സത്യസന്ധനും നിഷ്പക്ഷനുമായ ഒരു നേതാവിനെ വെയിലത്തു നിര്‍ത്തി പള്ളീലച്ചന്‍മാരുടെ കോണകം തിരുമ്മാന്‍ യുവനേതാവിനെ ഇറക്കിവിട്ട കോണ്‍ഗ്രസിന് ഇതുതന്നെ വരണം. കര്‍ദിനാള്‍, ബിഷപ്, ഇടവകവികാരി, കപ്യാര് എന്നിങ്ങനെ കത്തോലിക്കാസഭയിലെ കാട്ടുപോത്തുകളെയും ഇടയന്‍മാരെയും മുട്ടനാടുകളെയും മുട്ടിപ്പായി വണങ്ങിയാല്‍ കത്തോലിക്കാ വോട്ടര്‍മാര്‍ പ്രെയ്‌സ് ദി ലോര്‍ഡ് എന്നും പറഞ്ഞ് വോട്ടിങ് മെഷീനില്‍ കുരിശുവരയ്ക്കും എന്നു കരുതുന്നവരെ വിവരമില്ലാത്ത പോങ്ങന്‍മാര്‍ എന്നു വേണം വിളിക്കാന്‍.
ഇടുക്കി ബിഷപിനെ കാല്‍തൊട്ടു വന്ദിച്ച് പി.ടി.തോമസ് എന്ന ഇറവറന്റ് ആന്‍ഡ് ഔട്ട്‌സ്‌പോക്കണ്‍ ഫെലോയുടെ പാപങ്ങള്‍ക്കു പരിഹാരം ചോദിക്കാന്‍ പോയ ഇടുക്കിയിലെ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ ബിഷപ് അരമനയുടെ വരാന്തയില്‍ നിര്‍ത്തി ആവോളം ശകാരിച്ചതിന്റെ പശ്താത്തലത്തില്‍ കണ്ട കത്തനാര്‍മാരുടെ തിണ്ണ നിരങ്ങി സ്വയം ശ്വാനവല്‍ക്കരിക്കാന്‍ പോകുന്ന രാഷ്ട്രീയനേതാക്കന്‍മാര്‍ക്ക് ബുദ്ധിയുദിക്കട്ടെ എന്നാശംസിക്കുന്നു. പി.ടി.തോമസിന് ഇടുക്കിയില്‍ സീറ്റ് കിട്ടില്ല എന്ന് തിരുമേനി അന്നേ പറഞ്ഞതാണ്. തിരുമേനിയുടെ കല്പനപ്രകാരം തോമസിനെ പാര്‍ട്ടി വെട്ടി. പകരം നല്ല കുഞ്ഞാടായ ഡീനിനെ ഇറക്കി. പി.ടി.തോമസിന്റെ ഗതി കണ്ടില്ലേ എന്നു ചോദിച്ച് ആക്രോശിക്കുന്ന,മന്ത്രി അടൂര്‍ പ്രകാശിനെ പറിച്ചെറിയണമെന്നു കല്‍പിക്കുന്ന ബിഷപിന്റെ മുഖത്തു നോക്കി പോടാ പുല്ലേ എന്നു പറഞ്ഞ് ഒരു പൊതുപ്രവര്‍ത്തകന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത ഡീനിനെയോര്‍ത്ത് സഹതപിക്കുന്നു.
ജനാധിപത്യസംവിധാനത്തില്‍ ആര്‍ക്ക് എങ്ങനെ വോട്ടു ചെയ്യണമെന്നത് ഓരോ വോട്ടറുടെയും അവകാശമാണെന്നിരിക്കെ വോട്ടര്‍മാരെ നേരിട്ടു കാണും മുമ്പേ സമുദായനേതാക്കന്‍മാരുടെ തിണ്ണനിരങ്ങാന്‍ പോകുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പു പ്രക്രിയയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. അല്ലെങ്കിലും ഞായറാഴ്ച പള്ളീലച്ചന്‍മാര്‍ വായിക്കുന്ന സോ കോള്‍ഡ് ഇടയലേഖനത്തിന്റെ ഉള്ളടക്കം എന്താണെന്നു നല്ലൊരു ശതമാനം വിശ്വാസികളും ശ്രദ്ധിക്കാറില്ല. ഇടയലേഖനങ്ങളുടെ ഉള്ളടക്കം ന്യൂസ് ചാനലുകളില്‍ നിന്നാണ് ശരാശരി ക്രിസ്ത്യാനി പോലും മനസ്സിലാക്കുന്നത് എന്നിരിക്കെ ഈ ബിഷപുമാരുടെ രാഷ്ട്രീയനിലപാട് അനുസരിച്ച് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടു രേഖപ്പെടുത്തും എന്നു വിശ്വസിക്കുന്നവര്‍ മന്ദബുദ്ധികളാണ്.
കേരളത്തിലെ ആളുകള്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്നു തീരുമാനിക്കുന്നത് കര്‍ദിനാളും വെള്ളാപ്പള്ളിയും ജി.സുകുമാരന്‍നായരുമാണെന്നു വിശ്വസിക്കുന്നവര്‍ വിയറ്റ്‌നാം കോളനിയെ കാത്തുസൂക്ഷിക്കുന്നത് റാവുത്തറും സ്രാങ്കും ജോണുമൊക്കെയാണ് എന്നു വിശ്വസിക്കുന്നവരെപ്പോലെയാണ്. സുകുമാരന്‍ നായര്‍ പറയുന്നതനുസരിച്ച് കേരളത്തിലെ നായന്‍മാരോ വെള്ളാപ്പള്ളി പറയുന്നതനുസരിച്ച് ഇഴവരോ കര്‍ദിനാള്‍ പറയുന്നതനുസരിച്ച് ക്രിസ്ത്യാനികളോ ആര്‍ക്കും വോട്ടു ചെയ്യുന്നില്ല. ഇവരൊക്കെ എന്തൊക്കെയോ പറയുന്നു, ആളുകള്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്കു വോട്ടു ചെയ്യുന്നു. വിജയവും തോല്‍വിയും ആര്‍ക്കായാലും അത് ഞങ്ങളുടെ ഇടപെടലിന്റെ ഫലമാണെന്ന് അവകാശപ്പെട്ട് ഇവര്‍ ബ്ലാക്‌മെയിലിങ് തുടരുന്നു. കാലാകാലങ്ങളായി നാട്ടില്‍ നടക്കുന്ന ഈ തട്ടിപ്പ് തിരിച്ചറിയാനുള്ള രാഷ്ട്രീയപക്വത ഈ ആം ആദ്മി സീസണില്‍പ്പോലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാവുന്നില്ലെങ്കില്‍ അത് പരിതാപകരമാണ്.
http://berlytharangal.com/
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin