Tuesday, 3 September 2013

വഴിപിഴപ്പിക്കുന്ന ഉത്തരങ്ങളുമായി `ശാലോം ടെലിവിഷന്‍`!

 "സാത്താക്രോസ്"





ത്തരവാദിത്വബോധമില്ലാത്തവര്‍ ഉത്തരം നല്‍കിയാല്‍ ചോദ്യകര്‍ത്താവിന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്കെല്ലാം ഊഹിക്കാവുന്നതെയുള്ളു! കേരളത്തിലെ കത്തോലിക്കാസഭയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായി പരിഗണിക്കപ്പെടുന്ന 'ശാലോം' ടെലിവിഷനിലെ 'ഉത്തരം' എന്ന പരിപാടി കാണുന്ന യഥാര്‍ത്ഥ കത്തോലിക്കനു സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വേദനയാണ് ഇവിടെ പ്രതിപാദിക്കുന്ന വിഷയം. അണിയറപ്രവര്‍ത്തകര്‍ സാങ്കല്പികമായി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയല്ല ഉത്തരം പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന ധാരണയോടെയാണ് മനോവ പ്രതികരിക്കുന്നത്. അഥവാ അങ്ങനെയാണെങ്കില്‍പ്പോലും പ്രതികരിക്കാതെ തരമില്ല!
കേരളത്തിലെ പ്രമുഖരായ മെത്രാന്മാരാണ് ഈ പരിപാടിയില്‍ ഉത്തരം നല്‍കുന്നത് എന്നകാര്യം ആരംഭത്തില്‍ത്തന്നെ വ്യക്തമാക്കുന്നു. അതുതന്നെയാണ് സംഗതി കൂടുതല്‍ ആഴമേറിയ ദുരന്തമാക്കി ഈ പരിപാടിയെ മാറ്റുന്നതും! ഇവിടെ നല്‍കുന്ന ഉത്തരങ്ങള്‍ കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനമായി തെറ്റിദ്ധരിക്കുവാന്‍ ചോദ്യകര്‍ത്താവിനെയും മറ്റു കേള്‍വിക്കാരെയും പ്രേരിപ്പിക്കും എന്നതാണ് ദുരവസ്ഥ! വ്യക്തിപരമായ അഭിപ്രായത്തിനപ്പുറം കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിശ്വാസങ്ങളാണ് പലപ്പോഴും ഇവിടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് എന്നകാര്യം മുഖവുരയായി സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍, ചിലതെല്ലാം സത്യങ്ങളാണെന്നു സമ്മതിക്കാന്‍ മനോവയ്ക്കു മടിയുമില്ല! തെറ്റും ശരിയും സമ്മിശ്രമായി കടന്നുവരുന്നത് ഈ പ്രോഗ്രാമിനെ കൂടുതല്‍ അപകടകാരിയാക്കുന്നു എന്നതാണു വാസ്തവം. കാരണം, ശരിയേത് തെറ്റേത് എന്ന വിഭ്രാന്തിയില്‍ വിശ്വാസികളെ കൊണ്ടുചെന്നെത്തിക്കുന്ന ഒരു പരിപാടിയായി ഇതിനെ സാത്താന്‍ ഏറ്റെടുത്തു കഴിഞ്ഞു!
അനേകം അബദ്ധപ്രബോധനങ്ങള്‍ ശാലോമിലൂടെ കടന്നുവന്ന് വിശ്വാസികളെ മസ്തിഷ്ക പ്രക്ഷാളനം നടുത്തുന്നുണ്ടെങ്കിലും അവയില്‍ ഏറ്റവുകൂടുതല്‍ അപകടകാരി 'ഉത്തരം' എന്ന പ്രോഗ്രാമാണ്! കാരണം, പല വിശ്വാസികളെയും അലട്ടിക്കൊണ്ടിരിക്കുന്ന സംശയങ്ങളാണ് ഇവിടെ ചോദ്യകര്‍ത്താക്കള്‍ ഉയര്‍ത്തുന്നത്. അതിനുള്ള ഉത്തരങ്ങള്‍ നല്കുന്നതാകട്ടെ 'ദൈവശാസ്ത്ര പണ്ഡിതരെന്നു കരുതപ്പെടുന്ന മെത്രാന്മാരും! ഇവരുടെ വായില്‍നിന്നു പുറപ്പെടുന്നവയെ തെറ്റാവരമുള്ള വാക്കുകളായി തെറ്റിദ്ധരിച്ചിരിക്കുന്ന ദുര്‍ബലവിശ്വാസികള്‍ വഴിതെറ്റാന്‍ ഇതിലപ്പുറം മറ്റൊന്നും ആവശ്യമില്ല! ശാലോമിലൂടെ ചില മെത്രാന്‍വേഷധാരികള്‍ വിസ്സര്‍ജ്ജിച്ച പൈശാചിക ഉത്തരങ്ങളെ മനോവ ഇവിടെ വെളിപ്പെടുത്തുകയാണ്! ഏതെങ്കിലും നേതാക്കന്മാരെ ആക്ഷേപിക്കുകയെന്ന ലക്ഷ്യം മനോവയ്ക്കില്ല; മറിച്ച്, അപകടകരമായ ആശയങ്ങളില്‍നിന്നു സഭാമാക്കളെ രക്ഷിക്കുകയെന്ന ക്രൈസ്തവ ധര്‍മ്മമാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. വ്യക്തികളെ വേദനിപ്പിക്കുന്നുവെങ്കില്‍, ഒരുകാര്യം മാത്രമേ മനോവയ്ക്കു പറയാനുള്ളു: അപ്രിയസത്യങ്ങള്‍ എപ്പോഴും അങ്ങനെതന്നെയാണ്! ആരെയെങ്കിലും പ്രീണിപ്പിക്കാനായി അനേകരെ നിത്യനരകത്തിലേക്കു തള്ളിയിടാന്‍ മനോവ തയ്യാറല്ല!
ശാലോം ടെലിവിഷന്‍ എന്നപേരില്‍ ബെന്നി പുന്നത്തറ എന്ന ദൈവദാസനിലൂടെ കര്‍ത്താവ് മലയാളികള്‍ക്കു നല്‍കിയ അനുഗൃഹത്തെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതില്‍ മനോവ പിശുക്കു കാട്ടിയിട്ടില്ല! അതുപോലെതന്നെ, ഈ ചാനലിലൂടെ സാത്താന്‍ അവന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുവാനും മനോവ തയ്യാറായിട്ടുണ്ട്! കാരണം, നന്മയെ അംഗീകരിക്കുകയും തിന്മയെ മുഖത്തുനോക്കി എതിര്‍ക്കുകയും ചെയ്യുന്ന ശൈലിയാണു മനോവയുടെ മുഖമുദ്ര!
കത്തോലിക്കാസഭയെ മാത്രമല്ല, മറ്റു ക്രൈസ്തവ സഭകളെയും സുവിശേഷ പ്രചരണത്തിനു നൂതനമായ മാര്‍ഗ്ഗങ്ങളിലേക്കു തിരിച്ചുവിടാന്‍ അനുകരണീയമായ ശൈലി നല്‍കിയത് ബെന്നി പുന്നത്തറ എന്ന വ്യക്തിയാണെന്ന യാഥാര്‍ത്ഥ്യം പലരും വിമരിച്ചിട്ടുണ്ടാകാം. ബ്രദര്‍ ദിനകരനും കെ പി യോഹന്നാനുമൊക്കെ റേഡിയോയിലൂടെ അനേകരെ ആത്മീയ ഉണര്‍വിലേക്കു നയിച്ചതും ഇത്തരുണത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. എന്നാല്‍, ദൃശ്യമാധ്യമത്തിലൂടെ ആദ്യമായി മലയാളികള്‍ക്കു സുവിശേഷം പങ്കുവച്ച വ്യക്തി ബെന്നി പുന്നത്തറയാണ്. മലയാളത്തില്‍ ഇന്നത്തെപ്പോലെ ടെലിവിഷന്‍ ചാനലുകള്‍ ഇല്ലാതിരുന്ന കാലത്താണ് ആദ്യമായി ഇദ്ദേഹം സുവിശേഷവുമായി ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പായിരുന്നു. അന്ന് ദൂരദര്‍ശന്‍കൂടാതെ, ഏഷ്യാനെറ്റും സൂര്യാടീവിയും മാത്രമാണു മലയാളത്തില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. ആ അവസരത്തില്‍ ബെന്നി പുന്നത്തറ എടുത്ത നിലപാട് ധീരവും മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കുന്നതുമായിരുന്നു എന്നത് പിന്നീട് ഈ രംഗത്തേക്ക് അനേകര്‍ കടന്നുവന്നതില്‍നിന്നുതന്നെ വ്യക്തമാകും. അരമണിക്കൂര്‍ സമയത്തിനു നാല്‍പതിനായിരം രൂപ നല്‍കിക്കൊണ്ടാണ് ശാലോം ഈ ശുശ്രൂഷ ഏഷ്യാനെറ്റില്‍ ആരംഭിച്ചത്. അന്നത്തെക്കാലത്ത് ഇതൊരു വലിയ ബാധ്യതയായിരുന്നുവെങ്കിലും ഒരു പുതിയ തുടക്കം സുവിശേഷരംഗത്ത് ഇതിലൂടെ സാധ്യമായി.
മറ്റിതര സഭകളും മതങ്ങളും തങ്ങളുടെ ആശയപ്രചാരണത്തിന് ദൃശ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചത് ബെന്നി പുന്നത്തറയുടെ ധീരതയില്‍നിന്ന്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു! ഈ കാലഘട്ടത്തില്‍ത്തന്നെ തൃശൂര്‍ അതിരൂപതയുടെയും ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ജീവന്‍ ടീവി എന്ന സ്വതന്ത്ര ടെലിവിഷന്‍ ചാനലിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തൃശൂര്‍ മതബോധന കേന്ദ്രത്തില്‍വച്ചു നടന്ന ആലോചനായോഗത്തില്‍ പങ്കാളിത്തം വഹിക്കാന്‍ അന്നു മനോവയുമുണ്ടായിരുന്നു. സുവിശേഷ പ്രചരണം എന്ന ആശയത്തില്‍നിന്നു വ്യതിചലിച്ചുള്ള നീക്കങ്ങളെ തിരിച്ചറിയുകയും ചാനലിന്‍റെ നിയന്ത്രണം ചില ലോബികളുടെ കരങ്ങളില്‍ ഒതുങ്ങുന്നുവെന്ന കണ്ടെത്തലും മനോവയെ അതില്‍നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ചു! സമാനമായ കാരണങ്ങള്‍ക്കൊണ്ടുതന്നെ ബെന്നി പുന്നത്തറയും ആ ഉദ്യമത്തില്‍നിന്നു പിന്മാറി! തുടര്‍ന്ന്‍ സ്വന്തമായ ഒരു ചാനല്‍ എന്ന സ്വപ്നം ദൈവകരങ്ങളില്‍ ഏല്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത് ദൈവത്തിനു പ്രീതികരവുമായിരുന്നു!
കത്തോലിക്കാസഭയില്‍ അന്നു നിലനിന്നിരുന്നതും കര്‍ത്താവിനു വേദനയുളവാക്കുന്നതുമായ പാശ്ചാത്യ-പൌരസ്ത്യവാദത്തിനും കുരിശിനെ സംബന്ധിക്കുന്ന വിവാദത്തിനും എതിരായി ശക്തമായ നിലപാടുകള്‍ തന്‍റെ തൂലികയിലൂടെ നല്‍കുന്നതില്‍ ബെന്നി പുന്നത്തറ പരിശ്രമിച്ചു. കേരള കത്തോലിക്കാസഭയില്‍ വലിയ ഉണര്‍വും ജ്ഞാനവും പകരുന്നതില്‍ ശാലോം വഹിച്ച പങ്ക് ചെറുതായിക്കാണാന്‍ മനോവയ്ക്കാവില്ല. കര്‍ത്താവും അങ്ങനെതന്നെയാണ് കണ്ടത് എന്നകാര്യത്തിനു ശാലോമിന് അവിടുന്നു നല്‍കിയ വളര്‍ച്ചതന്നെ സാക്ഷ്യം നല്‍കുന്നു! കഴിഞ്ഞ ഇരുപതു വര്‍ഷമായി ശാലോമിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും സസൂക്ഷ്മം വീക്ഷിക്കുന്ന മനോവയ്ക്ക് അതിലൂടെ പ്രവര്‍ത്തിച്ച ആത്മാവിനെ വിവേചിക്കാന്‍ പ്രയാസമില്ല! 2004-2005 വര്‍ഷങ്ങളില്‍ ടെലിവിഷന്‍ ചാനല്‍ രംഗത്തേക്കുള്ള കടന്നുവരവിനുള്ള അവസാന തയ്യാറെടുപ്പുകളിലായിരുന്നു ശാലോം! കത്തോലിക്കാസഭയെ സ്നേഹിക്കുന്ന അനേകം ദൈവമക്കളോടൊപ്പം പ്രാര്‍ത്ഥനയോടെയുള്ള കാത്തിരിപ്പിലായിരുന്നു മനോവയും!
എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ചുരുക്കംചില പുരോഹിതര്‍ ഒഴികെ, സീറോമലബാര്‍ സഭയിലെ ബഹുഭൂരിപക്ഷം മെത്രാന്മാരും വൈദീകരും ശാലോമിനും ബെന്നി പുന്നത്തറയ്ക്കും എതിരായിരുന്നു എന്നകാര്യം ചിലര്‍ക്കെങ്കിലും അറിവുള്ളതാണ്. മലങ്കര കത്തോലിക്കാസഭയാണ് ശാലോമിനെ പിന്തുണച്ചതെന്ന യാഥാര്‍ത്ഥ്യവും മനോവ വിസ്മരിക്കുന്നില്ല. സീറോമലബാര്‍ സഭയുടെ മുഖപ്പത്രം എന്ന് അവകാശപ്പെടുന്നതും പേരിനോട് അല്പംപോലും നീതിപുലര്‍ത്താത്തതുമായ 'സത്യദീപം' എന്ന പ്രസിദ്ധീകരണത്തിലൂടെ ശാലോമിനെതിരെ യുദ്ധം ചെയ്തവരെ വിശ്വാസികള്‍ വിസ്മരിക്കാന്‍ സാധ്യതയില്ല! ആദ്ധ്യാത്മികതയുടെ നിറസാന്നിദ്ധ്യവും കേരളത്തിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന്‍റെ തുടക്കക്കാരില്‍ ഒരുവനുമായിരുന്ന സി ജെ വര്‍ക്കിയച്ചന്‍റെ പിന്തുണയും ആശിര്‍വാദവും ശാലോമിനോടൊപ്പം ഉണ്ടായിരുന്നത് ശക്തിയായി എന്ന വസ്തുത ബെന്നി പുന്നത്തറ നിഷേധിക്കുമെന്നു തോന്നുന്നില്ല. പാലാട്ടിലച്ചനും അഗസ്റ്റിന്‍ തുരുത്തിമാറ്റം അച്ചനും ആത്മീയപിന്തുണ നല്‍കിയവരില്‍ പ്രഥമസ്ഥാനീയരാണ്! കേരളത്തിലെ മുഴുവന്‍ കരിസ്മാറ്റിക് പ്രാര്‍ത്ഥനാകൂട്ടായ്മകളും ശാലോമിനുപിന്നില്‍ ഉറച്ചുനിന്നു. അങ്ങനെ ശാലോം ടൈംസ്‌, സണ്‍ഡേശാലോം, ശാലോം ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളെ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് വളര്‍ത്തി വലുതാക്കി! ഇതു കല്‍ദായവാദികള്‍ക്കും ഇവര്‍ നയിക്കുന്ന  'ഫ്രീമേസണ്‍റി' പ്രസ്ഥാനത്തിനും എതിരെയുള്ള പോരാട്ടത്തിനു കര്‍ത്താവു നല്‍കിയ സമ്മാനമായിരുന്നു!
കര്‍ത്താവ് ഇച്ഛിക്കാത്തതും ശാലോം കല്പിച്ചതും!
ശാലോം ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ ഏകദേശം ഏഴു വര്‍ഷത്തോളമായി. ശാലോമിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പരിശുദ്ധാത്മാവുതന്നെ അനേകം ദൈവമക്കളെ ഈ ശുശ്രൂഷയുടെ സഹകാരികളായി അഭിഷേകം ചെയ്തു! കാലിയായ ഖജനാവുമായി കര്‍ത്താവിനെ മാത്രം മുന്നില്‍ക്കണ്ടുകൊണ്ട് ധീരനായി മുന്നോട്ടുപോയ ബെന്നി പുന്നത്തറയെന്ന ആദ്ധ്യാത്മിക മനുഷ്യനെ പരിശുദ്ധാത്മാവാണു നയിച്ചതെന്നു തിരിച്ചറിയാന്‍, ഈ ആത്മാവിനെ ഉള്ളില്‍ വഹിക്കുന്ന ഏതൊരു വ്യക്തിക്കും കഴിയും! എന്നാല്‍, ബെന്നി പുന്നത്തറയ്ക്കു പറ്റിയ ഒരു അബദ്ധം ശാലോം ടെലിവിഷനെ സാത്താന്‍റെ കരങ്ങളില്‍ എത്തിച്ചുവെന്നത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അതു വലിയ ദുരന്തമായി പരിണമിക്കും. ശാലോമിന്‍റെ സാരഥിയ്ക്കു പറ്റിയ അബദ്ധം എന്തായിരുന്നുവെന്ന് നമുക്കു പരിശോധിക്കാം.
പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ വിട്ടുവീഴ്ചകൂടാതെ സ്വീകരിക്കുകയും വിധേയപ്പെടുകയും സഭയിലെ മാലിന്യങ്ങളെ തുറന്നെതിര്‍ക്കാന്‍ തയ്യാറാകുകയും ചെയ്തപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവം അംഗീകരമുദ്രനല്കി ഉയര്‍ത്തിയതാണ് ശാലോം ടെലിവിഷന്‍ എന്ന മാധ്യമം! താന്‍ എതിര്‍ത്തത് എന്തിനെയോ അതിനെത്തന്നെയാണു കര്‍ത്താവും എതിര്‍ക്കുന്നത് എന്ന അടയാളം ഈ ഉയര്‍ത്തലിനുപിന്നില്‍ ഉണ്ടായിരുന്നു. സഭയില്‍ ഉടലെടുക്കുന്നതും ദൈവാത്മാവിനു വിരുദ്ധവുമായ പൈശാചികതയെ എതിര്‍ക്കാന്‍ ബെന്നി പുന്നത്തറ എടുത്ത നിലപാടിനുള്ള സ്വര്‍ഗ്ഗത്തിന്‍റെ അംഗീകാരമായി ഇതിനെ കാണുന്നതിലും തെറ്റില്ല! കാരണം, കര്‍ത്താവ് ഏറ്റവും അധികമായി അഭിലഷിക്കുന്നത് അവിടുത്തെ സഭയുടെ വിശുദ്ധീകരണതിനായി പ്രവര്‍ത്തിക്കുന്നവരെയാണ്. ഈ ശുദ്ധീകരണ പ്രക്രിയയില്‍ ചെറിയ പങ്കുവഹിക്കുന്നവരെപ്പോലും ശ്രേഷ്ഠരായി പരിഗണിക്കുന്ന ദൈവമാണ് സ്വര്‍ഗ്ഗത്തിലുള്ളത്. ബെന്നി പുന്നത്തറയെ അവിടുന്നു തിരഞ്ഞെടുത്തതും ഇതിനുവേണ്ടിയായിരുന്നു.
ഒരു വ്യക്തിയുടെ നാളത്തെ അവസ്ഥ എന്തായിരിക്കുമെന്ന് അനന്തജ്ഞാനിയായ ദൈവത്തിനറിയാമെങ്കിലും, അവിടുന്ന് ഒരുവനെ വിളിക്കുന്നതും ഉയര്‍ത്തുന്നതും ഇന്നത്തെ അവസ്ഥയെ പരിഗണനയില്‍ എടുത്തുകൊണ്ടാണ്. ബെന്നി പുന്നത്തറയെ ശാലോം ടെലിവിഷന്‍ ഏല്പിച്ചതും അന്നത്തെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു! ചാനല്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് ബ്രദര്‍ ബെന്നി രചന നിര്‍വ്വഹിച്ച ഒരു പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 'കാലത്തിന്‍റെ അടയാളങ്ങള്‍' എന്ന ഈ പുസ്തകം 1998-ല്‍ പുറത്തിറങ്ങുകയും ക്രിസ്തീയ പുസ്തക പ്രസാധകരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു! കര്‍ത്താവിന്‍റെ പുനരാഗമനവുമായി ബന്ധപ്പെട്ട് ലോകത്തു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഈ പുസ്തകത്തില്‍, യോഹന്നാനു ലഭിച്ച വെളിപാടിനെ ഭാഗീകമായി വ്യാഖ്യാനിക്കുന്നുമുണ്ട്. ആധുനിക പാപങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും സാത്താന്യ ആരാധനയും അതിന്‍റെ വിവിധ രീതികളും വിവരിച്ചിട്ടുള്ള ഈ പുസ്തകം വായിച്ചിട്ടുള്ള ഒരു വ്യക്തി ശാലോം ടെലിവിഷന്‍ കണ്ടാല്‍, ഇവ രണ്ടും ഒരേ ആത്മാവില്‍നിന്നു പുറപ്പെട്ടതാണെന്നു സമ്മതിച്ചുതരില്ല!
'കാലത്തിന്‍റെ അടയാളങ്ങള്‍' എന്ന പുസ്തകത്തിലൂടെ ലോകത്തിനു വെളിപ്പെടുത്തിത്തന്ന പാപങ്ങള്‍, പുണ്യമാണെന്നും നിരുപദ്രവകാരിയാണെന്നും പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ശാലോമിലൂടെ ഇന്നു കാണുന്നത്. അപക്വവും ദൈവഹിതത്തിനു വിരുദ്ധവുമായ ഒരു തീരുമാനത്തിന്‍റെ അനന്തരഫലമായി ദൈവജനത്തെ പാപത്തിലേക്കു നയിക്കാനുള്ള മാധ്യമമായി ശാലോം അധഃപതിച്ചു! കാലത്തിന്‍റെ അടയാളങ്ങള്‍ എന്ന പുസ്തകത്തോടൊപ്പം വിതരണം ചെയ്ത ഒരു 'ലീഫ് ലെറ്റില്‍' വരാനിരിക്കുന്ന ടെലിവിഷന്‍ ചാനലിനെക്കുറിച്ചുള്ള വിളംബരം ഉണ്ടായിരുന്നു. അതിലെ ചില വാചകങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്: 'ഇതാ...സമയം സമാഗതമായി..കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനം അടുത്തെത്തിക്കഴിഞ്ഞു. ഇതൊന്നും അറിയാതെ, പാപത്തില്‍ മുന്നോട്ടു പോകുന്ന ലോകത്തോട് ആരാണ് ഈ 'സുവിശേഷം' അറിയിക്കുക? - സുവിശേഷം - കേട്ട നമുക്കുമാത്രമേ സുവിശേഷം കൊടുക്കാന്‍ കഴിയൂ...അതിനു നിങ്ങള്‍ തയ്യാറാണോ - സാത്താന്‍ കൈയ്യടക്കി വച്ചിരിക്കുന്ന ടെലിവിഷനില്‍ യേശുവിന്‍റെ ചിത്രം കാണാന്‍, ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? ഇതാ...ശാലോം അതിനായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു...' ഇങ്ങനെ തുടരുന്ന വിളംബരം അവസാനിപ്പിക്കുന്നത് ഈ വാക്കുകളിലാണ്: 'കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തിനായി ലോകത്തെ ഒരുക്കുവാന്‍ ശാലോമിനെ സഹായിക്കുക'.
യേശുവിന്‍റെ രണ്ടാംവരവിനെ സംശയത്തോടെ വീക്ഷിക്കുന്നവരും ഈ സത്യത്തെ വെറും പ്രതീകാത്മകമെന്നു ജല്പിക്കുന്നവരുമായ ഒരുപറ്റം കപട്യക്കാരുടെ സാരഥ്യത്തില്‍ ഇന്നെങ്ങനെ ശാലോം എത്തപ്പെട്ടു? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഒന്നുതന്നെയാണ്. ആ ഉത്തരം ശാലോം ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിക്കുന്നതിനു മുന്നോടിയായി ബെന്നി പുന്നത്തറ നടത്തിയ ചെറിയൊരു പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നു. ഈ പ്രഖ്യാപനം എന്താണെന്നു വെളിപ്പെടുത്തുന്നതിനു മുന്‍പ് ചില ചോദ്യങ്ങള്‍ക്കൂടി ഉന്നയിക്കേണ്ടിയിരിക്കുന്നു.
ശാലോം ചാനലിനു തുടക്കമിടുന്ന സമയത്ത് അതിന്‍റെ സാരഥിയായ ബെന്നി പുന്നത്തറയുടെ ആത്മീയബോധ്യം എപ്രകാരമുള്ളതായിരുന്നു എന്നത് ഇവിടെ പ്രധാനമാണ്. കാരണം, ആ ആത്മീയബോധ്യത്തെ പരിഗണിച്ചുകൊണ്ടായിരുന്നു ദൗത്യം ഭരമേല്പിക്കപ്പെട്ടത്! അന്നത്തെ ആദ്ധ്യാത്മിക ബോധ്യങ്ങളെ പകര്‍ത്തിവച്ചിരിക്കുന്ന പുസ്തകമായ 'കാലത്തിന്‍റെ അടയാളങ്ങള്‍' വായിക്കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ വെളിപ്പെടും. അന്ത്യകാലങ്ങളെ സംബന്ധിച്ചുള്ള വിവരണമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കമെന്ന് പേരില്‍നിന്നുതന്നെ വ്യക്തമാകുമല്ലോ! പേരു സൂചിപ്പിക്കുന്നതുപോലെ തന്നെയാണ് പുസ്തകത്തിലെ ഉള്ളടക്കവും. പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിവിധ സ്ഥലങ്ങളിലുള്ള പ്രത്യക്ഷീകരണവും വൈദീകരുടെ മരിയന്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ഫാദര്‍ സ്റ്റെഫാനോ ഗോബിയിലൂടെ പരിശുദ്ധ അമ്മ ലോകത്തോടു വെളിപ്പെടുത്തിയ സന്ദേശങ്ങളും ഈ പുസ്തകത്തിലുണ്ട്. വെളിപാട് പുസ്തകത്തില്‍ വിവരിക്കുന്ന 'കറുത്ത മൃഗവും അതു സൂചിപ്പിക്കുന്ന 'ഫ്രീമേസണറി'യുമാണ്‌ പുസ്തകത്തിന്‍റെ കാതലായ ഇതിവൃത്തം!
സാത്താന്‍ ഇഷ്ടപ്പെടുന്നതും കര്‍ത്താവു വെറുക്കുന്നതുമായ പ്രവര്‍ത്തികളെക്കുറിച്ച് വ്യക്തമായ വ്യാഖ്യാനം ബെന്നി പുന്നത്തറ നല്‍കിയതിനുശേഷം ശാലോം ടെലിവിഷനിലൂടെ ഇതേ തിന്മകളെ വെള്ളപൂശുന്നത് ഏതാത്മാവിന്‍റെ പ്രവര്‍ത്തിയായിരിക്കും? കാലത്തിന്‍റെ അടയാളങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നതും സാത്താന്‍ കൌശലപൂര്‍വ്വം പ്രചരിപ്പിക്കുന്നതുമായ പാപങ്ങള്‍, ഈ പുസ്തകത്തിലെ വിവരണത്തില്‍നിന്നുതന്നെ മനസ്സിലാക്കിയതിനുശേഷം ശാലോം ടെലിവിഷനിലൂടെ ഈ പാപങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്ന നിഗൂഢത നമുക്കു പരിശോധിക്കാം. കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ വെളിപാട് പുസ്തകത്തില്‍ പ്രതീകാത്മകമായി വിവരിച്ചിട്ടുണ്ട്. സത്യത്തില്‍നിന്നു മനുഷ്യരെ കൌശലപൂര്‍വ്വം അകറ്റി സാത്താന്‍റെ ആധിപത്യത്തില്‍ എത്തിക്കുന്ന കപട ആത്മീയതയുടെ പ്രതീകമായിരുന്നു ഇത്. ആത്മീയതയുടെ പേരില്‍ത്തന്നെ യഥാര്‍ത്ഥ സത്യത്തില്‍നിന്നു വ്യതിചലിപ്പിച്ച് നിത്യനരകത്തിലേക്കു നയിക്കുന്ന ഈ തിന്മയെ 'ഫ്രീമേസണ്‍റി' എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നു. ഇതില്‍ ഉള്‍പ്പെടുന്ന പ്രധാന പാപങ്ങളുടെ പട്ടിക 'കാലത്തിന്‍റെ അടയാളങ്ങള്‍' എന്ന പുസ്തകത്തില്‍ ബ്രദര്‍ ബെന്നി വിവരിച്ചിട്ടുണ്ട്. ഈ പാപങ്ങള്‍ ഓരോന്നും എന്താണെന്നുള്ള വിവരണം മനോവയില്‍ മുന്‍പുതന്നെ വിവരിച്ചിട്ടുള്ളതിനാല്‍, ഇനിയും അതിനു തുനിയുന്നില്ല. എങ്കിലും, ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള ചില വിഷയങ്ങള്‍ വിവരണംകൂടാതെ ഉദ്ധരിക്കേണ്ടിയിരിക്കുന്നു.
വൈദീകരുടെ മരിയന്‍ പ്രസ്ഥാനത്തിനു മാതാവ് പഠിപ്പിച്ചുകൊടുത്ത ചില സത്യങ്ങളെ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ ഒരുഭാഗം ഇങ്ങനെ: "കറുത്ത മൃഗം മസോണറി പ്രസ്ഥാനമാണ്. അത് സഭയില്‍ നുഴഞ്ഞുകയറി അതിനെ ആക്രമിക്കുകയും മുറിവേല്പിക്കുകയും നിഗൂഢ വക്രതയാല്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസത്തെ നിര്‍വ്വീര്യമാക്കുന്നതിനും, ശ്ലൈഹീക തീഷ്ണത കെടുത്തിക്കളയുന്നതിനും യേശുവില്‍നിന്നും അവന്‍റെ സുവിശേഷത്തില്‍നിന്നും ആളുകളെ അധികമധികം അകറ്റുന്നതിനും വിഷലിപ്തമായ മേഘംപോലെ മസോണറിയുടെ ചൈതന്യം എല്ലാറ്റിലും അലിഞ്ഞുചേര്‍ന്നുകൊണ്ടിരിക്കും"(കാലത്തിന്‍റെ അടയാളങ്ങള്‍: പേജ്,99; ഖണ്ഡിക:1). എന്താണ് ഇതിന്‍റെ വക്രതയെന്നു വിവരിക്കുന്നത് ശ്രദ്ധിക്കുക: "സത്യത്തില്‍നിന്നും നമ്മെ അകറ്റി വ്യാജദൈവങ്ങളെ ആരാധിക്കുവാനുള്ള ലക്ഷ്യം വച്ചുള്ളതാണ് ഫ്രീമേസണ്‍റിയുടെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യനെത്തന്നെ ദൈവമായി ഉയര്‍ത്തുന്നതും, സാത്താനെയും പ്രകൃതിയെയും ആരാധനാമൂര്‍ത്തികളായി കണക്കാക്കുന്നതും ഈ കള്‍ട്ടുകളെ തിരിച്ചറിയാനുള്ള അടയാളമാണ്"(പേജ്,99; ഖണ്ഡിക,3).
ഭൂമിയില്‍ എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത ഒരു പ്രസ്ഥാനമല്ല 'ഫ്രീമേസണ്‍'. അതുകൊണ്ടുതന്നെ, ഇതില്‍ അംഗത്വമെടുക്കുകയോ വരിസംഖ്യ അടയ്ക്കുകയോ വേണ്ട! അറിഞ്ഞോ അറിയാതെയോ ഈ പ്രസ്ഥാനത്തിന്‍റെ സ്വാധീനവലയത്തില്‍ അകപ്പെടുന്നവര്‍ ഇതില്‍ അംഗങ്ങളും ഇതിന്‍റെ വക്താക്കളുമായി മാറും. ഫ്രീമേസണ്‍ ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്നും ബെന്നി പുന്നത്തറയുടെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലെ വരികള്‍ ഇങ്ങനെ: "അമേരിക്കയിലും യൂറോപ്പിലും പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ന്യു ഏജ്മൂവ്മെന്‍റ്, ക്രിസ്റ്റ്യന്‍ സയന്‍സ്, ഈസ്റ്റേണ്‍ മിസ്റ്റിസിസം,ഒക്കള്‍ട്ട്, തിയോസഫി, യോഗാ, അതീന്ദ്രിയ ധ്യാനം, മന്ത്രവാദം, സാത്താന്‍ സേവ, ജ്യോതിഷം, കൈരേഖ, ടെലിപ്പതി, അതീത മനഃശാസ്ത്രം, ആസ്ട്രല്‍ ട്രാവല്‍ ഇതെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്ന നിഗൂഢ വിശ്വാസ പദ്ധതികളാണ്. ബിസിനസ്സ് രംഗത്തും കലാസാഹിത്യ രംഗങ്ങളിലും നൂതന ആശയങ്ങളുമായി മേസണ്‍റിസം സ്വാധീനം നേടിക്കഴിഞ്ഞിട്ടുണ്ട്"(പേജ്,100;ഖണ്ഡിക,2).
അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ ഭാഷ്യം നല്‍കിക്കൊണ്ട്, ശാസ്ത്രമാണ് സകലതുമെന്നു ചിന്തിക്കുന്നവരെ വഞ്ചിക്കാന്‍ ഫ്രീമേസണ്‍ സംഘങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. ബുദ്ധിയെ ബാധിച്ചിരുന്ന അന്ധകാരം നീങ്ങിപ്പോയപ്പോള്‍ സ്വബോധം വീണ്ടെടുത്ത പലരും വിജാതിയ ആത്മീയതയുടെ പൊള്ളത്തരം തിരിച്ചറിയുകയും അന്ധവിശ്വാസങ്ങളില്‍നിന്നു വിടുതല്‍ നേടുകയും ചെയ്തിരുന്നു. ഇത്തരക്കാരെയും അവരുടെ തലമുറയെയും പൂര്‍വ്വാശ്രമത്തിലേക്കു തിരികെനടത്താന്‍ ശാസ്ത്രീയതയുടെ മേമ്പൊടി അനിവാര്യമായി. ഈ ദൗത്യമാണ് ഫ്രീമേസണ്‍ സംഘം ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിവരുന്നത്! ഇന്ത്യന്‍ സാംസ്കാരിക അനുരൂപണം എന്നപേരില്‍ ക്രൈസ്തവസഭകളില്‍ ഇതു നടപ്പാക്കാന്‍ പ്രത്യേക സംഘംതന്നെയുണ്ട്. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത വിശ്വാസികള്‍ ഇക്കൂട്ടരാല്‍ വഞ്ചിക്കപ്പെടുന്നു! ഇത്തരത്തില്‍ ശാസ്ത്രീയ പരിവേഷം നല്‍കി അന്ധവിശ്വാസങ്ങളെ മഹത്വവത്ക്കരിക്കുന്ന രീതിയെക്കുറിച്ച് ബെന്നി പുന്നത്തറ എഴുതിയിട്ടുണ്ട്: "എന്നാല്‍, ആധുനിക മനുഷ്യന്‍റെ യുക്തിബോധം ഇത്തരത്തിലുള്ള ആരാധനയെ നിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ ഫ്രീമേസണ്‍ പ്രസ്ഥാനം ഇത്തരം ആരാധനയ്ക്ക് ശാസ്ത്രീയ ഭാഷ്യം നല്‍കി. പ്രകൃതിയിലും പ്രകൃതി ശക്തികളിലുമെല്ലാം ഈശ്വരന്‍റെ ചൈതന്യമുണ്ട്. അതിനാല്‍, അവയെ ആരാധിക്കുമ്പോള്‍ അവയിലെ ഈശ്വരചൈതന്യത്തെയാണ് നാം ആരാധിക്കുന്നത്"(പേജ്,101;ഖണ്ഡിക,1,2). ഈ വാദങ്ങളെ ഉദാഹരണ സഹിതം പുസ്തകത്തില്‍ നിഷേധിക്കുന്നുണ്ട്.
ക്ലാസിക്കല്‍ നൃത്തങ്ങളെയും ഗാനങ്ങളെയും ക്രിസ്തീയവാത്കരിക്കുന്നതിലെ കെണി തുറന്നെഴുതാന്‍ ഇദ്ദേഹം തയ്യാറായതും ശ്ലാഘനീയമാണ്. എന്നാല്‍, ഇന്നു ശാലോമിലൂടെ ഈ തിന്മയെ പ്രസരിപ്പിക്കുമ്പോള്‍ അതിനു എന്തു ന്യായീകരനമാണ് നല്‍കാന്‍ കഴിയുന്നത്? യോഗയെക്കുറിച്ചുള്ള സൂചന നോക്കുക: "എന്നാല്‍, യോഗ ഫിലോസഫി' മൊത്തത്തില്‍ ക്രിസ്തീയമല്ല. കാരണം, 'യോഗ' എന്ന പദത്തിന്‍റെ അര്‍ത്ഥംതന്നെ കൂടിച്ചേരല്‍, സംയോജനം എന്നാണ്. ജീവാത്മാവിന്, ഒരു വ്യക്തിക്ക് ഈശ്വരനുമായും പ്രകൃതിയുമായുമുള്ള പരിപൂര്‍ണ്ണ കൂടിച്ചേരല്‍ 'യോഗഫിലോസഫി' വാഗ്ദാനം ചെയ്യുന്നു"(പേജ്,102;ഖണ്ഡിക,4). ദൈവവും മനുഷ്യനും തമ്മിലുള്ള പുനരൈക്യത്തിനുള്ള ഏക മാര്‍ഗ്ഗമായ ക്രിസ്തുവിന്‍റെ പ്രസക്തിയെ ഇല്ലാതാക്കുവാനുള്ള സാത്താന്‍റെ കൗശലം ഈ ഫിലോസഫിയില്‍ ഒളിഞ്ഞിരിക്കുന്നത് പലരും അറിയുന്നില്ല. ഇതുതന്നെയാണ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞതും!
കത്തോലിക്കാസഭയില്‍ 'ഫ്രീമേസണ്‍ സംഘം'!
കത്തോലിക്കാസഭ ഇന്ന് ഫ്രീമേസണ്‍ സംഘത്തിന്‍റെ കരാളഹസ്തത്തില്‍ അമര്‍ന്നുകഴിഞ്ഞു. ബെന്നി പുന്നത്തറ തന്‍റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതി: "വിശ്വാസസത്യങ്ങളെയും അനുഷ്ഠാനങ്ങളെയും നിര്‍വ്വചിക്കുവാനും വ്യാഖ്യാനിക്കുവാനും സംരക്ഷിക്കുവാനും ദൈവശാസ്ത്രം നമ്മെ സഹായിക്കുന്നുണ്ട്. എന്നാല്‍, പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്‍റെയും സഹായമില്ലാതെ ദൈവീക രഹസ്യങ്ങളെ അപഗ്രഥിക്കുവാനും വ്യാഖ്യാനിക്കുവാനും തുടങ്ങുമ്പോള്‍ അവര്‍ വലിയ അപകടങ്ങള്‍ സഭയില്‍ വരുത്തിവയ്ക്കും. പൂര്‍വ്വകാലങ്ങളില്‍ വിശുദ്ധരും ദൈവത്തോടും സഭയോടും വിശ്വസ്തരും പ്രാര്‍ത്ഥനയിലും വിശ്വാസജീവിതത്തിലും മുന്നില്‍നിന്നവരുമായ പിതാക്കന്മാരിലൂടെയാണ് ക്രിസ്തീയ ദൈവ വിജ്ഞാനീയം രൂപംപൂണ്ടു വളര്‍ന്നത്. എന്നാല്‍, ഇന്ന് ബുദ്ധിപരവും യുക്തിപരവുമായ പഠനത്തിന്‍റെയും പാണ്ഡിത്യത്തിന്‍റെയും കസര്‍ത്തുകളാണ് ദൈവശാസ്ത്രമേഖലയില്‍ നടക്കുന്നത്"(പേജ്,112;ഖണ്ഡിക,2). ഇതു വിളിച്ചുപറഞ്ഞത് ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയാണെന്ന് ആരും ധരിക്കരുത്. കത്തോലിക്കാസഭയില്‍ ജീവിച്ചിരിക്കുന്ന ഒരു അത്മായനു സഭ നല്‍കുന്ന പരമോന്നത ബഹുമതിയായ 'ഷെവലിയര്‍' പട്ടം സ്വീകരിച്ച ബ്രദര്‍ ബെന്നി പുന്നത്തറയാണ് ഇതു പ്രഖ്യാപിച്ചത്!
കാലത്തിന്‍റെ അടയാളങ്ങളില്‍ ഇങ്ങനെ തുടരുന്നു: "സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പറ്റിയ വിധത്തില്‍ ദൈവശാസ്ത്രം രൂപപ്പെടുത്തിയെടുക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. സഭാതലത്തിലുള്ള ഫ്രീമേസണ്‍ സംഘത്തിന്‍റെ പ്രവര്‍ത്തന മേഖലകളിലൊന്നാണിത്. സ്വാഭാവികവും യുക്തിവാദപരവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് ദൈവവചനത്തെ അസ്പഷ്ടമാക്കുകയും എല്ലാവര്‍ക്കും മനസ്സിലാക്കുവാനും സ്വീകാര്യമാക്കുവാനും എന്നപേരില്‍ അതിന്‍റെ അതിസ്വാഭാവിക അര്‍ത്ഥത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇങ്ങനെയുളവര്‍ യേശുവിനെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചകനും വെറുമൊരു സാമൂഹ്യ വിപ്ലവകാരിയും മാത്രമാക്കി മാറ്റുന്നു. യേശുവിന്‍റെ ദൈവപുത്രത്വവും ലോകരക്ഷകനെന്ന സ്ഥാനവും അവഗണിക്കുന്നു. അങ്ങനെ കത്തോലിക്കാ സഭയ്ക്കുള്ളില്‍ത്തന്നെ അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തല്‍ഫലമായി സഭയെ കര്‍ത്താവിന്‍റെ മൌതിക ശരീരം എന്ന നിലയില്‍ കാണാന്‍ കഴിയാതെ അതിനെ വെറുമൊരു സംഘടനയുടെ തലത്തില്‍ കാണുവാന്‍ പലര്‍ക്കും ഇടയായി"(പേജ്,112;3,4). ഈ സത്യങ്ങള്‍ തുറന്നെഴുതിയ ഷെവലിയര്‍ ബെന്നി പുന്നത്തറ ആരംഭിച്ച ദൃശ്യമാധ്യമത്തിലൂടെ തന്നെയാണ് ഈ തിന്മകള്‍ വിശ്വാസികളില്‍ അടിച്ചേല്പിക്കുന്നത് എന്നകാര്യം മറ്റൊരു വൈരുദ്ധ്യം!
നിശിതമായ ഭാഷയില്‍ ഈ പുസ്തകത്തിലെ വരികള്‍ തുടരുന്നു: "സ്വതന്ത്ര മസോണറി സംഘത്തിന്‍റെ മറ്റൊരു പ്രവര്‍ത്തനരീതിയാണ് പാപത്തെ ന്യായീകരിക്കുക എന്നത്. സഭ മുന്‍പ് പാപമായി പഠിപ്പിച്ച പലതിനെയും ആധുനിക മനഃശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വെറും കോംപ്ലക്സുകളായി രൂപാന്തരപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്‍റെ വെളിച്ചത്തില്‍ സ്വന്തം മാതാവിനോടു തോന്നുന്ന ഹീനമായ ആസക്തിയും വെറും 'ഈഡിപ്പസ് കോംപ്ലക്സ്' മാത്രമാണ്. അല്ലാതെ പാപമല്ല. പാപങ്ങളെ ന്യായീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതിലൂടെ പശ്ചാത്താപത്തിന്‍റെ ഉറവിടത്തെതന്നെ നശിപ്പിക്കുന്നു. ലോകത്തിന്‍റെ നിരന്തരം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ധാര്‍മ്മീകാവബോധാവസ്ഥയിലേക്ക് അവര്‍ സഭയേയും താഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വയംഭോഗം, സ്വവര്‍ഗ്ഗഭോഗം, വിവാഹമോചനം എന്നുതുടങ്ങി എല്ലാ മേഖലകളിലും ലോകത്തിന്‍റെ അരൂപിക്കനുസരിച്ച് സഭയുടെ കാഴ്ചപ്പാടുകളും മാറ്റാന്‍ അവര്‍ നിഗൂഢമായി ശ്രമിക്കുന്നു"(പേജ്.113;ഖണ്ഡിക,1). ഇന്ന് സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന ചില നിഗൂഢതകളിലേക്ക് പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ബെന്നി പുന്നത്തറ വെളിച്ചം വീശിയത് നോക്കുക: "യേശു എകരക്ഷകന്‍ എന്ന അടിസ്ഥാന സത്യത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട്, യേശുവിനെയും സഭയെയും മറ്റു മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സ്വീകാര്യമാക്കാന്‍ ശ്രമിക്കുന്നതിലൂടെ സുവിശേഷത്തിന്‍റെ ശക്തി അവര്‍ കെടുത്തിക്കളയും. അങ്ങനെ 'പലതില്‍ ഒന്ന്‍-' എന്ന അവസ്ഥയിലേക്ക് ക്രിസ്തു മാര്‍ഗ്ഗത്തെ തരംതാഴ്ത്തി സാത്താന്‍റെ വിജയം അവര്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നു"(പേജ്,113;ഖണ്ഡിക,3). ഇതുതന്നെയല്ലേ 'കമ്മ്യൂണിറ്റി ബൈബിളിലെ ഇതിവൃത്തം?
സാത്താന്‍റെ കുടിലതന്ത്രങ്ങള്‍ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. കത്തോലിക്കാസഭയില്‍ കടന്നുകൂടി അതിനെ നശിപ്പിക്കാനുള്ള വക്രതയാര്‍ന്ന പദ്ധതികളുടെ മറ്റൊരു രൂപം ബെന്നി പുന്നത്തറ വിശദ്ദീകരിക്കുന്നത് ശ്രദ്ധിക്കുക: "മനുഷ്യനായി പിറന്ന ക്രിസ്തു ഒരു വ്യക്തിയാണ്. എന്നാല്‍, മസോണറി പ്രസ്ഥാനങ്ങളുടെ ക്രിസ്തു ഒരു ശക്തി മാത്രം. ക്രിസ്തു എന്ന പേര് അവര്‍ ഉപയോഗിക്കുന്നുവെങ്കിലും അത് നസ്രായനായ യേശുവല്ല. എന്നാല്‍, 'ക്രിസ്തു' എന്ന പേരു നിമിത്തം അനേകം പേര്‍ അക്രൈസ്തവമായ ഈ ചിന്താധാരയ്ക്ക് സ്വയം സമര്‍പ്പിച്ചിട്ടുണ്ട്. ചരിത്രത്തിലെ യേശുവിനെയും അവിടുത്തെ അദ്ഭുതങ്ങളെയും ഉത്ഥാനത്തെയും നിരാകരിച്ചുകൊണ്ട്‌ അവിടുത്തെ രക്ഷാകര ദൗത്യത്തില്‍ സംശയം ജനിപ്പിക്കുകയാണിവര്‍ ചെയ്യുന്നത്. 'ഈസ്റ്റേണ്‍ മിസ്റ്റിസ്സി'സത്തെ ക്രൈസ്തവവത്ക്കരിച്ചതാണ് ഈ പ്രസ്ഥാനം. പലതരത്തിലുള്ള ധ്യാനങ്ങളിലൂടെ 'ക്രിസ്ത്വാവബോധം' (Christ Concioysness) നേടി ബോധോദയം (enlightment) നേടാമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. പാപം, പശ്ചാത്താപം, പാപമോചനം, യേശുവിനെ കര്‍ത്താവും നാഥനുമായി സ്വീകരിക്കല്‍, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ഇവയെല്ലാം അവഗണിക്കുന്ന പൗരസ്ത്യ അക്രൈസ്തവ ആദ്ധ്യാത്മികതയുടെ ഈ തന്ത്രപരമായ നുഴഞ്ഞുകയറ്റം സഭയുടെ വളര്‍ച്ചയെയും വ്യാപനത്തേയും തടയുകയും സുവിശേഷത്തെ നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു"(പേജ്,114:ഖണ്ഡിക,2).
'കാലത്തിന്‍റെ അടയാളങ്ങള്‍' എന്ന പുസ്തകത്തിലെ മുഴുവന്‍ വിവരണങ്ങളും നല്‍കുവാന്‍ മനോവ ശ്രമിക്കുന്നില്ല. ബെന്നി പുന്നത്തറ എന്ന ദൈവദാസനെ കര്‍ത്താവ് വിളിച്ചു ശാലോം ടെലിവിഷന്‍ ഏല്‍പ്പിക്കുന്നത് ഏത് ആത്മീയ അവസ്ഥയിലായിരുന്നു എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുവാനാണ് ഇവ കുറിച്ചത്. സഭയുടെ വിശുദ്ധീകരണത്തിനായി ഏതൊരു ചെറിയ സംഭാവനയും കര്‍ത്താവു വലുതായി കാണുകയും സ്വര്‍ഗ്ഗം സന്തോഷിക്കുകയും ചെയ്യും. പരിശുദ്ധാത്മാവു നല്‍കുന്ന വ്യക്തമായ ബോധ്യത്തെ ലോകത്തിനു വെളിപ്പെടുത്താന്‍ തയ്യാറാകുന്നവരെ കര്‍ത്താവു ബഹുമാനിക്കുകയും ചെയ്യും! ഇത്തരത്തില്‍ ബെന്നി പുന്നത്തറയെ കര്‍ത്താവു ബഹുമാനിച്ചു! സഭയെ നശിപ്പിക്കാന്‍ സാത്താനും അവന്‍റെ ദൂതന്മാരും നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'സെക്കുലറിസ'ത്തിന്‍റെ ദുര്‍ഭൂതത്തിനെതിരെ 'കാലത്തിന്‍റെ അടയാളങ്ങള്‍' എന്ന പുസ്തകത്തിലൂടെ ഇദ്ദേഹം നടത്തിയ യുദ്ധത്തിനു കര്‍ത്താവു നല്‍കിയ അംഗീകാരമായിരുന്നു 'ശാലോം ടെലിവിഷന്‍'! ചെറിയ മാധ്യമത്തിലൂടെ ബെന്നി പുന്നത്തറ നടത്തിയ യുദ്ധത്തിനുള്ള സമ്മാനം, അക്കാലത്ത് സാധ്യമായ ഏറ്റവുംവലിയ മാധ്യമത്തിന്‍റെ അധികാരിയാക്കിക്കൊണ്ടു സമ്മാനിക്കാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവം തിരുമനസ്സായി!
കാലിയായ ഖജനാവും കര്‍ത്താവിലുള്ള അടിയുറച്ച വിശ്വാസവുമാണ് ചാനല്‍ തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന മൂലധനം എന്ന് ബെന്നി പുന്നത്തറ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എന്നാല്‍, ഇദ്ദേഹത്തിന്‍റെ ആത്മീയബോധ്യത്തെ പിന്തുണയ്ക്കുന്ന ദൈവമക്കള്‍ അവരുടെ സമ്പത്തുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ശാലോമിനു ശക്തിപകര്‍ന്നു. ഇത് ഇന്നത്തെ ശാലോമിന്‍റെ ശൈലിക്കുള്ള പിന്തുണയായിരുന്നില്ല; മറിച്ച്, അന്നത്തെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരുന്നു. പ്രാരംഭത്തില്‍ മനോവ സൂചിപ്പിച്ചതുപോലെ, ഒരു വ്യക്തി നാളെ എന്തായിത്തീരുമെന്ന മുന്‍വിധിയോടെയല്ല ദൈവം അവനെ ദൗത്യം ഭരമേല്‍പ്പിക്കുന്നത്; ഇന്ന് അവന്‍ എന്തുചെയ്യുന്നുവെന്നത് പരിഗണിച്ചുകൊണ്ടാണ്! ഇതിന്‍റെ വ്യക്തമായ ദൃഷ്ടാന്തമാണ് ശാലോം ടെലിവിഷന്‍! ബെന്നി പുന്നത്തറ എന്ന പോരാളി എന്തിനോടു പോരടിച്ചുവോ, ആ തിന്മ ശാലോമിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന ഉത്തരം വളരെ ലളിതമാണ്!
ഒരു ആദ്ധ്യാത്മിക മനുഷ്യന്‍ 'പ്രാവിനെപ്പോലെ നിഷ്ക്കളങ്കനും സര്‍പ്പത്തെപ്പോലെ വിവേകിയുമായിരിക്കണം. ബ്രദര്‍ ബെന്നി പുന്നത്തറ പ്രാവിനെപ്പോലെ നിഷ്ക്കളങ്കനായിരുന്നുവെങ്കിലും സര്‍പ്പത്തെപ്പോലെ 'വിജിലന്‍റ്' ആയില്ല! ചാനലിന്‍റെ ഉത്ഘാടനത്തോടനുബന്ധിച്ച് ഇദ്ദേഹം ഒരു പ്രസ്താവന നടത്തി. പലരും അതിനെ മഹത്വമായി കണ്ടെങ്കിലും അന്നുമിന്നും മനോവയ്ക്ക് അത് ഭോഷത്തരവും ദൈവഹിതത്തിനു വിരുദ്ധമായ തീരുമാനവുമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ! 'ചാനല്‍ ആരംഭിച്ചു, ഇനിയിത് കത്തോലിക്കാസഭയുടെ നേതൃത്വത്തിനു വിട്ടുകൊടുത്തുകൊണ്ട് താന്‍ പിന്നോട്ടു മാറുന്നുവെന്ന പ്രഖ്യാപനമാണ് ബെന്നി പുന്നത്തറ നടത്തിയത്! ഫ്രീമേസണ്‍ സംഘമാണ് സഭയെ നയിക്കുന്നതെന്ന പൂര്‍ണ്ണമായ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ഇദ്ദേഹം ഇതു പ്രഖ്യാപിച്ചത് എന്നത് സംഗതി കൂടുതല്‍ ഗൌരവമാക്കുന്നു! സഭാവസ്ത്രം അണിഞ്ഞവര്‍ എന്തു ഭോഷ്ക്കുകള്‍ വിളമ്പിയാലും അധികാരികള്‍ കണ്ടില്ലെന്നു നടിക്കുമെന്ന സത്യം ആരെക്കാളും നന്നായി അറിയാവുന്ന വ്യക്തിയാണ് ഇദ്ദേഹം. സത്യവചനം പ്രസംഗിക്കുന്ന വൈദീകരെ ശത്രുപക്ഷത്തു നിര്‍ത്തി സംശയത്തോടെ വീക്ഷിക്കുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല! സഭയിലെ ഭൂരിപക്ഷം നേതാക്കന്മാരും വചനവിരുദ്ധ നിലപാടിലാണെന്നും ന്യൂനപക്ഷത്തിന്‍റെ വാക്കുകളെ ഇവര്‍ നിര്‍വ്വീര്യമാക്കുന്നുവെന്നും ബെന്നി പുന്നത്തറയ്ക്കു അറിയാത്തതല്ല! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഇവരുടെ കരങ്ങളില്‍ ശാലോമിനെ ഏല്പിച്ചത് സുവിശേഷം പ്രചരിപ്പിക്കാനല്ല; സുവിശേഷത്തെ തടയിടാനാണ് കാരണമായത്!
യേശു ഏകരക്ഷകന്‍ എന്ന പ്രഘോഷണം രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭ വിഴുങ്ങിയ യാഥാര്‍ത്ഥ്യവും ഇദ്ദേഹത്തിനറിയാം. മാത്രവുമല്ല, സഭയെ ചാനല്‍ എല്പ്പിക്കണമെങ്കില്‍ കര്‍ത്താവിന് എത്രയോ മുന്‍പേ സാധിക്കുമായിരുന്നു. ജീവന്‍ ടീവിയുടെ കഥ നേരിട്ടറിയാവുന്ന ബ്രദര്‍ ബെന്നി ഇത്തരത്തില്‍ ഒരു സാഹസത്തിനു മുതിര്‍ന്നത് കര്‍ത്താവിന്‍റെ ഹിതപ്രകാരം ആയിരുന്നുവെന്നു ചിന്തിക്കാന്‍ മനോവ തയ്യാറല്ല. വിജാതിയനായ കച്ചവടക്കാരന് ദീപിക പത്രം വിറ്റ കത്തോലിക്കാസഭ ജീവന്‍ ടീവിയും വിറ്റുതുലച്ചത് സ്വാഭാവികം! എന്നാല്‍, സാത്താന്‍ ഇന്ന് ശാലോമിനെ ഉപയോഗിക്കുന്നത് ഇതിനേക്കാള്‍ ദുരന്തകരമായ വഴിയിലൂടെയാണ്! ബെന്നി പുന്നത്തറ ശാലോമിന്‍റെ സ്ഥാപകന്‍ മാത്രമാണെന്നും ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ ഒരു സ്വാധീനവും ഇല്ലെന്നും പലര്‍ക്കും അറിയില്ലെങ്കിലും മനോവയ്ക്ക് ഇതറിയാം. എന്നാല്‍, ഈ സത്യം ശാലോമിനെ സഹായിക്കുന്നവര്‍ അറിഞ്ഞാല്‍ ഇതു പൂട്ടിക്കെട്ടും എന്നറിയാവുന്ന ഫ്രീമേസണ്‍ സംഘം എല്ലാക്കാര്യവും രഹസ്യമാക്കി വച്ചിരിക്കുന്നു! പേരിനു ചില പ്രോഗ്രാമുകളല്ലാതെ സത്യം അറിയിക്കുന്ന ഒരു പരിപാടികളും ഇല്ലെന്നു മാത്രമല്ല, സത്യത്തില്‍നിന്നു ദൈവജനത്തെ അകറ്റുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ പരിപാടികളാണ് ശാലോമില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതെല്ലാം കണ്ടു തലയില്‍ കൈവച്ചു വിലപിക്കാനല്ലാതെ ബെന്നി പുന്നത്തറയ്ക്കു മറ്റൊന്നും കഴിയില്ല! ശാലോം ചാനലിനെ ഫ്രീമേസണ്‍ സംഘത്തിനു വിട്ടുകൊടുത്തപ്പോള്‍ പ്രതിഫലമായി ലഭിച്ചത് 'ഷെവലിയര്‍' പട്ടമാണ്! ഇതായിരുന്നോ ബെന്നി പുന്നത്തറയിലൂടെ കര്‍ത്താവ് ആഗ്രഹിച്ചത്?
ഇന്നു ശാലോമിലൂടെ പുറന്തള്ളുന്ന ദുരന്തകരമായ സന്ദേശങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ചു തന്നെയാണ് 'കാലത്തിന്‍റെ അടയാളങ്ങള്‍ എന്ന പുസ്തകം ഇദ്ദേഹം എഴുതിയത്. യോഗയിലെ കുതന്ത്രവും ദുരന്തവും പുസ്തകത്തില്‍ വ്യക്തമാക്കിയപ്പോള്‍, ശാലോം ടെലിവിഷനിലൂടെ ഇതു ശേഷ്ഠമാണെന്നു പ്രഖ്യാപിക്കാന്‍ ഒരു വയലറ്റ് ബെല്‍റ്റുകാരന്‍ അവതരിച്ചു! കേരളത്തിലെ മുഴുവന്‍ സെമിനാരികളിലും യോഗ പരിശീലിപ്പിക്കുന്നുവെന്ന്‍ വിളിച്ചുപറയാനും താനും ഇതിന്‍റെ ഗുണഭോക്താവാണെന്നു ജല്പിക്കാനും ഇയാള്‍ തയ്യാറായി! തെറ്റായിരുന്നുവെങ്കില്‍, സെമിനാരിയില്‍ ഇത് അഭ്യസിക്കുമോ എന്നാണ് ഇയാളുടെ ന്യായീകരണം. ഇതിനുള്ള ഉത്തരം മനോവ പറഞ്ഞാല്‍ അല്പം കൂടിപ്പോകും! സഭാവസ്ത്രം അണിഞ്ഞവര്‍ വ്യഭിചരിച്ചാല്‍, അതു 'ദിവ്യ'വ്യഭിചാരമാകുമോ എന്ന ഒരു ചോദ്യത്തില്‍ തത്ക്കാലം നിര്‍ത്തുന്നു! വയലറ്റ് ബെല്‍റ്റു കാണുമ്പോള്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നവരും വിധേയത്വത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്തവരുമായ യാഥാസ്ഥിതിക വിശ്വാസിയെ അടിമത്വത്തില്‍ കെട്ടിയിടാന്‍ ഇതു ധാരാളം മതി. വഴിതെറ്റിക്കുന്ന ഈ ഉത്തരം കേള്‍ക്കണമെങ്കില്‍ ഈ 'ലിങ്കില്‍' സന്ദര്‍ശിക്കുക.
ബെന്നി പുന്നത്തറ തന്‍റെ പുസ്തകത്തിലൂടെ എതിര്‍ത്ത തിന്മകളെല്ലാം നന്മകളായിരുന്നുവെന്ന്‍ പഠിപ്പിക്കാനാണോ കര്‍ത്താവ് ഈ ചാനല്‍ ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? ലോകത്തുള്ള സകലത്തിന്‍റെമേലും അധികാരം ദൈവം മനുഷ്യനു നല്‍കി(ഉല്‍പ:1;26). എന്നാല്‍, ഈ അധികാരം മനുഷ്യന്‍ സാത്താനു കൈമാറി! മരുഭൂമിയില്‍വച്ച് യേശുവിനോട് സാത്താന്‍ ഇതു പറയുകയും ചെയ്തു! "ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍റെതാകും"(ലൂക്കാ:4;6,7). ഇത്തരത്തില്‍ ഒരു അധികാര കൈമാറ്റമാണ് ഇവിടെയും നടന്നത്! ശാലോമിനെ ഇന്നു ഭരിക്കുന്നത് സാത്താനാണ്. എന്നാല്‍, ഇതിനേക്കാള്‍ ദുരന്തം മറ്റൊന്നാണ്; ദൈവമക്കളുടെ സമ്പത്ത് ഇതിനായി സാത്താന്‍ ഉപയോഗിക്കുന്നുവെന്നതാണ് ആ മഹാദുരന്തം. എതിരാളിയെ ഉന്മൂലനം ചെയ്യാന്‍ അവരുടെതന്നെ പണവും സൗകര്യങ്ങളും ഉപയോഗിക്കുന്ന തന്ത്രമാണ് ശാലോമിലൂടെ സാത്താന്‍ നടത്തുന്നതെന്ന് ആലങ്കാരികമായി പറയാം!
ബെന്നി പുന്നത്തറയുടെ മുന്‍കാല ആത്മീയബോധ്യങ്ങള്‍ തിരുത്തിയെന്ന് മനോവ കരുതുന്നില്ല. അഥവാ തിരുത്തിയെങ്കില്‍, ഈ തിരുത്തല്‍ കര്‍ത്താവിനു പ്രീതികരമല്ലെന്നു മനോവ പറയും. കാരണം, കാലത്തിന്‍റെ അടയാളങ്ങള്‍ എന്ന പുസ്തകം രചിക്കുന്ന കാലത്ത് ഏതു ബോധ്യത്തിലായിരുന്നുവോ, ആ ബോധ്യത്തിനാണ് കര്‍ത്താവ് അംഗീകാരം നല്‍കിയത്. ദൈവജനം ശാലോമിനെ സഹായിച്ചതും അതേ ബോധ്യങ്ങളുടെ പ്രചാരണത്തിനാണ്! ശാലോം ചാനലിലെ ഓരോ പരിപാടികളും സൂക്ഷമമായി വീക്ഷിക്കുന്നവര്‍, ശാലോമിന്‍റെ മുന്‍കാല ബോധ്യങ്ങളെ താരതമ്യം ചെയ്യണം. മനോവ ഉയര്‍ത്തുന്ന വാദങ്ങള്‍ സത്യമാണെന്ന് അതുവഴി നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയും!
ഓരോ ക്രൈസ്തവരും വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. പഴയനിയമത്തിലെ ദൈവം തന്നെയാണ് പുതിയ നിയമത്തിലും ദൈവം! മോശയുടെ നിയമത്തിലൂടെ ദൈവമായ കര്‍ത്താവു വിലക്കിയിട്ടുള്ള കാര്യങ്ങളൊന്നും യേശു അസാധുവാക്കിയിട്ടില്ല! പരിച്ഛേദനം, പന്നിമാംസം തുടങ്ങിയവയുടെ കാര്യത്തില്‍ എന്തുമാറ്റമാണ് വരുത്തിയിരിക്കുന്നത് എന്നകാര്യം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവയുടെ കൂടുതലായ വിവരണം ഈ ലേഖനത്തില്‍ നല്‍കുവാന്‍ സാധ്യമല്ലെങ്കിലും ചെറിയൊരു സൂചന നല്‍കാം. പരിച്ഛേദനം ആരംഭിച്ചത് എന്തിനുവേണ്ടി ആയിരുന്നുവോ ആ കാരണങ്ങള്‍ യേശു നീക്കം ചെയ്തപ്പോള്‍ അതുവഴി ആ നിയമം ക്രിസ്തുവില്‍ പൂര്‍ത്തിയായി. ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാകുന്നവര്‍ പിന്നീട് അതിന്‍റെ ഗുണഭോക്താക്കളാകുന്നു. ഇതുതന്നെയാണ് ഭക്ഷണത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്! എന്നാല്‍, ഗുരുതരവും മ്ലേച്ഛവുമായ കാര്യങ്ങളൊന്നും അനുവദനീയമാക്കിയിട്ടില്ലെന്നു മാത്രമല്ല, അവ കൂടുതല്‍ ഗൌരവമാക്കുകയാണ് യേശു ചെയ്തത്! അന്യദേവാരാധനയുടെയും വിഗ്രഹാര്‍പ്പിത ഭക്ഷണത്തിന്‍റെയും വിജാതിയ അനുകരണത്തിന്‍റെയും കാര്യത്തില്‍ നിയമം കര്‍ശനമാക്കി എന്നത് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ത്തന്നെ വ്യക്തമാണ്.
അന്യദേവന്മാരെ സേവിക്കുന്നതും അവരുടെ ആചാരങ്ങള്‍ അനുകരിക്കുന്നതും യേശുവിന്‍റെ സഹനമരണത്തോടെ കൂടുതല്‍ ഗൗരവകരമായ പാപമാകാന്‍ കാരണമുണ്ട്. സ്വര്‍ഗ്ഗത്തിലെ ദൈവം തന്‍റെ പുത്രനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായതിനുശേഷവും അന്യദേവന്മാരെ സേവിക്കുകയും അവരുടെ ആചാരങ്ങളെ ശ്രേഷ്ഠമായി പരിഗണിക്കുകയും ചെയ്യുന്നത് മുന്‍പത്തേതിനേക്കാള്‍ അവിടുത്തെ വേദനിപ്പിക്കും. ഇത് ഒരു സ്വാഭാവിക നീതിയാണ്! ദൈവവുമായി മനുഷ്യനെ അനുരഞ്ജിപ്പിക്കാന്‍ ഏകമാര്‍ഗ്ഗമായി അവിടുന്നു നല്‍കിയിരിക്കുന്നത് യേശുവിനെ മാത്രമാണ്. എന്നിട്ടും, മറ്റു ദേവന്മാരിലൂടെ ദൈവത്തിന്‍റെ സന്നിധിയില്‍ എത്താമെന്ന അബദ്ധപ്രബോധനം നല്‍കാന്‍ കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ ആശിര്‍വാദത്തോടെ ചില 'കള്ളനാണയങ്ങള്‍' ഒരുമ്പെടുമ്പോള്‍ അതിനെ വിശ്വാസികള്‍ ഗൗരവത്തോടെ കാണണം. കാരണം, അറിഞ്ഞുകൊണ്ട് സാത്താനെ ആരാധിക്കാന്‍ തയ്യാറാകുന്ന ക്രിസ്ത്യാനികള്‍ കുറവായിരിക്കുമെന്ന് അവനറിയാം; അതുകൊണ്ടുതന്നെ, രഹസ്യമായി ആരാധന സ്വീകരിക്കാനുള്ള പദ്ധതികള്‍ അവന്‍ തയ്യാറാക്കുന്നു. ദൈവജനത്തെ മുഴുവനായും അവന്‍റെ ആരാധകരാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ്, സഭാധികാരികളിലൂടെ ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ പ്രബോധനങ്ങളോടൊപ്പം അവരെയും തള്ളിക്കളയണം. ദൈവജനത്തെ പാപത്തിലേക്കു നയിക്കുന്നവര്‍ വധിക്കപ്പെടണം എന്നത് നിയമമാണ്! ഇത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കുവാനുള്ള ഉപദേശമല്ല മനോവ നല്‍കുന്നത്. നമ്മുടെ ജീവിതത്തില്‍ അവര്‍ മരിച്ചവരെപ്പോലെ ആയിരിക്കണമെന്നാണ് മനോവ അര്‍ത്ഥമാക്കുന്നത്!
വ്യാജപ്രബോധനം നല്കുന്നവരോടുള്ള നമ്മുടെ സമീപനം എങ്ങനെയായിരിക്കണമെന്ന് വചനം അറിയിക്കുന്ന താക്കീത് ഇങ്ങനെയാണ്: "നിന്‍റെ സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന നിന്‍റെ ഭാര്യയോ ആത്മസുഹൃത്തോ നിനക്കും നിന്‍റെ പിതാക്കന്മാര്‍ക്കും അജ്ഞാതരായ അന്യദേവന്മാരെ നമുക്കു സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം. ആ ദേവന്മാര്‍ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാരായിരിക്കാം. എന്നാല്‍, നീ അവനു സമ്മതം നല്‍കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണ കാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്‍റെ കുറ്റം ഒളിച്ചു വയ്ക്കുകയോ ചെയ്യരുത്. അവനെ കൊല്ലുകതന്നെ വേണം"(നിയമം:13;6-9). എന്തുകൊണ്ടാണ് ഈ കര്‍ശനമായ നിര്‍ദ്ദേശമെന്നു കര്‍ത്താവു വ്യക്തമാക്കിയിട്ടുണ്ട്: "എന്തെന്നാല്‍, അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ രക്ഷിച്ച നിന്‍റെ ദൈവമായ കര്‍ത്താവില്‍നിന്ന് നിന്നെ അകറ്റാനാണ് അവന്‍ ശ്രമിച്ചത്. ഇസ്രായേല്‍ജനം മുഴുവന്‍ ഇതു കേട്ടു ഭയപ്പെടും. മേലില്‍ ഇതുപോലുള്ള ദുഷ്കൃത്യങ്ങള്‍ക്ക് ആരും ഒരുങ്ങുകയില്ല"(നിയമം:13;10,11). ഭൗതീക അടിമത്തത്തിന്‍റെ ഭവനത്തില്‍നിന്നുള്ള മോചനം നല്‍കിയ ദൈവത്തോട് ഈ വിധത്തിലാണ് നന്ദിപ്രകാശിപ്പിക്കേണ്ടതെങ്കില്‍, ആത്മീയ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച ദൈവത്തോട് എത്രത്തോളം നാം കടപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കണം!
വിജാതിയരുടെ ആരാധനാരീതികള്‍ അനുകരിക്കണമെന്ന്‍ ഇത്രത്തോളം വാശിപിടിക്കുന്നതില്‍ ദുരൂഹതയുണ്ട്. കാരണം, ഇത്തരത്തിലുള്ള അനുകരണങ്ങള്‍ പാടില്ലെന്നു പറഞ്ഞ കര്‍ത്താവ് പിന്നീടിത് തിരുത്തിയതായി ബൈബിളില്‍ എവിടെയും വായിക്കുന്നില്ല. മാത്രവുമല്ല, ഇത്തരത്തിലുള്ള അവിഹിതബന്ധങ്ങള്‍ അനിവാര്യമാണെന്ന വാദങ്ങളുടെ അടിസ്ഥാനം ഇവര്‍ വ്യക്തമാക്കുന്നുമില്ല! ഈ മ്ലേച്ഛതകള്‍ സഭയില്‍ സ്ഥാപിക്കാമെന്ന് ആരോടോ കരാര്‍ ഒപ്പിട്ടവരെപ്പോലെയാണ് ചില മേലാളന്മാരുടെ പ്രവര്‍ത്തനം!
യേശുവിന്‍റെ നാമം എല്ലാ നാമങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തി സ്ഥാപിച്ചത് പിതാവായ ദൈവമാണ്. ദൈവം ഉയര്‍ത്തിയിടത്തുനിന്നു താഴോട്ടിറക്കാനോ ആ സ്ഥാനത്തേയ്ക്ക് മറ്റാരെയെങ്കിലും ഉയര്‍ത്തി സ്ഥാപിക്കാനോ ദൈവം ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ഇതിനായി ശ്രമിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, സ്വര്‍ഗ്ഗത്തിലെ ഒരു ദൂതന്‍തന്നെയായിരുന്നാലും അവര്‍ക്കു ദൈവത്തിന്‍റെ രാജ്യത്തോ അവിടുത്തെ സഭയിലോ യാതൊരു ഓഹാരിയുമില്ല! അവിടുത്തെ നാമത്തിനു തുല്യനായി ഉയരാന്‍ ശ്രമിച്ച ദൂതന്മാര്‍ക്കു ലഭിച്ചത് അഗ്നിത്തടാകമാണെന്നു മറക്കരുത്! ഇന്ന് അന്യദേവന്മാരുടെ രൂപത്തില്‍വന്ന് സഭാധികാരികളുടെ പിന്തുണയോടെ നഷ്ടപ്പെട്ട സൗഭാഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് അവന്‍തന്നെയാണ്! സ്വര്‍ഗ്ഗത്തില്‍ അവനു സ്ഥാനം ലഭിക്കില്ലെന്ന് അവനറിയാമെങ്കിലും, ഈ പ്രവര്‍ത്തികളിലൂടെ അനേകരെ അവന്‍റെ പക്ഷത്തുചേര്‍ക്കുക എന്ന കൗശലമാണ് അവന്‍ പ്രയോഗിക്കുന്നത്! "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്‍റെ നാമത്തിനുമുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന്‍ പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലിപ്പി:2;9-11).
ഏതെങ്കിലും സഭകളെയോ ഏതെങ്കിലും വ്യക്തികളെയോ മനോവ ശത്രുവായി പരിഗണിക്കുന്നില്ല. മനോവയെ ആരെങ്കിലും ശത്രുവായി കണക്കാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ സങ്കടവുമില്ല. ക്രിസ്ത്യാനിയെന്ന ആവരണമണിഞ്ഞുകൊണ്ട് ക്രിസ്തുവിനെ അധിക്ഷേപിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍, അത് നോക്കിനില്‍ക്കാന്‍ മനോവ ഒരിക്കലും തയ്യാറല്ല! സുവിശേഷം പ്രസംഗിക്കാന്‍ ചുമതലപ്പെട്ടവര്‍ തങ്ങള്‍ മാത്രമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോടു മനോവയ്ക്കു സഹതാപം മാത്രമേയുള്ളു. എന്നാല്‍, സുവിശേഷം തന്നിഷ്ടപ്രകാരം മായം ചേര്‍ത്തു വില്‍ക്കാന്‍ ശ്രമിച്ചാല്‍, അവരെ ജനസമക്ഷം തുറന്നുകാണിക്കാനുള്ള ബാധ്യത മനോവയ്ക്കുണ്ട്. കാരണം, ദൈവജനം വഞ്ചിക്കപ്പെടാതിരിക്കാന്‍ മനോവ അവരുടെ കാവല്‍ക്കാരനാണ്‌ എന്നതുതന്നെ! ചിലരെങ്കിലും മനോവയോടു ചോദിച്ചിട്ടുണ്ട്: വ്യക്തിപരമായ വിമര്‍ശനം ആവശ്യമുണ്ടോ എന്ന്. ഉണ്ട് എന്നുതന്നെയാണ് മനോവയുടെ മതം; കാരണം, ആത്മാവില്‍ നിറഞ്ഞ് സത്യസന്ധതയോടെ സുവിശേഷം പ്രസംഗിക്കുന്ന അനേകര്‍ കത്തോലിക്കാസഭയില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. കാടടച്ചു വെടിവച്ചാല്‍, ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. അത് കര്‍ത്താവിനു സ്വീകാര്യമല്ല എന്ന സത്യം മനോവയ്ക്ക് അറിയാം. യേശു ഏകരക്ഷകനാണെന്നു പ്രസംഗിക്കുന്ന ഏവരും മനോവയുടെ മിത്രമാണ്! സത്യത്തോട് അനീതിപുലര്‍ത്തുന്നവര്‍ അതില്‍നിന്നു വിരമിക്കുന്നതുവരെ അവര്‍ വിചാരണ ചെയ്യപ്പെടും! എന്നാല്‍, വിധി കര്‍ത്താവിനു വിടുന്നു!
ദൈവജനത്തിനു മനോവ നല്‍കുന്ന മുന്നറിയിപ്പ്: ഏതെങ്കിലും നേതാക്കന്മാര്‍, തങ്ങള്‍ 'ഫ്രീമേസണ്‍' സംഘത്തില്‍ അംഗങ്ങളാണെന്നു പറഞ്ഞ് നിങ്ങളെ സമീപിക്കില്ല; അവരുടെ പ്രവര്‍ത്തിയില്‍നിന്ന് അവരെ തിരിച്ചറിയുക! അന്യദേവന്മാരെ അംഗീകരിക്കുന്നവരോ അവരുടെ ആചാരങ്ങള്‍ അനുകരിക്കുന്നവരോ ആയ സകലരെയും സൂക്ഷിച്ചുകൊള്ളുക! നിലവിളക്കുമുതല്‍ വിജാതിയതയുടെ സകല പ്രതീകങ്ങളും ക്രിസ്തീയവത്കരിക്കാന്‍ ഓടിനടക്കുന്നവരെ തിരിച്ചറിയണം. വചനം പ്രസംഗിക്കുന്ന വേദികളില്‍ പുട്ടിനു തേങ്ങാപ്പീര എന്നപോലെ വിജാതിയ ഗ്രന്ഥങ്ങളെയും അതിലെ കഥാപാത്രങ്ങളെയും ഉദാഹരിക്കുന്നവരെയും സൂക്ഷിക്കുക! ഇവരെല്ലാം 'ഫ്രീമേസണ്‍' സംഘത്തിലെ കണ്ണികളാണ്! സീറോമലബാര്‍ സഭയില്‍ 'ഫ്രീമേസണ്‍' സംഘത്തിനു നേതൃത്വം നല്‍കുന്നത് 'കല്‍ദായ'വാദികളാണെ യാഥാര്‍ത്ഥ്യവും വിസ്മരിക്കരുത്!
NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
 manovaonline.com/newscontent.php?id=168

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin