത്തിന്   ഒരു കത്തെഴുതി. എന്നാൽ  റോമിന്റെ മറുപടി ഒരിക്കലും വെളിച്ചത്തു വന്നില്ല..ഇതിൽനിന്നും മനസ്സിലാക്കേണ്ടത്  മറുപടി നാട്ടുവിശ്വാസത്തിനു വിപരീതമായിരിക്കുമെന്നാണ്. എങ്കിലും  മദ്രാസിലെ മൈലാപ്പൂരുള്ള റോമൻകത്തോലിക്കാ അധികാരികൾ  1871ൽ,  തോമസിന്റെ സ്മാരകങ്ങളെല്ലാം പോർട്ടുഗീസുകാരുടെ സൃഷ്ടിയാണെന്ന് തറപ്പിച്ചു വാദിച്ചതായും ചരിത്രമുണ്ട്.



വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള  'ആക്റ്റ്സ് ഓഫ് തോമസ്' എന്ന പൌരാണികഗ്രന്ഥം പരമപ്രധാനമാണ്. ഈ ഗ്രന്ഥത്തിലുടനീളം സുവിശേഷങ്ങളും  യേശുവിൻറെ  ജീവചരിത്രവുമായി ബന്ധമില്ലാതെ  ധാരാളം വൈരുദ്ധ്യങ്ങളു൦ കാണാം. സഭ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല.  തോമ്മാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള യാത്ര സത്യമാക്കുന്നതിനു 'ആകറ്റ് ഓഫ് തോമസ്' ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ചു വിശുദ്ധ തോമസിന്റെ  യാത്രകളെ ചരിത്രമായിട്ടു  കരുതണമെങ്കിൽ  മറ്റു പല സത്യങ്ങളെയും അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തിൽ, സഭക്കു നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്, പാലസതീൻ  വിട്ടതു ജീസസ്, തന്റെ  ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന്  ഇവിടെ പറയുന്നു. ഇരട്ട സഹോദരനെന്നർഥം വരുന്ന  'ഡിഡിമാസ്' എന്നും വിശുദ്ധനു പേരുണ്ട്.


 'ആക്ട് ഓഫ് തോമസ്' വെളിപ്പെടുത്തുന്നത് അക്കമിട്ടു നിരത്തുന്നു

1. തോമസ്, ജീസസിനെ ധിക്കരിച്ച ഒരു സാമൂഹിക വിരുദ്ധനായിരുന്നു.
 2. ജീസസ്, ഒരു അടിമക്കച്ചവടക്കാരനായിരുന്നു.
 3. തോമസ് ജീസസിന്റെ ഇരട്ട സഹോദരനായിരുന്നു.
 4. കാനോൻ നിയമങ്ങളനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണെന്നു വരുന്നു.
 5. തോമസ് ഇരട്ടസഹോദരനായതുകൊണ്ടു ജീസസ് ദൈവത്തിന്റെ് ഏകജാതനല്ല.


ചുരുക്കത്തിൽ, തോമസിൻറെ  ഐതിഹാസിക കഥകളെ മുഴുവനായി വിശ്വസിക്കുന്നവർക്ക് സഭയുടെ മൌലികങ്ങളായ  തത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും. കൂടാതെ തോമസ്, പരിശീലിച്ച ഭീകരമായ മന്ത്രവാദങ്ങളെപ്പറ്റിയും വിശകലനം ചെയ്യേണ്ടി വരും.വിശുദ്ധ തോമസിൻറെ ആദ്യത്തെ അത്ഭുതം ഒരിക്കൽ, തന്നെ അപമാനിച്ച ഒരു കുട്ടിയെ തന്റെ മന്ത്രവാദം കൊണ്ടു സിംഹത്തെ വരുത്തി വിഴുങ്ങിക്കുകയായിരുന്നു. അന്നത്തെ രാജാവു തോമസിൻറെ  പ്രവർത്തനങ്ങളിൽ  അസ്വസ്ഥനായിരുന്നു. സ്ത്രീകളെ പ്രലോഭിപ്പിച്ച് അവരെ ചാക്കിനകത്തു കെട്ടി ചാരവുമിട്ടു മുറികളിലടച്ചു പൂട്ടി ഇടുക മുതലായ മന്ത്രവാദങ്ങളു൦ പതിവായിരുന്നു. കുപിതനായ അക്കാലത്തെ രാജാവു ക്ഷമ നശിച്ച് തോമസിനെ വധിച്ചെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെ വിശുദ്ധ തോമസിനെ ബ്രാഹ്മണജനം വധിച്ചുവെന്നുള്ള   കെട്ടുകഥ മാറ്റി എഴുതേണ്ടതായും വരും.



തോമ്മാശ്ലീഹായില് നിന്നു സ്നാനമേറ്റ ക്രിസ്ത്യാനികള് രണ്ടായിരം വർഷങ്ങളിലെ പാരമ്പര്യം അവകാശപ്പെട്ട് സവർണ്ണജാതികളെപ്പോലെ കേരളത്തിൽ  ജീവിക്കുന്നു. കബളിപ്പിക്കപ്പെട്ട മാർത്തോമ്മാ ചരിത്രം മുഴുവൻ  സത്യമെന്നും കേരള ക്രിസ്ത്യാനികൾ  വിശ്വസിക്കുന്നു. A.D. 52 മുതലുള്ള കൊളോണിയൽ മിഷിനറിമാരുടെ പ്രഭാഷണങ്ങളൊഴിച്ചു മലയാള സാഹിത്യപുരോഗതിക്കു ക്രിസ്ത്യാനികളുടെ പങ്ക് ഒന്നും തന്നെയില്ല. ആ സ്ഥിതിക്ക് അവർ ചരിത്രബോധം ഇല്ലാത്ത ഒരു തലമുറയായി വളർന്നതു സ്വാഭാവികമാണ്. കൂടാതെ കലാസാംസ്കാരിക രംഗങ്ങളിലും വിസ്മയകരങ്ങളായ യാതൊരു പാടവങ്ങളും കേരള ക്രിസ്ത്യാനികൾ  കാഴ്ച്ച വെച്ചിട്ടില്ല. ഏതായാലും ഈ രാജ്യത്തിന്റെ ഹൈന്ദവ കലാരൂപങ്ങളെ സംബന്ധിച്ചുള്ള കുറേ കെട്ടുകഥകളും കുറച്ചു ബൌദ്ധികചരിത്രങ്ങളും സൃഷ്ടിച്ചുവെന്നുള്ളതു മാത്രമാണ് രണ്ടു സഹസ്രാബ്ദങ്ങളോളം ഈ നാട്ടിൽ ജീവിച്ച ക്രിസ്ത്യാനികളുടെ നേട്ടമായി കണക്കാക്കാവുന്നത്.



മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യർക്കും തുല്യഅവകാശങ്ങളുണ്ടെന്നും വിശ്വസിക്കുന്ന ഒരു തത്ത്വസംഹിതയാണ് ക്രിസ്തുമതത്തിനുള്ളത്. അവിടെ തോമാശ്ലീഹായുടെ കരങ്ങൾകൊണ്ട് മുക്കിയ ജനങ്ങളുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന അഭിമാനത്തോടെയുള്ള വീമ്പടികൾ ക്രിസ്തീയതയല്ല. ചരിത്രസത്യങ്ങളെ വക്രീകരിച്ച്  ഹൈന്ദവരുടെ അടയാളങ്ങൾ ഒന്നൊന്നായി ക്രിസ്തീയ സഭകൾ ചോർത്തിയെടുക്കുന്ന കാഴ്ചയാണ് കേരള ക്രിസ്ത്യൻ സഭകളിൽ കാണുന്നത്. താമര, നിലവിളക്ക്, രുദ്രാക്ഷ, കൂടാതെ ഇപ്പോൾ ഒടക്കുഴലുമായി യഹൂദപ്പെണ്ണ് തോമ്മാശ്ലീഹായെയും സ്വീകരിച്ചുവെന്ന് ബുദ്ധിജീവിയായ തരൂരിന്റെ പുസ്തകത്തിൽ എഴിതിയിരിക്കുന്നു. തരൂരിന്റെ ഈ അഭിപ്രായത്തെ വെറും രാഷ്ട്രീയ കുതിരകച്ചവടം എന്നല്ലാതെ എന്താണ് വിലയിരുത്തുകയെന്നും അറിയത്തില്ല.


Malayalam Daily News:
http://www.malayalamdailynews.com/?p=105638


Emalayalee : http://www.emalayalee.com/varthaFull.php?newsId=82735

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin