Wednesday, 1 July 2015

അഭയക്കേസ്‌: മരിച്ചവരെ വീണ്ടും പ്രതിയാക്കി സി.ബി.ഐ.

 

തിരുവനന്തപുരം: അഭയക്കേസില്‍ തൊണ്ടി മുതല്‍ നശിപ്പിച്ചത്‌ അന്വേഷിച്ചു സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മരണമടഞ്ഞ മുന്‍ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: കെ. സാമുവലിനെയും പ്രതിയാക്കി. ഡിവൈ.എസ്‌.പി: വി. ദേവരാജാണു പ്രത്യേക സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്‌.
ആത്മഹത്യ ചെയ്‌ത വി.വി. അഗസ്‌റ്റിനെ നേരത്തെ സി.ബി.ഐ. പ്രതിയാക്കിയിരുന്നു. വി.വി. അഗസ്‌റ്റിന്‍ കോട്ടയം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയിരുന്ന തൊണ്ടിമുതലുകള്‍ കെ. സാമുവല്‍ നശിപ്പിച്ചെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍.
അന്വേഷണമേറ്റെടുത്ത സാമുവല്‍ തൊണ്ടി മുതലുകള്‍ അപേക്ഷ നല്‍കി ഏറ്റെടുത്തു. അഭയയുടെ മുറി പരിശോധിക്കാനുള്ള അനുമതി വാങ്ങി ഡയറിയും കണ്ടെടുത്തു.
ഇവയെല്ലാം കോടതിയില്‍ മടക്കി നല്‍കിയതായി രേഖയുണ്ടാക്കി തിരിമറി നടത്തി. സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തപ്പോള്‍ അന്വേഷണ ഉദ്യോഗസ്‌ഥനായ വര്‍ഗീസ്‌ പി. തോമസും വീഴ്‌ച വരുത്തിയതായി റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. അന്വേഷണം ആരംഭിച്ച വര്‍ഗീസ്‌ പി. തോമസ്‌ തൊണ്ടി മുതലുകളെക്കുറിച്ചു യാതൊരു അന്വേഷണവും നടത്തിയില്ല.
അഭയയുടേതു മുങ്ങിമരണമാണെന്നും ആത്മഹത്യയാണെന്നും കെ. സാമുവല്‍ അന്തിമ റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അഭയയുടെ ഡയറി കോടതി ജീവനക്കാര്‍ നശിപ്പിച്ചതായും സി.ബി.ഐ. വ്യക്‌തമാക്കി. അഭയയെ കിണറ്റില്‍ നിന്നെടുത്ത ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്‌ഥര്‍ അഭയ നൈറ്റിയല്ലാതെ മറ്റൊന്നും ധരിച്ചിരുന്നില്ലെന്നു മൊഴി നല്‍കിയിരുന്നു.
അഗസ്‌റ്റിന്‍ തൊണ്ടി മുതലിനോടൊപ്പം എഴുതിച്ചേര്‍ത്ത അടിവസ്‌ത്രങ്ങള്‍ വ്യാജമായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്‌റ്റ്‌ തിരുത്തിയതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരിഗണിച്ചാണു വി.വി. അഗസ്‌റ്റിന്‍ പ്രതിയാക്കപ്പെട്ടത്‌.

 http://www.mangalam.com/print-edition/keralam/332839

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin