ഓമനക്കയ്യില്‍ ഒലിവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാളു വന്നു...
മലയാളിയുടെ മനസില്‍ ഓശാനപ്പെരുന്നാളിന്റെ ഓര്‍യുണര്‍ത്തുന്ന ചലച്ചിത്രഗാനം. പാതിയടഞ്ഞ കണ്ണുകളില്‍ ഭക്‌തിയും കൂപ്പിയ കൈകളില്‍ കുരുത്തോലകളുമായ് ക്രൈസ്‌തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാനിരതരായി നില്‌ക്കുന്ന ഭക്‌തജനങ്ങളെയാണ് ഈ ഗാനം ഓര്‍മിപ്പിക്കുക. 1962ല്‍ പുറത്തുവന്ന ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്‌ക്കുവേണ്ടി പി. സുശീല പാടിയതായിരുന്നു ഈ ഗാനം.
സ്‌നാപക യോഹന്നാന്‍ (1963), ജീസസ് (1973), പ്രിയമുള്ള സോഫിയ (1975), മിശിഹാചരിത്രം (1976), ദേവന്‍ യേശുദേവന്‍ (1983) എന്നീ സിനിമകളിലായി ഓശാന പെരുന്നാളിനെക്കുറിച്ച് മലയാളത്തില്‍ നാളിതുവരെ ആറു ഗാനങ്ങളാണ് ഉണ്ടായിട്ടുള്ളത്.
കഷ്‌ടാനുഭവത്തിനുമുമ്പ് ക്രിസ്‌തു യേറുശലേം ദേവാലയത്തിലേക്കു നടത്തിയ ആഘോഷപൂര്‍ണമായ യാത്രയുടെ ആഹ്ലാദകരമായ ഓര്‍മകള്‍ ആണ്ടുതോറും ഹോശാന ഞായറാഴ്‌ച ക്രൈസ്‌തവസമൂഹം കൊണ്ടാടുന്നു. ക്രിസ്‌തുമസിന് മാനവരാശിക്കു കൈവന്ന മഹാ സന്തോഷമാണ് ഹോശാനപ്പെരുന്നാള്‍ പൂര്‍ത്തീകരിക്കുന്നത്. ദൈവപുത്രനായ ക്രിസ്‌തു, താന്‍ രാജാവാണെന്ന് സ്‌ഥാപിക്കുന്നത് ഈ രാജകീയ യാത്രയിലൂടെയാണ്.
മിശിഹയെക്കുറിച്ച് പഴയ നിയമത്തിലുള്ള പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു ക്രിസ്‌തുവിന്റെ യേറുശലേം യാത്ര. 'സീയോന്‍പുത്രിയെ ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക. യേറുശലേം പുത്രിയേ ആര്‍പ്പിടുക. ഇതാ നിന്റെ രാജാവ്, കഴുതപ്പുറത്ത്, പെണ്‍കഴുതപ്പുറത്തുകയറി, നിന്റെ അടുക്കല്‍ വരുന്നു...' ക്രിസ്‌തുവിന്റെ കഴുതപ്പുറത്തുള്ള ഈ യാത്രയിലൂടെ പഴയ നിയമത്തിലെ സഖറിയ ദീര്‍ഘദര്‍ശിയുടെ പ്രവചനമാണ് യാഥാര്‍ഥ്യമായത്.
യഹൂദ്യാരാജ്യത്ത് കഴുത സമാധാനത്തിന്റെ ചിഹ്നവും പദവിയുടെയും പ്രതാപത്തിന്റെയൂം മുദ്രയുമായിരുന്നെന്നാണ്‌് ദാനിയേല്‍ റഫറന്‍സ് ബൈബിള്‍ പറയുന്നത്. രാജാവായി അഭിഷേകം ചെയ്യാന്‍ ശലോമോനെ ദാവീദിന്റെ കഴുതപ്പുറത്താണ് ആനയിച്ചതെന്ന് പഴയനിയമത്തിലെ രാജാക്കന്‍മാരുടെ ഒന്നാംപുസ്‌തകത്തിലുണ്ട്.
യരിഹോ പട്ടണത്തില്‍നിന്നും യേറുശലേമിലേക്ക് കഴുതപ്പുറത്ത് എഴുന്നള്ളിവന്ന ക്രിസ്‌തുവിന് പുരുഷാരം വീഥിയില്‍ വസ്‌ത്രങ്ങള്‍ വിരിച്ചു വരവേല്‌പ്പു നല്‍കി. ഈന്തപ്പനക്കുരുത്തോലകളും ഒലിവിലക്കൊമ്പുകളും വീശിക്കൊണ്ട് അവര്‍ അവനെ സ്വീകരിച്ചു. പുരുഷാരം ഇങ്ങനെ ആര്‍ത്തു വിളിച്ചു. ദാവിദ് പുത്രന് ഹോശാനം കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവന്‍. അത്യുന്നതങ്ങളില്‍ ഓശാന...
യേറുശലേമിന് 19 മൈല്‍ വടക്കുകിഴക്കാണ് യറീഹോപട്ടണം. ഒരു മൈല്‍ വടക്കുകിഴക്കു മാറി ജനനിബിഡമായ ഗെദ്‌ശെമ്‌നതോട്ടവും. ഇടയ്‌ക്ക് കിദോന്‍ തോട്. ദേവാലയത്തിലെത്തിയ ക്രിസ്‌തു അവിടെക്കണ്ട വാണിഭക്കാരുടെ പീഠങ്ങളും മേശകളും മറിച്ചിട്ടു. എന്റെ ആലയം പ്രാര്‍ത്ഥനാലയം. ഇത് നിങ്ങള്‍ കള്ളന്‍മാരുടെ ഗുഹയാക്കിയിരിക്കുന്നു... എന്നു കല്‌പിച്ചുകൊണ്ട് അവരെ ദേവാലയത്തില്‍ നിന്നും പുറത്താക്കി. ഇത് ഹോശാനയെക്കുറിച്ച് നാലു സുവിശേഷങ്ങളിലും സമാനതകളോടെ ആവര്‍ത്തിക്കപ്പെടുന്ന വിവരണത്തിന്റെ ചുരുക്കം.
ഹോശാന എന്ന ഏബ്രായപദത്തിന് രക്ഷിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു എന്നാണര്‍ഥം. മലയാളത്തില്‍ ഈ വാക്ക് ഓശാനപ്പെരുന്നാളായി. ദേവാലയങ്ങളില്‍ കുരുത്തോലകള്‍ കയ്യിലേന്തി ഭക്‌തജനങ്ങള്‍ ആരാധനയില്‍ പങ്കെടുക്കുന്നതിനാല്‍ ഇതിന് കുരുത്തോലപ്പെരുന്നാള്‍ എന്നും പേരുണ്ട്. പി. സുശീല പാടിയ ഓമനക്കയ്യിലൊലിവിലക്കൊമ്പുമായ്... എന്ന ഗാനമടക്കം പത്തു പാട്ടുകളാണ് കുഞ്ചാക്കോ നിര്‍മ്മിച്ച് സംവിധാനം ചെയ്‌ത ഭാര്യ എന്ന സിനിമയില്‍ ഉണ്ടായിരുന്നത്. വയലാര്‍ രചിച്ച് ദേവരാജന്‍ സംഗീതം പകര്‍ന്ന ജനപ്രിയഗാനങ്ങള്‍ക്കൊപ്പം, മുള്‍ക്കിരീടമിതെന്തിനു തന്നു... (പി. സുശീല), ദയാപരനായ കര്‍ത്താവേ... (യേശുദാസ്) പോലുളള ക്രിസ്‌ത്യന്‍ ഗാനങ്ങളും ഈ ചിത്രത്തിന്റെ വിജയത്തില്‍ ഒരു പ്രധാന ഘടകമായിരുന്നു. 'ഓമനക്കയ്യില്‍...' എന്ന ദേവഗാന്ധാരി രാഗത്തിലുള്ള ഗാനം അതിന്റെ ആദ്യ ഈരടികളിലെ ഓശാന ഓര്‍മകള്‍ കഴിഞ്ഞാല്‍ കരളില്‍ കനലെരിയുന്ന കഥാനായികയുടെ മനോവികാരങ്ങളാണ് പങ്കുവെയ്‌ക്കുന്നത്.
തിരുനയനാര്‍കുറിച്ചി രചിച്ച് ബ്രദര്‍ ലക്ഷ്‌മണന്‍ സംഗീതം പകര്‍ന്നതാണ് സ്‌നാപക യോഹന്നാന്‍ (1963) എന്ന സിനിമയിലെ ഓശാന ഓശാന ദാവീദിന്‍ സുതനേ... എന്ന ഗാനം. കമുകറ പുരുഷോത്തമനും പി. ലീലയും പ്രശസ്‌ത നടന്‍ ജോസ്‌പ്രകാശും ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. സ്‌തുതിക്കു യോഗ്യനായ ദാവീദിന്‍സുതന് ഓശാന പാടുന്ന ഈ ഗാനത്തിന് മന്ദഗതിയിലുള്ള ഈണമാണ് ബ്രദര്‍ ലക്ഷ്‌മണന്‍ നല്‍കിയത്.
പി. എ. തോമസ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ജീസസ് എന്ന സിനിമയിലേതാണ് ഓശാന..ഓശാന.. കര്‍ത്താവിനോശാന...എന്ന ഗാനം. രചിച്ചത് അഗസ്‌ത്യന്‍ വഞ്ചിമല. സംഗീതം പകര്‍ന്നത് ഗാനരചയിതാവും സംഗീതസംവിധാനയകനുമായ ആലപ്പി രങ്കനാഥ്. മാതൃകയായി മുന്നിലുണ്ടായിരുന്ന സ്‌നാപക യോഹന്നാനിലെ ഓശാനപ്പാട്ടിന്റെ പതിഞ്ഞ ഈണത്തിനുപകരം ചടുലമായ ഈണവും താളവും അദ്ദേഹം ഗാനത്തിന് നല്‍കി. പി. ജയചന്ദ്രനും പി. ലീലയുമായിരുന്നു ഗായകര്‍. ചിത്രം പുറത്തുവന്നപ്പോള്‍ ഗാനം സൂപ്പര്‍ഹിറ്റ്. ഗാനത്തിലെ മിശിഹാ കര്‍ത്താവിനോശാന... എന്ന കോറസ് പാടിയത് പില്‍ക്കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനായി മാറിയ കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്‍ മാഷ്.
വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം പകര്‍ന്നതായിരുന്നു പ്രിയമുള്ള സോഫിയ (1972) എന്ന സിനിമക്കുവേണ്ടി ശ്രീകാന്ത് പാടിയ ഓശാന... ഓശാന... എന്ന ഗാനം. നിന്ദിതരും ദു:ഖിതരുമില്ലാത്ത ശ്രീയേശുരാജ്യം എന്ന സോഷ്യലിസ്‌റ്റ് സങ്കല്‌പം ഈ വയലാര്‍ഗാനം പങ്കുവയ്‌ക്കുന്നു.
ശ്രീകുമാരന്‍തമ്പി രചിച്ച് ജോസഫ് കൃഷ്‌ണ ഈണം പകര്‍ന്നതായിരുന്നു മശിഹാ ചരിത്രം (1978) എന്ന സിനിമയിലെ ഓശാന ഓശാന ദാവീദിന്‍ പുത്രനോശാനാ... എന്ന ഗാനം. ജോസഫ് കൃഷ്‌ണയായിരുന്നു തെലുങ്കില്‍നിന്നു മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതസംവിധായകന്‍. 1970 കളിലെ ഏറ്റവും തിരക്കുള്ള വയലിന്‍-ഗിത്താര്‍-പിയാനോ വിദഗ്‌ദ്ധനും ഓര്‍ക്കസ്‌ട്ര കണ്ടക്‌ടറുമായിരുന്നു ജോസഫ് കൃഷ്‌ണ. തെലുങ്കില്‍ ഷൂട്ടുചെയ്‌ത രംഗങ്ങള്‍ക്കും കഥാപാത്രങ്ങളുടെ ചുണ്ടിന്റെ ചലനങ്ങള്‍ക്കുമൊപ്പിച്ച് ഗാനരചന നടത്തുക ഏറെ ദുഷ്‌ക്കരമായിരുന്നു എന്നാണ് ശ്രീകുമാരന്‍തമ്പി പ്രതികരിച്ചത്. കവിയുടെ കണ്ണില്‍ ക്രിസ്‌തുദേവന് വെഞ്ചാമരം വീശുന്നത് മരങ്ങളും മലകളും സമുദ്രങ്ങളുമാണ്. വസ്‌ത്രങ്ങളല്ല സ്വന്തം ഹൃദയങ്ങളാണ് ജനങ്ങള്‍ വീഥികളില്‍ അവന് പൂവിരിയായി വിരിച്ചത്.
ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ദേവന്‍ യേശുദേവന്‍ എന്ന ചിത്രത്തിനുവേണ്ടി എണ്‍പതുകളുടെ ആദ്യപാദത്തില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ചതായിരുന്നു എന്‍. വി. ഹരിദാസ് പാടിയ കിന്നരമിതാ പൊന്‍കുഴലിതാ ഓശാന പാടുക പ്രിയരേ... എന്ന ഗാനം. മദ്രാസ് ക്രിസ്‌ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സിലെ കര്‍ണാടക സംഗീതവിദഗ്‌ദ്ധന്‍ ഹെന്‍ട്രിച്ചും പാശ്‌ചാത്യ സംഗീതജ്‌ഞന്‍ പാട്രിക്കും ചേര്‍ന്നാണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നത്. ബൈബിളിലെ ഓശാന വര്‍ണ്ണനകളില്‍ തെളിയുന്ന പതിവ് ബിംബങ്ങള്‍ തന്നെയാണ് ഈ ഗാനത്തിലും കവി ഉപയോഗിച്ചിരിക്കുന്നത്.
ഓശാനദിനം... യേറുശലേമിന്റെ രക്ഷാദിനം... യഹോവയുടെ നാമത്തില്‍ എഴുന്നള്ളിവരുന്നവന്‍ വാഴ്‌തപ്പെട്ടവന്‍... അവന് ഉന്നതങ്ങളില്‍ ഹോശാന... ജനത്തിന്റെ മൂപ്പന്‍മാരും ആചാര്യന്‍മാരും മിണ്ടാതിരുന്നപ്പോള്‍ മുലകുടിക്കുന്ന ശിശുക്കളും പൈതങ്ങളും ഈന്തപ്പനക്കുരുത്തോലകളും ഒലിവിലക്കമ്പുകളുംകൊണ്ട് രാജാവിന്റെ വരവിനെ ആഘോഷിച്ചു. കുഞ്ഞുങ്ങള്‍ കീര്‍ത്തനം പാടിയില്ലായിരുന്നെങ്കില്‍ കല്ലുകള്‍ അവനെ സ്‌തുതിച്ചേനെ എന്ന് ആദ്യ സുവിശേഷകാരന്‍. ഇതാണ് ഓശാനപ്പെരുന്നാളിന്റെ ഇമ്പകരമായ ഗാനം. ഈ സന്ദേശം തന്നെയാണ് ഏറിയും കുറഞ്ഞും ഓശാനയെക്കുറിച്ചുള്ള ചലച്ചിത്രഗാനങ്ങളില്‍ അലയടിക്കുന്നതും.
കുര്യന്‍ തോമസ് കരിമ്പനത്തറയില്‍
mangalam.com
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin