Thursday, 12 September 2013

`ശ്രീ`യേശുവും, യേശു`ദേവനും`!

http://manovaonline.com

ആംസ്ട്രോങ്ങ് ജോസഫ്

 


യേശുവിനെ വിജാതിയവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുന്ന സംബോധനകള്‍ എത്രത്തോളം തിന്മനിറഞ്ഞതും ദൈവനിന്ദയുമാണെന്ന് പലര്‍ക്കും അറിയില്ല. കാരണം ഇവയുടെയെല്ലാം അര്‍ത്ഥം മനസ്സിലാക്കാതെ കേട്ടതെല്ലാം അപ്പാടെ പാടി നടക്കുന്നവര്‍ സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം! ഇത്തരം സംബോധനകളുടെ അര്‍ത്ഥം എന്താണെന്നു തിരിച്ചറിഞ്ഞതിനുശേഷം നിങ്ങള്‍തന്നെ തീരുമാനിക്കുക പുകഴ്ത്തലോ ഇകഴ്ത്തലോ എന്നത്. 'ശ്രീ' എന്ന സംബോധനയെക്കുറിച്ച് ആദ്യമായി പരിശോധിക്കാം!
ഇംഗ്ലീഷില്‍ 'മിസ്റ്റര്‍&മിസ്സിസ്' എന്ന് പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ച് അഭിസംബോധന ചെയ്യുന്നതുപോലെ ഇതരഭാഷകളില്‍ വ്യത്യസ്ഥങ്ങളായ സംബോധനാ വാക്കുകളുണ്ട്. നമ്മുടെ നാട്ടില്‍ തിരഞ്ഞെടുത്തിരിക്കുന്ന 'ശ്രീമാന്‍-ശ്രീമതി' എന്നീ വാക്കുകള്‍ വളരെ അര്‍ത്ഥവത്തും മനോഹരവുമാണ് എന്നതില്‍ തര്‍ക്കമില്ല. പുരുഷന്മാരെ കുറിക്കുമ്പോള്‍ 'ശ്രീമാന്‍' എന്നു പറയാറില്ല; പകരം 'ശ്രീ' എന്നു മാത്രമെ ചേര്‍ക്കാറുള്ളു. യഥാര്‍ത്ഥത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഉപയോഗിക്കാവുന്ന വാക്കാണിത്. കാരണം ഈ വാക്കിന് ഐശ്വര്യം എന്നാണ് അര്‍ത്ഥം! ഒരു വ്യക്തിയുടെ പേരിനുമുമ്പില്‍ 'ശ്രീ' ചേര്‍ത്ത് ആ പേരിനെ ഐശ്വര്യ പൂര്‍ണ്ണമാക്കുകയാണു ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിശുദ്ധീകരണ പ്രക്രിയയാണെന്നും പറയാം! പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു മനുഷ്യന്‍റെ പേരിനുമുന്നിലും ശ്രീ'യെന്ന് സംബോധന ചെയ്യാവുന്നതാണ്.
മലയാളഭാഷാ നിഘണ്ടുവില്‍ 'ശ്രീ'യെന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍ നോക്കുക; ഐശ്വര്യം, ധനം, നിധി, ശ്രേയസ്, ലക്ഷ്മീദേവി, ശ്രീപാര്‍വ്വതി, സരസ്വതി, ശക്തി, ബുദ്ധി, കീര്‍ത്തി, വിജയം, ശോഭ, പ്രഭാവം, വാക്ക്, ശ്രീരാഗം എന്നിങ്ങനെയാണ്. ചില ഹൈന്ദവ ദേവതകളുടെ പേരുള്ളതൊഴികെ മറ്റുള്ളവയെല്ലാം വിശേഷണ പദങ്ങളാണെന്നു മനസ്സിലാക്കാം. ഇത്തരം നാമവിശേഷണങ്ങള്‍ പേരിനു മുന്നില്‍ ചേര്‍ക്കുന്നതിലൂടെ, പേരിനെ പവിത്രീകരിക്കുകയോ ശക്തിപ്പെടുത്തുകയോ ആണു ലക്ഷ്യം! ഹിന്ദുക്കളുടെ ദേവതകളുടെയും ദേവന്മാരുടെയും കൂടെ 'ശ്രീ' ചേര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്. ഇതിലൂടെതന്നെ ഈ പേരുകള്‍ക്കു പോരായ്മയുണ്ടെന്നു വ്യക്തമാകുന്നു. ('ശ്രീ'യെന്ന പദം ഉപയോഗിച്ചാല്‍ ഏതു ശപിക്കപ്പെട്ടവരെയും വിശുദ്ധനാക്കാമെന്നത് വ്യര്‍ത്ഥതയാണെന്നു നമുക്കു ചിന്തിച്ചാല്‍ മനസ്സിലാകും).
'ശ്രീ' ചേര്‍ത്തുള്ള ചില പേരുകള്‍ ശ്രദ്ധിക്കാം; സ്വതവേ പേരില്‍തന്നെ ശ്രീയുള്ളവയാണത്. ശ്രീകണ്ഠന്‍ ഇത്തരത്തിലുള്ള ഒരു പേരാണല്ലോ! ശിവന്‍റെ പര്യായമാണു ശ്രീകണ്ഠന്‍. അതുപോലെതന്നെ ശ്രീകോവിലെന്നാല്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലമെന്നാണ് അര്‍ത്ഥം! 'ശ്രീ'കുട്ടിച്ചാത്തന്‍ എന്ന് ചെകുത്താനെയും സംബോധന ചെയ്ത് അവന്‍റെ പേരിനെ പവിത്രീകരിക്കുന്നുണ്ടെന്നത് രസകരമായ കാര്യമാണ്. ഹിന്ദുത്വത്തില്‍ ചെകുത്താനും പരമപ്രധാനമായ സ്ഥാനം ഉണ്ടെന്നതിനാല്‍ ഇതില്‍ അദ്ഭുതപ്പെടാനില്ല! അപ്രകാരം തന്നെ അവരുടെ മതഗ്രന്ഥങ്ങളും 'ശ്രീ' ചേര്‍ത്താണു വിളിക്കപ്പെടുന്നത്. വിശുദ്ധമായ ഒന്നിനെ വീണ്ടും വിശുദ്ധീകരിക്കേണ്ടതില്ലല്ലോ? ഇതില്‍നിന്നുതന്നെ സ്വതവേ വിശുദ്ധമല്ലാത്ത ഒന്നിനെയാണ് ഇത്തരം പ്രയോഗങ്ങളിലൂടെ വിശുദ്ധമാക്കുന്നതെന്നു വ്യക്തം!
യേശുവെന്ന നാമത്തിനുമുന്നില്‍ 'ശ്രീ' പ്രയോഗം എത്രമാത്രം അപ്രായോഗികമാണെന്ന് ഇനി പരിശോധിക്കാം! ഇംഗ്ലീഷിലെ 'മിസ്റ്റര്‍'എന്നവാക്കിനു പകരം മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കുന്ന പദം മാത്രമല്ല 'ശ്രീ'യെന്നത്. ഇംഗ്ലീഷ് ബൈബിളില്‍ ഒരിടത്തും യേശുവിനെ 'മിസ്റ്റര്‍' എന്നു സംബോധന ചെയ്തതായി കാണുന്നില്ല. ഇതിലൂടെതന്നെ ഇക്കാര്യം വ്യക്തമാകുന്നു.
യേശു, ഈശോ, ജീസ്സസ്, എന്നിങ്ങനെ വിവിധ ഭാഷകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും എല്ലാം ഒന്നുതന്നെ. ചില വിദേശഭാഷകളിലെ വാക്കുകള്‍ ലോപിച്ച് ഉണ്ടായതാണ്, യേശു, ഈശോ എന്നൊക്കെയുള്ളത്. ഉദാഹരണത്തിന്; മലയാളത്തില്‍ ഇന്നുപയോഗിക്കുന്ന പല വാക്കുകളും പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നുള്ളതാണ്. ജനല്‍, കട്ടിള, വരാന്ത, പോര്‍ട്ടിക്കോ, കശുവന്‍(കശുവണ്ടി), കൊന്ത, കുരിശ്, കപ്പേള, കുമ്പസാരം, കസേര, മേശ, അലമാര, ഇസ്തിരി, തുവാല, പേന, വിജാഗരി, വിനാഗരി, വീഞ്ഞ്, വീപ്പ, വെന്തിങ്ങ തുടങ്ങിയ പലതും പോര്‍ട്ടുഗീസ് ഭാഷയാണല്ലോ! ഹീബ്രു ഭാഷയില്‍നിന്ന് 'അമാനുഏല്‍' ഇമ്മാനുവേലും 'യ്ഈശോ' ഈശോയുമായി. 'ഊശാനാ' ഓശാനയും മ്ശീഹാ മിശിഹാ ആയതും ഇതേ ഭാഷയില്‍ നിന്നുതന്നെ! സുറിയാനിയിലും 'മ്ശീഹാ' എന്നാണ് പറയുന്നത്. ഹീബ്രുഭാഷയിലെ 'യഹോഅ' മലയാളത്തില്‍ യഹോവയായി! 'യേശുഅ' എന്ന സുറിയാനി പദം ലോപിച്ചതാണ് യേശു. ജര്‍മ്മന്‍ ഭാഷയില്‍ യേശുവിനെ 'ജേസ്സുസ്' എന്നു വിളിക്കും. അതായത് ഉച്ഛാരണത്തിലെ മാറ്റമല്ലാതെ മറ്റൊന്നും യേശുവിന്‍റെ പേരില്‍ വന്നിട്ടില്ല.
ഇനി കാര്യത്തിലേക്കുവരാം; യേശുവിന്‍റെ നാമത്തിന് ഇനിയുമൊരു വിശുദ്ധീകരണത്തിന്‍റെ ആവശ്യമുണ്ടോ? ലോകത്തെ മുഴുവന്‍ വിശുദ്ധീകരിക്കാന്‍ തക്കവിധം പരിശുദ്ധമായ നാമമാണ് യേശുവെന്ന നാമം! എല്ലാ നാമങ്ങള്‍ക്കുംമേലെ ദൈവം ഉയര്‍ത്തി സ്ഥാപിച്ച നാമത്തെ വിശുദ്ധീകരിക്കാന്‍, കുട്ടിച്ചാത്തനെ വിശുദ്ധീകരിക്കാന്‍പോലും ഉപയോഗിക്കുന്ന ഒരു പദം ഉപയോഗിക്കുന്നതിലൂടെ പിശാചിന് ഒരു ഗൂഢലക്ഷ്യമുണ്ട്. യേശുവെന്ന നാമം കേള്‍ക്കുന്നതുപോലും സാത്താന്‍റെ നട്ടെല്ലിനെ മരവിപ്പിക്കുന്ന പ്രഹരമാണ്!യേശു നാമത്തോട് മറ്റെന്തെങ്കിലും ചേര്‍ത്തുവച്ച് ആ ഉന്നതമായ നാമത്തിന്‍റെ ശക്തി കുറയ്ക്കുകയെന്നത് അവന്‍റെ ആവശ്യമാണ്. അതോടൊപ്പം യേശുവിന്‍റെ നാമത്തിന് ഇനിയും വിശുദ്ധി വേണമെന്നു ചിന്തിപ്പിക്കുന്നതിലൂടെ ആ നാമത്തെയും, ഇതിനെ പരമോന്നതിയിലേക്ക് ഉയര്‍ത്തിയ ദൈവത്തെയും ഇകഴ്ത്തുകയാണു ചെയ്യുന്നത്. യേശുവെന്ന നാമത്തിനു മുന്നില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുമടക്കും. അത് 'ശ്രീ'യേശു എന്ന നാമത്തിനു മുന്നിലല്ല. കര്‍ത്താവ് വീണ്ടും വരുന്നതുവരെ തത്ക്കാലം പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിലാണു പിശാച്!
യേശു മനുഷ്യനല്ല; ദൈവമാണ്! ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത കണക്കിലെടുക്കാതെ മനുഷ്യനായി ഈ ഭൂമിയിലേക്കു വന്നു. തന്‍റെ രക്ഷാകരദൌത്യം പൂര്‍ത്തിയാക്കി ആയിരുന്നിടത്തേക്ക് തിരികെപ്പോയി; ഇനി യേശു മനുഷ്യനല്ല; പൂര്‍ണ്ണനായ ദൈവമാണ്. ഇനിയൊരിക്കലും മനുഷ്യനാകുകയുമില്ല! അതിനാല്‍തന്നെ ആ പരിശുദ്ധിയെ വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യനു കഴിയുകയില്ല; അതു പൂര്‍ണ്ണതയിലാണുള്ളത്. തനി തങ്കത്തിനു പുറത്ത് പിച്ചള പൊതിയുന്നതുപോലെ അപഹാസ്യമായ പ്രവര്‍ത്തിയുമാണ്!
ദേവനാക്കി തരംതാഴ്ത്തരുത്!
"ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ- എങ്കിലും, നമുക്ക് ഒരു ദൈവമെയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേശുക്രിസ്തു"(1കോറി:8;4-6).
'മുന്നൂറ്റിമുക്കോടി' ദേവഗണങ്ങളില്‍ ഒരുവനായി യേശുവിനെ അംഗീകരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാണ്. എന്നാല്‍, ദൈവം എന്നു വിളിക്കാന്‍ അവര്‍ തയ്യാറാകില്ല. അതില്‍നിന്നുതന്നെ ദേവന്മാരും ദൈവവും തമ്മില്‍ വലിയ അന്തരമുണ്ടെന്നു മനസ്സിലാകുമല്ലോ! ഏതു ശക്തിയേയും ദേവന്മാരായി കാണുന്നവര്‍, സിദ്ധന്മാരെയും മാന്ത്രികന്മാരെയും കുറച്ചുകാലം 'യോഗ' ചെയ്താല്‍ അവരെയും ദേവന്മാരായി കാണാനും ആരാധിക്കാനും മടിയില്ലാത്തവര്‍, യേശുവിനെ ദേവനാക്കിയാല്‍ പരിഗണനയല്ല അവഹേളനമാണത്! ഹിന്ദുക്കള്‍ യേശുവിനെ യേശുദേവനെന്നും ക്രിസ്തുദേവനെന്നും വിളിക്കുന്നതുകേട്ട് ക്രൈസ്തവര്‍ സന്തോഷിക്കേണ്ട! അവരോടൊപ്പം ചേര്‍ന്ന് അവരെ അനുകരിക്കുകയും വേണ്ട; സര്‍വ്വസൈന്യാധിപനെ 'ശിപ്പായി' എന്നു വിളിക്കുന്നതുപോലെ ഗൌരവമായ തെറ്റാണിത്! ഇന്നു ക്രിസ്തീയ ഭക്തിഗാനങ്ങളിലും 'കീര്‍ത്തനങ്ങളിലും' അധികവും 'ശ്രീയേശുദേവന്‍' ആണ്! ഒരുകാര്യം തിരിച്ചറിയുക; തങ്ങളുടെ മതത്തെക്കുറിച്ച് വ്യക്തമായി അറിയുന്ന ഹിന്ദുക്കള്‍ പറയുന്നത് ഒരു ദൈവവും അനേകം ദേവന്മാരു ഉണ്ടെന്നാണ്. അതില്‍ കുട്ടിച്ചാത്തന്‍ 'ചാത്തന്‍ ഭഗവാന്‍'പോലുമുണ്ട്. അതിനാല്‍, ഈ 'ദേവന്‍ പട്ടം' ഒരു കീര്‍ത്തിമുദ്രയല്ല.
സാത്താന്‍റെ അവതാരങ്ങളോ അല്ലെങ്കില്‍ അവന്‍റെ അജ്ഞാനുവര്‍ത്തികളോ ആയ ദേവന്മാര്‍ക്കു സമനാക്കി, ലോകരക്ഷകനും ദൈവപുത്രനും ദൈവം തന്നെയുമായ യേശുക്രിസ്തുവിനെ അപമാനിക്കുന്നതിനു ദൈവജനം കൂട്ടുനില്‍ക്കരുത്. യേശുവിനുള്ള നാമവിശേഷണം 'കര്‍ത്താവ്' എന്നതാണ്. ക്രൈസ്തവരുടെ വിശ്വാസങ്ങളിലെ പരമപ്രധാനമായ സത്യവും അതുതന്നെ! ഈ സത്യം ഏറ്റുപറയുമ്പോഴാണ്, ഒരുവന്‍ രക്ഷപ്രാപിക്കുന്നത്. "ആകയാല്‍, യേശു കര്‍ത്താവാണ് എന്നു അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമ: 10 ; 9 ). പാരമ്പര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ തലമുറകള്‍ക്കുമുമ്പ് ഉണ്ടായിരുന്ന വിജാതിയ പാരമ്പര്യമാണോ ആദിമക്രൈസ്തവ പാരമ്പര്യമാണോ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണം. ക്രിസ്തീയ പാരമ്പര്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ബൈബിളില്‍നിന്നു വ്യത്യസ്ഥമായ ഒരു പാരമ്പര്യവും നമുക്കില്ല.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

1 comment:

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin