കാലടി: മനുഷ്യരാശിയുടെ പാപങ്ങള്‍ക്കു പരിഹാരമായി
കുരിശില്‍ മരിച്ച ക്രിസ്തുനാഥന്റെ പീഡാസഹനത്തിന്റെ ഓര്‍മയാചരിച്ച
ദുഃഖവെള്ളിയാഴ്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ മലയാറ്റൂര്‍ മലകയറി.
പൊന്നിന്‍
കുരിശു മുത്തപ്പോ എന്ന ശരണമന്ത്രവുമായി ഭക്തജനങ്ങള്‍ മലകയറിയപ്പോള്‍
മലയാറ്റൂര്‍ കുരിശുമുടി ഭക്തിസാന്ദ്രമായി. വലിയ ശനിയാഴ്ചയായ ഇന്നലെയും
വിശ്വാസികളുടെ പ്രവാഹം തുടര്‍ന്നു. ഉയിര്‍പ്പു ഞായറാഴ്ചയായ ഇന്നു
തീര്‍ഥാടകരുടെ എണ്ണം ഇനിയും പെരുകും. ഭാരമേറിയ മരക്കുരിശുമേന്തിയെത്തുന്ന
വിശ്വാസികളുടെ സംഘം കുരിശുമുടിയിലെ 14 പീഡാനുഭവ സ്ഥലങ്ങളിലും മെഴുകുതിരി
കത്തിച്ചു പ്രാര്‍ഥന ചൊല്ലിയാണു മലകയറുന്നത്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂര്‍
സെന്റ് തോമസ് പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ജോണ്‍
തേക്കാനത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. വാണിഭത്തടം പള്ളിയിലേക്കു നടന്ന
പീഡാനുഭവ യാത്രയില്‍ ഫാ. ജോജോ മാരിപ്പാട്ട് സന്ദേശം നല്‍കി.
കുരിശുമുടിയില്‍ രാവിലെ ആറിന് ആരാധനയ്ക്കും പീഡാനുഭവ
തിരുക്കര്‍മങ്ങള്‍ക്കും റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്
മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്നലെ സെന്റ് തോമസ് പള്ളിയില്‍ രാവിലെ
ആറിനു വലിയശനി തിരുക്കര്‍മങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബാനയും രാത്രി
11.45ന് ഉയിര്‍പ്പു തിരുക്കര്‍മങ്ങളും പ്രദക്ഷിണവും വിശുദ്ധ
കുര്‍ബാനയുമുണ്ടായിരുന്നു.
കുരിശുമുടി പള്ളിയില്‍ രാവിലെ ഏഴിനു
വലിയ ശനി തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും രാത്രി 11.45ന് ഉയിര്‍പ്പു
തിരുക്കര്‍മങ്ങളും പ്രദക്ഷിണവും ആഘോഷമായ വിശുദ്ധ
കുര്‍ബാനയുമുണ്ടായിരുന്നു.
ഇന്ന് ഉയിര്‍പ്പു ഞായര്‍ കുരിശുമുടിയില്‍
രാവിലെ 6.30നും 7.30നും ഒന്‍പതിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന
ഉണ്ടാകും. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30നും ഏഴിനും വൈകുന്നേരം
5.30നും വിശുദ്ധ കുര്‍ബാന ഉണ്ടാകും. പുതുഞായര്‍ തിരുനാളിന് 24നു കൊടികയറും.
27നു പുതുഞായര്‍ തിരുനാള്‍ ആഘോഷിക്കും. കുരിശുമുടിയില്‍ ഭക്തജനങ്ങള്‍ക്ക്
എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
|
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin