Sunday, 27 April 2014

ജോണ്‍പോള്‍ രണ്ടാമനും ജോണ്‍
 ഇരുപത്തിമൂന്നാമനും 
ഇനിവിശുദ്ധര്‍ 


*ജോണ്‍പോള്‍ രണ്ടാമനും
ജോണ്‍ ഇരുപത്തിമൂന്നാമനും

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജനസാഗരത്തെ സാക്ഷിനിര്‍ത്തി, ഭക്തിനിര്‍ഭരമായ പ്രാര്‍ഥനകളുടെ മധ്യേ, മാര്‍പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ ഇരുപത്തിമൂന്നാമനും വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ന്നു.

'വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍ പോള്‍ രണ്ടാമനെയും നാം വിശുദ്ധരായി പ്രഖ്യാപിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നു'വെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചപ്പോള്‍ വിശ്വാസികള്‍ ഒന്നടങ്കം 'ആമേന്‍' ചൊല്ലി. രണ്ടു മാര്‍പാപ്പാമാരുടെയും ചിത്രംപതിച്ച വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖപ്പില്‍ തൂക്കിയിരുന്നു. ഇരുവരുടെയും തിരുശേഷിപ്പുകള്‍ വിശുദ്ധ ബലിപീഠത്തില്‍ പ്രതിഷ്ഠിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തമായിരുന്നു തിരുശേഷിപ്പ്. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ സൗഖ്യം പ്രാപിച്ചതായി സാക്ഷ്യപ്പെടുത്തിയ ഫ്ലോറിബെത്ത് മോറയാണ് തിരുശേഷിപ്പടങ്ങിയ അരളിക്ക ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചത്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ തൊലിയായിരുന്നു തിരുശേഷിപ്പ്. ദിവ്യബലിക്ക് ശേഷമായിരുന്നു വിശുദ്ധരായുള്ള പ്രഖ്യാപനം.

ദൈവത്തിന്റെ കാരുണ്യത്തിന് സാക്ഷികളായ 'ധീരപുരുഷന്‍'മാരെന്ന് ഫ്രാന്‍സിസ് പാപ്പ ഇരുവരെയും പ്രകീര്‍ത്തിച്ചു. അവര്‍ ഇരുപതാം നൂറ്റാണ്ടിലെ വൈദികരും മെത്രാപ്പോലീത്തമാരും മാര്‍പാപ്പമാരുമായിരുന്നു. ആ നൂറ്റാണ്ടിലെ ദാരുണ സംഭവങ്ങളിലൂടെ അവര്‍ കടന്നുപോയി. എങ്കിലും അവയൊന്നും അവരെ കീഴടക്കിയില്ല. അവര്‍ക്ക് ദൈവമായിരുന്നു കൂടുതല്‍ ശക്തന്‍, വിശ്വാസമായിരുന്നു വലിയ കരുത്ത് -പാപ്പ പറഞ്ഞു.

സഭയെ പരിഷ്‌കരിക്കാനും ശക്തിപ്പെടുത്താനും ഇരുവരും നടത്തിയ ശ്രമങ്ങള്‍ പാപ്പ അനുസ്മരിച്ചു. കത്തോലിക്ക സഭയെ ആധുനികീകരിക്കുന്നതില്‍ നിര്‍ണായകമായ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിളിച്ചു ചേര്‍ത്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ സഭയ്ക്ക് മഹത്തായ സേവനമാണ് ചെയ്തതെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇരുത്തേഴുവര്‍ഷത്തോളം സഭയെ നയിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ 'കുടുംബത്തിന്റെ പാപ്പ'യായാണ് കരുതുന്നത്. അദ്ദേഹം അങ്ങനെത്തന്നെ സ്മരിക്കപ്പെടട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയ്ക്കായിരുന്നു ചടങ്ങുകള്‍. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവകരുണയുടെ നാളായതിനാലാണ് അന്ന് പാപ്പമാരെ വാഴ്ത്തപ്പെട്ടവരാക്കാന്‍ തിരഞ്ഞെടുത്തത്. വിശുദ്ധരായ പാപ്പമാരുടെ ജീവിതത്തിലെ സുപ്രധാനമൂല്യം കരുണയായിരുന്നു എന്നതാണ് അതിനുകാരണം. രണ്ടു പാപ്പമാര്‍ ഒരുമിച്ചു വിശുദ്ധരാവുന്ന അപൂര്‍വത, രണ്ടു പാപ്പമാരുടെ സാന്നിധ്യം കൊണ്ടും ചരിത്രത്തിലിടം നേടി. ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങുകളില്‍ ഫ്രാന്‍സിസ് പാപ്പയ്‌ക്കൊപ്പം പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമനും സന്നിഹിതനായിരുന്നു. വെള്ളനിറമുള്ള പാപ്പാക്കുപ്പായമണിഞ്ഞെത്തിയ അദ്ദേഹത്തെ ചടങ്ങിനുമുമ്പ് ഫ്രാന്‍സിസ് പാപ്പ ആലിംഗനം ചെയ്ത് സ്വീകരിച്ചു. 'നാലു പാപ്പാമാരുടെ ദിനം' എന്നാണ് ഈ ദിവസം വിശേഷിപ്പിക്കപ്പെട്ടത്. ബെനഡിക്ട് പാപ്പ പക്ഷേ, അള്‍ത്താരയില്‍ പ്രവേശിച്ചില്ല.

150 കര്‍ദിനാള്‍മാരും 850 മെത്രാപ്പോലിത്തമാരും 6000 വൈദികരും പങ്കെടുത്ത ചടങ്ങില്‍ 25 രാഷ്ട്രത്തലവന്‍മാരുള്‍പ്പെടെ 98 രാജ്യങ്ങളുടെ പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. മന്ത്രിമാരായ കെ.വി.തോമസ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. കേരളത്തില്‍ നിന്ന് കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലിമ്മീസ് എന്നിവര്‍ പങ്കെടുത്തു.
എട്ടുലക്ഷം വിശ്വാസികള്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഇവര്‍ക്ക് ചടങ്ങുകള്‍ കാണാന്‍ 18 കൂറ്റന്‍ ടി.വി. സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു. അര്‍ജന്റീനയും ലെബനനുമുള്‍പ്പെടെ പല രാജ്യങ്ങളിലെയും സിനിമാശാലകളില്‍ ചടങ്ങ് ത്രീഡിയില്‍ സംപ്രേഷണം ചെയ്തു.

 http://www.mathrubhumi.com/story.php?id=449881

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin