ഫാമിലി സിനഡും ഭാരത മെത്രാന്മാരും
റോമായിൽ കഴിഞ്ഞ ഒക്ടോബറിൽ കൂടിയതും ഈ ഒക്ടോബറിൽ കൂടാനിരിക്കുന്നതുമായ സിനഡിൻറെ ഒരുക്കത്തിലേയ്ക്കായി നടത്തേണ്ടിയിരുന്ന കുടുംബസർവെ കേരളത്തിലെ ഒരു രൂപതകളിലും നടത്തിയിട്ടില്ല എന്ന വിവരം എല്ലാവർക്കും അറിവുള്ളതാണ്. എല്ലാ മെത്രാന്മാരെയും ഫ്രാൻസിസ് പാപ്പ ഇക്കാര്യം ചുമതലപ്പെടുത്തിയതാണ്. നാട്ടുമെത്രാന്മാർ പോപ്പിനെ അനുസരിക്കാത്തവരാണന്ന് ഇതിൽനിന്ന് സ്പഷ്ടം. ഭാരതത്തിലെ ചില ലത്തീൻ രൂപതകളിൽ സർവെ നടത്തിയെന്ന് ചില മത്രാന്മാർ അവകാശപ്പെടുന്നുണ്ട്. ഓരോ ഇടവകയിലേയും കുടുംബങ്ങൾക്ക് ചോദ്യം വിതരണം ചെയ്ത് അവരുടെ അഭിപ്രായങ്ങൾ ശേഖരിച്ചുകൊണ്ടുള്ള ഒരു സർവെ നടന്നിട്ടില്ലന്നാണ് ചർച് സിറ്റിസൻസ് വോയിസ് (CCV) എന്ന സോഷ്യൽ മീഡിയ പ്രസിദ്ധീകരണത്തിൽനിന്ന് മനസ്സിലാക്കാൻ സാധിച്ചത്. മെത്രാന്മാരിൽനിന്ന് സംഭവിച്ചിട്ടുള്ള ഗുരുതരമായ ഒരു വീഴ്ച്ചയാണത്. മെത്രാന്മാരുടെ തലവനായ പോപ്പിനെ മെത്രാന്മാർ അനുസരിക്കുന്നില്ലെങ്കിൽ സഭാപൌരർ മെത്രാന്മാരെയും അനുസരിക്കണ്ടായെന്നു ഏതെങ്കിലും ഒരു വിശ്വാസി ചിന്തിച്ചാൽ അയാളെ നമുക്ക് പഴിക്കാൻ സാധിക്കയില്ല.
ഭാരതം മൊത്തത്തിലുള്ള മെത്രാൻ കോണ്ഫറൻസായിരുന്നു (CBCI) ഈ സർവെ നടത്തേണ്ടിയിരുന്നത്. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽതന്നെ, ഓരോ റീത്തിൽപ്പെട്ട മെത്രാന്മാരും അവരവരുടെ അജപാലന റിപ്പോർട്ടായിരിക്കും റോമിലേയ്ക്കയച്ചിരിക്കുന്നത്. അതല്ലെങ്കിൽ വലിയ കമ്പനികൾ ഉപഭോക്താക്കളെ സംബന്ധിച്ചുള്ള സാധാരണ സർവെപോലെ മെത്രാൻകമ്പനി തന്നെ സർവെ നടത്തിക്കാണും. ഇതൊക്കെ ഒരു വിശ്വാസിക്ക് ഊഹിക്കാനെ സാധിക്കു. ആടുകളുടെ മണം ഒട്ടുമേശാത്ത ഈ ഇടയന്മാർ ചെയ്യുന്നതെല്ലാം അതി രഹസ്യമായിട്ടാണല്ലോ.
മെത്രാന്മാരോട് അല്മേനി, അയാൾ എത്ര മാന്യനും പണ്ഡിതനുമായാലും, എന്തെങ്കിലും എഴുതി ചോദിച്ചാൽ അതിന് മറുപടിയും പ്രതീക്ഷിക്കേണ്ടതില്ല. അത്തരം പ്രാഥമിക മര്യാദ ഒന്നും ശീലിച്ചിട്ടുള്ളവരല്ല നമ്മുടെ മെത്രാന്മാർ. ആനപ്പുറത്തിരിക്കുന്നവൻ എന്തിന് പട്ടിയെ പേടിക്കണം എന്നതാണ് അവരുടെ നയം. ഈ അനഭിഷിക്തരുടെ അഹന്ത അപാരം തന്നെ. സഭാപൌരർക്ക് അവർ പുല്ലുവിലപോലും കൊടുത്തിട്ടില്ല. അതുകൊണ്ടാണല്ലോ ഒരു കുടുംബത്തെ സംബന്തിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൽ (ജനനനിയന്ത്രണം, വിവാഹമോചനം, ഭ്രൂണഹത്യ, സിവിൽ കോടതിയിൽനിന്നും വിവാഹമോചനം ലഭിച്ചവർ വിശുദ്ധ കുർബാന സ്വീകരിക്കുന്ന വിഷയം, ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം, എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയിൽ സംബന്ധിക്കുന്ന വിഷയം എന്നിങ്ങനെ എണ്ണമറ്റ വിഷയങ്ങൾ) സർവെ നടത്തി പഠിക്കാതിരുന്നത്. മേല്പ്പറഞ്ഞ വിഷയങ്ങൾ ഓരോ കത്തോലിക്കാ കുടുംബത്തെയും അടിസ്ഥാനപരമായി ബാധിക്കുന്ന കാര്യങ്ങളാണ്.
അഭിപ്രായ വോട്ടെടുപ്പു നടത്തിയല്ല സഭയുടെ പഠനങ്ങൾ എന്നത് സമ്മതിച്ചാൽതന്നെ ഓരോ വിശ്വാസിവഴിയും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് സഭാപഠനം തന്നെയാണ്. അപ്പോൾ സാധാരണ വിശ്വാസികളുടെ അഭിപ്രായവും ആ സിനഡിലേയ്ക്കുള്ള മാർഗദർശനമാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ വിശ്വാസികളിൽനിന്നും മെത്രാന്മാർ സർവെ നടത്തി പഠിക്കണ്ടതായിരുന്നു. അതാണ് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടത്. സഭ വിശ്വാസികളെ ശ്രവിക്കണം. അതല്ലായെങ്കിൽ ഈ സിനഡിൻറെ അനന്തരഫലം സഭയുടെ നാശത്തിന് വഴിയൊരുക്കും. അതിൻറെ പൂർണ ഉത്തരവാദികൾ മെത്രാന്മാരായിരിക്കും. കാരണം അവർ പോപ്പിനെ അനുസരിക്കാതിരിക്കുകയും സഭാപൌരരെ ശ്രവിക്കാതിരിക്കുകയും ചെയ്തു.
ഈ ആധുനിക യുഗത്തിലും മെത്രാന്മാർ സഭാപൌരരെ ശ്രവിക്കാൻ കൂട്ടാക്കുന്നില്ലയെന്നത് അവിശ്വസിനിയം തന്നെ. അതിൻറെ പ്രധാന കാരണങ്ങൾ മെത്രാന്മാരുടെ അധികാരം ദൈവദത്തമാണെന്നുള്ള വിശ്വാസവും അവരുടെ ഗർവും കുന്നുകൂടി കിടക്കുന്ന ധനവും കണക്കില്ലാത്ത വരുമാനവും രാഷ്ട്രിയ പിടിപാടും അന്ധവിശ്വാസികളുടെ പെരുപ്പവുമാണ്. വിശ്വാസികളെ അനുദിനം വഞ്ചിക്കുന്ന ഇവരുടെ കൂന്തൻതൊപ്പിക്കിട്ട് നല്ലൊരു കൊട്ടു കൊട്ടാൻ പലസ്തീനായിലെ മരയാശാരിയുടെ കൊട്ടുപിടി തയ്യാറായിരുപ്പുണ്ട് എന്നത് അവർ മറക്കാതിരുന്നാൽ നന്ന്. KCRMൻറെയും അല്മായശബ്ദത്തിന്റെയും CCVയുടെയും പ്രഗത്ഭരായ പയ്യന്മാർ യേശുവിനുവേണ്ടി ആ പണി തുടങ്ങിക്കഴിഞ്ഞു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin