ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാല്‍ യെമനിലേക്ക് പോകുന്നത് വിലക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നുവെന്നും, എന്നാല്‍ ഫാ. ഉഴുന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം യെമനിലേക്ക് പോവുകയായിരുന്നുവെന്നും വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുവാന്‍ പ്രത്യേക കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ തുടരുകയാണ്. എന്നാല്‍, ഇദ്ദേഹത്തെ എവിടെയാണ് ഭീകരര്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നോ, എവിടേക്കാണ് കൊണ്ടുപോയതെന്നോ വിവരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ടോമിനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന വിമര്‍ശം മന്ത്രി തള്ളിക്കളഞ്ഞു. സാധ്യമായ ശ്രമഘങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. തടവിലാക്കപ്പെട്ടയാള്‍ക്ക് സ്ഥലത്തെപ്പറ്റി ധാരണ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശം വീഡിയോയില്‍ ഫാ. ടോം ഉഴുന്നാല്‍ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്.