ഇസ്രായേല്‍ ജോസഫ്
http://manovaonline.comലോകത്ത് ഒരു ക്രിസ്തീയ സഭകളിലും മന്ത്രവാദവും ആഭിചാര പ്രവര്‍ത്തികളും ക്ഷുദ്രപ്രയോഗങ്ങളും ഇല്ലെന്ന സത്യം ആമുഖമായി പറയട്ടെ! ക്രിസ്തീയരെന്നും ക്രിസ്തീയ സഭകളെന്നും അവകാശപ്പെടുന്ന ആരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ അതിനെതിരെ കണ്ണടയ്ക്കുകയോ ചെയ്യുന്നുവെങ്കില്‍, ഈ വ്യക്തികള്‍ ക്രിസ്ത്യാനികളോ, സഭകള്‍ ക്രിസ്തീയ സഭകളോ അല്ല. ക്രിസ്തുവില്‍ നിന്നും ക്രിസ്തുവിന്റെ സഭയില്‍ നിന്നും സ്വയം വിരമിച്ചവരാണിവര്‍ !
മന്ത്രവാദത്തിന്റെ ശക്തി!
മൂര്‍ഖന്‍ പാമ്പിനു വിഷമില്ലെന്നു പറയുന്നതുപോലെയുള്ള അപകടകരമായ ഒരു പഠനമാണിത്.കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുകയോ,പറയുന്നവനെ അന്ധവിശ്വാസിയെന്നു വിളിക്കുകയോ വേണ്ട! ഇതിന്റെ വശങ്ങളെ നമുക്ക് പരിശോധിച്ചറിയാം.ഒരു ഫലവും തരാത്ത മരുന്ന് എത്രനാള്‍ വിപണിയില്‍ നിലനില്‍ക്കും? ഗുണനിലവാരത്തെക്കുറിച്ച് മനസ്സിലാകുമ്പോള്‍ നിലവാരമില്ലാത്തവ അപ്രത്യക്ഷമാകും. എന്നാല്‍, മനുഷ്യകുലത്തിന്റെ ആരംഭകാലം മുതല്‍ക്കേ മന്ത്രവാദവും ആഭിചാരവും ക്ഷുദ്രവിദ്യയുമെല്ലാം ഭൂമിയില്‍ ഉണ്ട്. ഇല്ലാത്ത ഒരുകാര്യം ചെയ്യരുതെന്നു ദൈവം പറയില്ലല്ലോ! മോശയിലൂടെ കല്‍പ്പനകള്‍ നല്‍കുമ്പോള്‍, ദൈവം കര്‍ശനമായി നിരോധിച്ചതാണ് ആഭിചാരവും ക്ഷുദ്രവിദ്യയും! ഒരു ഉപദ്രവവും വരുത്താത്ത സംഗതികളെ എന്തിന് ദൈവം കല്‍പ്പനയിലൂടെ നിരോധിക്കണം? മാത്രവുമല്ല, ആര്‍ക്കും ഒരു ദോഷവും വരുത്താത്ത കാര്യമാണിതെങ്കില്‍, ഇവ ചെയ്യുന്നവരെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിപ്പിക്കാതെ നരകത്തില്‍ എറിയേണ്ട ആവശ്യമുണ്ടോ? ദൈവവചനം പറയുന്നു;"ഭീരുക്കള്‍,അവിശ്വാസികള്‍,കൊലപാതകികള്‍,വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരധകര്‍,കപടനാട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി:21;8).
മന്ത്രവാദവും ക്ഷുദ്രവിദ്യയെയും വെറുക്കുന്നുവെന്ന് ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെയുള്ള എഴുപത്തിമൂന്ന് പുസ്തകങ്ങളിലും, പലയിടങ്ങളിലായി ദൈവം അറിയിക്കുന്നുണ്ട്. ആധുനിക ലോകത്തിന്റെ വക്താക്കളെന്നും പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുന്നവരും ഇതിനെ അന്ധവിശ്വാസം എന്നു പുച്ഛിക്കുന്നത് ശ്രദ്ധേയമാണ്. എന്നാല്‍, വിദ്യാസമ്പന്നരും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരും മന്ത്രവാദികളെ രഹസ്യമായി സന്ദര്‍ശിക്കുന്നു എന്നതാണ് സത്യം. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ വീട്ടുമുറ്റത്ത് കിടക്കുന്നത് ലോകത്തിലെ വിലപിടിപ്പുള്ള വാഹനങ്ങളുടെ വ്യൂഹമാണ്.
പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും, പ്രമുഖമായ വ്യാപാര 'കമ്പനി'കള്‍ക്കും ഉപദേശകരായി മന്ത്രവാദികള്‍ ഉണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പ്രധാന തീരുമാനങ്ങളെടുക്കുന്നത് ഇവരുടെ ഉപദേശം സ്വീകരിച്ചുകൊണ്ടാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ മനുഷ്യ ചങ്ങല തീര്‍ത്ത കമ്മ്യൂണിസ്റ്റുകാരും രഹസ്യമായി മന്ത്രവാദികളെ സന്ദര്‍ശിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കഴിഞ്ഞു. തൃശ്ശൂരിലെ ബസ്സ് സ്റ്റാന്റില്‍ സാത്താന്‍ സേവാമഠത്തിലേക്കുള്ള വഴി വിവരിക്കുന്ന പരസ്യ'ബോര്‍ഡ്' കാണാം.
മന്ത്രവാദികളെയോ അവരുടെ പിന്നലെ പോകുന്നവരെയും വിമര്‍ശിക്കാത്തവര്‍ , ഇവ ചെയ്യുന്നതിലെ ദുരന്തം ചൂണ്ടി കാണിക്കുന്നവര്‍ക്കെതിരെ നെറ്റി ചുളിക്കുകയും അന്ധവിശ്വാസികളെന്നു പരിഹസിക്കുകയും ചെയ്യുന്നതിനെ ഗൌരവത്തോടെ കാണണം! ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യം, സാത്താന്റെ നിഗൂഢമായ പദ്ധതിയാണ്!
ക്ഷുദ്രവിദ്യകള്‍ക്ക് ശാസ്ത്രീയ മുഖം!
ക്ഷുദ്രവിദ്യകളെയും ആഭിചാരപ്രവര്‍ത്തികളെയും ശാസ്ത്രീയ പരിവേഷം നല്‍കി മഹത്വം നല്‍കുന്ന അപകടകരമായ പ്രവണത ഇന്ന് നിലവിലുണ്ട്. ദൈവം, കല്‍പ്പനയിലൂടെ നിരോധിച്ചിട്ടുള്ള ഭാവി പ്രവചനവും, ശകുനം നോക്കലുമെല്ലാം ശാസ്ത്രീയ നാമം ധരിച്ച്, ഇന്ന് വിപണിയില്‍ ഉണ്ട്. 'അസ്ട്രോളജി' എന്നത് ഇവയുടെ പരിഷ്കരിച്ച പേരാണ്. 'ജ്യോതിര്‍ ശാസ്ത്ര'ത്തെയും 'ജ്യോതിഷ'ത്തേയും രണ്ടായി കാണാതെ, ഒന്നായി കാണുന്നതിലെ ദുരന്തം തിരിച്ചറിയണം. ജ്യോതിഷികള്‍ക്കും മന്ത്രവാദികള്‍ക്കും പേരിനോടൊപ്പം ഡോക്ടറേറ്റ് നല്കി ആധരിച്ചിരിക്കുന്ന രീതിയാണ് കൌതുകകരം! ഇളം തലമുറയെപോലും തെറ്റായി നയിക്കുവാന്‍ ഇത് കാരണമാകും. 'രാഹു'കാലവും 'ഗുളിക'കാലവും നോക്കി കുര്‍ബ്ബാന സമയംപോലും ക്രമീകരിച്ചിരിക്കുന്ന ക്രൈസ്തവ സഭകള്‍ ഉണ്ടെന്നത് അപമാനകരമാണ്! ഇത്തരം പ്രവര്‍ത്തികള്‍, ആഭിചാരത്തിന്റെയും ക്ഷുദ്രവിദ്യകളുടേയുമെല്ലാം കടിഞ്ഞൂല്‍ സന്തതികളാണെന്ന് ഓര്‍മ്മിക്കുക! ജ്യോതിഷവും കൈനോട്ടവും വളര്‍ച്ച പ്രാപിക്കുന്നത് മന്ത്രവാദത്തിലേക്കാണെന്ന് മനസ്സിലാകും.
തിരുവചനം പറയുന്നു;"ആരെങ്കിലും മന്ത്ര വാദികളുടെയും കൂടോത്രക്കാരന്റെയും പുറകെപോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരെ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും"(ലേവ്യര്‍:20;6). വചനം വീണ്ടും അറിയിക്കുന്നു; "മന്ത്രവാദികളും കൂടോത്രക്കാരുമായ സ്ത്രീപുരുഷന്മാര്‍ മരണശിക്ഷ അനുഭവിക്കണം "(ലേവ്യര്‍ :20;27). ആര്‍ക്കും ഉപദ്രവം വരുത്താത്ത ഒരു കാര്യത്തിന് മരണശിക്ഷ കല്‍പ്പിക്കുമോ?
ദൈവത്തെയും, ദൈവീക പ്രമാണങ്ങളെയും ധിക്കരിക്കാന്‍ വേണ്ടി സാത്താനും അവന്റെ സേവകരും ചേര്‍ന്ന് ശാസ്ത്രീയ മുദ്ര നല്‍കി ഇറക്കിയിരിക്കുന്ന വിഷബീജമാണ് 'യോഗാ'! ശാസ്ത്രീയത പറഞ്ഞ് സൂര്യനെയും പ്രപഞ്ചശക്തികളെയും നമസ്സ്കരിക്കാന്‍ പരിശീലിപ്പിക്കുന്ന 'മെഡിറ്റേഷന്‍' ദൈവം അനുവദിച്ചിട്ടില്ല."നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കണ്ട് ആക്രുഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍ "(നിയമം:4;19).
ആരെയാണ് ക്ഷുദ്രവിദ്യകള്‍ ഏശാത്തത്?
ക്ഷുദ്രവിദ്യകളോ മന്ത്രവാദമോ ഏല്‍ക്കാത്ത ഒരു വിഭാഗത്തെക്കുറിച്ച് കര്‍ത്താവ് പറയുന്നുണ്ട്. ആഭിചാരം ഏല്‍ക്കാത്തവര്‍ എന്ന സൂചനതന്നെ, ഏല്‍ക്കുന്നവരും ഉണ്ടെന്ന് സ്പഷ്ടമാക്കുന്നു. ഇങ്ങനെയാണ് വചനം പറയുന്നത്;"യാക്കോബിന്, ആഭിചാരം ഏല്ക്കുകയില്ല; ഇസ്രായേലിനെതിരെ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ:23;23). മാലിന്യങ്ങളില്‍ നിന്നകന്ന് വിശ്വാസത്തില്‍ ഉറച്ചു നില്‍കുന്നവരെയാണ്, ഇസ്രായേല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കല്‍പ്പനകള്‍ ലംഘിക്കുകയോ,അങ്ങനെയുള്ളവരുമായി ചേര്‍ന്ന് നില്ക്കുകയോ ചെയ്യാത്തവരെ ഇസ്രായേലായി പരിഗണിക്കും.ശപിക്കപ്പെട്ടതായി പറഞ്ഞിട്ടുള്ളവ ചെയ്യാതിരിക്കണം.
മൊവാബ്യ രാജാവായ ബാലാക്ക്, ഇസ്രായേല്‍ ജനതയെ ശപിക്കാനായി ബാലാമിനെ നിയോഗിച്ചു. എന്നാല്‍, ബാലാം ശപിക്കുന്നതിനു പകരം അനുഗ്രഹിക്കുകയാണ്, ചെയ്തത്. ബാലാം പറഞ്ഞു; "ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? കര്‍ത്താവ് ഭര്‍ത്സിക്കാത്തവനെ ഞാന്‍ എങ്ങനെ ഭര്‍ത്സിക്കും?"(സംഖ്യ:23;8)."യാക്കോബില്‍ അവിടുന്ന് തിന്മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ് അവരോടുകൂടെയുണ്ട്"സംഖ്യ:23;21).
ഇസ്രായേല്‍ പാപം ചെയ്തപ്പോള്‍ മാത്രമാണ് അവര്‍ പരാജയപ്പെട്ടിട്ടുള്ളത്. പാപം ചെയ്യുമ്പോള്‍ ദൈവത്തില്‍നിന്ന് നാം അകലും എന്നതിനാല്‍, ഈ സമയങ്ങളില്‍ ശാപവും മന്ത്രവാദവും ക്ഷുദ്രവിദ്യയുമെല്ലാം ഫലിക്കുമെന്ന് വ്യക്തം! അതുകൊണ്ട്, കല്പനകള്‍ പാലിച്ച് കര്‍ത്തവിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടോയെന്നു നിരന്തരം സ്വയം പരിശോധിക്കണം . അല്ലാത്തപക്ഷം നാം സുരക്ഷിതരാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. സാത്താന്, അവസരം കൊടുക്കരുതെന്ന് വചനം പറയുന്നുണ്ടല്ലോ? അവനോടോ അവന്റെ സേവകരോടോ ചേര്‍ന്നാല്‍, അവന്‍ കയറിക്കൂടും. പാപം വഴി സാത്താന്, നാം അവസരം കൊടുക്കുകയാണ് ചെയ്യുന്നത്. പാപത്തേയും പാപസാഹചര്യങ്ങളെയും ഞാന്‍ വെറുത്തുപേക്ഷിക്കുന്നു എന്നാണ്, മാമോദീസാ വേളയില്‍ നാം എടുക്കുന്ന പ്രതിജ്ഞ. ഇതില്‍ നിലനില്‍ക്കുന്നിടത്തോളം കാലമാണ് ഇസ്രായേല്‍ ഗണത്തില്‍ നാം ഉണ്ടാകുന്നത്. ഈ കൂട്ടായ്മയില്‍ നിന്ന് അകലുന്ന നിമിഷം അനുഗ്രഹത്തില്‍നിന്ന് നാം വിച്ഛേദിക്കപ്പെടുന്നു.
ആരോഗ്യമില്ലാത്ത ശരീരത്തിലേക്ക് രോഗാണുക്കള്‍ക്ക് പ്രവേശിച്ച് വളരാന്‍ എളുപ്പമായിരിക്കുന്നതുപോലെ, വിശുദ്ധിയും പ്രാര്‍ത്ഥനയും ഇല്ലാത്തവരിലേക്ക് ശാപം കടന്നുവരാനും അതു വേരുപാകാനും എളുപ്പമാണ്. അതിനാല്‍, നമ്മുടെ ആത്മീയ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തുക!
'ഇസ്രായേലും യാക്കോബും'
ആരാണ് ഇസ്രായേലും യാക്കോബും? യാക്കോബിലൂടെയാണ്, യഹൂദജനത, ഇസ്രായേല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്! യാക്കോബിനെ പഠിക്കുമ്പോള്‍ മാത്രമേ ഇസ്രായേല്‍ എന്താണെന്ന് മനസ്സിലാകുകയുള്ളൂ. ദൈവത്തില്‍ നിന്നുള്ള അനുഗ്രഹം പിടിച്ചുവാങ്ങിയ യാക്കോബിനെ ബൈബിളില്‍ പരിചയപ്പെടുന്നുണ്ട്. വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുകയും, അവിശ്വാസികളോട് ചേര്‍ന്ന്‍ മലിനനാകാതെ സ്വയം കാക്കുകയും ചെയ്ത വ്യക്തിയാണ് യാക്കോബ്. ആ വിശ്വാസത്തെ പിന്തുടര്‍ന്ന തലമുറയാണ് ഇസ്രായേല്‍! യാക്കോബിന്റെ വിശ്വാസം തുടരുന്നവര്‍ക്കു മാത്രമാണ് വാഗ്ദാനം ചെയ്യപ്പെട്ട സംരക്ഷണം ലഭിക്കുന്നത്.
യാക്കോബിന്റെ വിശ്വാസത്തില്‍നിന്ന്‍ ഇസ്രായേല്‍ജനത വ്യതിചലിച്ചപ്പോഴെല്ലാം സംരക്ഷണം നഷ്ടപ്പെടുന്നതായി കാണാം!ഇസ്രായേല്‍ജനം മോശയുടെ നേതൃത്വത്തില്‍ കാനാന്‍ദേശത്തേക്ക് പലായനം ചെയ്തപ്പോള്‍ , മരുഭൂമിയില്‍ വച്ച് വിഗ്രഹങ്ങളെയുണ്ടാക്കി ദൈവത്തെ പ്രകോപിപ്പിച്ചു(പുറപ്പാട്:32) .മന്ത്രവാദികളെ സമീപിക്കുന്നവരെ സ്വജനത്തില്‍ നിന്ന് അകറ്റിക്കളയും എന്ന് ദൈവം മോശവഴി അറിയിക്കുന്നുണ്ട്!"ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകെ പോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരെ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍നിന്ന് വിച്ഛേദിച്ചുകളയുകയും ചെയ്യും"(ലേവ്യര്‍:20;6 ).
ഇതില്‍നിന്ന് വ്യക്തമാകുന്ന വലിയ സത്യം, മന്ത്രവാദം എന്നത് 'അന്യദേവ' ആരാധനയാണ് എന്നത് തന്നെ! യഹൂദഗോത്രങ്ങളില്‍ പിറന്നു എന്നത് ഒരു സംരക്ഷണമല്ല. മറിച്ച്, വിശ്വാസത്തില്‍ നിലനില്‍ക്കുക എന്നതാണ് പ്രധാനം! ദൈവത്തിന്റെ അഭിഷിക്തനായ മോശയ്ക്കുനേരെ പിറുപിറുക്കുകയും സ്വര്‍ഗ്ഗീയ അപ്പമായ മന്നയെ , വിലകെട്ടത് എന്ന് പറയുകയും ചെയ്ത ഇസ്രായെല്യര്‍ മരുഭൂമിയില്‍ വച്ച് സര്‍പ്പദംശനമേറ്റ് മരിച്ചു!
മക്കബായരുടെ പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു സംഭവം കാണാം. യുദ്ധത്തില്‍ മൃതിയടഞ്ഞവരുടെകുപ്പായങ്ങള്‍ക്കിടയില്‍,യാമ്നിയായിലെവിഗ്രഹങ്ങളുടെ ചിഹ്നം ആലേഖനം ചെയ്ത തകിടുകള്‍ കണ്ടെത്തുന്നു. ഇവയായിരുന്നു അവരുടെ മരണത്തിന് കാരണമായതെന്ന് വചനം സൂചിപ്പിക്കുന്നു(2മക്കബായര്‍:12;39-41).
ദൈവത്തില്‍ നിന്ന് അകന്നുകഴിഞ്ഞ നാളുകളിലെല്ലാം ഇസ്രായേല്‍ കനത്ത പ്രഹരമേറ്റിട്ടുണ്ട്. ലോകചരിത്രത്തില്‍ ഏറ്റവും അധികം പ്രവാസികളാവുകയും, അടിമത്വത്തില്‍ കഴിയുകയും ചെയ്ത ജനം ഇസ്രായേലാണ്. ഇവരോളം പീഡിപ്പിക്കപ്പെട്ട വേറൊരു ജനതയുമില്ല! ഇതില്‍ നിന്നും എന്താണ് മനസ്സിലാകുന്നത്? ദൈവവചനം പരാജയപ്പെട്ടുവെന്നോ? ഒരിക്കലുമല്ല! ദൈവവചനത്തെ മനസ്സിലാക്കിയതിലെ പാളിച്ചകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്!
ആധുനിക ഇസ്രായേല്‍!
യേശുവിന്റെ വരവോടെ ദൈവത്തിന്റെ മുഖം മനുഷ്യര്‍ക്ക് വെളിപ്പെടുത്തി. "എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു"(യോഹ:12;45 ). മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു;"എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ:14;9). അങ്ങനെ ദൈവം മനുഷ്യരോടൊപ്പം വസിക്കാന്‍ ഇറങ്ങിവന്നു! അതിനാല്‍, ക്രിസ്തുവിനുശേഷം യഥാര്‍ത്ഥ ഇസ്രായേല്‍ജനത, അവനില്‍ വിശ്വസിക്കുന്നവരാണ്. യേശുവിലൂടെയല്ലാതെ പിതാവിന്റെ കൃപ മനുഷ്യരിലേക്ക് എത്തുന്നില്ല. ഞാനും പിതാവും ഒന്നാണെന്ന് യേശു പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നുവെന്നും, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നുവെന്നും ക്രിസ്തു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദൈവീക സംരക്ഷണയിലാണ്. യേശുക്രിസ്തുവില്‍ ആയിരിക്കുന്നവന് ശിക്ഷാവിധിയില്ല എന്ന് പൌലോസ് അപ്പസ്തോലന്‍ അറിയിക്കുന്നു.
വംശാവലിപ്രകാരമോ, പേരുകൊണ്ടോ, ജ്ഞാനസ്നാനം സ്വീകരിച്ചത്കൊണ്ടോ ഒരുവന്‍ സംരക്ഷണയില്‍ ആണെന്ന് കരുതരുത്! യഥാര്‍ത്ഥമായി വചനത്തില്‍ നിലനില്‍ക്കുന്നവരാണ് സുരക്ഷിതര്‍! ദൈവനിഷേധികളോടൊപ്പം ജീവിച്ച്, കര്‍ത്താവ് സംരക്ഷിക്കുമെന്ന് കരുതുന്നത് അപകടമാണ്. മന്ത്രവാദത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, തങ്ങള്‍ ഇസ്രായേലാണ്, യാക്കോബാണ് എന്നൊക്കെ പറയുന്നവര്‍, ആരാണ് യാക്കോബ് എന്നറിയണം! മരുഭൂമിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഇസ്രായേല്‍ മക്കളെയും ഓര്‍മ്മിക്കണം !
ക്ഷുദ്രവിദ്യക്കാര്‍ക്ക് വരാനിരിക്കുന്ന ദുരന്തങ്ങള്‍!
ആഭിചാരപ്രവര്‍ത്തികളും ക്ഷുദ്രപ്രയോഗങ്ങളുമെല്ലാം ചെയ്യുന്നവരുടെമേല്‍ അതീവ ഗുരുതരമായ മഹാമാരികള്‍ പതിയിരിക്കുന്നു. പ്രത്യേകിച്ച് സത്യദൈവത്തില്‍ ആശ്രയിക്കുന്ന ആത്മീയ മനുഷ്യര്‍ക്ക് എതിരായിട്ടാണ് ചെയ്യുന്നതെങ്കില്‍, തിരിച്ചടി അതിശക്തമായിരിക്കും. ഇതിനെക്കുറിച്ച് ദൈവവചനം വളരെ വ്യക്തമായി അറിയിക്കുന്നത് കാണാം.
യാക്കോബിന് ലഭിച്ചിരിക്കുന്ന അനുഗ്രഹം ഇങ്ങനെയാണ്;"ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തല കുനിക്കട്ടെ! നിന്റെ സഹോദരര്‍ക്ക് നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്മാര്‍ നിന്റെ മുമ്പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹീതനുമാകട്ടെ!"(ഉല്‍പ്പ:27;29). അബ്രാഹത്തെ ദൈവം ഇപ്രകാരം അനുഗ്രഹിച്ചു;"നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും.നിന്നെ ശപിക്കുന്നവനെ ഞാന്‍ ശപിക്കും"(ഉല്‍പ്പ:12;3).
ദൈവത്തിനു പ്രീതികരമായി ജീവിക്കുകയും വിശ്വാസത്തോടെ അവിടുത്തെ സേവിക്കുകയും ചെയ്യുന്നവനെ ആരെങ്കിലും ശപിച്ചാല്‍, ശപിക്കുന്നവനെ ദൈവം ശപിക്കുമെന്നുതന്നെയാണ് പറയുന്നത്. വിശ്വാസികളുടെ സംരക്ഷകന്‍ കര്‍ത്താവാണ്. അവിടുന്ന് തന്റെ ദാസര്‍ക്ക് വേണ്ടി പ്രതികാരം ചെയ്യുന്നുവെന്ന് ദൈവവചനം പറയുന്നു. ദൈവീക ശുശ്രൂഷകരെ പീഢിപ്പിക്കുന്നവരെ, അവരുടെ ദേശത്തോടൊപ്പം നശിപ്പിച്ചു കളയുന്നത് ഈ കാലഘട്ടത്തിലും നമുക്ക് അനുഭവമുണ്ട്.
അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും മാത്രമായി നല്‍കിയ സംരക്ഷണമല്ല ഇതെന്നു വചനം പരിശോധിച്ചാല്‍ മനസ്സിലാകും. സംഖ്യയുടെ പുസ്തകത്തില്‍ ബാലാം ശപിക്കാന്‍ വന്നത് അവരുടെ തലമുറയെ ആണ്. ജനതകളുടെ രീതികളില്‍നിന്ന് വേറിട്ട് വിശ്വാസജീവിതം നയിക്കുന്ന തലമുറകളെയും അനുഗ്രഹവും സംരക്ഷണവും പിന്‍തുടരുമെന്നു മനസ്സിലാക്കാന്‍ കഴിയും.
ക്ഷുദ്രവിദ്യകള്‍ ദൈവീകമല്ല. അതുകൊണ്ട്തന്നെ ഇവ ചെയ്യുന്ന മത വിഭാഗങ്ങള്‍ ദൈവത്തെയല്ല ആരാധിക്കുന്നതും ആശ്രയിക്കുന്നതും . വിഗ്രഹാരാധനയില്‍ നിന്നും പ്രപഞ്ചശക്തികളെ ആരാധിക്കുന്ന വിഭാഗങ്ങളില്‍ നിന്നുമാണ് ആഭിചാര പ്രവര്‍ത്തികള്‍ ഉടലെടുക്കുന്നത്. അടിസ്ഥാനപരമായി ഇത് വിജാതീയമാണ്. ദൈവമല്ലാത്തതിനെ ദൈവമെന്നു കരുതി ആരാധിക്കുന്ന വിഭാഗമാണ് വിജാതിയര്‍!അതിനാല്‍ ക്ഷുദ്രവിദ്യകളുടെയും മന്ത്രവാദങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണ്."വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20). ദൈവവചനത്തില്‍ ഉറച്ച് നില്‍ക്കുന്നവരില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അവിടെ സാത്താന്റെ ശക്തികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മാത്രമല്ല വരുന്നതിന്റെ ഏഴിരട്ടി ശക്തിയില്‍ തിരിച്ചോടും . അയച്ചവനിലേക്ക് ഇത്രയും മടങ്ങ് ശക്തിയില്‍ തിരിച്ചു പതിക്കുമ്പോള്‍, അവിടം തകര്‍ന്ന് തരിപ്പണമാകും! അങ്ങനെയാണ് വിശ്വാസികള്‍ക്ക് നേരെയുള്ള ക്ഷുദ്രവിദ്യകള്‍ വിപരീത ഫലമുണ്ടാക്കുന്നത്. വിശ്വാസികള്‍ക്ക് ശാപം അനുഗ്രഹമാക്കി മാറ്റുകയും, ശപിക്കുന്നവന്‍, അതേ ശാപത്താല്‍ തകരുകയും ചെയ്യുന്നു!
പത്ത് മഹാമാരികള്‍!
ക്ഷുദ്രവിദ്യകള്‍ ചെയുന്നത് ആര്‍ക്കെതിരെ ആയിരുന്നാലും,ചെയ്യുന്നവനെ ഏഴു തലമുറ പിന്‍തുടരുന്ന പത്ത് മഹാമാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കണം. പിശാചിനെ ആരാധിക്കുകയും സേവിക്കുകയും ചെയ്താല്‍ താത്ക്കാലികമായ ചില ഭൌതീക നേട്ടങ്ങള്‍ കിട്ടും. യേശുവിനെ മരുഭൂമിയില്‍ വച്ചു പരീക്ഷിക്കുമ്പോള്‍, അവന്‍ ഇതു പറയുന്നുണ്ട്. അല്‍പകാലത്തെ അനുഗ്രഹങ്ങള്‍ക്ക് ശേഷം ലഭിക്കുന്നത് ഭീകര ദുരിതങ്ങളായിരിക്കും. അനേകരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലും, ദൈവവചനത്തിന്റെ മാറ്റമില്ലാത്ത വെളിപ്പെടുത്തലിലും ഇത് തെളിയിക്കുന്നു.
1. നിത്യനരകാഗ്നി! (വെളി:21;8),(വെളി:22;15),(1കോറി:6;10)
2. ദൈവീകമായ എല്ലാറ്റില്‍ നിന്നും വിച്ഛേദിക്കപ്പേടും! പ്രാര്‍ത്ഥനയില്‍നിന്നും ആത്മീയതയില്‍നിന്നും പൂര്‍ണ്ണമായും അകന്ന്, ദൈവനിഷേധകരായി മാറും.
3. തലമുറകളിലേക്ക് നീളുന്ന മാറാരോഗങ്ങള്‍!
4. മന്ദബുദ്ധികള്‍ എല്ലാ തലമുറയിലും!
5. മാനസീകരോഗികളുടെ തലമുറ! ആത്മഹത്യാപ്രവണതയുള്ള സന്താനങ്ങള്‍!
6. ഏഴ് തലമുറകളിലേക്ക് നീളുന്ന കടക്കെണികള്‍! എന്തു ചെയ്താലും ഗുണം പിടിക്കാത്ത അവസ്ഥ!
7. വിവാഹതടസ്സങ്ങളും, ദാമ്പത്യ തകര്‍ച്ചയും, വന്ധ്യതയും!
8. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ബന്ധനം!
9. ലൈംഗീക പാപങ്ങളുടെ ബന്ധനം!
10. പൈശാചിക അടിമത്വം ! ഭയം!
താത്ക്കാലികമായി കിട്ടിയേക്കാവുന്ന ലോകസുഖങ്ങള്‍ക്ക് വേണ്ടിയോ, മറ്റുള്ളവരെ ദ്രോഹിക്കുവാന്‍ വേണ്ടിയോ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍, തങ്ങള്‍ക്ക് മാത്രമല്ല, യാതൊരു തെറ്റും ചെയ്യാത്ത ഭാവിതലമുറയ്ക്കും ശാപങ്ങള്‍ സമ്മാനിക്കുകയാണെന്ന് മറക്കരുത്!
ക്ഷുദ്രവിദ്യക്കാരുമായി സമ്പര്‍ക്കമരുത്!
മന്ത്രവാദം പോലെയുള്ള മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുന്നവരുമായി വിശ്വാസികള്‍ യാതൊരുവിധ ബന്ധവും അരുതെന്നാണ്, ദൈവവചനം പറയുന്നത്. ഇവ ചെയ്യുന്നവരില്‍ പൈശാചികമായ ഒരു ശക്തി നിലനില്ക്കുന്നു. കൂടാതെ ശാപവും ദൈവകോപവും ഇവരുടെമേല്‍ ഉണ്ടെന്നു വചനം മുന്നറിയിപ്പ് തരുന്നു. "സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നു കണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ല"(1കോറി:6;10). എത്രമാത്രം വലിയ ബന്ധമുള്ള ആളായിരുന്നാലും അവരുമായി ബന്ധം അരുതെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് 'സഹോദരന്‍' ആണെങ്കില്‍ പോലും എന്നു പറയുന്നത്. പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാം. മാരകമായ ഒരു പകര്‍ച്ചരോഗം വന്നാല്‍, ആരുതന്നെയായിരുന്നാലും നാം അകറ്റി നിര്‍ത്താറില്ലേ? ശരീരത്തെ മാത്രം ബാധിക്കുന്ന രോഗത്തോട് ഇത്ര കരുതലുള്ളവര്‍, ആത്മാവിന്റെ നിത്യ രക്ഷയെക്കുറിച്ച് എത്ര ജാഗ്രതയുള്ളവരായിരിക്കണം!
പാപത്തിനും പൈശാചികതയ്ക്കും ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അടുത്തു ചെന്നാല്‍ വിഴുങ്ങുന്ന അഗ്നിപോലെയാണിതെന്ന് വചനം പഠിപ്പിക്കുന്നു. ഇവരുമായുള്ള ബന്ധം നമ്മെയും ഈ തിന്മയിലേക്ക് നയിക്കാന്‍ സാധ്യത വളരെയധികമാണ്. പ്രാര്‍ത്ഥനയില്‍ നിന്നും ആത്മീയ ജീവിതത്തില്‍ നിന്നും അകറ്റിക്കളയുകയും ദൈവത്തെക്കുറിച്ചുള്ള വിശ്വാസത്തില്‍ നിന്ന് പടിപടിയായി വിച്ഛേദിക്കുകയും ചെയ്യുന്നത് കാണാം . അങ്ങനെ അവര്‍ക്ക് ലഭിക്കുന്ന ശാപത്തിന്റെ ഓഹരി നമുക്കും ലഭിക്കുന്നു! ഇത് വ്യക്തമായി അറിയുന്നതുകൊണ്ടാണ്, നമ്മെ സ്നേഹിക്കുന്ന ദൈവം മുന്നറിയിപ്പു തരുന്നത്. പാപത്തിനു കാരണമാകുന്നത് കണ്ണോ, കൈയ്യോ ആയാല്‍ പോലും അത് നീക്കിക്കളയാന്‍ കര്‍ത്താവ് പറഞ്ഞത് ഈ ബന്ധങ്ങളെക്കുറിച്ചാണ്. തത്ക്കാലം ഉണ്ടാകുന്ന വേദന നമ്മെ നിത്യനാശത്തില്‍ നിന്നും രക്ഷിക്കും!
നമ്മുടെ രക്ഷയേയും നന്മയേയും കരുതിയാണ്, വചനം നല്‍കിയിരിക്കുന്നത്. നമുക്ക് സ്വീകാര്യമായി തോന്നുന്നത് മാത്രം അനുസരിക്കുന്നത് ശരിയല്ല. എല്ലാം അനുസരിക്കാന്‍ കടമയുണ്ട്. ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക: മന്ത്രവാദവും ആഭിചാര കര്‍മ്മങ്ങളും ഫലമില്ലാത്ത കാര്യങ്ങളാണെന്നു ധരിച്ച് അതില്‍നിന്നു അകന്നുനില്‍ക്കേണ്ടതില്ല; മറിച്ച് ഇതില്‍ ഏര്‍പ്പെടുന്നവരുടെ ആത്മാവ് നിത്യനരകത്തില്‍ പതിക്കുമെന്നും തങ്ങളെയും ഭാവിതലമുറയെയും അപരിഹാര്യമായ ദുരന്തത്തില്‍ അകപ്പെടുതുമെന്നും തിരിച്ചറിഞ്ഞ് ഇതില്‍നിന്ന് ഓടിയകലുവിന്‍!
ദൈവം വെറുക്കുന്നവ ചെയ്യുന്നവരെ ഒരുതരത്തിലും സഹായിക്കരുതെന്നും അവരെ അംഗീകരിക്കരുതെന്നും വചനം താക്കീത് ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ദൈവത്തെയാണ്, നാം ധിക്കരിക്കുന്നത്. അവരെ സഹായിക്കുമ്പോള്‍, അവരുടെ തിന്മയില്‍ തുടരാനുള്ള പ്രേരണയായിമാറുന്നു. നമുക്ക് കഴിവും സമ്പത്തും നല്‍കിയത് ദൈവമാണ്. അത് ദൈവത്തെ നിഷേധിക്കാനായി ഉപയോഗിക്കുമ്പോള്‍, ദൈവത്തോടുള്ള വെല്ലുവിളിയാണെന്ന് മറക്കരുത്!
എല്ലാ അശുദ്ധിയില്‍നിന്നും അകന്ന് കര്‍ത്താവിനെ നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം!"കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും"(2 പത്രോ:3;10). അവന്‍ എപ്പോഴാണ്, വരുന്നതെന്ന് നമുക്കറിയാത്തത്കൊണ്ട് ഒരുങ്ങിയിരിക്കാം. ഒരുപക്ഷെ ഇന്നു വരാം!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin