Thursday, 17 July 2014

മന്ത്രവാദത്തിനിടെ യുവതി
 മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; 
രണ്ടുപേര്‍ അറസ്റ്റില്‍
അറസ്റ്റിലായത് യുവതിയുടെ അച്ഛനും
മന്ത്രവാദിയുടെ സഹായിയും
മന്ത്രവാദിയെ പോലീസ് തിരയുന്നു


കരുനാഗപ്പള്ളി: തഴവ വട്ടപറമ്പ് കണ്ണങ്കര കുറ്റിയില്‍വീട്ടില്‍ ഹസീന(27) മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യുവതിയുടെ അച്ഛനെയും മന്ത്രവാദിയുടെ സഹായിയെയും അറസ്റ്റ് ചെയ്തു.

ഹസീനയുടെ അച്ഛന്‍ ഹസന്‍കുഞ്ഞ് (60), മന്ത്രവാദിയുടെ സഹായി തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് ചെറുതോട്ടുവവീട്ടില്‍ അബ്ദുല്‍ കബീര്‍ (56) എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസിലെ ഒന്നാംപ്രതിയായ മന്ത്രവാദി ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അബ്ദുല്‍ കബീര്‍ രണ്ടാംപ്രതിയും ഹസന്‍കുഞ്ഞ് മൂന്നാംപ്രതിയുമാണ്. മരണവിവരം പോലീസിനെ അറിയിക്കാതെ മൃതദേഹം വിട്ടുകൊടുത്ത കരുനാഗപ്പള്ളിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.

മുന്‍ അറബി അധ്യാപകന്‍ കൂടിയായ അബ്ദുല്‍ കബീറാണ് സിറാജുദ്ദീനെക്കുറിച്ച് ഹസന്‍കുഞ്ഞിനോട് പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. സിറാജുദീന്‍ മുമ്പ് പലയിടത്തും മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായും അവിടെയെല്ലാം അസുഖം ഭേദമായതായും അബ്ദുല്‍ കബീര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഹസീനയെ ചികിത്സിക്കുന്നതിനായി സിറാജുദ്ദീനെ വരുത്തിയത്. ആറുമാസമായി ഹസീന സിറാജുദ്ദീന്റെ ചികിത്സയിലായിരുന്നു. സിറാജുദ്ദീന്‍ നടത്തിയ മന്ത്രവാദ ചികിത്സയില്‍ അബ്ദുല്‍ കബീര്‍ സഹായിയായി പ്രവര്‍ത്തിച്ചതായും പോലീസ് പറഞ്ഞു.

രാത്രി 12ന് ശേഷമായിരുന്നു ചികിത്സ. ആഴ്ചയില്‍ പലവട്ടം ഹസീനയുടെ വീട്ടിലെത്തി സിറാജുദ്ദീന്‍ മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. ഹസീനയുടെ ദേഹത്ത് കയറിയ ബാധയെ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നതായി പോലീസ് അറിയിച്ചു. ഇത്തരം മര്‍ദ്ദനമേറ്റാണ് ഹസീന മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ഹസീനയുടെ നട്ടെല്ല് ഒടിഞ്ഞതായും ആന്തരികാവയവങ്ങള്‍ ചതഞ്ഞതായും കണ്ടെത്തിയിരുന്നു.

സിറാജുദ്ദീനെതിരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് കരുനാഗപ്പള്ളി എ.സി.പി. എസ്.ദേവമനോഹറും സി.ഐ. കെ.എ.വിദ്യാധരനും പറഞ്ഞു. തഴവ പാവുമ്പയില്‍ ഗുരുമന്ദിരം തകര്‍ത്ത കേസും ഇതില്‍പ്പെടും. ഒരു ക്രമിനല്‍ കേസില്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി ഉള്‍പ്പെടെ പലയിടത്തും ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹസീന മരിച്ചത്. കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്വാഭാവിക മരണമെന്ന രീതിയില്‍ മൃതദേഹം കബറടക്കാനുള്ള ഒരുക്കത്തിനിടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. പോലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

എ.സി.പി. എസ്.ദേവമനോഹര്‍, സി.ഐ. കെ.ഐ.വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. എസ്.ഐ. മാരായ രമേഷ്, രാജശേഖരന്‍ പിള്ള, എ.എസ്.ഐ. ശശികുമാര്‍, എസ്.സി.പി.ഒ. മാരായ പ്രസന്നകുമാര്‍, ജയകുമാര്‍, എം.എസ്.നാഥ്, മദന്‍, അനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin