Wednesday, 16 September 2015


അയോഗാ, അയോഗാ....
അങ്ങിനെ നമ്മുടെയെല്ലാം പ്രതാപകാലം തീർന്നു, ഇനി വിനാശകാലം. സത്യത്തിൽ, നോട്ടിങ്ങ്ഹാമിൽ നടന്ന ധ്യാനത്തോടെ മറിവു തുടങ്ങി എന്നു കരുതാം. അവിടെ ഒരു പ്രസിദ്ധ സിദ്ധന്റെ രോഗശാന്തി ശുശ്രൂഷ നടന്നതു വാർത്തയായിരുന്നല്ലൊ. വല്യ താമസിയാതെ ഒരു വികാരിക്കിട്ടു രണ്ടെണ്ണം കിട്ടി. ഇതാ, ആ പരമ്പരയിൽ അടുത്തതായി പൊൻകുന്നം പള്ളിയുടെ 60 അടി പൊക്കമുള്ള കൊടിമരം താഴെ വീണിരിക്കുന്നു. അടിത്തറയതുപോലെ അവിടെത്തന്നെ ഉണ്ട്. ഒടിഞ്ഞു മടങ്ങി മറിഞ്ഞത്, കൂറ്റൻ ഇരുമ്പു കമ്പികൾ കൂട്ടി വാർത്ത സിലിണ്ട്രിക്കൽ പോസ്റ്റ്. ഈ ആകൃതിക്കുള്ള പ്രത്യേകത, ഇതിനു കാറ്റു പിടിക്കാൻ തീരെ സാദ്ധ്യതയില്ലായെന്നതാണ്. കൂടുതൽ വിശദീകരിക്കുന്നില്ല. അൽഭുതമെന്നേ കണ്ടവരും പറയുന്നുള്ളൂ. അടുത്തുള്ള ക്ഷേത്രത്തിന്റെ കൊടിമരമോ, തൊട്ടടുത്തുള്ള  വേറേ യാതൊന്നുമോ പോയില്ലെന്നും ഓർക്കണം. ഒരു വല്യ പള്ളി പണിത ശേഷം കുറേ ലക്ഷങ്ങൾ  മിച്ചം വന്ന പള്ളിയായിരുന്നത് എന്നു കൂടി ഓർക്കുക. ഞെക്കിപ്പിഴിയപ്പെട്ട ആരുടെയെങ്കിലും പ്രാക്കു പറ്റിയതാവാനും മതി. വെഞ്ചരിച്ച ആളിന്റെ കുഴപ്പമാണെന്നോ അല്ലെന്നോ, വെഞ്ചരിപ്പു കൊണ്ടാർക്കെങ്കിലും എന്തെങ്കിലും പ്രയോജനം കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ പറയുന്നില്ല. മെത്രാൻ വന്നു വെഞ്ചരിച്ചാലും വരാനുള്ളതു വഴിയിൽ തങ്ങില്ല. മഴയത്തു പൊൻകുന്നം പള്ളിയിൽ പോയിരിക്കുന്നവരും ശ്രദ്ധിച്ചാൽ കൊള്ളാം. 

പണിക്കു മുകളിൽ ഒരു ദൈവം ഉണ്ടെന്നുള്ളത് ആരും ഓർത്തു കാണില്ല. കലണ്ടറിലെ മാതാവു ചിരിക്കുമെന്നും കരയുമെന്നും പറയുന്നവർ, ദൈവത്തോടു മാപ്പു പറയുക. അമേരിക്കയിലും ഒരു പള്ളിയുടെ മുകളിൽ നിന്നു താമരക്കുരിശു താഴെ വീണു. അത് ഇടവകക്കാർ കത്തിച്ചു കളയുകയായിരുന്നു. സഭയുടെ ട്രേഡ് മാർക്ക് എന്നേ അതിനേപ്പറ്റി ഇപ്പോൾ സഭാപണ്ഡിതർ പോലും പറയുന്നുള്ളൂ. അതൾത്താരയിൽ വേണോയെന്നേ ജനങ്ങളും ചോദിക്കുന്നുള്ളൂ.  താമരക്കുരിശൂ കൈയ്യിൽ നിന്നു വെക്കാത്ത അങ്ങാടിയത്ത് ചിക്കാഗോയിൽ പണിത ഫൊറോനപ്പള്ളിയുടെ അടിനിലയിൽ ഒരു നല്ല മഴ വന്നാൽ വെള്ളം കേറൂം. അവിടെ ഓരോ കല്ലു വെയ്ക്കുമ്പോഴും ഒന്നിൽ കൂടുതൽ മെത്രാന്മാർ ഉണ്ടായിരുന്നൂവെന്നോർക്കണം. പ്ലാൻ തയ്യാറാക്കിയപ്പോൾ ബെയിസ്മെന്റിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള സ്ഥലമാണെന്നു പറഞ്ഞു കൊടുക്കാൻ ഒരു മാർത്തോമ്മായും വന്നില്ല. 

മറിവു തുടങ്ങി എന്നു പറയാൻ ഒരു കാര്യം കൂടിയുണ്ട്. മതതീവ്രവാദം കുറക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന നമ്മുടെ മെത്രാൻ സംഘത്തിന്റെ തീരുമാനം കേട്ടോ? ഇനി മേൽ ക്രിസ്ത്യൻ പേരുകളേ കുട്ടികൾക്ക് പാടുള്ളൂവെന്നു സിനഡ് ആഹ്വാനം ചെയ്തിരിക്കുന്നു. മെത്രാന്മാരുടെ പേരുകൾ വളർത്തു മൃഗങ്ങൾക്ക് ഇടരുതെന്നഭ്യർത്ഥിച്ചിരുന്നെങ്കിൽ അതിലൊരു ശേലുണ്ടായിരുന്നു. തേലക്കാട്ടച്ചൻ സംഗതി പത്രക്കാരുടെ മുമ്പിൽ വിളമ്പിയെങ്കിലും, ചുരുക്കം ചില പത്രക്കാരെ ആ വാർത്ത ഇട്ടുള്ളൂ. ചില പ്രമുഖ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും അതിട്ടില്ല. യോഗാ തെറ്റാണ്, ഇനി മേൽ ക്രിസ്ത്യൻ പേരെ ഇടാവൂ, ക്രിസ്ത്യൻ വെള്ളമേ കുടിക്കാവൂ, ക്രിസ്ത്യൻ വായുവേ ശ്വസിക്കാവൂ, ക്രിസ്ത്യൻ പള്ളിക്കൂടത്തിലേ പഠിക്കാവൂ, തുടങ്ങിയുള്ള പ്രഖ്യാപനങ്ങൾ മീഡിയാ പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നതെന്നതിന്  ഇതിൽ കൂടുതൽ തെളിവു വേണോ? ഇടയന്മാർക്കാകെ ബുദ്ധിഭ്രമം സംഭവിച്ചോയെന്ന് ആരെങ്കിലും സംശയിച്ചാൽ ഞാനെന്തു പറയാൻ? മാർക്കോണി കത്തോലിക്കനായിരുന്നില്ലെങ്കിൽ മെത്രാന്മാർ റേഡിയോ കേൾക്കുകയേ ഇല്ലായിരുന്നുവെന്നു തോന്നുന്നു. കത്തോലിക്കനായ ഗലിലേയോ ഗലിലേയിയാണ് ഈ ഭൂമി ഉരുട്ടിയെടുത്തത് എന്നതുകൊണ്ടായിരിക്കണം കുന്നുകളെല്ലാം തങ്ങളുടേതാണെന്നു മെത്രാന്മാർ പറയുന്നതു തന്നെ. സഭയുടെ ഉന്നമനത്തിനു വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു തീർന്നിട്ടാണോ ഈ ചർച്ച ഇവിടെ നടന്നതെന്നും ചിലർ ചോദിക്കുന്നു. സത്യദീപവും തേലക്കാട്ടച്ചനുമൊക്കെ മാനസാന്തരപ്പെട്ടു എന്നു ജനം കരുതിവരികയായിരുന്നു. നമ്മുടെ പ്രവൃത്തി ക്രൈസ്തവമായിരുന്നാലല്ലേ പേരിൽ അർത്ഥമുള്ളൂവെന്നു പറയുന്നത്  ഒരുകത്തോലിക്കാ ദൈവശാസ്ത്രജ്ന. പത്രോസെന്നോ പൗലോസെന്നൊ പേരിട്ടാൽ ഒരാൾ കൂടുതൽ ക്രിസ്ത്യാനിയാകുമോയെന്നു മറ്റൊരാൾ. കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരെ കയ്പ്പു ശമിപ്പതുണ്ടോയെന്നു ചോദിച്ച കവിയും ഔട്ട്! 

ക്രൈസ്തവമതം കൂടുതൽ വ്യാപിച്ച യൂറോപ്പിൽ കൂടുതൽ വിശുദ്ധന്മാരുണ്ടായതുകൊണ്ട് അനുകരിക്കപ്പെടുന്ന ഭൂരിഭാഗം യൂറോപ്പ്യൻ പേരുകളും പേഗൻ പേരുകളാണെന്നുള്ള സത്യം പോലും മെത്രാൻ സംഘത്തിന് അറിയില്ലായെന്നതുകൊണ്ടാണ് അജ്ഞർ എന്ന പദംകൂടി ഞാനിവിടെ ചേർക്കുന്നത്. ഒരു കാര്യം എല്ലാ വായനക്കാരും ശ്രദ്ധിക്കുക; ഈ മെത്രാന്മാരെ ഇനിമേൽ കർത്താവ് തന്നെ ഉപയോഗിച്ച പദങ്ങൾ ഉപയോഗിച്ചേ വിളിക്കാവ്വൂ; അതാണവർക്കിഷ്ടം. വെള്ളയടിച്ച കുഴിമാടങ്ങൾ, അണലികളുടെ സന്തതികൾ എന്നൊക്കെയുള്ള ക്രിസ്ത്യൻ തെറികൾ ഉപയോഗിക്കാം. ഇടുക്കി മെത്രാൻ, പത്രസമ്മേളനത്തിൽ പറഞ്ഞ പദങ്ങളും (എന്താണെന്നു ചോദിക്കരുത്, പ്ലീസ്!) ഉപയോഗിക്കാം. അതിലൊന്നും അക്രൈസ്തവമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കത്തോലിക്കാ പെണ്ണുങ്ങളെ വിലപറഞ്ഞു വിൽക്കുന്ന സമ്പ്രദായം വിലക്കിയിട്ടായിരുന്നു ഇതു പറഞ്ഞിരുന്നതെങ്കിൽ! സി. മണ്ണനാമ്മ, സി. കച്ചറാമ്മ, സി. തുമ്മൽ ഇങ്ങിനെ ആരും കേട്ടിട്ടില്ലാത്ത കുറേ പേരുകളുണ്ടല്ലൊ കന്യാസ്ത്രിമാർക്ക്. അതു മാറ്റിയിരുന്നെങ്കിൽ!? എല്ലാത്തിനും ക്രിസ്ത്യൻ പേരുകൾ വരട്ടെ. എ കെ സി സി ഒരു ഘടകകക്ഷിയായാൽ പറ്റുന്നിടത്തെല്ലാം ക്രിസ്ത്യൻ പേരുകൾ തിരുകി കയറ്റുന്ന പരിപാടി തുടങ്ങും. യുദ്ധകപ്പലുകൾക്ക് വി. എവുപ്രാസ്യാമ്മ, വി. ചാവറ എന്നൊക്കെ പേരിട്ടു നോക്കിയാൽ വ്യത്യാസം അറിയാം. ഇപ്പോ തന്നെ ജീസസ് മീൻകട മുതൽ മറിയം കക്കൂസ് സാമഗ്രികൾ വരെ ഉണ്ട്. 

തൊടുപുഴക്കാരൻ അബ്രാഹം ജോസഫ് എന്ന കത്തോലിക്കൻ ഡൈനാമിക് ടച്ച് വഴി അനേകരുടെ വേദന മാറ്റുന്നു. വർഷങ്ങളായി കട്ടിലിൽ കിടന്ന നടുവിനു വേദനക്കാരുവരെ അവിടെ പോകുന്നു അങ്ങേരെ കാണുന്നു, സുഖമാകുന്നു. ഇതു മാതൃഭൂമിക്കാർ പത്രത്തിലിട്ടു. ഇനിയല്ലേ കളി! സംഗതി കോതമംഗലം രൂപതയാണെന്നോർക്കുക. തൊടുപുഴക്കടുത്തു കുറച്ചു നാൾ മുമ്പൊരു മാതാവു പ്രത്യക്ഷപ്പെട്ട കേസുണ്ടായി. അതു പ്രൈവറ്റ് തീർത്ഥാടന കേന്ദ്രമായി പച്ച പിടിച്ചു വന്നു. അനേകർ ഒളമറ്റത്തു വരികയും നേർച്ചകാഴ്ച്ചകൾ അർപ്പിക്കുകയും ചെയ്തു. എന്തു ഫലം? മാതാവ് ഒറിജിനലാണെന്നു വിശ്വാസികൾക്കു തോന്നിയാൽ പോരല്ലൊ! അവസാനം, ഈ കേന്ദ്രത്തിന്റെ സർവ്വ സ്വത്തുക്കളും രൂപതക്കു തീറെഴുതിയപ്പോൾ സംഗതി ക്ലീൻ! ഇപ്പോ അവിടെ അച്ചനുമായി കപ്യാരുമായി .... കൂദാശകളെല്ലാമായി. ഇതു നടന്നിട്ടു പത്തു വർഷങ്ങൾ പോലുമായില്ല. ഞാൻ പറഞ്ഞു വന്നത് അബ്രാഹം ജോസഫ് സാർ തട്ടു മേടിക്കാറായെന്നാണ്. രണ്ടാണു കുറ്റങ്ങൾ: സഭ അംഗീകരികാത്ത യോഗാ പ്രയോഗിക്കുന്നു, സ്തോസ്ത്രകാഴ്ച വേണ്ടാത്ത രോഗശാന്തി ശുശ്രൂഷ നടത്തുന്നു. സ്ഥിരം ശാന്തിക്കാരുടെ വയറ്റിപ്പിഴപ്പു മുട്ടിക്കാൻ ആരെയും അനുവദിക്കുന്നതല്ലെന്നോർക്കുക. യോഗാ സത്യമാണെങ്കിലും അല്ലെങ്കിലും മാമ്മോദീസാ കൊടുക്കുമ്പോൾ കുരിശു വരക്കുന്നത് മൂർദ്ധാവ് (സഹസ്രാര ചക്രാ), തിരുനെറ്റി (ആജ്നാ ചക്രാ), കഴുത്ത് (വിശുദ്ധി ചക്രാ), നെഞ്ചിന്റെ മദ്ധ്യ ഭാഗം (അനാഹത ചക്രാ) എന്നിവിടങ്ങളിലാണെന്നും ഒരു ശരീരത്തിലെ അതിപ്രധാന ശുദ്ധ ചക്രാകൾ ഇവയാണെന്നും കോഴിക്കോടിനിപ്പുറമുള്ളവരെങ്കിലും മനസ്സിലാക്കുക. മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ട മെക്സിക്കോയിലെ ഗഡലുപ്പാ വല്യപള്ളിയിലും ലൂർദ്ദിലും യോഗായാവാം. ഇവിടെ പറ്റില്ല! എന്തെല്ലാം സംഭവിച്ചാലും, അങ്ങു മലബാറിൽ  നിന്നും അയോഗാ, അയോഗാ എന്നൊരു വിലാപത്തിന്റെ ശബ്ദം തുടർച്ചയായി കേട്ടുകൊണ്ടേയിരിക്കും, എവിടെനിന്നെങ്കിലും കൊട്ടുകിട്ടുന്നിടം വരെ. 

എ കെ സി സി യിലെ നാട്ടുകൂട്ടം കാണുമ്പോൾ സന്തോഷിക്കുന്നത് കോൺഗ്രസ്സുകാർ. പാലായിൽ മാണിയെ തോൽപ്പിക്കാൻ കുറേ നാളായി അവർ പരിശ്രമിക്കുന്നു. ഇപ്രാവശ്യം അവരതു നേടും! അത്മായ സമ്മേളനത്തിനു കോൺഗ്രസ്സുകാർ ഓടുന്നതു കണ്ടപ്പോഴേ ഞാൻ തീരുമാനിച്ചതാ അങ്ങിനെ സംഭവിക്കുമെന്നു തന്നെ. അതിലും കൂടുതൽ സന്തോഷിക്കുന്ന വേറൊരു കൂട്ടരുമുണ്ട്; മെത്രാനൊത്തിരി ഉപകാരം ചെയ്തു കൊടുത്ത മാണിയും കൊണ്ടു പഠിക്കട്ടെയെന്നാശംസിക്കുന്നവരാണവർ! എ കെ സി സി യുടെ വരവ് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ മുപ്പതു ശതമാനം പേരെയെങ്കിലും സന്തോഷിപ്പിക്കും എന്നുറപ്പ്! ഉമ്മൻ ചാണ്ടിയെ താഴെ ചാടിക്കാൻ ദൈവം കൊണ്ടെകൊടുത്ത എ കെ 47 ആണിതെന്ന് അവർ അറിയുന്നു. എല്ലാവരോടും ക്ഷമിക്കണം എന്നേ മെത്രാന്മാർക്കറിയൂ, തിരഞ്ഞെടുപ്പു കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്ന് അവരെന്തിനറിയണം? അവർക്കു പാർക്കാൻ മുന്തിരി തോപ്പുകളുണ്ടല്ലോ! 

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin