Thursday, 20 March 2014







തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്റെ ഭാര്യ ജീവനൊടുക്കി!





മൂവാറ്റുപുഴ: മത തീവ്രവാദികള്‍ താണ്ഡവമാടിയപ്പോഴും അറ്റുവീണ കൈപ്പത്തി തുന്നിച്ചേര്‍ത്ത് ജീവിതത്തിന്റെ ഇഴചേര്‍ക്കലിലേക്ക് തിരികെയടുത്തപ്പോഴും പ്രൊഫ. ജോസഫിന് തണലും കരുത്തുമായിരുന്നു സലോമി. ആക്രമണത്തിന്റെ കൊടും ഭീകരതയെക്കാള്‍ മനസ്സില്‍ മുള്ളുതറപ്പിച്ച് ഭര്‍ത്താവിനെ ജോലിയില്‍ നിന്നു പറഞ്ഞുവിടുമ്പോഴും സലോമി പ്രൊഫസറുടെ കരുത്തുള്ള താങ്ങായി...സ്‌നേഹ സാന്ത്വനമായി...

ജീവിതത്തിന്റെ കനല്‍വഴികളില്‍ അഗ്‌നിശേഷിയോടെ കൂട്ടുനിന്നപ്പോഴൊന്നും സലോമിയെന്ന വീട്ടമ്മയുടെ കരള്‍ പതറിയില്ല. പക്ഷേ, കാലം മെല്ലെ അവരുടെ മനക്കരുത്തിനെ ഉരുക്കിയെടുത്തു. ഇതറിഞ്ഞത് എപ്പോഴും ഉള്ളറിഞ്ഞ് കൂടെനിന്ന പ്രൊഫസര്‍ മാത്രം.

ബുധനാഴ്ച ഉച്ചയ്ക്ക് കിടപ്പുമുറിയിലെ കുളിമുറിയില്‍ ഒച്ചയനക്കം കേള്‍പ്പിക്കാതെ സലോമി ജീവിതത്തിന് സ്വയം പൂര്‍ണ വിരാമമിട്ടപ്പോള്‍ ഇതുവരെ പിടിച്ചുനിന്ന പ്രൊഫസര്‍ ജോസഫിന്റെ മനമിടറുന്നത് എല്ലാവരും കണ്ടു.

പക്ഷേ, വിറകൊണ്ടുവീഴാതെ സലോമിയെ സഹോദരി മേരിക്കൊപ്പം ആസ്പത്രിയിലെത്തിച്ചത് മാഷാണ്. മരണം ഉറപ്പിച്ചുകഴിഞ്ഞ് സ്വന്തം കാറില്‍ മടങ്ങുമ്പോഴും ഫോണില്‍ ഇടറാത്ത വാക്കുകളോടെ, ഇദ്ദേഹം മറുപടി പറഞ്ഞു. മകന്‍ 'അപ്പുണ്ണി'യെ വിളിച്ചു. വീട്ടില്‍ തലചായ്ച്ചിരുന്നപ്പോള്‍ ഇടറി വേയ്ക്കുന്ന കാലടികളോടെ അമ്മ വന്ന് നെറ്റിയില്‍ മുത്തമിട്ട് 'നീയെങ്ങും പോകരുതെന്ന' അമ്മയുടെ വാക്കുകളോട് 'ഇല്ലമ്മേ' എന്നു മറുപടി പറഞ്ഞു. പോലീസുകാരുടെ മരണ റിപ്പോര്‍ട്ടില്‍ 'ഇടതുകൈ കൊണ്ട്' സലോമിക്കുവേണ്ടി ഒപ്പുചാര്‍ത്തി.

2010 ജൂലായ് 4 ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് പള്ളിയില്‍ നിന്നു മടങ്ങിയ പ്രൊഫസര്‍ ജോസഫിന്റെ കൈപ്പത്തി കാര്‍ ആക്രമിച്ച് മത തീവ്രവാദികള്‍ വെട്ടിമാറ്റിയത്. മാസങ്ങളെടുത്തു മാഷ് ജീവിതത്തിലേക്ക് മടങ്ങിവരാന്‍. ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസറെ സപ്തംബര്‍ ഒന്നിന് മാനേജ്‌മെന്‍റ് പുറത്താക്കി. നിയമവഴികള്‍ താണ്ടി, കഴിഞ്ഞവര്‍ഷം തൊടുപുഴ സിജെഎം കോടതി പ്രൊഫസറെ ചോദ്യപേപ്പര്‍ വിവാദത്തില്‍ കുറ്റവിമുക്തനാക്കി. ജോലിയില്‍ തിരിച്ചുകയറാമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി. പക്ഷേ, മാനേജ്‌മെന്‍റ് തീരുമാനം അനുകൂലമാവില്ലെന്നറിഞ്ഞതോടെ ഏറെ തകര്‍ന്നത് സലോമിയായിരുന്നു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും മാര്‍ച്ച് 31ന് റിട്ടയര്‍മെന്‍റ് തീയതി ആകുന്നതും സലോമിയെ വല്ലാതെ തളര്‍ത്തി.

ഒരു മാസത്തിലേറെയായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു സലോമി. ബുധനാഴ്ച രാവിലെയും പ്രൊഫസര്‍ക്കൊപ്പം ഡോക്ടറെ കണ്ടിരുന്നു. മടങ്ങിവന്നതിനു ശേഷമാണ് 3.30-ഓടെ ഇവര്‍ എല്ലാവരേയും ഒറ്റയ്ക്കാക്കി മടങ്ങിയത്. തളരാത്ത സലോമിയെ 2010 നവംബര്‍ 2-ലെ മാതൃഭൂമി നഗരത്തിലൂടെ ലോകം കണ്ടതാണ്.

കൈ വെട്ടിയവരോടും തൊഴില്‍ കളഞ്ഞവരോടും പ്രതീക്ഷകള്‍ നല്‍കി വിഷമത്തിലാക്കിയവരോടും സലോമി ഒറ്റയ്ക്കു പ്രതികാരം വീട്ടി...സ്വന്തം ജീവന്‍കൊണ്ട്. ജീവിതത്തോടുള്ള ചോദ്യമായി പ്രൊഫസര്‍ ജോസഫ് തന്റെ വലതുകൈ മാറോടുചേര്‍ത്തുവെച്ചു. സലോമിയുടെ കണ്ണുകള്‍ പക്ഷേ, ഇനിയും വെളിച്ചം നല്‍കും. ജീവിതം കണ്ടുമതിയാവാത്തവര്‍ക്കായി...

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin