വത്തിക്കാന്‍ സിറ്റി: കടിഞ്ഞാണില്ലാത്ത
മുതലാളിത്തത്തെയും സാമ്പത്തിക അസമത്വത്തെയും വിമര്‍ശിച്ചുകൊണ്ടു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ശ്ളൈഹിക പ്രബോധനം. വത്തിക്കാനിലും
സഭാഘടനയിലും അഴിച്ചുപണി വേണമെന്നും കൂടുതല്‍ സുവിശേഷാധിഷ്ഠിതമായ ശൈലി
സഭയുടെ എല്ലാ തലങ്ങളിലും ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
സുവിശേഷത്തിന്റെ
ആനന്ദം (ഇവാഞ്ചെലി ഗൌദിയം) എന്നു തുടങ്ങുന്ന ശ്ളൈഹിക പ്രബോധനം ഫ്രാന്‍സിസ്
മാര്‍പാപ്പയുടെ ആദ്യത്തെ സ്വതന്ത്ര രചനയാണ്. ജൂലൈയില്‍ പുറത്തിറക്കിയ
'വിശ്വാസത്തിന്റെ വെളിച്ചം' എന്ന ചാക്രികലേഖനം ബെനഡിക്ട് പതിനാറാമന്റെ
രചനയുടെ പൂര്‍ത്തീകരണമായിരുന്നു. 224 പേജില്‍ 288 ഖണ്ഡികകളായി തയാറാക്കിയ
ഇപ്പോഴത്തെ പ്രബോധനം ഒട്ടെല്ലാ വിഷയങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്.
മാര്‍ച്ചില്‍
തെരഞ്ഞെടുക്കപ്പെട്ട അര്‍ജന്റീനക്കാരനായ മാര്‍പാപ്പ കഴിഞ്ഞ മാസങ്ങളില്‍
നടത്തിയ പ്രഭാഷണങ്ങളിലും നല്‍കിയ സന്ദേശങ്ങളിലും അവതരിപ്പിച്ച ആശയങ്ങളുടെ
സമാഹരണം കൂടിയാണിത്.
ആഗോള സമ്പദ്ഘടനയെ ഇതില്‍ നിശിതമായി
വിമര്‍ശിക്കുന്നു. സ്വതന്ത്രവിപണി നല്‍കുന്ന ഉത്സാഹത്തിലൂടെയുള്ള
സാമ്പത്തികവളര്‍ച്ച, സാവധാനം താഴോട്ട് ഒലിച്ചിറങ്ങുകയും സമൂഹത്തില്‍ നീതി
ഉറപ്പാക്കുകയും ചെയ്യുമെന്നു പലരും ഇപ്പോഴും വാദിക്കുന്നു. വസ്തുതകളാല്‍
സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതല്ല ഈ അഭിപ്രായം. സാമ്പത്തികമായി ശക്തരായവരുടെ
നന്മയിലുള്ള അന്ധമായ വിശ്വാസമാണിതില്‍ കാണുന്നത്: മാര്‍പാപ്പ പറഞ്ഞു.
കൊല്ലരുത്
എന്ന കല്പന വഴി മനുഷ്യജീവന്റെ മൂല്യം കാത്തുസൂക്ഷിക്കുന്നതുപോലെ ദരിദ്രരെ
ഒഴിവാക്കുകയും അസമത്വം വളര്‍ത്തുകയും ചെയ്യുന്ന സമ്പദ്ഘടനയോട് അരുത് എന്നു
കല്‍പ്പിക്കാന്‍ നമുക്കു കഴിയണം. പാര്‍പ്പിടമില്ലാത്ത വൃദ്ധന്‍ തണുപ്പില്‍
മരിച്ചുപോകുന്നതു വാര്‍ത്തയല്ലാതാകുന്നതും സ്റോക്ക് മാര്‍ക്കറ്റില്‍ രണ്ടു
പോയിന്റ് താഴുന്നതു വാര്‍ത്തയാകുന്നതും എങ്ങനെയാണ്?- മാര്‍പാപ്പ ചോദിച്ചു.
രാജ്യങ്ങളുടെ
നിയന്ത്രണാധികാരം നിഷേധിക്കുന്ന കമ്പോളത്തിന്റെ സ്വേച്ഛാധിപത്യത്തെ
തള്ളിപ്പറയാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ലാഭവര്‍ധനയ്ക്കു തടസമായി
നില്‍ക്കുന്ന എന്തിനെയും വിഴുങ്ങുന്ന, ദൈവികമായി വാഴ്ത്തപ്പെടുന്ന
കമ്പോളത്തിന്റെ താത്പര്യങ്ങള്‍ക്കു മുമ്പില്‍ പരിസ്ഥിതിപോലെ
ദുര്‍ബലമായതെല്ലാം പ്രതിരോധമില്ലാത്തതായിപ്പോകുന്ന അവസ്ഥയെ മാര്‍പാപ്പ
തള്ളിപ്പറഞ്ഞു.
സഭ സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറയുന്നതായി
മാറണം. തെരുവിലിറങ്ങിയതിനാല്‍ മുറിവേറ്റു ക്ഷീണിച്ച, അഴുക്കുപറ്റിയ
സഭയെയാണു സ്വന്തം സുരക്ഷയെ കെട്ടിപ്പിടിച്ചിരുന്നു ദുര്‍ബലമാകുന്ന
സഭയേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
അമിതമായ കേന്ദ്രീകരണം സഭയുടെ ജീവിതത്തെയും പ്രേഷിതദൌത്യത്തെയും
സങ്കീര്‍ണമാക്കുന്നു. സുവിശേഷത്തിന്റെ ഹൃദയവുമായി നേരിട്ടു ബന്ധമില്ലാത്ത
ആചാരാനുഷ്ഠാനങ്ങളെ, അവയ്ക്ക് എത്ര ആഴമേറിയ ചരിത്രപാരമ്പര്യമുണ്ടായാലും
പുനഃപരിശോധിക്കാന്‍ സഭ തയാറാകണം.
സഭയില്‍ തീരുമാനങ്ങളെടുക്കുന്ന
സമിതികളില്‍ കൂടുതല്‍ നിര്‍ണായകമായ സ്ത്രീസാന്നിധ്യം വേണമെന്നും മാര്‍പാപ്പ
നിര്‍ദേശിച്ചു. വനിതകളെ പുരോഹിതരാക്കില്ല എന്ന സഭയുടെ നിലപാട് അദ്ദേഹം
ആവര്‍ത്തിക്കുകയും ചെയ്തു.
deepikaglobal.com/
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin