Wednesday, 12 March 2014


ഓഫീസ്‌ മെമ്മോറാണ്ടം അപര്യാപ്‌തം: കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായി സമരം തുടരും: സീറോ മലബാര്‍ സഭ




 http://www.mangalam.com/print-edition/keralam/156778
കൊച്ചി: കര്‍ഷകര്‍ക്കു നീതി ലഭിക്കുംവരെ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായി സമരം തുടരാന്‍ സീറോ മലബാര്‍ സഭാ പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മിറ്റി തീരുമാനം. ജനങ്ങളെ മാറ്റിനിര്‍ത്തിയല്ല പരിസ്‌ഥിതി സംരക്ഷിക്കേണ്ടതെന്നും കേന്ദ്രം പുറപ്പെടുവിച്ച ഓഫീസ്‌ മെമ്മോറാണ്ടം അപര്യാപ്‌തമാണെന്നും കമ്മിറ്റി വിലയിരുത്തി.
കര്‍ഷകരുടെയും തീരവാസികളുടെയും ശബ്‌ദം പാര്‍ലമെന്റിലും നിയമസഭയിലും എത്തിക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും കാര്യശേഷിയും ആത്മാര്‍ഥതയുമുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ യോഗം ആഹ്വാനം ചെയ്‌തു. കമ്മിറ്റി ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷത വഹിച്ച യോഗം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. പശ്‌ചിമഘട്ടം സംരക്ഷിക്കുന്നതു സംബന്ധിച്ച അന്വേഷണങ്ങളും പഠനങ്ങളും സംബന്ധിച്ചു മാറിമാറിവന്ന സര്‍ക്കാരുകള്‍ വേണ്ടത്ര ജാഗ്രതയോടെയും മലയോരജനതയെ സംരക്ഷിക്കാനുള്ള താല്‍പര്യത്തോടെയും പ്രവര്‍ത്തിച്ചില്ല. ഈ പ്രശ്‌നത്തിലെ അനീതി തിരിച്ചറിഞ്ഞാണു കത്തോലിക്ക സഭ ഇതില്‍ ഇടപെട്ടതും പിന്താങ്ങിയതും.
രാഷ്‌ട്രീയത്തിനും സമുദായവ്യത്യാസത്തിനും അതീതമായ പ്രതിഷേധത്തില്‍ ജനത്തിനു നീതി ലഭിക്കണം. പശ്‌ചിമഘട്ടം സംരക്ഷിക്കുകയും വേണം- യോഗം ചൂണ്ടിക്കാട്ടി. ഉമ്മന്‍ വി. ഉമ്മന്‍ സമിതി നിര്‍ദേശിച്ചു സര്‍ക്കാര്‍ നടപ്പാക്കിയ നിജസ്‌ഥിതി പരിശോധന പശ്‌ചിമഘട്ടത്തിലെ എല്ലാ വില്ലേജുകളിലും നടത്തണം. ഇതുവഴി സ്‌ഥാപിത താല്‍പര്യക്കാരില്‍നിന്നു പശ്‌ചിമഘട്ടത്തെ സംരക്ഷിക്കാം. ജനങ്ങളുടെ ആശങ്കകള്‍ ശാശ്വതമായി പരിഹരിക്കാനുള്ള അന്തിമവിജ്‌ഞാപനം ഉണ്ടാകുന്നതുവരെ സമരം തുടരും. മലയോരകര്‍ഷകരുടെ പട്ടയപ്രശ്‌നങ്ങളും തീരദേശ ജനതയുടെ പ്രതിസന്‌ധികളും പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടുക്കി ഹൈറേഞ്ച്‌ സംരക്ഷണ സമിതിയും താമരശേരിയിലെ പശ്‌ചിമഘട്ട ജനസംരക്ഷണ സമിതിയും നടത്തുന്ന ജനകീയമുന്നേറ്റങ്ങളെ യോഗം അഭിനന്ദിച്ചു.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin