Monday, 14 April 2014




വത്തിക്കാനില്‍ ഓശാനത്തിരുനാളിനു പതിനായിരങ്ങള്‍


 
 
04/13/2014
  വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിനു തുടക്കം കുറിച്ചു ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നലെ ഓശാനത്തിരുനാള്‍ ആഘോഷിച്ചു. യേശുവിന്റെ ജറുസലം പ്രവേശനത്തെ അനുസ്മരിച്ചു കൈകളില്‍ കുരുത്തോലകളും ഏന്തിയാണു വിശ്വാസികള്‍ ഓശാനത്തിരുനാളില്‍ സംബന്ധിച്ചത്.

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ ഒരുലക്ഷത്തോളം പേര്‍ സംബന്ധിച്ചു. തിരുക്കര്‍മങ്ങള്‍ക്കായി പോപ്പ് മൊബീലില്‍ ചുവന്ന തിരുവസ്ത്രങ്ങളിഞ്ഞ് എത്തിയ മാര്‍പാപ്പയെ കുരുത്തോലകളും ഒലീവ് ചില്ലകളും വീശി വിശ്വാസികള്‍ എതിരേറ്റു. വത്തിക്കാന്‍ സ്ക്വയറിലൂടെ പോപ്പ് മോബീലില്‍ സഞ്ചരിച്ച് എല്ലാവര്‍ക്കും ആശീര്‍വാദം നല്‍കിയ ശേഷമാണു മാര്‍പാപ്പ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. ഒരു ഇറ്റാലിയന്‍ ജയിലിലെ അന്തേവാസികള്‍ തടിയില്‍ കടഞ്ഞെടുത്തു സമ്മാനിച്ച കുരിശാണു മാര്‍പാപ്പ ഓശാനത്തിരുക്കര്‍മങ്ങള്‍ക്ക് ഉപയോഗിച്ചത്.

ജീവിതം എങ്ങനെയുള്ളതാണെന്നറിയാന്‍ ഓരോരുത്തരും തങ്ങളുടെ ഹൃദയത്തിലേക്കു നോക്കണമെന്നു മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. നമ്മള്‍ വീണു കിടന്നുറങ്ങുകയാണോ? സാഹചര്യം ബുദ്ധിമുട്ടേറിയതാണെന്നു മനസിലാക്കി പീലാത്തോസിനെപ്പോലെ നമ്മളും കൈകള്‍ കഴുകുകയാണോ? നമ്മുടെ ഹൃദയം എവിടെയാണ്? വിശുദ്ധവാരത്തില്‍ ഈ ചോദ്യം എപ്പോഴും നമ്മുടെ മനസിലുണ്ടായിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച ചടങ്ങുകളുടെ സമാപനത്തില്‍ ലോക യുവജനസമ്മേളനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രൂശിതരൂപം ബ്രസീലിയന്‍ യുവാക്കള്‍ പോളണ്ടിലെ യുവാക്കള്‍ക്കു കൈമാറി. യുവാക്കളൊടൊപ്പം ഫോട്ടോയ്ക്കു പോസുചെയ്യാനും മാര്‍പാപ്പ സമയം കണ്െടത്തി.

കഴിഞ്ഞ വര്‍ഷം ബ്രസീലിലെ റിയോ ഡി ഷാനേറോയിലാണു ലോക യുവജന സമ്മേളനം നടന്നത്. 2016-ല്‍ പോളണ്ടിലെ ക്രാക്കോവിലാണ് അടുത്ത ലോക യുവജന സമ്മേളനം. ഓഗസ്റ് 15ന് ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ യുവജനസമ്മേളത്തില്‍ മാര്‍പാപ്പ സംബന്ധിക്കും.

വിശുദ്ധവാരാചരണത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍ഗാമികളായ ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന ചടങ്ങുകളിലും സംബന്ധിക്കും. ഈ മാസം 27-നാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുക

 Deepika.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin