Friday, 10 July 2015

ഊന്നല്‍വേണം, പരിസ്ഥിതിസംരക്ഷണത്തിന് -മാര്‍പാപ്പ

 
Posted on: 09 Jul 2015

ക്വിറ്റോ(ഇക്വഡോര്‍): പരിസ്ഥിതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. വിദ്യാഭ്യാസമേഖലയ്ക്കാണ് ഇക്കാര്യത്തില്‍ ഏറെ സംഭാവന നല്‍കാനാവുകയെന്നും ഇക്വഡോര്‍ തലസ്ഥാനത്ത് കത്തോലിക്കാ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ആദ്ദേഹം പറഞ്ഞു.

ഭൂമിസംരക്ഷണത്തിനാണ് നാം ഊന്നല്‍നല്‍കേണ്ടത്. ഭാവിതലമുറയെയും ഭൂമിയെയും മറന്ന് ഏറെക്കാലം ആര്‍ക്കും നിലകൊള്ളാനാവില്ല. ആഗോളതാപനം മനുഷ്യസൃഷ്ടിയാണെന്നും ചുറ്റുംനടക്കുന്നത് കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിതയ്ക്കാനും കൊയ്യാനും മാത്രമല്ല, വിതച്ചത് വളരാനും വികസിക്കാനും അനുവദിക്കണം. അതിനെ ശ്രദ്ധിക്കണം, സംരക്ഷിക്കണം -പാപ്പ വിശദീകരിച്ചു.

ജൂലായ് അഞ്ചിനാണ് മാര്‍പാപ്പ തെക്കേ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇക്വഡോറില്‍ എത്തിയത്. ബൊളീവിയ, പരാഗ്വെ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

ഫ്രാന്‍സിസ് പാപ്പയുടെ തെക്കേ അമേരിക്കന്‍ പര്യടനത്തിന്റെ ആദ്യപാദമാണ് ഇക്വഡോറിലേത്. ഏഴു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പര്യടനപരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2013-ല്‍ മാര്‍പാപ്പയായശേഷം രണ്ടാംവട്ടമാണ് അദ്ദേഹം ഈ മേഖല സന്ദര്‍ശിക്കുന്നത്.
ദാരിദ്ര്യം, അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും പര്യടനത്തിലുടനീളം മാര്‍പാപ്പയുടെ പ്രഭാഷണങ്ങളെന്ന് വത്തിക്കാന്‍ നേരത്തേ അറിയിച്ചിരുന്നു.

അതേസമയം തന്റെ ജന്മരാജ്യമായ അര്‍ജന്റീനയില്‍ പാപ്പ ഇപ്പോള്‍ പോകുന്നില്ല. മേഖലയിലെ വലിയ രാജ്യങ്ങളെ ഒന്നിനെയും ഈ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണു കാരണമെന്നാണ് വത്തിക്കാന്‍ ഇതേക്കുറിച്ചറിയിച്ചത്.

 http://www.mathrubhumi.com/online/malayalam/news/story/3695233/2015-07-09/world

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin